Monday, November 30, 2009

A Victorian romance *

A Victorian romance; ഋതുഭേദങ്ങളെ കുറിച്ച് Indian Express expressbuzz-ല്‍ 2009 നവബര്‍ 24, 27 തീയതികളിലായി തിരുവനന്തപുരം, കൊച്ചി എഡിഷനുകളില്‍ വന്ന വാര്‍ത്ത.

പ്രത്യക്ഷമായോ പരോക്ഷമായോ നിങ്ങള്‍ ഒരോരുത്തരോടും ഈ നിമിത്തതിന് ഞാന്‍ കടപ്പെട്ടിരിക്കുന്നു. നന്ദി; സന്തോഷം!

പ്രസ്തുത വാര്‍ത്തയുടെ പ്രിന്റ് എഡിഷന്‍ രണ്ടും ഒരു pdf ഫയല്‍ ആയി കൂടെ ചേര്‍ക്കുന്നു.


Ie-DonaMayoora-nov-24n27

* © Indian Express

Monday, November 16, 2009

ചില്ലകളില്ലെ ചില്ലകളല്ലെ...

നീയെന്നെ കടന്നു പോകുമ്പോള്‍
ഞാനൊരു വൃക്ഷമായിരുന്നു,
വേരുകളാഴത്തിലേക്കാഴ്ത്തിയിറക്കി
ഒരു ചെറുകാറ്റില്‍ പോലും ഉലയില്ലെന്നുറച്ച്.

പക്ഷേ ചില്ലകളില്ലെ ചില്ലകളല്ലെ,
അവ കേള്‍ക്കണ്ടേ?

നീ അരികിലെത്തിയ നേരം
എനിക്ക് നിന്നോടു പറയുവാനുള്ള
വാക്കുകളെല്ലാം നിഴലുകളായി പരിണമിച്ചു.

ആയിരംവിരലുകള്‍നീട്ടിയെന്റെ
നിഴലുകള്‍ നിന്നെ പുണര്‍ന്നെന്നും
സര്‍വ്വാംഗം ചുംബിച്ചെന്നും കണ്ടുനിന്നവര്‍.

പക്ഷേ നിനക്കാ വാക്കുകള്‍
കേള്‍ക്കാനാകുമായിരുന്നില്ല.

എന്റെ തായ്ത്തടിയിൽ ചാരി,
ആ നിഴലിൽ അൽ‌പ്പനേരം വിശ്രമിച്ച്
നീ കടന്നു പോയി.

നീയെന്നെ കടന്നു പോകുമ്പോള്‍
ഞാനൊരു വൃക്ഷമായിരുന്നു.
വേരുകളാഴത്തിലേക്കാഴ്ത്തിയിറക്കി
ഒരു ചെറുകാറ്റില്‍ പോലും ഉലയില്ലെന്നുറച്ച്.

പക്ഷേ ചില്ലകളില്ലെ ചില്ലകളല്ലെ,
അവ കേള്‍ക്കണ്ടേ?

Sunday, November 15, 2009

കണ്ണടച്ച് ഇരുട്ടാക്കുന്നവര്‍ക്ക്‌

You don't need a degree from Oxford University inorder to refer an Oxford dictionary.

Tuesday, November 10, 2009

ഓര്‍മ്മ

ഈറ്റില്ലം,
പുഴ,
സാല്മണ്.*




* ഒരു തരം ‍മത്സ്യം

സമ്പൂര്‍ണ്ണം

വൈകുന്നേരങ്ങളിലെ നടത്തതിനിടയിലാണ് ഈ അടുത്തകാലത്ത് , ഞാന്‍ അവരെ‍ പരിചയപ്പെടുന്നത്‌. അവര്‍ക്കിപ്പോള്‍ ഞാന്‍ പൂജയെന്ന് പേരിടുന്നു.

മലായാളം അറിയുമോ എന്ന ചോദ്യത്തിൽ തുടങ്ങി, വിശേഷങ്ങള്‍ കൈമാറി, നടത്തം തുടരുന്ന സന്ദര്‍ഭത്തിലാണ്, വാര്‍ത്താലാബ് വായനയിലേക്ക് കടന്നത്.

