Monday, March 29, 2010

ബി-ഫ്ലാറ്റ്*

ഒരു മരം വനമാകുന്നതു വരെയുള്ള
കാത്തിരിപ്പിനൊടുവിൽ

എന്റെ പ്രണയമേ, എന്റെ പ്രണയമേ...
എന്ന വിളികേൾക്കുന്നു,
അവയ്ക്കൊപ്പം പിളർന്നു പോയൊരു
റുമാൻ പഴത്തിന്റെ അല്ലികൾ
ബി-ഫ്ലാറ്റ്* പോലെയുള്ളിൽ നിരന്നിരിക്കുന്നു.

ബിഥോവന്റെ നാലാം സിംഫണിക്കൊപ്പം
നിന്റെ മാത്രം പേരതിൽ തെളിയുന്നു,
നിന്റെ മാത്രമെന്നതു മൊഴിയുന്നു!

പറയാതെയുള്ളിലൊളിപ്പിച്ചിരുന്ന പ്രണയം
ഘനീഭവിച്ചു മഞ്ഞായ് പൊഴിയുന്നു,
അല്‍പ്പാല്‍പ്പമായ് ആകാശമിടിഞ്ഞു
വീഴുന്നെന്നതു കാണെക്കാണെ നീ മൊഴിയുന്നു!

ആകാശത്തെ താങ്ങിനിർത്തുന്ന മരങ്ങളിലൊന്നിൽ,
ശിശിരത്തിന്റെ കൈയെത്താ ചില്ലമേലുള്ളൊരില
പ്രക്ഷുബ്ധമായൊരു പ്രണയത്തിലേക്ക്
പൊടുന്നനെ വീണുപോകുന്നു!

*a musical chord.

Saturday, March 20, 2010

അന്നയ്ക്കുള്ള എഴുത്തുകൾ


അന്നാ...ഇവിടെയെന്ത് വിശേഷമന്നാ...ഈ നാലു ചുമരുകള്‍ക്കപ്പുറം ഋതുഭേദങ്ങള്‍ കാലം തെറ്റാതെ വിരുന്നെത്താറുണ്ടെന്ന് നേര്‍ത്ത ഓറഞ്ച് വെളിച്ചം അകത്തേക്ക് കടത്തി വിടുന്ന കതക് പാളിക്കടിയിലൂടെ വക്ക് ഞണുങ്ങിയ അലുമിനിയം പാത്രത്തില്‍ ആഹാരം നിരക്കി വെയ്ക്കുന്ന കറുത്ത കാലുറകള്‍ ഒരിക്കല്‍ മുരണ്ടിരുന്നന്നാ... അന്നും നീ വന്നിരുന്നില്ലെന്നവര്‍ പറഞ്ഞിരുന്നു. നീ ഇന്നും വന്നില്ലല്ലോ അന്നാ...

നിനക്ക് ഓര്‍മ്മയുണ്ടോ അന്നാ... മുത്തശ്ശിയുടെ മുറുക്കാന്‍ ചെല്ലത്തില്‍ നിന്നും മോഷ്ടിച്ചെടുത്ത മുറുക്കാന്‍ ചവച്ച് നട്ടുച്ചയ്ക്ക് ആകാശത്തേക്ക് മുറുക്കിത്തുപ്പി, സന്ധ്യയാക്കാന്‍ നമ്മള്‍ ശ്രമിച്ചത്...

അന്നാ... നീയെവിടെയാണന്നാ... എനിക്ക് വല്ലാതെ ഭയമാകുന്നന്നാ... എനിക്ക് ഭ്രാന്താണോ അന്നാ... അതുകൊണ്ടാണോ ഞാന്‍ ഇവിടെ ഇങ്ങനെ... എങ്കില്‍ എനിക്ക് ഭ്രാന്തനായിത്തന്നെ ഇരുന്നാല്‍ മതി. ഇവിടെത്തന്നെ കഴിഞ്ഞാല്‍ മതി. ഇവിടെ എല്ലായിടത്തും നിന്റെ ചിരിയുടെ മാറ്റൊലി നിറഞ്ഞു നില്‍ക്കുന്നുണ്ടല്ലോ അന്നാ...എന്റെ കാതുകളില്‍ നീ ചിലമ്പണിയിച്ചതു പോലെ...

അന്നാ, നിനക്കറിയുമോ, ഇവിടെ കണ്ണു തുറക്കാത്ത മാലാഖക്കുഞ്ഞുങ്ങളെത്രയാണെന്ന്? അവരുടെ കുഞ്ഞുചുണ്ടുകള്‍ അന്നയെന്ന പേരു മാത്രം മന്ത്രിക്കും. അവരുടെ വിളിയെങ്കിലും നീ കേള്‍ക്കുകയില്ലേ അന്നാ? എനിക്ക് വേണ്ടിയല്ലെങ്കിലും അവര്‍ക്ക് വേണ്ടിയെങ്കിലും ഒരിക്കല്‍ നീ വരില്ലേ...? വരണം അന്നാ, എന്നിട്ട് പീള കെട്ടുന്ന അവരുടെ കണ്ണുകള്‍ നമുക്കൊരുമിച്ച് ശുചിയാക്കണം...

