Friday, November 16, 2007

ദിവസം

ജനാലയിലൂടെ
അരിച്ചിറങ്ങുന്ന
നേര്‍ത്ത രശ്മികള്‍,
ഒരു കപ്പു ചായ,
ഒന്നു രണ്ടുമണിക്കൂറ-
ടുക്കളയിലെ
ഓട്ടപ്രദക്ഷിണം.

അമ്മേയെന്നുച്ചത്തില്‍
കേള്‍ക്കുന്ന വിളികള്‍,
പരിഭവം പറച്ചിലുകള്‍,
കരച്ചിലുകള്‍,
വിരല്‍ തുമ്പിനാ-
യുള്ളയടികള്‍,
ആഹാരം കഴിപ്പിക്കാ-
നായിട്ടോടിച്ചിട്ടു പിടിത്തം.

ഇടയ്ക്കെപ്പൊഴൊ
ഇ-പത്രം
നോക്കിയറിയുന്ന
വാര്‍ത്തകള്‍,
ഇ-മെയിലിലും
ചാറ്റിലുമെത്തി
പുതുക്കുന്ന
ദീര്‍ഘകാലത്തെ
സൌഹൃദങ്ങള്‍.

ജാലകത്തിനപ്പുറം
ഇലകൊഴിഞ്ഞ-
സ്ഥിപഞ്ചരമായി
നില്‍ക്കുന്ന മരങ്ങള്‍.
കരള്‍ ഉറയ്ക്കുന്ന
തണുപ്പും പേറി-
യെത്തുന്ന കാറ്റ്,
പിന്നെ ഹിമ വര്‍ഷം.
വീണ്ടും പരക്കുന്ന വെയില്‍.
സൈറനിട്ടു പായുന്ന-
യാമ്പുലന്‍സിന്റെയൊച്ച.

ഉച്ചയ്ക്ക് അയല്‍ക്കാരി-
യവരുടെ നിഗൂഢമൌനം
മുറിച്ചനേകായിരം
ചോദ്യങ്ങളെയ്തവയ്ക്ക്
തൊണ്ടയില്‍ കുടുങ്ങി
പോയ ഉത്തരങ്ങള്‍.
അവരുമായടിയന്തിരാവസ്ഥ
പ്രഖ്യാപിക്കണമെന്നു
മനസിലോര്‍ത്തു
വീണ്ടും കാണാമെന്നു
പറഞ്ഞു പിരിഞ്ഞത്.

സായാഹ്ന
സവാരിയ്ക്കിടയില്‍
കണ്ടുമുട്ടിയ
ഭാവപ്പകര്‍ച്ചയില്ലാത്ത
മുഖങ്ങള്‍ക്കിടയില്‍
മറ്റൊരു മുഖമാ-
യലിഞ്ഞു ചേരല്‍.
തിരിച്ചു വരുംവഴി-
അര നിലാവിനുവേണ്ടി
വഴിയോരങ്ങളില്‍
തിരയുന്ന കണ്ണുകള്‍.

മഞ്ഞു പൊഴിയുന്ന
രാത്രിയില്‍
ഒട്ടുമലസമല്ലാതെ
പോയൊരു ദിനവു-
മോര്‍ത്തലസമായ്
മയക്കത്തിലേയ്ക്ക്
വഴുതി വീഴുന്നത്.

36 comments:

മയൂര said...

"മഞ്ഞു പൊഴിയുന്ന
രാത്രിയില്‍
ഒട്ടുമലസമല്ലാതെ
പോയൊരു ദിനവു-
മോര്‍ത്തലസമായ്
മയക്കത്തിലേയ്ക്ക്
വഴുതി വീഴുന്നത്."

Anonymous said...

മയൂരാ‍ാ -

വായിച്ചപ്പോള്‍ എന്റെ ഒരു ദിവസം , മയൂര അറിഞ്ഞെഴുതിയതുപോലൊരു തോന്നല്‍ .. ഈ “ഗദ്യപദ്യം “ത്തിന്റെ വിഷയം കൊള്ളാം , ലളിതം .. :)

- സ്നേഹാശംസകളോടെ, സന്ധ്യ !

വാല്‍മീകി said...

"മഞ്ഞു പൊഴിയുന്ന
രാത്രിയില്‍
ഒട്ടുമലസമല്ലാതെ
പോയൊരു ദിനവു-
മോര്‍ത്തലസമായ്
മയക്കത്തിലേയ്ക്ക്
വഴുതി വീഴുന്നത്."


നല്ല വരികള്‍.

തുഷാരം said...

വായിച്ചു.വിശദമായ കമന്‍റ് പിന്നീട്...ചിന്തകള്‍ നന്ന്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഒരു ദിവസം ലളിതമായി വിവരിച്ചിരിക്കുന്നു

നല്ല കവിത

ഏ.ആര്‍. നജീം said...

അമേരിക്കയിലായാലും വഴുതക്കാടായാലും ഒരു സാധാരണ വീട്ടമ്മയുടെ ( ജോലിയുള്ളവരായാലും ) ഒരു ദിനം ഇതു തന്നെ.

