താഴേയ്ക്ക് ഒഴുകിയൊഴുകി
പുഴയ്ക്കും,
തീരത്തെ പുല്‍കിപ്പുല്‍കി
തിരയ്ക്കും,
പിന്നിലേയ്ക്ക് നടന്നുനടന്നു
ഞണ്ടിനും,
ആകാശത്ത് പറന്ന്പറന്ന്
പറവകള്‍ക്കും,
രാത്രിയില്‍ വിടര്‍ന്നുവിടര്‍ന്നു
നിശാഗന്ധിക്കും,
സൂര്യനെ നോക്കിനോക്കി
സൂര്യകാന്തിക്കും,
മണ്ണിലാഴ്ന്നിറങ്ങിയ വേരിനെ
മരത്തിനും,
മഴ കാത്തു കാത്തിരുന്നു
വേഴാമ്പലിനും,
ദിനവുമിതെല്ലാം കണ്ട്
നമുക്കും മടുപ്പുണ്ടാകുന്നെങ്കില്‍,
പുഴ മുകളിലേക്ക്
ഒഴുകാന്‍ ശ്രമിക്കുന്നതും,
തീരത്തെ വെടിഞ്ഞ്
തിരയിറങ്ങുന്നതും,
ഞണ്ട് മുന്നിലേക്ക്
നടക്കാന്‍ പഠിക്കുന്നതും,
ആകാശം പറവകള്‍ക്ക്
കീഴെയാകുന്നതും,
നിശാഗന്ധി നട്ടുച്ചയ്ക്ക്
വിരിയുന്നതും,
സൂര്യകാന്തി ചന്ദ്രനെ
നോക്കാന്‍ മിഴിതുറക്കുന്നതും,
മണ്ണില്‍ നിന്നും വേരുകള്‍
കുടഞ്ഞെടുത്ത്
ഒരു യാത്രതുടങ്ങുന്നതും,
വേഴാമ്പല്‍
മഴയെപുച്ഛിച്ച്തള്ളുന്നതുമെല്ലാം,
മനോരാജ്യം കണ്ടു
നമുക്കാ മടുപ്പകറ്റാം.
Thursday, January 17, 2008
മടുപ്പ്
Labels:
കവിത
Subscribe to:
Post Comments (Atom)
35 comments:
“മണ്ണില്‍ നിന്നും വേരുകള്‍
കുടഞ്ഞെടുത്ത്
ഒരു മരംയാത്രതുടങ്ങുന്നതും..”
കവിത കൊള്ളാം!
വായിച്ചിട്ട് എനിക്ക് മടുത്തില്ല. :)
നന്നായിട്ടുണ്ട്.
അടിപൊളി!
നന്നായിരിയ്ക്കുന്നു ചേച്ചീ, ഈ കവിതയും.
മടുപ്പു തോന്നുന്നതേയില്ല.
:)
നേരേ കണ്ടുമടുത്തപ്പോള്‍ റിവേഴ്സ് ഗിയറില്‍ മനോരാജ്യം കാണാം. അതും മടുക്കുമ്പോള്‍ ഇനി എന്തു ഗിയറില്‍ പോകും എന്നതാണ് അടുത്ത പ്രശ്നം.
ഒരുപാടു കണ്ട ബിംബങ്ങള്‍ വീണ്ടും പറഞ്ഞിട്ടും മടുപ്പുതോന്നാത്ത കവിത. ഈ മനസിലാക്കലില്‍ ഉണ്ട് ഉത്തരം. പതിവായി ചെയ്യുന്ന കാര്യങ്ങള്‍ അല്പം വഴിമാറ്റി ചെയ്തു നോക്കുക.
മയൂരേച്ചീ, എന്താ കഥ.... മടുപ്പകറ്റാനുള്ള വഴികള്‍ കൊള്ളാം :)
ഈ മയൂരയെക്കൊണ്ട് തോറ്റു.
എന്തൊക്കെ സൂത്രപ്പണികളാ മടുപ്പകറ്റാന്‍.
നന്നായിട്ടുണ്ട്.
ഹാഫ് സെഞ്ചുറിയ്ക്ക് ആദ്യമായി അഭിനന്ദനം പറയുന്നത് ഞാന്‍ ആകട്ടെ :)
നന്നായിരിക്കുന്നു ഈ വരികള്‍..
നല്ല ഭാവന മയൂരേച്ചീ..
നല്ല ഒതുക്കമുള്ള ശില്പവും..
ആശംസകള്‍..
“മനോരാജ്യം കണ്ടു
നമുക്കാ മടുപ്പകറ്റാം.“
മനോരാജ്യം മാത്രമാക്കണ്ട..!