നിന്നെ കാണാതെ കരയുന്ന മാലാഖക്കുഞ്ഞുങ്ങളെ എനിക്ക് ഭയമാണന്നാ... ക്ലോറിന്‍ ചുവയ്ക്കുന്ന വെള്ളത്തില്‍ ഞാനവരെ മുക്കി വിഴുങ്ങും. അവര്‍ക്ക് വിശക്കുമ്പോളെന്റെ കരള്‍ അടര്‍ത്തി ഭക്ഷിക്കാന്‍ ഞാന്‍ പറയാം അന്നാ... അവര്‍ വിശന്നു കരഞ്ഞാല്‍ നിന്റെ കണ്ണുനിറയില്ലേയന്നാ... അവരെന്റെ കരള്‍ ഭക്ഷിച്ച് വിശപ്പടങ്ങാ‍തെ ഹൃദയമടര്‍ത്തിയെടുക്കുമ്പോള്‍ പച്ചച്ചൊരു നാഡീഞെരമ്പ് നീ പോയ വഴിയിലേക്ക് വിരല്‍ ചൂണ്ടി കണ്ണീര്‍ പൊഴിക്കുമന്നാ.... എന്താ അന്നാ, നീ ഇതൊന്നും അറിയാത്തത്?  മാലാഖക്കുഞ്ഞുങ്ങളുടെ ചുണ്ടുകളില്‍ നിന്നുമടര്‍ന്നു വീഴുന്ന ഹൃദയത്തുണ്ടുകള്‍ താഴെ വീണ് മുളയ്ക്കും... അവയെല്ലാം നിന്റെ മുഖമുള്ള, നിന്റെ നിറമുള്ള, നിന്റെ കഴുത്തിന്റെ ഗന്ധമുള്ള രാപ്പൂക്കളാകും...അവയുടെ ചുണ്ടില്‍ നിന്നുമുതിരുന്ന ഗാനം ശ്രവിച്ച് ഞാനുറങ്ങിപ്പോകും...

അന്നാ നിന്റെ വരവും പ്രതീക്ഷിച്ച് കൊളുത്തിയിരിക്കുന്ന മെഴുകുതിരി ഞാന്‍ കെടുത്തിവയ്ക്കുന്നന്നാ... കത്തിയുരുകിയതില്ലാതെയായാല്‍, നീ വരും നേരം, നിന്നെ ഞാനൊരുനോക്കെങ്ങിനെ കാണുമന്നാ... നീ വരുമല്ലോയല്ലെയന്നാ... നീ വരും... നിനക്ക് വരാതിരിക്കാനാവില്ലല്ലോയന്നാ...

വെളിച്ചം കെടുമ്പോള്‍ നാലു ചുറ്റും  ചുമരുകളില്‍ നിന്നും നീലക്കണ്ണുള്ള കരിനാഗങ്ങള്‍ സീല്‍ക്കാരത്തോടെ ഇഴഞ്ഞടുക്കുന്നന്നാ. നമ്മുടെ പവിഴപ്പുല്‍മേടുകളില്‍ അവയെന്തിനാണന്നാ ഇഴഞ്ഞടുക്കുന്നത്? ഞാറപ്പഴങ്ങള്‍‍ തിന്ന നിന്റെയധരങ്ങളെ മറച്ച് പിടിയ്ക്കന്നാ... ഇല്ലെങ്കില്‍ നാഗത്താന്മാര്‍ നിന്റെയധരങ്ങളെ... വയ്യന്നാ... വയ്യാ... എനിക്ക് ഓര്‍ക്കാന്‍ കൂടി വയ്യന്നാ... നിനക്കെന്നെ അവയ്ക്കിടയില്‍ ഉപേക്ഷിച്ച് പോകുവാനാകുമോയന്നാ... ഞാന്‍ നിന്റേതല്ലേയന്നാ... നിന്റെ ഞാനല്ലേയന്നാ... ഞാന്‍. എനിക്ക്  പേടിയാകുന്നന്നാ...പേടിയാ‍കുന്നൂ....

