Thursday, September 27, 2007

നാട്യം



ഒരു യാത്രയ്ക്കിടയില്‍
ഞാന്‍ ഉറക്കം നടിക്കുന്ന-
വരുടെ നാട്ടിലെത്തി.

യാത്രാ ക്ഷീണത്താല്‍
ഉറക്കം തൂങ്ങി ഞാന്‍
അവരുടെ ഇടയിലൂടെ നടന്നു.

ഇടയ്ക്ക് ആരുടെയൊ
കാലില്‍ തട്ടി ഞാനാ-
രുടെയൊ പുറത്ത് വീണു.

രണ്ടാളും ഉണര്‍ന്നില്ല,
എന്റെ ഉറക്കവും പോയി.

തിരിച്ച് വരും വഴി
ഞാന്‍ വീണ്ടും അതേ
സ്ഥലത്തെത്തി.

യാത്രാ ക്ഷീണത്താല്‍
ഉറക്കം തൂങ്ങി ഞാന്‍
അവരുടെ ഇടയിലൂടെ നടന്നു.

അപ്പോഴും ആരുടെയൊ
കാലില്‍ തട്ടി ഞാനാ-
രുടെയൊ പുറത്ത് വീണു.

രണ്ടാളും ചാടിയെണീറ്റ്
മുഖത്ത് കണ്ണില്ലേ
എന്നാക്രോശിച്ച്
എന്നെ ചീത്ത വിളിച്ചു.

ഉറക്കം നടിച്ച് നടിച്ച്
അവര്‍ എപ്പോഴൊ
ഉറക്കത്തിലേക്ക്
വഴുതി വീണിരിക്കാം.

എനിക്ക് വീണ്ടുമെന്റെ
ഉറക്കം നഷ്ടമായി.

Tuesday, September 25, 2007

അഹംഭാവങ്ങള്‍

ജനിച്ച നാള്‍ മുതലോതി-
യമ്മ, നീയെന്റെയെല്ലാം
നിനക്കായാണിതെല്ലാം.

നിന്റെയമ്മയുമച്‌ഛനും,
നീയാണു സര്‍വ്വവും, സര്‍വ്വതും
നീയില്ലാതൊന്നുമേയില്ലെ-
നിക്കും മറ്റാര്‍ക്കുമെന്നും.

പിച്ചവയ്ച്ച് കാലുറച്ചപ്പോള്‍
എനിക്ക് നിന്റെയെന്നതെല്ലാ
മെല്ലാമെന്റെയായി.

എന്റെയമ്മയുമച്‌ഛനും
എന്റെ വീട്, എന്റെ...എന്റെ...
അങ്ങിനെ എന്റെയെന്നില്ലാത
വരികള്‍ എനിക്കില്ലാതെയായ്.

എന്റെയെന്നു മനസ്സില്‍
തട്ടാതെപോയൊരു ചിന്ത
യതിത്ര മാത്രം,
എന്റെ നാട്, സമൂഹം.

എന്ത് നാട്?
അതു കൊണ്ടെനിയ്ക്കെന്ത്.
എന്ത് സമൂഹം?
അവര്‍ എങ്ങിനെയായാല്‍
എനിയ്ക്കെന്തെന്ന ചിന്തയായ്.

നാളേറെ കഴിയും
മുന്നേ 'ഞാന്‍' എന്നില്‍
ഉഗ്രരൂപിയായ് ഉടലെടുത്തു.

ഞാന്‍ കൊടിപിടിച്ച്
തമ്മില്‍ തല്ലിച്ച്, തള്ളിപ്പറഞ്ഞ്,
ഒറ്റിക്കൊടുത്ത് പടികള്‍ താണ്ടി-
യുയരങ്ങളിലേക്ക് കുതിച്ചു,
ഒരുനെല്ലിട പോലും
പിഴയ്ക്കാത്ത ചുവടില്‍.

കാലചക്രത്തിന്റെ കുതിപ്പി-
നിടയില്‍ ഞാന്‍ ആശിച്ചതും
ആശിക്കാത്തതും നേടി.

ഒരു ദിനമുടലെടുത്തുള്ളില്‍
നാഴികയ്ക്ക് നാല്പതു വട്ടം
സന്ദേഹം.

ഞാനും മരണവും, മരണാനന്തര‌‌വും.
മരണാനന്തര‌‌ം ഞാന്‍ മരിക്കാന്‍
പാടുണ്ടോ?