മുന്‍‌കൂര്‍ ജാമ്യത്തിന്, എന്റെ വായന പരിമിതവും പരിതാപകരവുമാണെന്ന നഗ്നസത്യം ഞാന്‍ കൈയോടെ കെട്ടഴിച്ച് വിട്ടു. എന്തെങ്കിലും വായിക്കുന്നത് എനിക്ക് മനസിലായാല്‍ കൂടിയും മറ്റൊരാള്‍ക്ക് അത് വിശദീകരിച്ചു കൊടുക്കുക എന്ന കര്‍മ്മം എന്നെ സംബന്ധിച്ച് അതീവക്ലേശകരമാണെന്ന മറ്റൊരു സത്യം തോണ്ടയില്‍ തന്നെ തടഞ്ഞു നിര്‍ത്തി. ഒരാള്‍ വഴി ചോദിച്ചാല്‍, വഴി പറഞ്ഞു കൊടുക്കുന്നതിലും ആയാസരഹിതമാണ് എനിക്ക് ഒരു ചെറു കടലാസില്‍ വഴി വരച്ച് കാട്ടി കൊടുക്കുകയെന്നത്.

പൂജ വാചാലയായി, ഞാന്‍ കേള്‍‌വിക്കാരിയും. മലയാറ്റൂരിന്റെയും ആനന്ദിന്റെയും അന്‍പതോളം കഥകള്‍, സി. രാധാകൃഷ്ണന്റെ നൂറോളം കഥകള്‍, ചുള്ളിക്കാടിന്റെ എല്ലാ കവിതകളും, മാധവിക്കുട്ടിയുടെ എല്ലാ കഥകളും കവിതകളും, അങ്ങിനെ പോയ സമ്പൂര്‍ണ്ണ സമാഹാരങ്ങളുടെ നീണ്ട നിര ഒടുവില്‍ ബഷീന്റെ സമ്പൂര്‍ണ്ണ കൃതികളില്‍ എത്തി നിന്നതും, എനിക്ക് നേരെയൊരു ചോദ്യശരം "ബഷീറിനെ അറിയുമോ?"

"ബേപ്പൂര്‍ സുല്‍ത്താന്‍...."

"അല്ല, വൈക്കം മുഹമ്മദ്‌ ബഷീര്‍!"

Friday, November 06, 2009

തലക്കെട്ടില്ലാതെ...



ചൂണ്ട;
ദു:ഖം,
സന്തോഷം.



ദൃശ്യാവിഷ്‌കാരം: 
1. ഫോട്ടോഗ്രാഫി*


2. ദൃശ്യകവിത

  സ
ന്തോ 
          ഷം—————————-ചൂണ്ട —————————-ദു:ഖം 

                                          

 

*ചിത്രം©: ഹരിപ്രസാദ്

Tuesday, November 03, 2009

കവിശിക്ഷ

സീന്‍ അ
-----------

രാജകിങ്കരന്മാര്‍ രാജവീഥിയിലൂടെ ഒരു കുറ്റവാളിയെ കൈകാലുകളില്‍ വിലങ്ങുകളണിയിച്ച് വലിച്ചിഴച്ചുകൊണ്ട് വരികയാണ്.

ക്യാമറ പാനിങ്ങ് (ഇതെന്ത് കുന്താണൊ ആവോ, ഇനി ഇതിന് ഇങ്ങിനെയല്ല പറയുന്നതെങ്കില്‍ ചൂസ് എ കറക്ട് ആന്‍സര്‍ ഫ്രം യുവര്‍ കോമന്‍സെന്‍സ് നോളജ്ജ്, ഇതൊക്കെ ആ ക്യാമറാമാന്റെ പണിയാണ് തിരകഥാകൃത്തിന്റെയല്ല)

രാജകിങ്കരന്മാര്‍ കൊട്ടാരകവാടത്തിലെക്ക് കടക്കുന്ന വഴിയില്‍ കുറച്ച് കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നുണ്ട്. അതില്‍ ഒരു കുട്ടിയെ ക്യാമറ ഫോക്കസ് ചെയ്യുന്നു. കൊട്ടാരകവാടം മലര്‍ക്കേ തുറക്കപ്പെടുന്നു (സൗണ്ട് എഞ്ചിനീയര്‍ ആരാണെന്ന് തീരുമാനിച്ചിട്ടില്ല, ശബ്ദമിശ്രണം തിരകഥാകൃത്തിന്റെ പണിയല്ല)

