മരുന്നേറ്റു!
പാര്‍ശ്വഫലങ്ങള്‍
ഒന്നുമേയുണ്ടായില്ല!
അവിശ്വസനീയം,
രോഗലക്ഷണവും
രോഗവും
രോഗനിര്‍ണ്ണയത്തിനു
മുന്നേയുണ്ടായിരുന്ന
ലക്ഷണവുമൊക്കെ
പമ്പ കടന്നു!
ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്
'പ്ലസീബോ*'യായാലെന്ത്?
ഇനിയിതു കണ്ണുകടി-
യസൂയയഹങ്കാരം
പിന്നെയിനിയും
കണ്ടുപിടിയ്ക്കാത്ത
മറ്റു ചിലയസുഖ-
മിത്യാദികള്‍ക്ക്
നിന്നിലുമെന്നിലു-
മൊക്കെയൊന്നു പരീക്ഷിച്ചു
നോക്കിയാലെന്ത്?
പ്ലസീബോ* :- മരുന്നെന്ന പേരില്‍ നല്‍കുന്ന മരുന്നല്ലാത്ത വസ്‌തു.
പ്ലേസീബോയെപ്പറ്റി കൂടുതല്‍ അറിയാന്‍ ഇവിടെ നോക്കുക.
Thursday, November 29, 2007
പ്ലസീബോ
Sunday, November 25, 2007
അസ്തമയം
കടല്‍തീരത്ത് തിരകളുമെണ്ണിയിരിക്കുമ്പോള്‍, അസ്തമയമെന്നാല്‍ ഫ്ലാറ്റിലെ കാറ്റു പോലും കടക്കാതെയടച്ചിട്ടിരുന്ന ജനാലയുടെ ഗ്ലാസില്‍വൈകുന്നേരങ്ങളില്‍ പടരുന്ന ഓറഞ്ച് നിറമാണെന്നു ധരിച്ചിരുന്ന ബാല്യമായിരുന്നു ഓര്‍മ്മകളില്‍.
കലപില ശബ്ദത്താല്‍ മുഖരിതമായ കടല്‍പ്പുറം. ഒറ്റയായും കൂട്ടമായുമെല്ലാം നടന്നു നീങ്ങുന്നവര്‍. ബലൂണും, ഐസ്ക്രീമും, കടലയും വില്‍ക്കുന്നവര്‍ക്ക് ചുറ്റിലും വട്ടമിട്ടു നില്‍ക്കുന്നയാളുകള്‍. കനകാംബരപ്പൂക്കള്‍ വില്‍ക്കാന്‍ നടക്കുന്ന തമിഴ് പെണ്‍കുട്ടി അടുത്തു വന്നൊന്നറച്ചുനിന്നു. കാലം കുറെയായി കനകാംബരപ്പൂക്കള്‍ കണ്ടിട്ട്, നല്ല ഭംഗിയായി അടുക്കി കെട്ടിരിക്കുന്ന പൂക്കള്‍, എന്നിട്ടും വേണ്ടെന്നു മെല്ലെ തലയാട്ടി. ഒരിക്കല്‍ക്കൂടി പ്രതീക്ഷയോടെ നോക്കിയിട്ടവള്‍ നടന്നകന്നു.
അസ്തമയം തുടങ്ങാറായി, സുഖപ്രദമായൊരിളം ചൂടുള്ള കാറ്റ് കടലിന്റെ ഗന്ധവും പേറി വന്ന് ആശ്ലേഷിച്ച് കടന്നു പോയി. മനസില്‍ നേര്‍ത്ത സംഭ്രമം...ഹൃദയമിടിപ്പ് ക്ഷണനേരത്തേക്ക് നിലച്ച് പുന:സ്ഥാപിച്ചതു പോലെ. ആകാശത്ത് നിറപ്പകര്‍ച്ചയുടെ കാഠിന്യമേറിവരുന്നു. കോപാഗ്നിയായി ജ്വലിക്കുന്ന സൂര്യന്‍, വെണ്മേഘങ്ങളുടെ ചിറകുകളില്‍ സ്വരലയം പോലെ പടര്‍ത്തുന്ന ജ്വാലകള്‍. പിന്നെ ഭാവമയമായി മെല്ലെയെരിഞ്ഞടങ്ങി കടലിന്റെ മടിത്തട്ടിലേക്ക്.