Sunday, September 23, 2007

നീലക്കുറിഞ്ഞികള്‍

മുടിയും മനസും മത്സരിച്ച് നരയ്ക്കുന്നത്, മനസ് അതില്‍ വിജയിച്ച് ഓര്‍മ്മകള്‍ക്ക് അല്‍‌സൈമേഴ്‌സ് സമ്മാനിക്കുന്നത്, ചിന്തകള്‍ പതിവു പോലെ കാടുകയറാന്‍ തുടങ്ങുകയാണെന്ന് അവന് മനസ്സിലായി. പുറത്തെ വെളിച്ചത്തിന് ഓറഞ്ച് നിറം വീണു തുടങ്ങിയിരിക്കുന്നു. അല്ലെങ്കിലും ഇവിടെ പന്ത്രണ്ട് വര്‍ഷത്തോളമായി പകലുകളും, സന്ധ്യകളും, രാത്രികളുമില്ലല്ലോ...അവന്‍ ഓര്‍ത്തു.

അടച്ചിട്ടിരുന്ന, ഭൂരിഭാഗവും ഇരുള്‍ നിറഞ്ഞ മുറിയ്ക്ക് ഉള്ളിലെ നേര്‍ത്ത മഞ്ഞ വെട്ടത്തില്‍ അവന്‍ അവിടമാകെ വെറുതെ കണ്ണുകള്‍ ഓടിച്ചു. മേശയുടെ ഒരരുകില്‍ ഇരിയ്ക്കുന്ന പുസ്‌തകത്തില്‍ അവന്റെ കണ്ണുകള്‍ ഉടക്കിനിന്നു. ഇടയ്ക്ക് ആരോ കാണാന്‍ വന്നപ്പോള്‍ തന്നതാവും. മെല്ലെ കൈയെത്തി അത് എടുത്തു വായിച്ചു. സുഭാഷ് ചന്ദ്രന്റെ ‘ഘടികാരങ്ങള്‍ നിലയ്‌കുന്ന സമയം‘, വായിക്കുവാനുള്ള മനസില്ല എന്നാലും വെറുതെ അവന്‍ അത് മറിച്ച് നോക്കി. "നമ്മുക്കിടയില്‍ തിരയടിക്കുന്നത് സ്‌നേഹത്തിന്റെ സമുദ്രമാണെന്നു നീ പറഞ്ഞപ്പോള്‍ ഞാന്‍ ഭയന്നു, തീരങ്ങള്‍ തമ്മിലുള്ള അകലമോര്‍ത്ത്". ഹൃദയമിടിപ്പ് വല്ലാതെ കൂടുന്നത് പോലെ, വായിച്ച് നിര്‍ത്തി പുസ്തകം മേശമേല്‍ വയ്ച്ച് മുഖം ഉയര്‍ത്തി വിദൂരങ്ങളില്‍ കണ്ണും നട്ട് ഇരുന്നപ്പോള്‍ അവളുടെ മുഖമായിരുന്നു അവന്റെയുള്ളില്‍.

പെട്ടെന്ന് ഒച്ചയോടെ പാതി തുറന്ന വാതില്‍പ്പാളിയിലൂടെ മുറിക്കകത്തെ ഇരുട്ടിനെ അലിയിച്ചുകൊണ്ട് വല്ലാത്തൊരധികാരത്തോടെ നീണ്ടു വന്ന വെളിച്ചത്തെ അവന്‍ ഒരല്‍പ്പം ഈര്‍ഷ്യയോടെ നോക്കി. നോട്ടം എത്തിനിന്നത് അവളിലായിരുന്നു. ഒരു നിമിഷം അവര്‍ പരസ്‌പരം കണ്ണുകളിലേക്ക് നോക്കി. സമയം നിശ്‌ചലമാകുന്നത് പോലെ തോന്നി അവന്. വിധി വിണ്ടും മിഴാവുകൊട്ടുകയാണോ?

അവള്‍ക്കരികിലേക്ക് എത്താ‍ന്‍ അവന്‍ മെല്ലെ എഴുന്നെറ്റു. പക്ഷേ നടന്നപ്പോള്‍ കാലുകള്‍ ഇടറി അവന്‍ വീണു പോയി. പെട്ടെന്നവള്‍ ഓടി വന്ന് അവനെ താങ്ങി പിടിച്ചു.കരയാന്‍ മറന്ന അവന്റെ കണ്ണുകളില്‍ അപ്പോള്‍ മാത്രം മിഴി നീര്‍ ‍പൊടിയുകയായിരുന്നു. തീര്‍ഥാടനത്തിലായിരുന്ന അവന്റെ നിറം മങ്ങിയ ഓര്‍മ്മകളില്‍ നേര്‍ത്ത പ്രകാശം അരിച്ചിറങ്ങാന്‍ തുടങ്ങി.