സീന്‍ ആ
-----------

രാജാവ് എഴുന്നള്ളുന്നു (എങ്ങിനെ എഴുന്നള്ളണമെന്ന് ഡിറക്ടര്‍ തീരുമാനിക്കും, അയാള്‍ക്കും പണിയുള്ളതല്ലെ. എന്ത് ധരിച്ചെഴുന്നള്ളുമെന്ന് വസ്ത്രാലങ്കാരകര്‍ തീരുമാനിക്കും. മഹാരാജാവ് തിരകഥാകൃത്ത് വിചാരിക്കാതെ ഒരക്ഷരം ഉരിയാടില്ല. അവിടെയാണ് തിരകഥാകൃത്ത് രാജാവിനെ അടിയറവ് പറയിക്കുന്നത്.)

രാജാവ് രാജസിംഹാസനത്തിലമര്‍ന്നിരിക്കുന്നു. രാജഗുരുക്കള്‍ വലതുവശത്തായി ഉപവിഷ്ടനായിട്ടുണ്ട്. സില്‍മ റിലീസ് ചെയ്യുമ്പോള്‍ ഫെമിനിസ്റ്റുകള്‍ ഉപരോധിക്കുമെന്ന ഭയത്താല്‍ ചാമരം വീശാന്‍ തോഴിമാര്‍ക്ക് പകരം രണ്ട് ദൃത്യന്മാരെ ഇരുവശങ്ങളിലായി ചാമരവും പിടിപ്പിച്ച് നിര്‍ത്തിയിട്ടുണ്ട്.)

രാജാവ് :- കടന്ന് വരാന്‍ പറയൂ....

രാജകിങ്കരന്മാര്‍ കുറ്റവാളിയെ രാജസമക്ഷം ഹാജരാക്കി.

രാജവ്: എന്താണ് ഇയാള്‍ ചെയ്ത രാജദ്രോഹം?

കിങ്കരന്മാരൊന്നിച്ച്: മഹാരാജന്‍ ഈ രാജദ്രോഹി സാമാന്യജനത്തിന് മനസിലാക്കാനുചിതമല്ലാത്തവണ്ണം കവിതകള്‍ രചിച്ചിരിക്കുന്നു.

രാജാവ് ചിന്താമഗ്നനായി. സീന്‍ അ- യില്‍ ഫോക്കസ് ചെയ്ത കുട്ടിയെ ക്യാമറ വീണ്ടും ഫോക്കസ് ചെയ്യുന്നു. രാജാവ് തല വലത്തേക്ക് തിരിച്ച് രാജഗുരുക്കളോട് ചോദ്യചിഹ്നത്തില്‍ പുരികക്കൊടികളുയര്‍ത്തി കാണിക്കുന്നു.

രാജഗുരുക്കള്‍: മഹാരാജന്‍ ഈ രാജ്യദ്രോഹിക്ക് അങ്ങ് "കവിശിക്ഷ" വിധിച്ചാലും.

രാജാവ്: ആരവിടെ! അങ്ങിനെയാവട്ടെ!

രാജകിങ്കരന്മാര്‍ കുറ്റവാളിയെയും കൊണ്ട് രാജസദസില്‍ നിന്നും പിന്‍‌വാങ്ങുന്നു.

സീന്‍ ഇ
----------

രാജകിങ്കിരന്മാര്‍ ഇടത്തേക്കും വലത്തേക്കും, ശേഷം വലത്തേക്കും ഇടത്തേക്കും ഉല്ലാത്തുകയാണ്. കുറ്റവാളി സീനിനു നടുവില്‍ അന്ധാളിച്ച് നില്പുണ്ട്.(കൂടുതല്‍ ഭാവമെല്ലാം അഭിനേതാവിന്റെ മിടുക്കു പോലെ ഇരിക്കും). രാജകിങ്കരന്മാര്‍ അക്ഷമരായി പൃഷ്ഠം ചൊറിയുന്നു.

അശരീരി: എന്തെരെടെ അപ്പീ ഈ പൃഷ്ഠം, ലതുതന്നെയല്ലേയപ്പീ നീയീ എഴുതി വെയ്ച്ചേക്കണയിത്?

