Tuesday, March 25, 2014

പെൻസിൽ മുന‌കൊണ്ടുള്ള കുത്തെന്ന ഉപമയിൽ

പോലീസ്: ‘മ്യാവൂ സേ തും...‘
കള്ളൻ: ‘മാവോ സേതുങ്...’
പോലീസ്: ‘മ്യാവൂ സേ തും...’
കള്ളൻ: ‘മാവോ സേതുങ്...’

കള്ളനും പോലീസും കളി
അന്നേരം മൂർച്ഛിക്കും.

ലാത്തികൊണ്ടുരുട്ടുന്നെന്നപോലെ
പോലീസ് കണ്ണുകളുരുട്ടും,
കള്ളനന്നേരവും മാവോ സേതുങ്
എന്ന് ആവർത്തിക്കും.

മൂന്നാംമുറയെന്ന് ധ്വനിപ്പിച്ച്
പെൻസിൽ മുനകൊണ്ട്
പച്ചിച്ച ഞരമ്പുകളിൽ കുത്തി
കമ്മ്യൂണിസ്റ്റ് പച്ചയുടെ
തണ്ടുപോലെന്തെടോ
എന്ന് കളിയാക്കും.

ബെഞ്ചിൽ നിന്നിറങ്ങി
കള്ളനൊരൊറ്റയോട്ടമോടും
സ്കൂൾവളപ്പിലേക്ക്,
പോലീസ് പുറകെയും.

വളപ്പിലെ
ചെമ്പരത്തികളിൽ നിന്നും
പൂവുകൾ പിച്ചിയെടുത്ത്
കശക്കിപ്പിഴിഞ്ഞ്
കൈത്തണ്ടമേൽ തേച്ച് പിടിപ്പിച്ച്
കള്ളൻ പോലീസിനു നേരെ തിരിയും.

ഞെക്കിപ്പിഴിയലിൽ നീലിച്ച് നീലിച്ച്
പച്ചഞരമ്പുകൾ നീലിച്ച് പോയാലും
ചോർന്നു തീരാത്ത ചോരതൻ
ചോപ്പാണെടാ ചെഞ്ചോപ്പാണെടാ
നീയതു കാണടാ...
എന്ന് നീട്ടി പാടും.

പച്ചഞരമ്പുകളിൽ
നിന്നൊരുഞെട്ടും ഞെട്ടറ്റുവീഴാതെ
ചേർത്തുപിടിച്ചിടും
ചോപ്പാണെടാ ചെഞ്ചോപ്പാണെടാ
നീയതും കാണടാ...
എന്ന് വീണ്ടും പാടും.

പാട്ടേറ്റുപാടി പാടി
ലാത്തിയാക്കി പിടിച്ചിരുന്ന
പെൻസിൽ വലിച്ചെറിഞ്ഞ്
പോലീസും കൂട്ട് ചേരുമ്പോൾ
ഉച്ചകഴിഞ്ഞ് ക്ലാസ്സിൽ കയറാൻ
ബെല്ലടിച്ചിട്ടുണ്ടാവും.

മ്യാവൂ...മ്യാവൂ...
കക്കയം* കപ്പി
മ്യാവൂ...മ്യാവൂ...
മീശമിനുക്കിയ പൂച്ചകൾ
മ്യാവൂ...മ്യാവൂ...പാടാൻ മറന്ന്,
കക്കയം കക്കി
മീശവടിച്ച്
മിയാ കു‌ൽ‌‌പ** പാടുന്ന
നേരത്തെന്നൊരു
പാട്ടും പാടി
കള്ളനും പോലീസും
ഒരേ ക്ലാസ്സിലേക്ക്
ഓടിച്ചെന്ന് കയറും.

മുനയൊടിഞ്ഞ ഉപമ
കളിയൊഴിയാതെയപ്പോഴും
സ്കൂൾവളപ്പിൽ കിടപ്പുണ്ടാവും!
---
*കക്കയം ക്യാമ്പ്.
**Mea Culpa - എന്റെ പിഴ. ലത്തീനിൽ Mea Culpa, Mea Culpa, Mea Maxima Culpa (എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ) എന്നാണ് പൂർണരൂപം. തെറ്റുകാരനാണെന്ന കുമ്പസാരം.
---
മാധ്യമം ആഴ്ചപ്പതിപ്പ് 24.03.2014

7 comments:

ajith said...

എന്തോ............!!

Sapna Anu B.George said...

Good one Dona

സൗഗന്ധികം said...

പോലീസുകാർക്ക് ചെമ്പരത്തിപ്പൂ മതി!!

നല്ല കവിത


ശുഭാശംസകൾ.....

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഈ കള്ളനും പോലീസും കളി മാധ്യമത്തില്‍ വായിച്ചിരുന്നു

മേല്‍പ്പത്തൂരാന്‍ said...

മ്യാവോയിസ്റ്റാണോ?

onam said...

Good one

onam said...

Good one