ശരത്കാലത്തെ കൊഴിഞ്ഞ ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍ മറ്റൊരിലയായ് നീ പെട്ടു പോയിരിക്കാം എന്നോര്‍ത്താണു ഞാന്‍ ഇത്രയും ദിവസം നിന്നെ തിരഞ്ഞു നടന്നത്. തിരച്ചിലിനൊടുവില്‍ കണ്ടെത്തിയ ഉത്തരങ്ങള്‍ എന്തേയിത്ര ക്രൂരമായി?
ഋതുകള്‍ എന്നും മാറി മറയുമ്പൊഴും നിന്റെ മനസില്‍ സൌഹൃദത്തിനു എന്നും വസന്തമായിരുന്നു. ആ വസന്തം നിലനിര്‍ത്തുവാന്‍ നീയെന്തും ചെയ്യാന്‍ മടിച്ചതുമില്ല, അതറിഞ്ഞു നിന്നെ സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക് വേണ്ടി മുതലെടുത്തതും മറ്റാരുമല്ലല്ലൊ.
എപ്പോഴും സ്വന്തം വിശ്വാസത്തെക്കാള്‍ ഏറെ വിലനല്കിയത് സുഹൃത്തുക്കളുടെ വാക്കുകള്‍ക്കായിരുന്നു, അവ ആഴവും പരപ്പുമില്ലാത്തതായിരുന്നു എന്ന് നീ വൈകിയാണ് അറിഞ്ഞത്. അതിനു ശേഷവും നീ നിന്റെ നേര്‍വരയില്‍ നിന്നും ഒരു നെല്ലിട പോലും വ്യതിചലിച്ചില്ല എന്നുള്ള സത്യമാണ് എന്നെ ഏറെ വേദനിപ്പിച്ചത്.
സൌഹൃദത്തിന്റെ വിരലുകള്‍ മുറുകെ കോര്‍ത്ത് പിടിച്ചിട്ടും ആകസ്മികമായുണ്ടായ ചുഴലിക്കാറ്റ് നമ്മെ രണ്ടു ധ്രുവങ്ങളിലാക്കിയതെങ്ങിനെ? നമ്മുടെ സൌഹൃദം പോലും ചോദ്യം ചെയ്യപ്പെട്ട അവസരങ്ങള്‍ എന്നോ ഉത്തരം? തിരിച്ചറിവുകളുടെ വെട്ടത്തില്‍ നിര്‍വികാരത ബോധമനസില്‍ നിന്നുമുപബോധമനസിലേക്ക് ചേക്കേറിയപ്പോള്‍ മടുപ്പ് ആഴ്ന്നിറങ്ങിയ മനസുമായി നീ അകലാന്‍ തുടങ്ങി.
ഇവിടെ ഹേമന്തമാണ്, മരങ്ങള്‍ ഇലകള്‍ പൊഴിച്ച് നഗ്നരായി കണ്ണുനീര് വാര്‍ക്കുന്നു. ശിശിരം കഴിയും വരെ അവയീ നില്‍പ്പ് തുടരും, മഞ്ഞു പൊഴിയുമ്പോഴും നിര്‍വികാരമായി നിലകൊള്ളും, തണുത്ത് മരവിച്ച മനസ്സുപോലെ. അപ്പോഴും ജീവന്റെ നേര്‍ത്ത സ്പന്ദനം ഉള്ളില്‍ ഉറങ്ങുന്നുണ്ടാവും. ഈ അതിശൈത്യം അതിജീവിക്കണം അടുത്ത വസന്തത്തില്‍ തളിരിടാന്‍, അങ്ങിനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം.
ഒരു പക്ഷേ ഇത് മനസില്‍ കനലുകോരിയിടുന്ന ചോദ്യങ്ങള്‍ കൊണ്ടു നിറയ്ക്കുന്ന അനര്‍ത്ഥമായ കാത്തിരിപ്പാവാം. അങ്ങിനെയെങ്കില്‍ ഇനി ഇവിടെ ഋതുക്കളില്ല ഋതുമാത്രം, നീ വരും വരെ.
22 comments:
"ഒരു പക്ഷേ ഇത് മനസില്‍ കനലുകോരിയിടുന്ന ചോദ്യങ്ങള്‍ കൊണ്ടു നിറയ്ക്കുന്ന അനര്‍ത്ഥമായ കാത്തിരിപ്പാവാം. അങ്ങിനെയെങ്കില്‍ ഇനി ഇവിടെ ഋതുക്കളില്ല ഋതുമാത്രം, നീ വരും വരെ."
എല്ലാവരും കാത്തിരിക്കുകയാണു.
കണ്ടെത്തിയാലും തീരാത്ത കാത്തിരിപ്പ്.
കാത്തിരിപ്പിന്റെ ഇടവേളകളില്‍ സ്നേഹവും ഇഷ്ടവും കൂട്ടും പിരിയലും വേദനയും ഒക്കെ ഋതുക്കളായി കടന്നു വരുന്നു...
