Sunday, September 23, 2007

നീലക്കുറിഞ്ഞികള്‍

മുടിയും മനസും മത്സരിച്ച് നരയ്ക്കുന്നത്, മനസ് അതില്‍ വിജയിച്ച് ഓര്‍മ്മകള്‍ക്ക് അല്‍‌സൈമേഴ്‌സ് സമ്മാനിക്കുന്നത്, ചിന്തകള്‍ പതിവു പോലെ കാടുകയറാന്‍ തുടങ്ങുകയാണെന്ന് അവന് മനസ്സിലായി. പുറത്തെ വെളിച്ചത്തിന് ഓറഞ്ച് നിറം വീണു തുടങ്ങിയിരിക്കുന്നു. അല്ലെങ്കിലും ഇവിടെ പന്ത്രണ്ട് വര്‍ഷത്തോളമായി പകലുകളും, സന്ധ്യകളും, രാത്രികളുമില്ലല്ലോ...അവന്‍ ഓര്‍ത്തു.

അടച്ചിട്ടിരുന്ന, ഭൂരിഭാഗവും ഇരുള്‍ നിറഞ്ഞ മുറിയ്ക്ക് ഉള്ളിലെ നേര്‍ത്ത മഞ്ഞ വെട്ടത്തില്‍ അവന്‍ അവിടമാകെ വെറുതെ കണ്ണുകള്‍ ഓടിച്ചു. മേശയുടെ ഒരരുകില്‍ ഇരിയ്ക്കുന്ന പുസ്‌തകത്തില്‍ അവന്റെ കണ്ണുകള്‍ ഉടക്കിനിന്നു. ഇടയ്ക്ക് ആരോ കാണാന്‍ വന്നപ്പോള്‍ തന്നതാവും. മെല്ലെ കൈയെത്തി അത് എടുത്തു വായിച്ചു. സുഭാഷ് ചന്ദ്രന്റെ ‘ഘടികാരങ്ങള്‍ നിലയ്‌കുന്ന സമയം‘, വായിക്കുവാനുള്ള മനസില്ല എന്നാലും വെറുതെ അവന്‍ അത് മറിച്ച് നോക്കി. "നമ്മുക്കിടയില്‍ തിരയടിക്കുന്നത് സ്‌നേഹത്തിന്റെ സമുദ്രമാണെന്നു നീ പറഞ്ഞപ്പോള്‍ ഞാന്‍ ഭയന്നു, തീരങ്ങള്‍ തമ്മിലുള്ള അകലമോര്‍ത്ത്". ഹൃദയമിടിപ്പ് വല്ലാതെ കൂടുന്നത് പോലെ, വായിച്ച് നിര്‍ത്തി പുസ്തകം മേശമേല്‍ വയ്ച്ച് മുഖം ഉയര്‍ത്തി വിദൂരങ്ങളില്‍ കണ്ണും നട്ട് ഇരുന്നപ്പോള്‍ അവളുടെ മുഖമായിരുന്നു അവന്റെയുള്ളില്‍.

പെട്ടെന്ന് ഒച്ചയോടെ പാതി തുറന്ന വാതില്‍പ്പാളിയിലൂടെ മുറിക്കകത്തെ ഇരുട്ടിനെ അലിയിച്ചുകൊണ്ട് വല്ലാത്തൊരധികാരത്തോടെ നീണ്ടു വന്ന വെളിച്ചത്തെ അവന്‍ ഒരല്‍പ്പം ഈര്‍ഷ്യയോടെ നോക്കി. നോട്ടം എത്തിനിന്നത് അവളിലായിരുന്നു. ഒരു നിമിഷം അവര്‍ പരസ്‌പരം കണ്ണുകളിലേക്ക് നോക്കി. സമയം നിശ്‌ചലമാകുന്നത് പോലെ തോന്നി അവന്. വിധി വിണ്ടും മിഴാവുകൊട്ടുകയാണോ?

