Saturday, October 22, 2011

മേഘമൂട്ട്

അവൾ മേഘങ്ങളെ മാറിലൊളിപ്പിച്ച്

അവളുടെ കുഞ്ഞുങ്ങളെ കൊന്നവരുടെ

കുഞ്ഞുങ്ങളെ മുലയൂട്ടി.


ശൂന്യാകാശത്തിന്റെ ശൂന്യതയിൽ തപിച്ച്

അവരുടെ അച്ഛനമ്മമാർ വിലപിച്ചു.

അവരുടെ മിഴികളിലേക്കവൾ മുലയിറ്റിച്ചു.


പിന്നീ‍ടൊരുനാൾ

വിണ്ടുകീറിയ മുലയുള്ളൊരുവൾ

വെന്തുമരിച്ചെന്ന വാർത്തയുള്ളൊരു

പഴയപത്രത്താളാൽ

പാഠപുസ്തകം പൊതിഞ്ഞെടുത്ത്

സ്കൂളിലേക്ക് പോയൊരു കുട്ടി,

സ്കൂളിലേക്കോ വീട്ടിലേക്കോയുള്ള

വഴിയിലല്ലാത്തൊരിടത്ത്!


നയനസംസ്കാരകോമരങ്ങളാറാടുന്ന

ചാനലുകളുടെയൊച്ചയിൽ,

വെന്തുമരിച്ച ഒരുവളുടെയൊച്ച

ശൂന്യാകാശത്തെ

പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരുന്നു.


തളരാത്ത തുലാവർഷപ്പച്ചകൾ

തളിരിലകളെ പിന്നെയും

മേഘമൂട്ടിവളർത്തിക്കൊണ്ടിരുന്നു.


8 comments:

ശിഖണ്ഡി said...

സത്യം പഞ്ഞാല്‍ എനിക്കൊന്നും മനസ്സിലായില്ല.....

Manoraj said...

പീഡിപ്പിക്കപ്പെടുന്നതിന്റെ നോവ്.. ശക്തമായ പ്രതിഷേധം ഡോണ... നല്ല തീക്ഷ്ണതയുള്ള വരികള്‍

BOSCO PATTAMBI said...

entharappee ithu...?

മേല്‍പ്പത്തൂരാന്‍ said...

നയന സംസ്കാരകോമരങ്ങളാറാടുന്ന
ചാനലുകള്‍ക്കിടയില്‍പ്പെട്ടലയുന്ന
മലയാളിപ്പെണ്‍കൊടിയുടെ വിലാപം..!!!

പാപ്പാത്തി said...

രൂക്ഷത മുറ്റിയ വരികൾ..!!

Muralee Mukundan , ബിലാത്തിപട്ടണം said...

നയനസംസ്കാരകോമരങ്ങളാറാടുന്ന ചാനലുകളുടെയൊച്ചയിൽ,

വെന്തുമരിച്ച ഒരുവളുടെയൊച്ച ശൂന്യാകാശത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരുന്നു...!

മനോജ് കെ.ഭാസ്കര്‍ said...

വാക്കുകള്‍ തീഷ്ണമാക്കാന്‍ ശ്രമിച്ചപ്പോള്‍ പറയാന്‍ വന്നത് പൂര്‍ത്തിയാക്കാനാവാതായതു പോലെ....

Ronald James said...

ശക്തമായ വരികള്‍