Sunday, March 18, 2007

മനസ് ഒരു സമസ്യ.

കത്ത് മടക്കി വച്ച് ജാലകത്തിലൂടെ പുറത്തേയ്ക്ക് നോക്കുമ്പോള്‍ കാലംതെറ്റി വന്ന മഴ തിമിര്‍ത്ത് പെയ്യുകയായിരുന്നു. മഴയ്ക്ക് വേണ്ടി എന്നും പ്രതീക്ഷയോടെ നോക്കിയിരിക്കാറുള്ള ഞാന്‍ മഴ തുടങ്ങിയത് അറിഞ്ഞതേയില്ല. അവളുടെ കത്ത് പലയാവര്‍ത്തി വായിക്കുകയായിരുന്നു. തൂളിയടിച്ച് ജനാലയിലൂടെ അകത്തേക്ക് കയറിയ ഓരോ മഴത്തുള്ളിയും കുളിരുള്ള ചുംബനങ്ങള്‍ തന്ന് ശരീരത്തിലേക്ക് അലിഞ്ഞ് ചേരാന്‍ ശ്രമിച്ച് എന്നെ തഴുകി താഴെയ്ക്ക് ഒഴുകി വീണുകൊണ്ടിരുന്നു.

മനസ് നിറയെ അവളായിരുന്നു, അവളെഴുതിയ വരികളായിരുന്നു. നട്ടുച്ചയായതെ ഉള്ളുവെങ്കിലും ആകാശത്ത് തിങ്ങി നിറഞ്ഞിരുന്ന കാറ്മേഘക്കൂട്ടങ്ങള്‍ അവിടെയാകെ ഇരുള്‍ വീഴിച്ചിരുന്നു . പ്രകൃതി എന്തെ ഇന്നിങ്ങനെ, പിണങ്ങിയതാണോ? ഇരുള്‍ വീഴുന്ന വഴിയരികില്‍ മരച്ചില്ലകള്‍ തീര്‍ത്ത നിഴലുകള്‍ക്ക് അവളുടെ നിഴലിന്‍റെ സാമ്യം ഉണ്ടോ എന്ന് എന്റെ മനസ്സ് തിരഞ്ഞുവോ? മനസിനെ വേണ്ടാ വേണ്ടാ എന്ന് പലയാവറ്ത്തി ഉരുവിട്ട് വിശ്വസിപ്പിക്കാന്‍ ശ്രമിച്ച്, ഒടുവില്‍ അതോരു പാഴ്ശ്രമമാ‍ണെന്ന് അറിഞ്ഞുകൊണ്ടുതന്നെ അവള്‍ക്ക് മറുപടി എഴുതണമെന്ന് മനസ്സില്‍ ഉറച്ച് തോറ്റ് പിന്മാറി.

ഇതിനോടകം അവളുടെ ഓരോ വരികളും മനസ്സില്‍ പതിഞ്ഞിരുന്നു . എഴുതി തുടങ്ങുമ്പോള്‍ സംബോധന ചെയ്യേണ്ട ആവശ്യം ഇല്ലായിരുന്നു. അവളില്‍ നിന്നും വരുന്ന കത്തുകള്‍ക്ക് ഒരിക്കലും അതില്ലായിരുന്നു, ഉള്ളടക്കത്തില്‍ എങ്ങും എന്റെ പേരും. ആരാണയക്കുന്നതെന്ന് കുറെക്കാലം അറിഞ്ഞതുമില്ല. ഒടുവില്‍ ഒരിക്കല്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ അവള്‍ ഉരുവിട്ട ചില വരികള് കേട്ട് ഞെട്ടിത്തരിച്ച് എത്ര നേരമെന്നറിയാതെ നിന്നതും, ഞെട്ടലില്‍ നിന്നെന്നെ ഉണര്‍ത്തിയ അങ്ങേത്തലയ്‌ക്കല്‍ നിന്നുള്ള വിതുമ്പലും, എന്ത് ചെയ്യണമെന്നറിയാതെ കുറെ നേരം ശിലയായ് നിന്നതും, ഒടുവില്‍ എപ്പോഴൊ അവള് തന്നെ ഫോണ്‍ കട്ടാക്കി പോയതുമെല്ലാം.....