അസ്തമയവും കണ്ട് ആളുകള്‍ മടങ്ങാന്‍ തുടങ്ങുന്ന മാത്രയില്‍ എവിടെനിന്നെന്നറിയാത്തെ ഒരശരീരി മുഴങ്ങി. "വിടരുതവനെ, പകലിനെ കൊന്നിട്ടവന്‍ കടലിലൊളിയ്ക്കുന്നു, ആകാശത്ത് ചോരചീന്തിച്ചിട്ട് എല്ലവരും നോക്കിനില്‍ക്കേയവന്‍ ചോരക്കറ കടലില്‍ കഴുകി ഒളിവില്‍ പോയതു കണ്ടില്ലേ...?"
സാമാന്യബോധം പോലുമില്ലാത്ത മനുഷ്യരെന്നു മനസിലോര്‍ക്കുമ്പോള്‍, ചിലര്‍ പരസ്പരം തുറിച്ച് നോക്കിയെന്തൊക്കെയോ പിറുപിറുക്കുന്നു, മറ്റുചിലര്‍ കേട്ടപാതി കേള്‍ക്കാത്ത പാതി കടലിലേക്കെടുത്തു ചാടുന്നു, ആര്‍ത്തലയ്ക്കുന്ന തിരയിലേക്ക്. "എനിയ്ക്ക് നീന്തലറിയില്ല നിന്റെ കൈപിടിച്ച് ഞാനും ഇറങ്ങട്ടെ തിരയിലേക്ക്?", ആരുടെയോ ഒച്ച. നീന്തലറിയാവുന്നവന്റെ കൈപിടിച്ചാല്‍ മതിയെന്ന വ്യര്‍ത്ഥമായ ചിന്തയാവും.
സൈറനിട്ടു വരുന്ന പോലീസും രക്ഷാസന്നാഹങ്ങളും. ഇരുട്ട് പടര്‍ന്നതിനാല്‍ പുലരും വരെ ഒന്നും ചെയ്യുവാനില്ലെന്നു പറഞ്ഞു സുര്യനുദിക്കുന്നതും കാത്തവരിരുന്നു. കടലിലിറങ്ങിയ നിഴലുകളെയാദ്യം ഇരുള്‍ വിഴുങ്ങി, പിന്നെ തിര വിഴുങ്ങി...ശേഷം ഓരോരുത്തരായി കടലമ്മയുടെ ഗര്‍ഭപാത്രത്തില്‍ അഭയംപ്രാപിച്ചു. ഇനി മൂന്നാം പക്കം കടലമ്മയ്ക്ക് പേറ്റുനോവു തുടങ്ങും. എത്രയാറ്റുനോറ്റിരുന്നാലും പിറക്കുന്നതെല്ലാം ഒരു പക്ഷേ ചാപിള്ളയായിരിക്കും.
Tuesday, November 20, 2007
എന്തിനാണ്.
എന്തിനാണ് ചില കൊന്നമരങ്ങള്‍
ഋതു തെറ്റി പൂക്കുന്നത്?
നിറയെപ്പൂവിട്ടിട്ടും കായ്ക്കാതെ
മാമ്പൂക്കള്‍ കൊഴിയുന്നത്?
ദേശാടനപക്ഷികള്‍
ദിശമാറിപ്പറക്കുന്നത്?
കാര്‍മേഘങ്ങള്‍
പെയ്യാതെയൊഴിയുന്നത്?
മേഘാവൃതമല്ലാത്തയാകാശം
പേമാരി ചൊരിയുന്നത്?
എന്തിനാണിതെല്ലാം കണ്ടിട്ടേതോ
മിഴികള്‍ നിറഞ്ഞൊഴുകുന്നത്?
Friday, November 16, 2007
ദിവസം
ജനാലയിലൂടെ
അരിച്ചിറങ്ങുന്ന
നേര്‍ത്ത രശ്മികള്‍,
ഒരു കപ്പു ചായ,
ഒന്നു രണ്ടുമണിക്കൂറ-
ടുക്കളയിലെ
ഓട്ടപ്രദക്ഷിണം.
അമ്മേയെന്നുച്ചത്തില്‍
കേള്‍ക്കുന്ന വിളികള്‍,
പരിഭവം പറച്ചിലുകള്‍,
കരച്ചിലുകള്‍,
വിരല്‍ തുമ്പിനാ-
യുള്ളയടികള്‍,
ആഹാരം കഴിപ്പിക്കാ-
നായിട്ടോടിച്ചിട്ടു പിടിത്തം.