തിരക്കഥാകൃത്ത്:- ച്‌ഛേ...അശ്ശീലം പറയാതിരിക്കൂ അശരീരീ...എനിക്കങ്ങനെ അത്രയ്ക്കും തരം താഴാന്‍ പറ്റില്ല. അതല്ലെങ്കില്‍ നിങ്ങള്‍ വേറെ ആളിനെ അന്വേഷിക്കു തിരക്കഥയെഴുതാന്‍. (തിരക്കഥാകൃത്ത് പേന അടച്ച് വച്ച് റിവോള്വിങ്ങ് ചെയറില്‍ ചാഞ്ഞു കിടന്നു ചെവിയോര്‍ക്കുന്നു. വീണ്ടും അശരീരി കേള്‍ക്കുന്നോ എന്ന്. നിശ്ശബ്ദത, കാതടപ്പിക്കുന്ന നിശ്ശബ്ദത. പിന്നെ ഒരു പുച്ഛഭാവത്തില്‍ പേന തുറന്ന് എഴുത്ത് തുടരുന്നു)

പൃഷ്ഠം ചൊറിയുന്നതിനിടയില്‍ രണ്ടു പേര്‍ക്കും ഒരു പോലെ വെളിപാടുണ്ടായെന്നതു പോലെ രാജകിങ്കരന്മാരൊന്നിച്ച് ഉച്ചത്തില്‍ ആക്രോശിച്ചു.

രാജകിങ്കരന്മാര്‍ ഇരുവരും ഒന്നിച്ച് :

"ശബ്ദതാരാവലിയില്‍ ഇല്ലാത്ത പദങ്ങള്‍ കോര്‍ത്തു മാല കെട്ടി,
കവിയുടെ ശിരോധരത്തിലണിയിച്ച ശേഷം,
ശ്രവണസ്ത്രോതസടയുമാറുച്ചത്തില്‍ ചെണ്ടകൊട്ടി,
പൊതുവഴിയിലൂടെ ത്രികരണങ്ങളാതുരമാകുന്നതു വരെ
നടത്തിക്കുന്ന പ്രക്രിയയേ കവിശിക്ഷയെന്ന് പറയുന്നൂ"

ഇത് കേട്ടുകൊണ്ട് രാജഗുരുക്കള്‍ കടന്നു വരുന്നു. രാജഗുരുക്കള്‍ കോപിഷ്ഠനാകുന്നു.

രാജഗുരുക്കള്‍: വിഡ്ഡികള്‍, എന്തസംബന്ധമാണ് നിങ്ങളീ വിളിച്ച് കൂവുന്നത്?

രാജകിങ്കര്‍ന്മാര്‍ പരസ്പരം കണ്ണേറ് കൈമാറുന്നു.

രാജഗുരുക്കള്‍: നിയാമകവിമര്‍ശനത്തിനു സാമാന്തരമായോ സമാനമായോ‍ നിലകൊള്ളുന്ന വിമര്‍ശനമാണ് കവിശിക്ഷയെന്ന പേരില്‍ പറഞ്ഞു പോരുന്നത്. കാവ്യരചന സമര്‍ത്ഥമായി നടത്തുന്നതിന് ഉപകരിക്കുന്ന ഉപദേശങ്ങളാണ് കവിശിക്ഷയുടെ കാതല്‍. അവ നല്‍ക്കുവാനാണ് നാമിവിടെ എത്തിച്ചേര്‍ന്നത്.


സീന്‍ ഈ
------------

രാജസദസ്, കിങ്കരന്മാര്‍ രാജഗുരുക്കളെ കൈകാലുകളില്‍ വിലങ്ങണിയിച്ച് രാജസമക്ഷം ഹാജരാക്കുന്നു. രാജാവ് തലവലത്തേക്ക് തിരിച്ച് ചോദ്യചഹ്നത്തില്‍ പുരികകൊടികളുയര്‍ത്തുന്നു. അത് കാണാന്‍ അവിടെ ആരും ഇല്ല. രാജാവ് ചിന്താമഗ്നനാകണമോ വേണ്ടയോ എന്ന ധര്‍മ്മസങ്കടത്തിലെന്ന വണ്ണമുള്ള ഭാവാഭിനയത്തിലാണെന്ന് തോന്നിക്കുമാറുള്ള ഭാവത്തില്‍...

