Friday, December 21, 2012

നാവുപൂവിട്ടതിൽ പിന്നെ...

വേരുകൾക്ക് പകരം
ചിറകുകൾ ചോദിച്ചപ്പോൾ
ചില്ലകൾക്ക് പകരം
കൊക്ക് തന്ന വൈഭവമേ...

കൊക്ക് പിളർത്തുമ്പോഴെന്റെ
നാവുപൂവിട്ടതിൽ പിന്നെ
ഇതൾ ചിറകിലേറി
ഞാൻ വേരോടെ പറക്കുന്നു!
 
സീരീസ്: ഋതുദേഹം  

Monday, December 10, 2012

മഞ്ഞുകാലം

മുകളിൽ നിഴൽ വിരിച്ച്
മഞ്ഞിനെ വരയൻ കുതിരകളാക്കുന്ന
പൈൻ മരങ്ങൾ!

Thursday, December 06, 2012

ഇല്ല ഇല്ല എന്ന് ഇലകൾ

പകൽവേളകളിൽ
ശരത്കാലത്തെ റോഡുകൾ
നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തെ
ഓർമ്മിപ്പിക്കുന്നതു പോലെ
ഒരു മുഖം
എത്ര മുഖങ്ങളെയാണ്
ഓർമ്മിപ്പിക്കുന്നത്!

ഒരാൾ വരുമ്പോൾ
അവരെയെല്ലാവരെയും
മുന്നിലേക്ക് കൊണ്ടു വരുന്നു.

വന്നയാൾ മടങ്ങി പോകുമ്പോൾ
വരാത്തവരെ കൂടി
കൂടെ കൂട്ടിക്കൊണ്ടു പോകുന്നു,
വന്നു പോയ വഴിയിൽ
ഇല്ല ഇല്ല എന്ന് ഇലകൾ!