ഇടയ്ക്കെപ്പൊഴൊ
ഇ-പത്രം
നോക്കിയറിയുന്ന
വാര്‍ത്തകള്‍,
ഇ-മെയിലിലും
ചാറ്റിലുമെത്തി
പുതുക്കുന്ന
ദീര്‍ഘകാലത്തെ
സൌഹൃദങ്ങള്‍.
ജാലകത്തിനപ്പുറം
ഇലകൊഴിഞ്ഞ-
സ്ഥിപഞ്ചരമായി
നില്‍ക്കുന്ന മരങ്ങള്‍.
കരള്‍ ഉറയ്ക്കുന്ന
തണുപ്പും പേറി-
യെത്തുന്ന കാറ്റ്,
പിന്നെ ഹിമ വര്‍ഷം.
വീണ്ടും പരക്കുന്ന വെയില്‍.
സൈറനിട്ടു പായുന്ന-
യാമ്പുലന്‍സിന്റെയൊച്ച.
ഉച്ചയ്ക്ക് അയല്‍ക്കാരി-
യവരുടെ നിഗൂഢമൌനം
മുറിച്ചനേകായിരം
ചോദ്യങ്ങളെയ്തവയ്ക്ക്
തൊണ്ടയില്‍ കുടുങ്ങി
പോയ ഉത്തരങ്ങള്‍.
അവരുമായടിയന്തിരാവസ്ഥ
പ്രഖ്യാപിക്കണമെന്നു
മനസിലോര്‍ത്തു
വീണ്ടും കാണാമെന്നു
പറഞ്ഞു പിരിഞ്ഞത്.
സായാഹ്ന
സവാരിയ്ക്കിടയില്‍
കണ്ടുമുട്ടിയ
ഭാവപ്പകര്‍ച്ചയില്ലാത്ത
മുഖങ്ങള്‍ക്കിടയില്‍
മറ്റൊരു മുഖമാ-
യലിഞ്ഞു ചേരല്‍.
തിരിച്ചു വരുംവഴി-
അര നിലാവിനുവേണ്ടി
വഴിയോരങ്ങളില്‍
തിരയുന്ന കണ്ണുകള്‍.
മഞ്ഞു പൊഴിയുന്ന
രാത്രിയില്‍
ഒട്ടുമലസമല്ലാതെ
പോയൊരു ദിനവു-
മോര്‍ത്തലസമായ്
മയക്കത്തിലേയ്ക്ക്
വഴുതി വീഴുന്നത്.
Wednesday, November 14, 2007
അസ്ഥികൂടങ്ങള്‍
മസ്തിഷ്കത്തില്‍
വിഷം കുത്തിവയ്ച്ച്,
ഞരമ്പുകള്‍ മുറിച്ച്
രക്തമൂറ്റിയളന്നു മാറ്റി,
തൊലിയുരിഞ്ഞു
മാംസമടര്‍ത്തി
തൂക്കി മാറ്റി,
നഗ്നരാക്കപ്പെട്ട
അസ്ഥികൂടങ്ങള്‍,
ഇരു കൈയാല്‍ മുഖം
മറച്ച് കൂനിപ്പിടിച്ചിരിക്കുന്നു.
Thursday, November 08, 2007
യാത്ര
യാത്ര തുടങ്ങുമ്പോള്‍ മുന്നില്‍ നീണ്ടു കിടക്കുന്ന റോഡ് മനസ്സിലൊരു ചോദ്യചിഹ്നം സൃഷ്ടിച്ചു. മനസ്സു തന്നെയതിനൊരു ഉത്തരവും കണ്ടെത്തി. ഭൂമിയുരുണ്ടതു കൊണ്ടാവാം ഓരോ യാത്രയും തുടങ്ങിയിടത്തു തന്നെ എപ്പോഴും ചെന്ന് അവസാനിക്കുന്നത്. പരന്നതായിരുന്നെങ്കില്‍ ഇതുവരെ പിന്നിട്ട ദൂരമെങ്കിലും മനസ്സില്‍ അളന്നു കുറിയ്ക്കാമായിരുന്നു, വെറുതെ ഒരു കണക്കെടുപ്പ്.