അവള്‍ക്കരികിലേക്ക് എത്താ‍ന്‍ അവന്‍ മെല്ലെ എഴുന്നെറ്റു. പക്ഷേ നടന്നപ്പോള്‍ കാലുകള്‍ ഇടറി അവന്‍ വീണു പോയി. പെട്ടെന്നവള്‍ ഓടി വന്ന് അവനെ താങ്ങി പിടിച്ചു.കരയാന്‍ മറന്ന അവന്റെ കണ്ണുകളില്‍ അപ്പോള്‍ മാത്രം മിഴി നീര്‍ ‍പൊടിയുകയായിരുന്നു. തീര്‍ഥാടനത്തിലായിരുന്ന അവന്റെ നിറം മങ്ങിയ ഓര്‍മ്മകളില്‍ നേര്‍ത്ത പ്രകാശം അരിച്ചിറങ്ങാന്‍ തുടങ്ങി.

അകലെ താഴ്‌വരയില്‍ വീണ്ടും നീലക്കുറിഞ്ഞികള്‍ പൂവിടുവാന്‍ തുടങ്ങുകയായിരുന്നു...

20 comments:

മയൂര said...

“മുടിയും മനസും മത്സരിച്ച് നരയ്ക്കുന്നത്, മനസ് അതില്‍ വിജയിച്ച് ഓര്‍മ്മകള്‍ക്ക് അല്‍‌സൈമേഴ്‌സ് സമ്മാനിക്കുന്നത്, ചിന്തകള്‍ പതിവു പോലെ കാടുകയറാന്‍ തുടങ്ങുകയാണെന്ന് അവന് മനസ്സിലായി.“

ഏ.ആര്‍. നജീം said...

സെപ്തമ്പര്‍ 21 ലോക അള്‍ഷിമേഴ്സ് ദിനം. നൂറ് വര്‍‌ഷങ്ങളോളം ആയിട്ടുണ്ടെങ്കിലും ഈ രോഗത്തിന്റെ ഭീകരത മലയാളികള്‍ക്ക് മനസിലായത്. ലാലേട്ടന്‍ നിറഞ്ഞഭിനയിച്ച തന്മാത്രയാണ്. ഒരു മനോരോഗ ഡോക്‌ടര്‍ ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു. തന്മാത്ര ഓടുന്ന സമയത്ത് പതിവിലും ഇരട്ടിയിലധികം ആളുകള്‍ അദ്ദേഹത്തെ കാണാന്‍ വരുമത്രെ. എല്ലാവര്‍ക്കും ഭയം തനിക്ക് ഈ അസുഖം ഉണ്ടോ എന്ന്.

അനാഗതശ്മശ്രു said...

കാലം തെറ്റാത്ത ഋതുവിലെ കുറിഞിക്കഥ....നന്നായിട്ടുണ്ട്

Haree | ഹരീ said...

അങ്ങിനെയൊന്ന് അവന്‍ ആഗ്രഹിച്ചിരുന്നില്ലേ? വെളിച്ചം കടന്നുവരുവാന്‍ ഇരുട്ട് ആഗ്രഹിക്കാത്തതുപോലെ...

ആഹ, കെട്ടിലും മട്ടിലുമൊക്കെ വമ്പിച്ച അഴിച്ചുപണികളാണല്ലോ നടത്തിയിരിക്കുന്നത്. പക്ഷെ ഫയര്‍ഫോക്സില്‍ ഈ ടെമ്പ്ലേറ്റ് വൃത്തിയായി കാണില്ല, ഐ.ഇ.യിലേ കാണുകയുള്ളൂ!!! :(
--

Sul | സുല്‍ said...

“അകലെ താഴ്‌വരയില്‍ വീണ്ടും നീലക്കുറിഞ്ഞികള്‍ പൂവിടുവാന്‍ തുടങ്ങുകയായിരുന്നു...“

ഇഷ്ടമായി.

ടെമ്പ്ലേറ്റ് കിടിലന്‍. എവിടുന്നൊപ്പിച്ചു :)
-സുല്‍

സു | Su said...