ഒരോ ഋതുചക്രങ്ങളുടെ ആദ്യവും അവസാനവും ഒരേബിന്ദുവും
അതു കാത്തിരിപ്പും തന്നെ...
മയൂരാ...
എവിടെയോ.. .എന്നോ നഷ്ടപ്പെട്ട സൗഹൃദങ്ങളിലൂടെയും ചില ബന്ധങ്ങളിലൂടേയും മനസ്സ് സഞ്ചരിച്ചു....
"ഇവിടെ ഹേമന്തമാണ്, മരങ്ങള്‍ ഇലകള്‍ പൊഴിച്ച് നഗ്നരായി കണ്ണുനീര് വാര്‍ക്കുന്നു. ശിശിരം കഴിയും വരെ അവയീ നില്‍പ്പ് തുടരും, മഞ്ഞു പൊഴിയുമ്പോഴും നിര്‍വികാരമായി നിലകൊള്ളും, തണുത്ത് മരവിച്ച മനസ്സുപോലെ. അപ്പോഴും ജീവന്റെ നേര്‍ത്ത സ്പന്ദനം ഉള്ളില്‍ ഉറങ്ങുന്നുണ്ടാവും."
ഈ വരികള്‍ ഒരു പാടിഷ്ടായി....
:)
അനുഭവത്തിന്റെ
ആര്ദ്രതയുണ്ടില്...
കാത്തിരിപ്പിന്റെ
ശോണിമയുണ്ട്...
ഒരുപാട് അടുത്ത്നില്‍ക്കുമ്പോള്‍ തിരിച്ചറിയാന്‍ കഴിയാത്ത സൗഹൃദത്തിന്റെ സുഗന്ധം അത് നഷ്ടപ്പെടുമ്പോള്‍ തിരിച്ചറിയാന്‍ കഴിയുന്നത് തന്നെയാണ് സ്നേഹത്തിന്റെ വ്യാപ്തി...
അന്വേഷണം
അനര്‍ത്ഥങ്ങളുടെ ചുറ്റുമതില്‍ തീര്‍ത്ത് യാഥാര്‍ത്ഥ്യങ്ങളിലേക്ക് ഊളിയിടുന്നു...
അഭിനന്ദനങ്ങള്‍
എപ്പോഴും സ്വന്തം വിശ്വാസത്തെക്കാള്‍ ഏറെ വിലനല്കിയത് സുഹൃത്തുക്കളുടെ വാക്കുകള്‍ക്കായിരുന്നു, അവ ആഴവും പരപ്പുമില്ലാത്തതായിരുന്നു എന്ന് നീ വൈകിയാണ് അറിഞ്ഞത്. അതിനു ശേഷവും നീ നിന്റെ നേര്‍വരയില്‍ നിന്നും ഒരു നെല്ലിട പോലും വ്യതിചലിച്ചില്ല എന്നുള്ള സത്യമാണ് എന്നെ ഏറെ വേദനിപ്പിച്ചത്.
മയൂരാ ഈ വരികള്‍ പലതും ഓര്‍മ്മിപ്പിച്ചു ,വേദനിപ്പിച്ചു!
ഇവിടെയാണു എഴുത്തുകാരി വിജയിക്കുന്നത്!
നല്ലൊരു പോസ്റ്റു, അഭിനന്ദനങ്ങള്‍...
മയൂരാ, ഒരുപാടിഷ്ടായി....
നല്ല ഗദ്യ കവിത.
:)
“ഋതുകള്‍ എന്നും മാറി മറയുമ്പൊഴും നിന്റെ മനസില്‍ സൌഹൃദത്തിനു എന്നും വസന്തമായിരുന്നു.”
ചേച്ചീ...
സൌഹൃദത്തിനായുള്ള അന്വേഷണം നന്നായി.
:)
“ഇനി ഇവിടെ ഋതുക്കളില്ല ഋതുമാത്രം, നീ വരും വരെ.“
സൂപ്പര്‍ എഴുത്ത് മയൂരാ.
-സുല്‍
അടുത്ത വസന്തത്തില്‍ തളിരിടാന്‍ അതിശൈത്യം അതിജീവിച്ചേ മതിയാകൂ. ജീവന്റെ നേര്‍ത്ത സ്പന്ദനം ഉള്ളില്‍ ഉറങ്ങുന്നതു് ജീവ ചൈതന്യമാണു്.
ഇഷ്ടപ്പെട്ടു..:)
മയൂരാ....
മറ്റൊരു വേറിട്ട ഭാവനയും....ഒഴുക്കൂം
ഈ വരികളെ മനോഹരമാക്കിയിരിക്കുന്നു
അഭിനന്ദനങ്ങള്‍
നന്മകള് നേരുന്നു
സൌഹൃദത്തിന്റെ ഋതുഭേദങ്ങളിലൂടെവളര്ന്ന്...