അന്നാ... വേണ്ടാ... വേണ്ടാ... നീയിവിടെ ഒളിഞ്ഞിരിക്കയാണോ? കട്ടിലിന്റെ അടിയില്‍?  വേണ്ടന്നാ... ഈ ഇരുമ്പ് കട്ടിലില്‍ നിറച്ചും തുരുമ്പ് മണക്കുന്നു. അതോ ഇത് അയഡിന്റെ മണമാണോ? അവര്‍ നീയറിയാതെ നിന്റെ കൊലുസ് അഴിച്ചെടുത്ത് എന്‍െ കാലുകളിലണിയിച്ചതാണ്... ഞാന്‍ പറഞ്ഞതാ നീ പിണങ്ങുമെന്ന്... അവരുണ്ടോ കേള്‍ക്കുന്നു... പക്ഷേ, നീ നടക്കുമ്പോലെയല്ല പാദസരം കിണുങ്ങുന്നത്... ചങ്ങല പോലെ കുലുങ്ങുന്നു... നല്ല ഭാരമാണ്... ഇവിടെ സിമന്റ് തറയായതിനാലാകും... നീ പടിക്കെട്ടിലൂടെ ഓടിയകലുന്ന കാലൊച്ചക്ക് ഏതു രാഗമാണന്നാ... നിന്റെ കാലുകളില്‍ നിന്നും കള്ളക്കാറ്റിന്റെ ചുണ്ടുകള്‍ അവ മുകര്‍ന്നു കൊണ്ടകലേയ്ക്ക് പോകും... എത്രവട്ടമോടിയിരിക്കുന്നു കാറ്റിന്റെ പുറകെ... അന്നാ... പടിക്കെട്ടിറങ്ങുമ്പോള്‍ സൂക്ഷിക്കണം... മഴയത്ത് നിറച്ചും പായല്‍ പിടിച്ച് കിടക്കയാണവിടം... ഇതാണെനിക്ക് മഴ ഇഷ്ടമല്ലാത്തത്... നിന്നെ നനയ്ക്കും... നിന്റെ പട്ടുപാവാടത്തുമ്പുകളില്‍ ചെളി പിടിപ്പിക്കും... നിന്നെ വഴുക്കലിലേക്ക് തള്ളിയിടും... നിനക്ക് നൊന്തുവോയന്നാ? കരയാതെ... ഉമ്മവച്ചുമ്മവച്ച് എല്ലാ അഴുക്കും ഞാനെടുക്കാം... എല്ലാ വേദനയും ഞാനെടുക്കാം... നിന്റെ കണ്ണീരും ഞാനൊപ്പാം... സാരമില്ലന്നാ... നിനക്ക് ഞാനില്ലേ.....

അന്നാ...ഇതെവിടെയന്നാ... അന്നാ..... അന്നാ...വിളി കേള്‍ക്കന്നാ... എവിടെ... എവിടെ... എനിക്ക് ദേഷ്യം വരുന്നുണ്ട്... ഇനിയുമെന്തേ മറഞ്ഞിരിക്കുന്നന്നാ... ഇനിയുമെവിടെ മറഞ്ഞിരിക്കുന്നന്നാ.....

നിരന്തരമൊച്ചകളാണന്നാ... ഒച്ചകള്‍... നിരന്തരം കാഴ്ചകളാണന്നാ... കാഴ്ചകള്‍...
ചുമന്ന ബലിക്കാക്കകള്‍ ഇറച്ചിക്കഷ്ണങ്ങള്‍ കൊത്തി വലിക്കുന്ന ഒച്ചയും കാഴ്ചയും...
മഴയൊരു ചോരപ്പുഴയാക്കുന്ന കാഴ്ച... ചോരപ്പുഴ കരകവിഞ്ഞ് കടലാകുന്ന കാഴ്ചകളന്നാ...ഭയമാകുന്നു... ഭയമാകുന്നന്നാ‍... ഭയമാകുന്നു.... നിന്റെ സ്വരമൊന്ന് കേള്‍ക്കാനായെങ്കിലന്നാ... കേള്‍ക്കാനായെങ്കില്‍...

Tuesday, March 16, 2010

ഉമ്മക്കള്ളി

കരളിലിരുന്ന്
ചങ്കു പറിച്ചെടുക്കും,
അഞ്ചിതളിലൊന്നിതാര്‍ക്കു
നല്‍കിയെന്നു ചോദിച്ച്
പരിഭവിച്ചു പിണങ്ങിയിരിക്കും.

ബീറ്റ്റൂട്ടായിരുന്നെകില്‍
കൊത്തിയരിഞ്ഞു
തോരന്‍ വയ്ക്കുമായിരുന്നുവെന്ന്
പറയാന്‍ തുടങ്ങും മുന്നേ
ഉമ്മവയ്ച്ചുമ്മവച്ച്
പിണക്കം മാറ്റിയെടുക്കണം
ഇല്ലെങ്കില്‍,
കാരണം മറ്റൊന്നു കണ്ടെത്തി
വീണ്ടും പിണക്കം നടിക്കും.

ഇങ്ങിനെയുമൊരുമ്മക്കള്ളി!