നീലക്കുറിഞ്ഞികള്‍ പൂത്ത് തന്നെ നില്‍ക്കട്ടെ :)

ശ്രീ said...

"കരയാന്‍ മറന്ന അവന്റെ കണ്ണുകളില്‍ അപ്പോള്‍ മാത്രം മിഴി നീര്‍ ‍പൊടിയുകയായിരുന്നു."

നീലക്കുറിഞ്ഞികള്‍‌ വീണ്ടും പൂക്കട്ടെ!
:)

സഹയാത്രികന്‍ said...

"നമുക്കിടയില്‍ തിരയടിക്കുന്നത് സ്‌നേഹത്തിന്റെ സമുദ്രമാണെന്നു നീ പറഞ്ഞപ്പോള്‍ ഞാന്‍ ഭയന്നു, തീരങ്ങള്‍ തമ്മിലുള്ള അകലമോര്‍ത്ത്..."

:)

അപ്പു said...

പെട്ടന്നു നിര്‍ത്തിയതെന്തേ? ബാക്കികൂടെ എഴുതൂ.

മഴത്തുള്ളി said...

മയൂര,

കൊള്ളാം നീലക്കുറിഞ്ഞികള്‍ വീണ്ടും പൂവിടട്ടെ.

വേണു venu said...

മുടിയും മനസും മത്സരിച്ച് നരയ്ക്കുന്നു.
ഘടികാരങ്ങള്‍ നിലയ്‌കുന്ന സമയം,
അറിയാന്‍‍ താല്പര്യവുമില്ല.എനിക്കും ഭയമാണു്. നീലക്കുറിഞ്ഞികള്‍‌ ഇനിയും പൂക്കളമുതിര്‍ക്കും.:)

പ്രദീപ് said...

വായിച്ച് നിര്‍ത്തി പുസ്തകം മേശമേല്‍ വയ്ച്ച് മുഖം ഉയര്‍ത്തി വിദൂരങ്ങളില്‍ കണ്ണും നട്ട് ഇരുന്നപ്പോള്‍ അവളുടെ മുഖമായിരുന്നു അവന്റെയുള്ളില്‍.....
ഞാന്‍ എപ്പൊഴും ചെയ്യാറുള്ളതാ ഇത്....നല്ല കഥ..സസ്നേഹം പ്രദീപ്

Anonymous said...

മയുരാ..

ഇഷ്ടപ്പെട്ടു... പലവരികളും മനസിനെ ശരിക്കും സ്പര്‍ശിച്ചു... ആ വരികളൊക്കെ ഇതിനുമുന്‍പുള്ളവര്‍ ക്വോട്ട് ചെയ്തുകഴിഞ്ഞതിനാല്‍ , ഞാന്‍ വീണ്ടും ആവര്‍ത്തിക്കുന്നില്ലാ‍ാ... വളരെ നല്ല പ്രമേയം!

വീണ്ടും എഴുതുമല്ലോ? :)

- സസ്നേഹം, സന്ധ്യ !

Anonymous said...

അല്ലാ.. ഒരു സംശയം.. വീണ്ടും ഒരു 12 വര്‍ഷം കാത്തിരിക്കേണ്ടി വരുമോ , അവന്റെ മനസില്‍ വീണ്ടും കുറിഞ്ഞികള്‍ പൂക്കാന്‍ ??

ഇതൊക്കെ വായിക്കുന്നവരുടെ മനോധര്‍മ്മം അല്ലേ? :)

- സന്ധ്യ !

ധ്വനി said...

അവന്റെ നിറം മങ്ങിയ ഓര്‍മ്മകളില്‍ നേര്‍ത്ത പ്രകാശം അരിച്ചിറങ്ങാന്‍ തുടങ്ങി....

:) നല്ല കഥ!! ഇഷ്ടമായി

പിന്നെ സുന്ദരി ടെമ്പ്ളേറ്റ്!! :)

എന്റെ കിറുക്കുകള്‍ ..! said...