വളഞ്ഞ് തിരിഞ്ഞ കുറെ ചോദ്യങ്ങള്‍ ചോദിച്ച് എന്റെ മനസ്സിനെ അളക്കാന്‍ നീ ശ്രമിക്കുകയായിരുന്നോ? ഇതൊക്കെ അറിയാന്‍ ഞാന്‍ ഒത്തിരി വൈകിയൊ? എന്തേ, നീ ഒരിക്കലും ചോദിച്ചില്ലാ, എനിക്ക് നിന്നെ ഇഷ്‌ടമാണോ എന്ന്? ഉത്തരം നല്‍കാന്‍ ഞാന്‍ ഇപ്പോഴും തയ്യാറായതിനാലല്ല. പക്ഷേ അപ്പോള്‍ എനിക്ക് നിന്നോടും ചോദിക്കാമല്ലോ നിനക്ക് എന്നെ ഇഷ്‌ടമാണൊ എന്ന്?എന്തെ നീ എന്നെ ഇഷ്‌ടപെടുന്നതെന്നും അങ്ങിനെ ഇനിയും ഉത്തരം കിട്ടാത്ത മറ്റുപലതും.

ഒരിക്കല്‍ നീ വേറെ ഏതോ രീതിയില്‍ പറഞ്ഞുവോ നിന്റെ മനസ് എനിക്ക് എന്നേ തന്നുവെന്ന്, അതോ ഞാന്‍ തെറ്റിധരിച്ചതോ? ഇനിയും ഒത്തിരി സമസ്യകള്‍ ഉണ്ട് എന്റെ മനസ്‌സില്‍ , ഒരു പക്ഷേ നിനക്കും. കടംകഥ പറഞ്ഞ് കളിക്കുന്നത് നമ്മുക്ക് നിര്‍ത്തിക്കൂടെ? ഇതു തന്നെയാണൊ നീയും ആഗ്രഹിക്കുന്നത്. എന്റെ മനസ്സിലും അറിയാതൊരിഷ്‌ടം നിന്നോട് തോന്നുന്നുണ്ടോ? അറിയില്ലെനിക്ക്, നിനക്കായുള്ള, നീ തന്ന ഒരു പിടി ചോദ്യങ്ങളും അതിന് ഞാന്‍ കണ്ടെത്തിയ ഉത്തരങ്ങളും കൂടി കുഴഞ്ഞ് മറിഞ്ഞ് എന്റെ മനസ് മാത്രം അറിയാം എനിക്ക്....അതും ഒരു സമസ്യ.

18 comments:

മയൂര said...

"നിനക്കായുള്ള, നീ തന്ന ഒരു പിടി ചോദ്യങ്ങളും അതിന് ഞാന്‍ കണ്ടെത്തിയ ഉത്തരങ്ങളും കൂടി കുഴഞ്ഞ് മറിഞ്ഞ് എന്റെ മനസ്സു മാത്രം അറിയാം എനിക്ക്....അതും ഒരു സമസ്യ."

Haree said...

സമസ്യകളുടെ ഉത്തരമറിയുമ്പോള്‍ നേരം വല്ലാതെ വൈകരുത്. വൈകിക്കിട്ടുന്ന ഉത്തരങ്ങളും സങ്കടമേറ്റുകയേ ഉള്ളൂ... അതിലും ഭേദം ഉത്തരമറിയാതിരിക്കുന്നതാണ്... ഒരു സമസ്യയായിത്തന്നെ മനസ് (മനസ്സ് വേണോ?) തുടരട്ടെ...

മനസിനെ വേണ്ടാ വേണ്ടാ എന്ന് പലയാവറ്ത്തി ഉരുവിട്ട് വിശ്വസിപ്പിക്കാന്‍ ശ്രമിച്ച്, ഒടുവില്‍ അതോരു പാഴ്ശ്രമമാ‍ണെന്ന് അറിഞ്ഞ് കൊണ്ട് തന്നെ അവള്‍ക്ക് മറുപടി എഴുതണമെന്ന് മനസ്സില്‍ ഉറച്ച് തോറ്റ് പിന്മാറി. - ഇതെങ്ങിനെയാ മനസിലാക്കേണ്ടത്! ശരിക്കും പിന്നെ മറുപടിയെഴുതുമെന്നോ ഇല്ലയെന്നോ? :)
--

അപ്പു ആദ്യാക്ഷരി said...

