Monday, September 10, 2012

നിഴൽ, പക്ഷിയെപ്പോലെ...

//*സെപ്റ്റംബർ 2012,പച്ചക്കുതിരയിൽ വന്നത്*//

നിഴൽ, പക്ഷിയെപ്പോലെ...
-------------------------------------------

നിഴൽ നിന്നിൽ
ഏതു പക്ഷിയുടെതാണ്?

വെടിയേറ്റു തുളഞ്ഞെന്നതു പോലെ
നിഴലിൽ കണ്ണിന്റെ സ്ഥാനത്ത്
വെയിലിന്റെ വട്ടം.

രാത്രിയുടേയോ പകലിന്റെയോ
എന്നറിയാത്ത
പന്ത്രണ്ട് മണി കഴിയാൻ മറന്ന
ക്ലോക്ക് പോലെ
നീ അതിൽ കൂടി നോക്കുന്നു.

വയലിൻ, വീണ, ഗിറ്റാർ തുടങ്ങിയ
തന്ത്രിവാദ്യങ്ങളിൽ നിന്നെല്ലാം
മൗത്തോർഗനുമായി
ഒരു പക്ഷിയെ പോലെ
നിഴലുള്ളൊരുവളുടെ അടുത്തേക്ക്
പോകുന്ന പെണ്ണുങ്ങൾ.

നിനക്കൊഴികെ ഏതൊരാൾക്കും
മനസ്സിലാവുന്ന ഭാഷയിൽ
അവിടെ അവൾ പാടുന്നു,
അവളുടെ കൈകൾക്ക്
മാന്ത്രികവടിയുടെ വഴക്കം,
അവയുടെ ഇന്ദ്രജാലത്തിൽ മയങ്ങി
കൂടെ പാടിപ്പോകുന്ന പെണ്ണുങ്ങളും
അവളുടെ വാദ്യോപകരണവും!

പെട്ടെന്ന്
നിന്റെ നിഴൽ
ചിറകു  കുടയുന്നു,
കൊഴിയുന്ന
തൂവലുകൾക്കിടയിലേക്ക്
ചേക്കേറുന്ന ഭയം.

നീ ആവർത്തിച്ചാവർത്തിച്ച്
ചിറകു കുടയുന്നു,
ഇരട്ടിക്കുന്ന ഭയം
പതിന്മടങ്ങായി ഇരട്ടിക്കുന്ന ഭയം.

ആഭിചാരം നടത്തുന്നവളെന്ന്
ദുർമന്ത്രവാദത്താൽ
ക്ഷുദ്രപ്രയോഗത്താൽ പെണ്ണുങ്ങളെ
മയക്കിയെടുക്കുന്നവളെന്ന്
കൊക്ക് പോലെ ചുണ്ടുകൾ പിളർത്തി
അപശ്രുതി പാടി നീ
സൈലൻസർ ഘടിപ്പിച്ച
തോക്കിൽ നിന്നുതിർത്ത തിരപോലെ
ലെസ്ബിയൻ എന്ന് വിളിക്കുന്നു.

നിഴൽ നിന്നിൽ
ഏതു പക്ഷിയുടെതാണ്?

ആംഗ്യവിക്ഷേപത്താൽ
സംഗീതം സൃഷ്ട്ടിക്കുന്നവൾ,
ഒരു പക്ഷിയെ പോലെ
നിഴലുള്ളവൾ, അവൾ അവിടെ
തെരമിൻ* വായിച്ചുകൊണ്ടേയിരുന്നു!
------------------------------------------------------

*Theremin- സ്പർശിക്കാതെ വായിക്കുവാൻ കഴിയുന്നൊരു സംഗീതോപകരണം.

Tuesday, August 28, 2012

UTC−05 To UTC+05:30 അഥവാ ഐക്യനാട്ടിൽ നിന്നൊരമ്മാനം അഥവാ ഇടം കൈയിലുത്രാടവും വലം കൈയിൽ തിരുവോണവും~


ഉത്രാടരാവിൻ നിലാവു പോലുള്ളൊരു
ഫ്ല്യൂറസറ്റ് ലാംബിന്റെ കീഴിൽ നിന്നും
സമയമേഖലക്കിപ്പുറം നിന്നു-
കൊണ്ടപ്പുറത്തേക്കൊന്ന് കൈനീട്ടി,
കെട്ടിപ്പിടിക്കുന്നു പൊട്ടിച്ചിരിക്കുന്നു
തിരുവോണപുലരിതൻ ചെമ്മാനം.                   ***

~ 2012 ആഗസ്റ്റ് 28നു നട്ടപ്പാതിരായ്ക്ക് പോസ്റ്റാനുള്ളത്. ;)

Saturday, July 28, 2012

ഹിമമൂങ്ങയെ പോലെ

രാവും പകലും വേട്ടയാടുന്ന
ഏകാന്തത;
ഹിമമൂങ്ങയെ പോലെ!

ആരുടെ
പരീക്ഷണശാലയിലാണ്
ഏകാന്തതയെ
ഒറ്റ കൊത്തിൽ
കൊക്കിലൊതുക്കി
പറന്നു പോകുന്നൊരു പക്ഷിയെന്ന്
ഓർത്തതേയുള്ളൂ....

കേൾക്കുന്നില്ലേ?

വീശിയടുക്കുന്നു;
ആർക്കിയോപ്റ്റെറിക്സിന്റെയെന്ന പോലെ!

പേടിയാക്കുന്നുണ്ട്;
ഏകാന്തതമതിയെന്നൊരുള്ളനക്കം!




-തോർച്ച, ജൂൺ/ജൂലൈ2012