അകലെ താഴ്‌വരയില്‍ വീണ്ടും നീലക്കുറിഞ്ഞികള്‍ പൂവിടുവാന്‍ തുടങ്ങുകയായിരുന്നു...

Saturday, September 15, 2007

പെരുക്കം

ഉമ്മറത്തെ ഒഴിഞ്ഞ
ചാരുകസേരയുടെ പിടിയില്‍
മുത്തശ്ശന്‍ രാവിലെ
കുടിച്ച കട്ടന്റെ
ഗ്ലാസില്‍ ചത്തു മലച്ചു
കിടക്കുന്നു, രണ്ടീച്ചകള്‍.
ചുറ്റിലും പറക്കുന്നു
നാലു കുറ്റീച്ചകള്‍.

സമയം എട്ടോടടുക്കുന്നു,
അടുക്കുന്നു, തന്ത്രി
മന്ത്രം ചൊല്ലി പൂജയ്ക്ക്
സാമഗ്രികള്‍ ചുറ്റിലും.

നാളെ,
പതിനാറടിയന്തിരമാണു,
മുപ്പത്തിരണ്ടു ദിനം
ആശുപത്രിയില്‍ കിടന്നു
യാതനയനുഭവിച്ചെന്റെ,
അറുപത്തിനാലുകാരി
മുത്തശ്ശി വിട വാങ്ങി.

Thursday, September 13, 2007

തലവര

Tuesday, September 11, 2007

മൗന സന്ധ്യ

നിന്മിഴികളില്‍
എന്തേയിന്നു
സിന്ദൂര സന്ധ്യതന്‍
കുങ്കുമ രേണുക്കള്‍.


സന്ധ്യക്ക്
പെയ്തൊഴിഞ്ഞ മഴയതു
നിന്മിഴി‍യീറന്‍
അണിഞ്ഞതെന്നോ.


അകലെ നിന്നെത്തും
കാറ്റും
വിതുമ്പുന്നു നിന്‍
വിഷാദ രാഗമൊന്ന്.

നിലാവും
കിനാവിലെ
നിറമില്ലാ ചിത്രവും
ഇഴപിണഞ്ഞത് പോലെ.

പകര്‍ന്നിടുമേതു
സാന്ത്വനം
എന്നറിയാതെ
മൗനമായിന്നു ഞാനും.

Sunday, September 02, 2007

നൂല്‍ പാവക്കൂത്ത്

നിലവിളക്കിന്റെ
നേര്‍ത്ത വെട്ടത്തില്‍
തിരശ്ശീലയ്ക്ക് പിന്നില്‍
രാത്രി പുലരുവോളം
കൈകാലുകള്‍ നൂലാല്‍
ബന്ധിച്ചൊരു രൂപത്തിനെ
പാവക്കൂത്താടിക്കുന്നു.

കൂത്ത് മണ്ഡപത്തില്‍
തന്നിഷ്‌ട പദങ്ങള്‍
ചൊല്ലിയാടിച്ച്
പേക്കൂത്തത് തിമിര്‍പ്പിച്ച്
അരങ്ങ് കൊഴുപ്പിച്ച്
കൈകൊട്ടി ആര്‍ത്തുവിളിച്ച്
പുതു പാവക്കൂത്താസ്വദിച്ച്
പോകുന്ന നിഴലുകള്‍.

അങ്ങകലെ കാലന്‍ ‍
കോഴിയത് കൂവി
കൂത്തു കഴിഞ്ഞു
അരങ്ങൊഴിഞ്ഞു.

പാവക്കൂത്താടാന്‍
വിധിച്ചയാ ജന്മം
ആട്ടക്കഥകള്‍ ആടി
കൂത്ത് മണ്ഡപത്തിന്‍
തിരശ്ശീല അഴിഞ്ഞു
വീണതിന്‍ ചാരെ
അകലെയേതൊ
ബിന്ദുവില്‍ തുറിച്ച
കണ്ണിലുറവയില്ലാതെ
മുഖത്ത് ഭാവഭേദമില്ലാതെ.