ഹൈവേയുടെ സൈഡില്‍ 75 m/hr എന്നു എഴുതിയിരിക്കുന്നത് കണ്ടപ്പോഴാണു സ്പീഡോമീറ്റര്‍ 80 കഴിഞ്ഞു എന്നു ബോധ്യം വന്നത്, ഉടനെ കാര്‍ ക്രൂസിലിട്ട് കാലുരണ്ടും മടക്കി സീറ്റില്‍ കയറ്റി വയ്ച്ചു. എം.പി.ത്രീ പ്ല്യയറില്‍ നിന്നും ഒഴുകി വരുന്ന സംഗീതം മുഷിച്ചില്‍ മാത്രമാണു സമ്മാനിച്ചത്. ഒരു പക്ഷേ ഇത് നേതന്‍ സമ്മാനിച്ച സി.ഡിയായതു കൊണ്ടാവാം, ഇന്നലെ വരെ എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങളായിരുന്നിവ. ഇനി ഇതൊന്നും കേള്‍ക്കണ്ട, അയാളുടെ മുഖമോ പേരോ ഓര്‍ക്കണ്ട. ഓര്‍മ്മകള്‍ക്ക് അള്‍സൈമെഴ്സ് പിടിപ്പെട്ടിരുന്നെങ്കില്‍ എന്ന് വല്ലാതെ ആഗ്രഹിച്ചു പോയി.
എപ്പോഴാണ് വലത്തെ കാല്‍ ആക്സിലറേറ്ററിലേക്ക് നീണ്ടതെന്ന് ഓര്‍ക്കുന്നില്ല, ഹൈവേയിലേ 75 m/hr എന്ന ബോര്‍ഡുകള്‍ പലവട്ടം കടന്നു പോയിട്ടും ആക്സിലറേറ്ററില്‍ നിന്നും കാലെടുത്തിരുന്നില്ല, ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ പല വാഹനങ്ങളും ഹോണ്‍ അടിച്ചത് ശ്രദ്ധിച്ചതേയില്ല. എവിടെയാണെന്നോ, എന്താണെന്നോ ഒരു ബോധവും ഇല്ലാത്ത മനസില്‍ നുരഞ്ഞു പൊന്തുന്ന ഓര്‍മ്മകളെ കൊല്ലാനുള്ള പാഴ്ശ്രമമായിരുന്നിരിക്കാം...സ്പീഡോമീറ്ററിലെ സൂചിയിനിയെങ്ങോട്ടു പോകണമെന്നറിയാതെ വിറച്ചിരിക്കാം....
അപ്പോഴും മനസില്‍ നേതന്റെ ചിത്രം തികട്ടിവന്നു. ചോദ്യങ്ങള്‍ക്ക് മറുപടിയായി മുഖത്ത് കണ്ണുകളുറയ്പ്പിക്കാതെ, തെളിവുകള്‍ നിരത്തിയിട്ടും സത്യം നിഷേധിക്കുന്ന നേതന്റെ മുഖമായിരുന്നു വീണ്ടും തെളിയുന്നത്. തിരിച്ച് അര്‍ത്ഥമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിച്ചുകൊണ്ട് അവന്‍ പുലമ്പുന്ന സ്വരം, ഒടുവില്‍ എപ്പോഴൊ "നീയൊരിക്കലും ഗുണം പിടിയ്ക്കില്ല" എന്ന അലര്‍ച്ചയും. അതെ, ആ അലര്‍ച്ച മുന്‍പും കേട്ടിട്ടുണ്ട്, എട്ട് വയസുള്ളപ്പോള്‍ ബോര്‍ഡില്‍ എഴുതിയിട്ട കണക്കിലെ തെറ്റു ചൂണ്ടി കാണിച്ചതിനു രാജലക്ഷ്മി ടീച്ചര്‍ "നീയൊരിക്കലും ഗുണം പിടിയ്ക്കില്ല" എന്നു ശപിച്ച നിമിഷം. അന്നു മുതല്‍ ഓര്‍ത്തതാണ്, ഇനി എനിയ്ക്ക് ഗുണം പിടിയ്ക്കണ്ടാ എന്ന്.