വേറെയുമുണ്ടല്ലൊ മംഗളം, മനോരമ, വനിത ..
ഫിഫ്ടി അടിച്ചപ്പം മടുത്താ..
അങ്ങനെ ചോദിച്ചാ മടുത്തൂന്ന് തന്നെ പറയും..!
ഇടക്കു ഓരൊ കഥയും കൂടി ചേര്‍ക്കാം..യേത്..:)
ആപ്കി പച്ചാസ് കൊ ഹം ബഹുത് ഖുഷ് ഹുവാ..
നല്ല കവിത
സൂര്യനെ നോക്കിനോക്കി
സൂര്യകാന്തിക്കും,
മടുക്വോ …? ഇല്ല്യാ …തീരെ മടുക്കില്ലാ …
നന്നായിരിക്കുന്നു.
കൊള്ളാം.
:)
ഉപാസന
വളരെ ഇഷ്ടായി. നല്ല ഭംഗിയുള്ള കവിത. ഞാന്‍ മയൂരേച്ചിടെ ഫാന്‍ ആയേ! :)
ഫൌണ്ടന് പോലെ പുഴ
തിര ഇല്ലാത്ത തീരം
മാര്‍ച്ച് പാസ്റ്റ് ചെയ്യുന്ന ഞണ്ട്
മുകളില്‍ വേരുള്ള് മരം!
ശ്ശോ!എന്താ ആ ഒരു സ്റ്റൈല്‍!
പൊന്നു മയൂരേ സുല്ലിട്ടു !!
സൂത്രപ്പണികള്‍ കൊള്ളാലോ മയൂരചേച്ചീ...
ആഹാ... ഒറ്റ വായന.
ഒട്ടും മടുക്കാതെ കമ്പ്ലീറ്റ് ആയി തലയില്‍ കയറി.
ഇത്രയും നന്നായി ചിന്തിക്കാന്‍ കഴിയുന്നത് തന്നെ വലിയ കാര്യം.
മനുഷ്യരുടെ മടുപ്പ് മാറുന്നത് ഇപ്പറഞ്ഞവയെ ഒക്കെ നോക്കുമ്പോഴല്ലേ?അല്ലായിരുന്നെങ്കിലോ?ഭാവന കൊള്ളാം
എനിക്കു മടുക്കുന്നതു പക്ഷേ മനോരാജ്യം കാണുമ്പോഴാണെങ്കിലോ? ;)
നല്ല ഭാവനയും കാവ്യയും.
മഞ്ജു, നന്ദി:)
പോങ്ങുമ്മൂടന്, നന്ദി:)
ശ്രീ,നന്ദി:)
കുമാര്‍, നന്ദി:)
ജിഹേഷ് , നന്ദി:)
നിരക്ഷരന്, തോല്‍ക്കരുത്..ജയിക്കണം എന്നും, നന്ദി :)
തുഷാരം, ഡാങ്കൂ:)
നിസ, നന്ദി:)
കെ.എം.എഫ്, നന്ദി:)
ഉപാസന,നന്ദി:)
പ്രയാസിക്ക് ഒരു ചിരിക്കുടുക്ക വായിക്കേണ്ട സമയമായി നന്ദി :)
സാക്ഷരന്‍, മടുക്കില്ലായിരിക്കും..സൂര്യകാന്തിക്ക് മാത്രമേയത് അറിയൂ , നന്ദി :)
അപര്‍ണ്ണ, ഒന്നാമത് ഇവിടെ താപനില പൂജ്യത്തിനു താഴെയാണ്. ഇനി ഫാനും കൂടെയായാല്‍ ഞാന്‍ ഫ്രീസായി പറന്നു പോകും;) നന്ദി:)
മാണിക്യം, അരുത്..ഞാന്‍ എന്നെ കൊണ്ട് സുല്ലിടാം;) നന്ദി:)
പ്രിയ, പേറ്റന്റ് പെന്‍ഡിങ്ങ് ആണ്;) നന്ദി:)
വാല്മീകി, നന്ദി:)
സീത, ഭൂമുയുടെ നില്‍പ്പ് തന്നെയിതൊക്കെയല്ലേ. നന്ദി:)
ബിന്ദൂ, എക്സപ്ഷണല്‍ കേസിന്റെ കാര്യം പറയാന്‍ വിട്ടു പോയി;) നന്ദി:)
കവിതയെഴുത്തു മടുത്ത്
കവി പേനമടക്കുന്നതും
മനോരാജ്യം മടുക്കുമ്പോള്‍
മനോരമയെടുക്കുന്നതും
മനോരമമടുക്കുമ്പോള്
മംഗളമെടുക്കുന്നതും...
