Saturday, January 31, 2009

നുണ

നികൃഷ്ടജീവിയെന്നൊര്‍ക്കുമ്പോള്‍
ഒരു മനുഷ്യജീവിയുടെ മുഖമല്ലാതെ
എതു രൂപമാണ് മനസില്‍ തെളിയുക.

കേട്ടു പഴകിയ ഒരു കഥയെയോ,
കണ്ടു മറക്കാത്ത ഒരു ദൃശ്യത്തെയോ,
കാഴ്ചയേയും കേഴ്വിയേയും
പറ്റിച്ച്, ചിന്താധീനമായവ
ചിന്തിപ്പിക്കുന്നുവെന്ന് പഴിക്കാം.

അല്ലാതെ ഇത്തരമൊരു ചിന്തയുടെ
ഗര്‍ഭഗേഹമാകാന്മാത്രം
നമ്മള്‍ നികൃഷ്ജീവികളല്ലല്ലോ.



സത്യം ഇവിടെയുണ്ട്

Friday, January 30, 2009

ഭാരം

ചിന്തയെന്ന സത്രത്തിനുള്ളില്‍
അത്യാവശ്യമായി വേണ്ടത്
മൗനമല്ല, ചുമടുതാങ്ങിയാണ്.

Wednesday, January 28, 2009

പൈന്മരങ്ങള്‍

നീഹാരമുത്തരീയമണിഞ്ഞുറങ്ങുന്ന
ചെങ്കുത്തായ മലനിരകളില്‍ വളരുന്ന
പൈന്മരങ്ങളാണ് സ്നേഹം,
ഉണ്‍മയിലുയിരാര്‍ന്ന സത്വവുമതു മാത്രം.



മറ്റൊരു സ്നേഹം

Sunday, January 25, 2009

സത്യവാങ്മൂലം

നീ വസന്തം.

ഞാന്‍
വസന്തം കഴിഞ്ഞുമാത്രം
എത്തുന്ന വേനല്‍.

ഇരവിഴുങ്ങുന്ന
പെരുമ്പാമ്പിനെപ്പോലെ
മെല്ലെ മെല്ലെ
നിന്നെയപ്പാടെ വിഴുങ്ങി,
ഇലന്തമരങ്ങള്‍ക്കിടയില്‍
വെയിലുകായുന്ന നേരം,

നിന്നെ കാണ്മാനില്ലെന്ന്‌
നിന്നെ കണ്ടിട്ടേയില്ലെന്ന്‌
ഉള്ളാല്‍ മാത്രമേ നിന്നെ
അറിയുകയുള്ളൂ എന്ന്‌...

ഞാന്‍ ഉറക്കെ വിളിച്ചു
പറഞ്ഞുകൊണ്ടേയിരിക്കും.

Tuesday, January 20, 2009

"വൈ”കാരിക...

January 20, 2009-10:35 AM CST.

ഡാ എനിക്ക് കരച്ചില്‍ വരുന്നു...

എന്തിന്ന്?

ഓബാമ!

ഉം.

എന്താഡാ...

ഉം.

ഡാ...

ഉം.

എന്തെങ്കിലും പറ...

കെ.ആര്‍. നാരായണന്‍ പ്രസിഡന്റ് ആയപ്പോള്‍ നീ കരഞ്ഞോ?

ഇല്ല.

ഉം.

ഓ...അപ്പോള്‍ ഞാന്‍ കരയണ്ടായിരുന്നല്ലെ!!!

ഞാന്‍ തോറ്റു :(

Wednesday, January 07, 2009

ത്രീ ചിയേഴ്സ്

ബ്ലോഗിലെ സര്‍വ്വസമ്മതനായ കവിയുടെ കവിതകള്‍ പുസ്തകരൂപത്തില്‍ വായിക്കാനുള്ള കാത്തിരിപ്പ് അറുതിയിലെക്കെന്ന് സൂചന.

ലാപുട കവിത എഴുതുമ്പോള്‍ , ഓരോ കവിതയിലെയും ആസൂത്രിത മുനമ്പ് മനസില്‍ തറച്ച് അറിവിന്റെ ആകൃതിയുള്ള ചോദ്യങ്ങളും പേറിയാവും ഓരോ വായനയും അവസാനിക്കുക.

ജനുവരി 10ന്‌, ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക പാര്‍ക്കില്‍ വെച്ച്‌ ലാപുടയുടെ കവിതാസമാഹാരം, 'നിലവിളിയെക്കുറിച്ചുള്ള കടംകഥകള്‍' എന്ന പേരില്‍ പുറത്തിറങ്ങുന്നു.


ലാപുടന്‍ കവിതകളുടെ പുസ്തകരൂപതിലുള്ള വായനാ വിരുന്ന് ബ്ലോഗിലെ തന്നെ ബുക്ക് റിപ്പബ്ലിക്ക് എന്ന കുട്ടായ്മയാണ് ഒരുക്കുന്നത്. ബുക്ക് റിപ്പബ്ലിക്ക് എന്ന നൂതന സംരഭത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും, കൂട്ടായ്മയിലെ അംഗങ്ങള്‍ക്കും സ്പെഷ്യല്‍ അഭിനന്ദനങ്ങള്‍.

ലാപുടന്‍ കവിതകളുടെ ആസ്വാദനക്കുറിപ്പുകള്‍ക്കും, പുസ്തകപ്രകാശനവുമായി ബന്ധപ്പെട്ട മറ്റു വാര്‍ത്തകള്‍ക്കും ഇവിടെ സന്ദര്‍ശിക്കുക. കവിതാ സമാഹാരം വാങ്ങാന്‍ തല്പര്യമുള്ളവര്‍ ഇവിടെയും.

ബ്ലോഗില്‍ നിന്നും ആദ്യമായി പുറത്തിറങ്ങിയ പരോള്‍ എന്ന ചിത്രത്തിന്റെ അണിയറ ശില്പിക്കള്‍ക്കും ഈ അവസരത്തില്‍ അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകള്‍.



ഓഫ്:-
പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും, അവിടെ എത്താന്‍ കഴിയാത്തൊരു പ്രവാസിയുടെ അസൂയകോര്‍ത്ത പൂച്ചെണ്ടുകള്‍‍ ;)

Tuesday, January 06, 2009

അന്യോന്യം

വാക്കുകള്‍ക്കിടയില്‍
അകപ്പെട്ട് പോകുന്നവര്‍
ഒരേ ഓര്‍മ്മയുടെ
അപ്പുറവും ഇപ്പുറവുമിരുന്ന്
നന്ദി പറഞ്ഞ് കൊല്ലുകയും
മാപ്പ് പറഞ്ഞ്
പുനര്‍ജ്ജീവിപ്പിക്കുകയും
ചെയ്തു കൊണ്ടേയിരിക്കും.