പെട്ടെന്ന് കാതടയ്പ്പിക്കുന്ന ഒരു ശബ്ദം, ബലൂണ്‍ പോലെ വീര്‍ത്തു വരുന്ന എയര്‍ബാഗുകള്‍, ശരീരഭാഗങ്ങള്‍ ചതഞ്ഞൊടിഞ്ഞു നുറുങ്ങുന്ന വേദന, ഒന്നും കാണാന്‍ ആകുന്നില്ല, ശരീരത്തില്‍ വേദനയേക്കള്‍ എന്തോ ഭാരം അടിയ്ക്കടി കൂട്ടിവയ്ക്കും പോലെ, കൈകാലുകള്‍ കുടഞ്ഞ് എറിയാന്‍ തോന്നുന്നു...പക്ഷേ അനക്കാന്‍ പറ്റുന്നില്ല...കഴുത്തിനു മുകളില്‍ ഒന്നും ഇല്ലാത്തത് പോലെ...ഒടുവില്‍ എല്ലാം ഒരു പഞ്ഞിക്കെട്ടുപോലെ അകലേയ്ക്ക് പറന്ന് പറന്ന്...
Wednesday, November 07, 2007
വിശ്വാസം
കറുപ്പും വെളുപ്പുമെന്റെ കണ്ണുകളുടെ നിറം മാത്രമാണ്, ജനനം മുതല്‍ ഇന്നു വരെ, ഒരു പക്ഷേ മരണം വരെയും. ഈ കണ്ണുകള്‍ കൊണ്ട് ഞാന്‍ കാണുന്നത് മാത്രമാണ് മഞ്ഞ. ഇപ്പോള്‍ നിങ്ങള്‍ പച്ച വെള്ളം കാണിച്ചാല്‍ ഞാന്‍ അതില്‍ പച്ചയെവിടെയെന്നു ചോദിക്കും. എന്നാല്‍ ചെമ്പകം കാണിച്ചിട്ട് എന്നോടു ചെമ്പരത്തി എന്നു പറയൂ, ഞാന്‍ വിശ്വസിക്കും, കാരണം ഞാന്‍ "ചെമ്പ" എന്നു മാത്രമായിരിക്കും കേള്‍ക്കുന്നത്.
അപ്പോള്‍ കാണുന്നതാണോ, കേള്‍ക്കുന്നതാണോ വിശ്വസിക്കുന്നത് എന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ രണ്ടും അല്ലെന്നാവും, അല്ലെങ്കില്‍ രണ്ടും എന്നാവുമെന്റെ ഉത്തരം. കാരണം എനിക്ക് എന്തും വിശ്വസിക്കാലോ.
Sunday, November 04, 2007
ചൂണ്ടയിടല്‍
വേനലിലും ശൈത്യത്തിലും
മീന്‍ പിടിയ്ക്കുന്നതിനു
അനന്തമായ വ്യത്യാസമുണ്ട്.
വെയിലേറ്റ് കുളക്കരയില്‍,
തോടിന്റെ വക്കില്‍,
നദി കരയില്‍,
മണ്ണുകുത്തി വിരപിടിച്ച്
ചൂണ്ടയുമിട്ടിരുന്നാല്‍
ഒരു പരല്‍മീനു പോലും
ചിലപ്പോള്‍ കൊത്തുകയില്ല.
വല്ലതും കൊത്തിയാല്‍
തന്നെ അതുവരെ
പരിശ്രമിച്ചതിന്റെ ക്ഷീണം
ഇരപിടുത്തത്തെ ബാധിച്ചിരിക്കും.
ശൈത്യത്തില്‍ നദിയിലെ-
യുറഞ്ഞ മഞ്ഞു തുരന്നു
അതിലേക്ക് ചൂണ്ടയുമിട്ട്,
കൈയുറയും കാലുറയും
ജാക്കറ്റും, കണ്ണും മൂക്കും
മാത്രം പുറത്തുകാണിക്കുന്ന
തൊപ്പിയുമണിഞ്ഞ്,
എല്ലാവിധ
സുഖസാമഗ്രികളും ഉള്ള,
നാലുചുറ്റും മറച്ചിരിക്കുന്ന
ക്യാബിനില്‍
ബിയറും മോന്തിയിരുന്നു
ചൂണ്ടയിടുന്നതിന്റെ രസം,
അത് ഇര തടയുന്നതിലുമേറെയാണ്,
ഇര തടഞ്ഞാലോ,
പിന്നെയോരു മേളമാണ്.