അപ്പോ, “വള്ളിയിട്ട വട” മാത്രമല്ല കഥയും ഈ കൈകള്‍ക്ക് വഴങ്ങും അല്ലേ. കൊള്ളാം.

സാരംഗി said...

മഴയുടെ സാന്നിദ്ധ്യം നല്ലൊരു ഭാവം പകരും വരികള്‍ക്ക്‌..സ്നേഹത്തിന്റെ മുത്തുകള്‍ തൂകുന്ന മഴ...വരികള്‍ ഇഷ്ടമായി..വളരെ വളരെ. സമസ്യകള്‍ എന്നും അങ്ങനെ തന്നെ തുടരട്ടെ..

ഷിബു കൃഷ്ണന്‍ said...

കൊള്ളാം നല്ലരീതിയില്‍ എഴുതാന്‍ സാധിച്ചിരിക്കുന്നു..
വാക്കുകള്‍ക്ക് കൂടുതല്‍ ഇണക്കം വരുത്തുവാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.....

Anonymous said...

മന്‍സ്സിന്‍റെ ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം കിട്ടിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു അല്ലെ‍????പിന്നെ അങ്ങനെ ഉത്തരം കിട്ടാതിരിക്കുന്നതും ചിലപ്പോഴെങ്കിലും നല്ലതിനാവും എന്നു തോന്നാറുണ്ട് എന്നതും ഒരു സത്യം.

മയൂര said...

ഹരീ, സമസ്യയായി തന്നെ തുടരട്ടെ എന്ന് മനസ് പറയുന്നു പക്ഷേ അബോധ മനസ്സില് അത് ചുഴികള് ഉണ്ടാകുന്നു, പിന്നെ ചോദിച്ച ചോദ്യത്തിന് മറുപടി, :) ഇതു മാത്രം.
നന്ദി ഹരീ,വായിച്ചതിന്ന്, അഭിപ്രായം അറിയിച്ചതിന്ന്,പറഞ്ഞിരുന്ന അക്ഷരതെറ്റ്‌കള്‍ തിരുത്തിയിട്ടുണ്ട്:)

അപ്പൂ, നന്ദി വീണ്ടും വന്നതിന്:) മലയാളം സാറിന്റെ ചൂരലില്‍ നിന്നും എത്ര വള്ളിയിട്ട വടകള്‍ വാങ്ങിയ കൈയാ.. ..;)

സാരംഗീ, അഭിപ്രായം അറിയിച്ചതിന്ന് നന്ദി:)...സമസ്യകള്‍ എന്നും അങ്ങനെ തന്നെ തുടരട്ടെ.. അല്ലേ??

ഷിബൂ, ആശംസികള്‍ക്ക് നന്ദി..ശ്രമിക്കാം:)

തുഷാരമേ, ശരിയാണല്ലേ...നന്ദി:)

ഞാന്‍ ഇന്ന് വൈകിട്ട് നട്ടിലേക്ക് പോകയാണ്. അവിടെ എത്തി അവിടതെ കാലാവസ്ത;)ഒക്കെ ഒന്നു പഠിക്കട്ടെ അതു കഴിഞ്ഞ് മാത്രമേ ഇനി ബ്ലോഗിലേക്ക് മടക്കം ഉള്ളൂ, തല്‍കാലം വിട..ഇത് സ്‌ഥിരം ആകുമോ എന്നും അറിയില്ലാ..:)

മഴത്തുള്ളി said...

"ഞാന്‍ ഇന്ന് വൈകിട്ട് നട്ടിലേക്ക് പോകയാണ്. അവിടെ എത്തി അവിടതെ കാലാവസ്ത;)ഒക്കെ ഒന്നു പഠിക്കട്ടെ അതു കഴിഞ്ഞ് മാത്രമേ ഇനി ബ്ലോഗിലേക്ക് മടക്കം ഉള്ളൂ,"

കാലാവസ്ഥ എങ്ങിനെ, ഇനി വീണ്ടും സമസ്യകളും സമസ്യാ പൂരണങ്ങളും പോരട്ടെ :)

മയൂര said...

