Wednesday, June 12, 2013

ഇനി നമ്മുക്ക് ബൂഗി വൂഗി കളിക്കാം.

കളിയിൽ ചേരുന്നവരെല്ലാം
ബൂഗി വൂഗി...ബൂഗി വൂഗി
എന്നു പാടികൊണ്ട്
ഓരോ ബോഗികളാവുന്നു,
ഓർമ്മയുടെ ബോർമ്മയിലെ
റെയിൽ പാളങ്ങളുടെ നിഴലിനോട്
ചേർന്നിഴയാൻ തുടങ്ങുന്നു.

അതുകഴിഞ്ഞ് നിശ്ശബ്ദരായിരിക്കാൻ
ശ്രമിക്കുന്നു.

ഓരോ ബോഗികൾക്കുള്ളിലും
അന്നേരം മറ്റനേകം ട്രയിനുകൾ
ചൂളവിളിക്കും, അവയ്ക്കും
നമ്മളെപോലെയുള്ള ബോഗികൾ.

ഓരോ ബോഗിയും
അവരുടെ ട്രയിനിന്റെ
എഞ്ചിൻ ഡ്രൈവറെ
കണ്ടെത്തുന്നതുവരെ കളി തുടരും.

കണ്ടെത്തിയില്ലെങ്കിൽ
കളിയൊരിക്കലും അവസാനിക്കുകയില്ല.

ഇടയ്ക്ക് ആരെയും
കളിയിൽ നിന്നും
പിന്മാറാൻ അനുവദിക്കുകയുമില്ല.

മുൻപരിചയം ഇല്ലെങ്കിലും
ആർക്കും എപ്പോഴും എവിടെവച്ചും
കളിയിൽ ചേരാം ബോഗിയാവം,
നമ്മുടെ ബോഗികൾക്കുള്ളിലെ
മറ്റുട്രയിനുകളൊ ബോഗികളൊ ആവാം.

കളിനിയമങ്ങൾ
എല്ലാ ബോഗികൾക്കും
അവയ്ക്കുള്ളിലെ
ട്രയിനുകൾക്കും ബാധകമാണ്.

‘ഗരീബ് രഥ്’ പോലെ
എല്ലാം ബോഗികളും
ശീതീകരിച്ചിട്ടുണ്ട്,
തളിരിലയിൽ നിന്നു‘ടലെടുക്കുന്ന‘
തണുപ്പുപോലെ
തൊട്ടുതൊട്ട് തുടങ്ങുന്നത്
പിന്നൊരിക്കലും
കൂട്ട് വിട്ട് പോവില്ല.

നമ്മുക്ക് കളിതുടങ്ങാം,
ബോഗികൾക്കു പകരം
നമ്മുടെ ട്രയിനുകൾക്ക്
ബോഡീബാഗുകളാണെന്ന്
ഉറക്കെ പറഞ്ഞ് കളിയുടെ
സസ്പെൻസ് കളയല്ലെ!

6 comments:

ajith said...

ഡ്രൈവര്‍ അപ് ഡേറ്റ് ചെയ്യണമെന്ന് ഇടയ്ക്ക് ഓരോ മെസേജ് വരും

AnuRaj.Ks said...

എനിക്കീ കളി മനസ്സിലായില്ല...എങ്കിലും വായിക്കാന്‍ നല്ല രസമുണ്ട്

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കളിക്കാന്‍ തോന്നുന്ന ഒരു കളി..,പക്ഷെ അതിന്‍റെ ഉള്ളുകള്ളികള്‍ അറിയുന്നുമില്ല

സൗഗന്ധികം said...

എനിക്കുമീ കളി മനസ്സിലായില്ല.എങ്കിലും വായിക്കാന്‍ നല്ല രസമുണ്ട്.

ശുഭാശംസകൾ...

Vinodkumar Thallasseri said...

അതെ ബോഡി ബാഗുകള്‍ തന്നെ.

rameshkamyakam said...

തളിരിലയിൽ നിന്നു‘ടലെടുക്കുന്ന‘
തണുപ്പുപോലെ
തൊട്ടുതൊട്ട് തുടങ്ങുന്നത്
പിന്നൊരിക്കലും
കൂട്ട് വിട്ട് പോവില്ല.....ശരി