കഥ ഇഷ്ടായി..:)
പൂക്കട്ടേ ഇനിയും നീലക്കുറിഞ്ഞികള്‍..

മന്‍സുര്‍ said...

മയൂരാ....
കരയാന്‍ മറന്ന എന്‍ കണ്ണുകളില്‍
നിറയുന്നു കണ്ണുനീര്‍ കണങ്ങള്‍


അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

മയൂര said...

നജീം, അള്‍ഷിമേഴ്സ് അല്ല ഇവിടത്തെ വിഷയം :)

അനാഗതശ്മശ്രു,

ഹരി,

സുല്‍,

സൂ,

ശ്രീ‍,

സഹയാത്രികന്‍,

അപ്പൂ,

മഴത്തുള്ളി,

വേണു,

പ്രദീപ്,

സന്ധ്യാ,

ധ്വനി,

കിറുക്കുകള്‍,

മന്‍സുര്‍,

എല്ലാവര്‍ക്കും നന്ദി.....:)

Rineez said...

ആഹാ.. ഈ കഥയില്‍ പറഞ്ഞിരിക്കുന്ന നാട് എനിക്കു നല്ല പരിചയമുണ്ട്

Indian Railway General Compartment എന്നാണോ ആ നാടിന്റെ പേര്? :-):-)

അഭിലാഷങ്ങള്‍ said...

കഥ വായിച്ചു.
അതെന്തേലുമാകട്ടെ. ബട്ട്,

“അകലെ താഴ്‌വരയില്‍ വീണ്ടും നീലക്കുറിഞ്ഞികള്‍ പൂവിടുവാന്‍ തുടങ്ങുകയായിരുന്നു...“

ആണല്ലോ? എങ്കിലൊരു പാട്ട് പാടതെ പോകുന്ന പ്രശ്നമേ ഉദിക്കുന്നില്ല.. എന്റെ ഫേവ്രേറ്റുകളില്‍ ഒന്ന്. ‘നീലക്കുറിഞ്ഞികള്‍’ എന്ന് ടൈറ്റില്‍ കണ്ടപ്പോ തന്നെ ഈ പാട്ട് പാടാന്‍ തുടങ്ങിയതാ....

നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍
നിന്നെ പ്രതീക്ഷിച്ചു നിന്നൂ
ഒരു കൃഷ്ണതുളസിക്കതിരുമായ് നിന്നെ
ഞാനിന്നും പ്രതീക്ഷിച്ചു നിന്നൂ
നീയിതുകാണാതെ പോകയോ?
നീയിതു ചൂടാതെ പോകയോ?
നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍...

ആഷാഢമാസ നിശീഥിനി തന്‍
വനസീമയിലൂടെ നീ..
ആരും കാണാതെ.. ആരും കേള്‍ക്കാതെ..
എന്നിലേക്കെന്നും വരുന്നൂ
എന്‍മണ്‍കുടില്‍ തേടി വരുന്നൂ
നീയിതുകാണാതെ പോകയോ?
നീയിതു ചൂടാതെ പോകയോ?
നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍...

ലാസ്യനിലാവിന്റെ ലാളനമേറ്റു
ഞാന്നൊന്നുമയങ്ങീ...
കാറ്റും കാണാതെ.. കാടും ഉണരാതെ..
എന്റെ ചാരത്തുവന്നൂ എന്‍
പ്രേമനൈവേദ്യമണിഞ്ഞൂ
നീയിതുകാണാതെ പോകയോ?
നീയിതു ചൂടാതെ പോകയോ?

നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍
നിന്നെ പ്രതീക്ഷിച്ചു നിന്നൂ
ഒരു കൃഷ്ണതുളസിക്കതിരുമായ് നിന്നെ
ഞാനിന്നും പ്രതീക്ഷിച്ചു നിന്നൂ
നീയിതുകാണാതെ പോകയോ?
നീയിതു ചൂടാതെ പോകയോ?
നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍...

ഹാവൂ... സമാധാനമായി.

എന്നാപിന്നെ ഞാന്‍ പോട്ടേ? :-)