വരണ്ടും..നനഞ്ഞും..കുളിര്‍ത്തും..ഇലപൊഴിച്ചും..പൂവിട്ടും..കായ്ച്ചും...തളിര്‍ത്തുകൊണ്ടേയിരിക്കുന്ന സൌഹൃദത്തിന്റെ തനിമയാര്‍ന്ന വര്ച്ചുകാട്ടല്..!!
കാലംതെറ്റിക്കൊഴിഞ്ഞുപോകുന്ന ചില സൌഹൃദങ്ങളേയും...!!
നന്നായി...
മയൂരാ..... ദ് നിക്കൊരുപാടിഷ്ടായി... ട്ടോ.... കാലപനികത എന്റെ ഒരു വീക്നെസ് ആണേ...
പക്ഷേ ഈ ഫോര്‍മാറ്റിംഗ് ഒരു സുഗം ഇല്ല... വാക്കുകള്‍ക്കിടയില്‍ ഗ്യാപ് , വായിക്കുമ്പോ ഒരു സുഖല്ലായ്മ....
അടുത്ത പോസ്റ്റിലും ഇങ്ങനെ സ്പേസ് ഇട്ടാല്‍ ഒരു കാട്ടാനമറുതാ മുട്ട ഞാനിവിടെ നിക്ഷേപിക്കും .. ജാഗ്രതൈ
കഥാപാത്രങ്ങളില്ലാതെ ഒരു പോസ്റ്റ്.
നിറയെ ആശയങ്ങള്ള ഒരു പോസ്റ്റ്.
ഉപാസനയുടെ അഭിനന്ദനങ്ങള്‍
:)
ഉപാസന
മയൂരാ -
ഒരു ചെറുകഥ എന്നതിലുപരി, ഒരോര്‍മ്മക്കുറിപ്പുപോലെ ആര്‍ദ്രമാണ് വരികള്‍... അങ്ങനെ വായിക്കാനാണ് എന്റെ മനസിഷ്ടപ്പെടുന്നതും :)
“ ഒരു പക്ഷേ ഇത് മനസില്‍ കനലുകോരിയിടുന്ന ചോദ്യങ്ങള്‍ കൊണ്ടു നിറയ്ക്കുന്ന അനര്‍ത്ഥമായ കാത്തിരിപ്പാവാം. അങ്ങിനെയെങ്കില്‍ ഇനി ഇവിടെ ഋതുക്കളില്ല ഋതുമാത്രം, നീ വരും വരെ...”
കാത്തിരിപ്പ് ഒരിക്കലും വ്യര്ത്ഥമാവില്ല...
വ്യത്യസ്തമായി ഒരെഴുത്ത്... ഇഷ്ടമായെന്ന് പ്രത്യേകം പറയണോ?
- സസ്നേഹം, സന്ധ്യ :)
എഴുത്ത് ഇഷ്ട്ടപ്പെട്ടു. നന്നായിട്ടുണ്ട്..
"ഇവിടെ ഹേമന്തമാണ്, മരങ്ങള്‍ ഇലകള്‍ പൊഴിച്ച് നഗ്നരായി കണ്ണുനീര് വാര്‍ക്കുന്നു. ശിശിരം കഴിയും വരെ അവയീ നില്‍പ്പ് തുടരും, മഞ്ഞു പൊഴിയുമ്പോഴും നിര്‍വികാരമായി നിലകൊള്ളും, തണുത്ത് മരവിച്ച മനസ്സുപോലെ. അപ്പോഴും ജീവന്റെ നേര്‍ത്ത സ്പന്ദനം ഉള്ളില്‍ ഉറങ്ങുന്നുണ്ടാവും".
ആ പ്രതീക്ഷയാണ് കാത്തിരുപ്പിന് ഒരു നനുത്ത സുഖം തരുന്നത്..
ആവര്‍ത്തന വിരസതയാകുമോ എന്നറിയില്ല എന്നാലും പറയാതെ വയ്യ, "നല്ല വരികള്‍.."
ഈ അതിശൈത്യം അതിജീവിക്കണം അടുത്ത വസന്തത്തില്‍ തളിരിടാന്‍ ...
:)
രാമനുണ്ണി മാഷേ,
സഹയാത്രികന്,
ദ്രൗപതി,
പ്രയാസി,
ഏറനാടന്‍,
നിഷ്ക്കളങ്കന്‍,
കിറുക്കുകള്‍,
ശ്രീ,
സുല്‍,
വേണു മാഷേ,
മന്‍സുര്‍,
ഹരിയണ്ണന്‍,
ശ്രീഹരി, കാട്ടാനമറുതാ മുട്ട വേണ്ടാ..ഞാന്‍ ശരിയാക്കി;)
ഉപാസന,
സന്ധ്യാ,
മെലോഡിയസ്,
നജീം,
ധ്വനി,
അഭിപ്രായം അറിയിച്ച എല്ലാവര്ക്കും നന്ദി/\ :)
നല്ല കവിത....
ബിനീഷിനു ഗദ്യവും പദ്യവും തിരിച്ചറിയാന്‍ വയ്യാതെ ആയോ;)
Post a Comment