മഴത്തുള്ളീ, കാലാവസ്ഥ ചൂടാണ്, എന്നാല്ലും എല്ലാവരെയും കാണുമ്പോള്‍ കിട്ടുന്ന സന്തോഷം മനസ്സിനെ കുളിര്‍പ്പിക്കുന്നു. ഇവിടെ വന്ന് വായിച്ചതില്‍ സന്തോഷമുണ്ട്,നന്ദി:)

അനൂപ് അമ്പലപ്പുഴ said...

ആദ്യമായി ഒന്നു പറയട്ടെ ഫേന്ണ്ട് കള്ര്+ബാക്ക്ഗ്രൌന്ഡ് കളര്‍ അസ്സലായി.

പിന്നെ,
മഴയെക്കുറിച്ചു പറയാനാണെണ്‍ക്കില്‍ത്ത്ന്നെ ഒരു ദിവസം മുഴുവന്‍ പറയാനുണ്ട്. അല്ലേ ? അത്രക്കു ആര്‍ദ്രമായ ഓര്‍മ്മകളാണ് നമുക്ക് മഴയെ പറ്റി ഉള്ളത്.
മഴയെ ഒരുവിധം എല്ലാ കവികളും ശുഭസൂചകമായി ആണു കരുതുന്നത്. നീ ഒരു ജമ്പ് നു വേണ്ടി ആണോ “പ്രക്രിതി പിണങ്ങിയതാണൊ “ എന്നു സംശയിച്ചത്, അതും ചാറ്റല്‍ മഴയുള്ള നനുത്ത രാത്രിയില്‍?

aneeshans said...

എത്ര പറഞ്ഞാലും , എഴുതിയാലും മഴ പിന്നേയും പിടി തരാതെ ...മഴയ്ക്ക് മാത്രം സ്വന്തമായ ഒരു ഭാവം.

എഴുത്തിന് ഒരു നല്ല ഒഴുക്കുണ്ട് ..
ആശംസകള്‍.

മയൂര said...

അനൂപ്, വളരെ നന്ദി.....:)

ആരോ ഒരാള്‍, മഴക്ക് രാഗം ഉണ്ടെന്ന് ആരോ പറഞ്ഞു..മഴയുടെ വിവിധ ഭാവങ്ങള്‍ നമ്മുടെ ഒരോ മനോവികാരങ്ങള്‍ പോലെയല്ലേ....നന്ദി ഇവിടെ വന്നതിന്നും അഭിപ്രായം അറിയിച്ചതിനും..:)

Kiranz..!! said...

മയൂരമേ..മഴയുടെ രാഗം ശ്രീരാഗം :).ഇന്നലെ ചന്ദ്രോത്സവം എന്ന ഫിലിം കണ്ടപ്പോള്‍ കിട്ടിയ ഇമ്പ്രമേഷനാ :)

അതെങ്കിലുമായില്ലേ :)

qw_er_ty

മയൂര said...

കിരണ്‍സ്, വളരെ നന്ദീട്ടോ, മഴയുടെ രാഗം നീലാംബരിരാഗമാണെന്ന് ഒരു സുഹൃത് പറഞ്ഞു....ഏതാവും ശരി എന്ന് തിരിച്ചറിയാനുള്ള വിവരം എനിക്കില്ലാ...:)

സുല്‍ |Sul said...

മയൂര
ഇതു നന്നായിരിക്കുന്നു. മനസ്സിന്റെ ഭാവങ്ങള്‍ നിങ്ങള്‍ നന്നായി കോറിയിടുന്നു. മനസ്സ് എപ്പോഴും ഒരു സമസ്യ തന്നെ. പൂരണമില്ലാത്ത സമസ്യ.

-സുല്‍

മനോജ് കുമാർ വട്ടക്കാട്ട് said...

ചിലപ്പോഴങ്ങിനെയാണ്‌.
നമ്മളേറെ ആഗ്രഹിക്കുന്ന ബന്ധങ്ങള്‍ അവസാനിപ്പിക്കേണ്ടി വരുന്നു.

(അതായിരിക്കും നല്ലതും :)

തറവാടി said...

മനസ്സ് : നിര്‍വചിക്കാന്‍ പറ്റാത്തവയില്‍ ഒന്നാമന്‍ , കഥ ഇഷ്ടമായി

മയൂര said...

സുല്‍, ഹൃദയം നിറഞ്ഞ നന്ദി :)

പടിപ്പുരേ, വളരെ ശരിയാണ്... നന്ദി:)

തറവാടീ, നന്ദി:)