രാജാവ്: എന്താണ് ഈ രാജ്യദ്രോഹിചെയ്ത കുറ്റം.

രാജകിങ്കരന്മാരൊന്നിച്ച്: മഹാരാജന്‍ ഈ രാജദ്രോഹി സാമാന്യജനത്തിന് മനസിലാക്കാനുചിതമല്ലാത്തവണ്ണം കവിശിക്ഷയ്ക്ക് വ്യാഖ്യാനങ്ങള്‍‍ പറയുന്നു പ്രഭോ!

രാജാവ്: ആരവിടെ ഈ രാജ്യദ്രോഹിയെ നാം "കവിശിക്ഷക്ക്" വിധിച്ചിരിക്കുന്നു.

രാജഗുരുക്കളെയും കൊണ്ട് രാജകിങ്കരന്മാര്‍ സദസില്‍ നിന്നും പിന്‍‌വാങ്ങുന്നു. രാജാവ് അന്തപുരത്തിലേക്ക് പോകുന്നു.


സീന്‍ ഉ
----------


സീന്‍ അ- യിലും ആ-യിലും ഫോക്കസ് ചെയ്ത കുട്ടിയെ ക്യാമറ വീണ്ടും ഫോക്കസ് ചെയ്യുന്നു.
ക്യാമറ ഫോക്കസ് ചെയ്ത നിമിഷം കുട്ടി തിരകഥാകൃത്തിനോട് ആക്രോശിക്കുന്നു.

കുട്ടി: താനാരടൊ ഊവേ, കുറെ നേരമായല്ലോ താനെന്നെ ഈ പൊരി വെയിലത്ത് നിര്‍ത്തി ക്രിക്കറ്റ് കളിപ്പിക്കുന്നു. വായ തുറന്ന് ആകെ പറയാനുണ്ടായിരുന്ന ഒരു ഡയലോഗ്, താന്‍ രാജാവിനെ അന്തപുരത്തിലേക്ക് പറഞ്ഞയച്ച് കുളമാക്കി കളഞ്ഞില്ലെ. രാജാവ് ഏവിടെയാണെന്നൊന്നും ഞാന്‍ നോക്കില്ല. എനിക്ക് പറയുവാനുള്ള ഡയലോഗ് എനിക്ക് പറഞ്ഞേ പറ്റു

കുട്ടി എനിട്ട് രാജകവാടത്തിനു നേരെ വിളിച്ചും കൊണ്ട് ഓടുന്നു...

കുട്ടി: രാജാവ് നഗ്നനാണേ...രാജാവ് നഗ്നനാണേ...

സീന്‍ ഊ
-----------


രാജകിങ്കരന്മാര്‍ കുട്ടിയേയും തിരകഥാകൃത്തിനെയും കൈകാല്‍ വിലങ്ങുകളണിയിച്ച് പുറത്തേക്ക് കൊണ്ട് വരുന്നു.

ക്യാമറ് ഗോയിങ്ങ് ഔട്ട് ഓഫ് ഫോക്കസ്
സൌണ്ട് ഫെയ്ഡിങ്ങ് ഔട്ട്

Sunday, November 01, 2009

ഫോബിയ

നഗര സിരയിലേക്കോടിക്കയറുന്ന
കറുത്ത ഞരമ്പിലൂടെ ഇരമ്പിയോടുന്ന
നാല്‍ക്കാലിക്കുള്ളിലായ് അകപ്പെട്ട
മറ്റൊരു മൃഗമാണ്; ഞാന്‍!

എന്റെയുള്‍ മുരള്‍ച്ചകള്‍;
അവന്റെ ഹൃദയത്തുടിപ്പുകള്‍,
എന്റെയുള്‍ വേഗങ്ങളാണവന്റെ
ഊര്‍ജ്ജസ്ത്രോതസ്!

ഇവനെങ്ങിനെയൊക്കെ എന്നെ
പ്രീതിപ്പെടുത്താന്‍ നോക്കിയാലും,
ലക്ഷ്യസ്ഥാനതെത്തിയാല്‍
കൊന്നുകളയും, ഞാന്‍
ഒറ്റത്തൊഴിയാലാ നായിന്റെ മോനെ!