Monday, October 29, 2007

രൂപാന്തരം

കാരിരുമ്പില്‍ തീര്‍ത്തയാ-
യക്ഷരം വീണ്ടുമാലയില്‍
ചുട്ടടിച്ച് വികൃതമാക്കി,
പുതിയൊരക്ഷരത്തിനായ്.

തുരുമ്പെടുത്ത പഴയ
വാക്കുകള്‍ക്കിടയിലതു
തിരുകി പുതിയ വാക്കാക്കി
ആത്മനിര്‍വൃതിയടഞ്ഞു.

വാക്കുകളിലെ സാദൃശ്യ
മെന്റെ രൂപാന്തര
സിദ്ധാന്തത്തിലൊരു
കല്ലുകടിയായവശേഷിച്ചു.

Thursday, October 25, 2007

ജീവിതം

ജീവിതം സദ്യ വിളമ്പുന്ന
വേളയില്‍ ഊഴവുംകാത്ത്
കൈകഴുകി തൂശനിലയുടെ
ചുരുളിളക്കി മുന്നിലിട്ടു
ചമ്രം പിണഞ്ഞിരിന്നു.

പന്തിയില്‍ പക്ഷപാത-
മില്ലാതെ സദ്യ വിളമ്പി.

കണ്ണടച്ചുതുറക്കുന്ന മാത്രയില്‍
മുന്നില്‍ ചവച്ചു തുപ്പിയ
മുരിങ്ങക്കോലും
മാറ്റിവച്ച കറിവേപ്പിലയും
ഒലിച്ചു പടര്‍ന്നിരിക്കുന്ന
ഉച്ഛിഷ്ടവും ബാക്കി.

തെരുവു നായ്ക്കള്‍ വന്നതും
നക്കിതുടച്ച് കുരച്ച് ഓടിയകന്നു.
പിന്നെയും ബാക്കിയായ
കീറിയ തൂശനില
കവലപശു നക്കിയെടുത്ത്
അയവിറക്കി നടന്നകന്നു.

ഇനിയും ജീവിതം ബാക്കി...

Sunday, October 21, 2007

കൂടോത്രം

അന്നൊരു വേനലവധിക്കാല-
ത്തെന്റെ, ഉച്ചയുറക്കം മുറിച്ചത്
ഉമ്മറത്തെ പിറുപിറുപ്പാണ്.

അമ്മയുമമ്മമ്മയും ജോലിക്കാരി-
യേച്ചിയെ ചെവിയില്ലാ-
യിരുന്നെങ്കില്‍ കണ്ണുപൊട്ടു
മാറുച്ചത്തില്‍ ചീത്തപറയുന്നു,
പാലുകൊടുത്ത കൈയ്ക്ക് തന്നെ
തിരിഞ്ഞു കൊത്തിയ
കരിമൂര്‍ഖനോടുപമിച്ച്.

ഞാനെന്നുമവര്‍ക്കിവര്‍
‍ചായ കൊടുക്കുന്നതേ
കണ്ടിട്ടുള്ളതുവരെ.

ആരോപിക്കുന്നവരു-
മാരോപിക്കപ്പെട്ടവളും
കണ്ണുനീര്‍ വാര്‍ക്കുന്നുണ്ട്,
നെഞ്ചില്‍ കൈവയ്ച്ച്
ആര്‍ത്തലച്ച് അറിയാവുന്ന
ദൈവങ്ങളെയൊക്കെ
വിളിച്ചുണര്‍ത്തുന്നുമുണ്ട്.

കരച്ചിലും പിഴിച്ചിലും
കേട്ടയല്‍‌പക്കത്തെ
ചേച്ചിയൊടിയെത്തി,
കാരണം അന്വേഷിക്കാന്‍!

അന്നെനിക്ക് ദിശയറിയില്ല,
തെക്കൊ വടക്കൊയെന്ന്.
അമ്മ വിരല്‍ ചൂണ്ടിയതൊരു
കോണിലേക്കാണു, മുറ്റത്തെ.

മണ്ണിളകി കിടപ്പുണ്ട്, അവിടെ.
ചുറ്റിനും തെച്ചിയും തുളസിയും
ചിതറിയും കിടപ്പുണ്ട്.

നമ്മുടെ നല്ലയയല്‍ക്കാരിയതു
കണ്ടയുടന്‍ മൊഴിഞ്ഞൂ
"യിതതു തന്നെ!
കൂടോത്രം കൂടിയയിനം,
കുലം കുളം തോണ്ടാന്‍
കുഴിച്ചിട്ടിരിക്കുന്നു!!!"

അമ്മയ്ക്കുമമ്മമയ്ക്കും ഞെട്ടല്‍
‍എനിക്ക് ചിരി പൊട്ടല്‍
‍കാരണം പറഞ്ഞാല്‍
എനിയ്ക്കിട്ട് പൊട്ടിയ്ക്കുമതുറപ്പ്.

അന്നു രാവിലെയമ്മമ്മയുടെ
തടിപ്പത്തായത്തിനകത്തേക്ക്
ചിതല്‍ തീര്‍ത്ത വാതിലിലൂടെ
ഊളിയിട്ടറങ്ങിയപ്പോള്‍
‍കിട്ടിയ ദ്രവിച്ചു തുടങ്ങിയ
എലിയുടെയെല്ലുകള്‍
‍വീരോചിതമായി സംസ്കരിച്ച-
തിനെന്തെല്ലാം പൊല്ലാപ്പുകള്‍.