അമ്മച്ചിയാണ ഒന്നും മടുക്കണില്ല കേട്ടാ!!
മടുപ്പ് തോന്നീല്ലാട്ടോ
നല്ല കവിത...
നന്നായിരിക്കുന്നു. പണ്ട് ഞാനും ഇങ്ങനെ ഒന്ന് മടുപ്പിക്കാന്‍ നോക്കിയിട്ടുണ്ട്. പക്ഷേ ഏറ്റില്ല. ദാ ഇവിടെ. http://sreenath.wordpress.com/2008/01/09/
എല്ലാം കാണുന്നവന് മടുപ്പനുഭവപ്പെടില്ല. കേട്ടറിയുന്നവനാണ് മടുപ്പ് കൂടുതല്‍ പ്രകടിപ്പിക്കുക. പിന്നെ ജീവിതം ഹ്രസ്വമായതിനാല്‍ മടുപ്പിനും സമയം കിട്ടാതെ പോകും എന്ന ആശ്വാസവും ഉണ്ട്.
ചിന്തകള്‍ ഇഷ്ടമായി
നന്നു,...
പക്ഷേ പിറകോട്ടു നടക്കുന്ന ഞണ്ടിനെ ഞാന്‍ കണ്ടിട്ടില്ലല്ലോ.വശങ്ങളിലേയ്ക്കു നടക്കുന്നതാണ് കണ്ടിട്ടുള്ളത്.
നല്ല മയൂര വരികള്‍ വായിച്ചും നമുക്ക് മടുപ്പകറ്റാം
ചിലപ്പോഴങ്ങനെയാണ്..
മടുപ്പ് ഒരനിവാര്യതയായി മാറും..ചൂഷണം ചെയ്യപ്പെടുന്നവര്‍ക്കും സ്വാര്ത്ഥസ്നേഹത്തിനടയില് ജിവിക്കുന്നവര്‍ക്കും അത് ഉപേക്ഷിക്കാനാവാതെ വരുന്നു...
മടുപ്പകറ്റാന്‍
മനോരാജ്യം കാണാന്‍
കഴിയുന്നവര്‍ ഭാഗ്യവാന്മാര്....
കവിതയുടെ ശൈലി വല്ലാതെ ഇഷ്ടമായി...
ആശംസകളോടെ.....
അത് നന്നായീ.... :)
എന്താ പറയുക... സൂപ്പര്‍...!
നന്നായി മയൂരാ.. എന്നാലും ഞണ്ടുകള്‍ പിന്നിലേക്കല്ല നടക്കുന്നത്. ഒരു വശത്തേക്ക് അല്ലേ?
സൂപ്പര്‍ കവിത.
(പക്ഷേ ഞണ്ട് മുന്നോട്ടും പിന്നോട്ടുമല്ല നടക്കുന്നത്, വശങ്ങളിലേക്കാണെന്നാണ് അറിയാവുന്നത്)
നല്ല കവിത :)
കവിതയെഴുതുന്നവരോടും പാട്ട് പാടുന്നവരോടും എനിക്കസൂയയാ :) ഇങ്ങനെ വാക്കുകള്‍ കൊരുത്തെടുക്കുന്നത് എങ്ങന്യാ?
ആശംസകള്‍
ഹരിയണ്ണന്‍, ഹരിശ്രീ, ശ്രീനാഥ്, മുരളി മേനോന് , കാവലാന്‍, ചന്തു, ദ്രൗപദി, നജീം, ഏറനാടന്‍, ഗീതേച്ചീ, ഷാരൂ, രുദ്ര:- എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി.
അതെ ഞണ്ട് സൈഡിലേക്കാണ് നടക്കുന്നത്..:)
ഞണ്ട് അപ്പോള്‍ ശരിക്കും വശങ്ങളിലേക്കാണല്ലേ നടക്കുക? അങ്ങനെ നടക്കുന്നതിനു ഞണ്ടിന്റേതായുള്ള ഒരു കാരണം ഉണ്ടാകുമല്ലോ ല്ലെ? അടുത്തകവിത അതു തന്നെയാകട്ടെ.
വെല്ലുവിളിയല്ല കേട്ടോ. (ഇനി അഥവാ അങ്ങനെ തോന്നിയാല്‍ നല്ലൊരു സൃഷ്ടിക്ക് വഷിമരുന്നാകുമെങ്കില് അങ്ങനെ തന്നെ കൂട്ടിക്കോളു :)
അതല്ലേ നാം ചെയ്ത് പോകുന്നത് :)
Post a Comment