ഡെന്നീസ് കാര്‍ട്ടൂണിലെ ഒരു കമന്റ് ഓര്‍മ്മ വന്നു. ഡെന്നീസ് അച്ഛനോട് ചോദിക്കുന്നത് . "ഡാഡ് ,സണ്‍‌ഡേ എനിക്കും ഡാഡിയ്ക്കും ഒക്കെ അവധിയല്ലേ മമ്മിയുടെ വീക്കെന്റ് അവധിയെന്നാ..? "

ബിന്ദു said...

എന്നും ഒരേപോലെ ആയിരുന്നെങ്കില്‍ എന്തു ബോറായേനെ ആയിരുന്നു. അല്ലേ?

നന്ദന്‍ said...

ഒരു അമേരിക്കന്‍ ദിവസം! എല്ലാ വീട്ടമ്മമാരും ഇതു പോലെ തന്നെയാണല്ലോ.. വളരെ നന്നായിട്ടുണ്ട് ചേച്ചീ.. ലളിതമായി എഴുതിയിരിക്കുന്നു..

ബാജി ഓടംവേലി said...

നല്ല വരികള്‍
ഒരു ദിവസം ലളിതമായി വിവരിച്ചിരിക്കുന്നു

P.R said...

ആദ്യത്തെ രണ്ട് പാരയോട് എന്തോ കൂടുതല്‍ കൌതുകം തോന്നുന്നു എനിയ്ക്..
:)

Vanaja said...

കവിത ഇഷ്ടമായി..
ലളിതമായ വരികള്‍...

സഹയാത്രികന്‍ said...

അങ്ങനെ ഒരു ദിവസം കഴിഞ്ഞു... !
ഗുഡ്നൈറ്റ്... നാളെ രാവിലെ കാണാം....

:)

ശെഫി said...

നല്ല വരികള്‍

Meenakshi said...

നല്ല കവിത, ലളിതമായ ഭാഷ

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

മയൂരേച്ചി ഒരു കാര്യം പറയാന്‍ വിട്ടു പോയി - ബ്ലോഗ് എഴുതുന്നത് :)

എന്റെ ഉപാസന said...

ഉച്ചയ്ക്ക് അയല്‍ക്കാരി-
യവരുടെ നിഗൂഢമൌനം
മുറിച്ചനേകായിരം
ചോദ്യങ്ങളെയ്തവയ്ക്ക്
തൊണ്ടയില്‍ കുടുങ്ങി
പോയ ഉത്തരങ്ങള്‍.
അവരുമായടിയന്തിരാവസ്ഥ
പ്രഖ്യാപിക്കണമെന്നു
മനസിലോര്‍ത്തു
വീണ്ടും കാണാമെന്നു
പറഞ്ഞു പിരിഞ്ഞത്.

പാര വരുന്ന വഴികലേ

മയൂര നല്ല പോസ്റ്റ്
:)
ഉപാസന

ശ്രീഹരി::Sreehari said...

അപ്പോ ദിനചര്യകളില്‍ ബ്ലോഗ് വായന്‍ ഇല്ലേ?

വരികള്‍ക്ക് നല്ല feelings ഉണ്ട് :)

അങ്കിള്‍ said...

:)
ഇവിടെ തിരുവനന്തപുരത്തുകാര്‍ ഒരു ബ്ലോഗേര്‍സ്‌ ക്ലബ്ബ്‌ തുടങ്ങിയതറിഞ്ഞില്ലേ, മയൂരേ.

മന്‍സുര്‍ said...

മയൂര...

ഒരു സ്ത്രീയുടെ ഒരു ദിവസം ഇങ്ങിനെ പോകുന്നു
പിന്നെയും അങ്ങിനെ തന്നെ പോകുന്നു
വീണ്ടും അങ്ങിനെ തന്നെ....ഒടുവില്‍ വിവാഹം
വീണ്ടും പഴയ പോലെ
ഭര്‍ത്താവ്‌,മക്കള്‍,കുടുംബം
സ്ത്രീ ജന്‍മം പുണ്യജന്‍മം
ലോകമാകമാനം ഓരോ നിമിഷവും
ഒരാളെങ്കിലും ഉരുവിടുന്നു അമ്മ..അമ്മേ

ഈ നല്ല രചനക്ക്‌ അഭിനന്ദനങ്ങള്‍..

വായിച്ചു മറന്ന ടീ.വീ.കൊച്ചുബാവയുടെ ' അടുക്കള' എന്ന പുസ്തകം ഓര്‍മ്മ വന്നു....

നന്‍മകള്‍ നേരുന്നു

മുരളി മേനോന്‍ (Murali Menon) said...

:)

Ramanunni.S.V said...

ഡയറിക്കുറിപ്പ്...കവിത ആകുന്നു...നഗരത്തില്‍ ഒരു ദിവസം..അതില്‍ നാടിന്റെ ഓര്‍മ്മകളും...നന്നയി

ഹരിശ്രീ said...

Mayoora,

Very good...

വേണു venu said...

ഒട്ടുമലസമല്ലാതെ
പോയൊരു ദിനവു-
മോര്‍ത്തലസമായ്
മയക്കത്തിലേയ്ക്ക്
വഴുതി വീഴുന്നത്."

വരികളും അതു പകരുന്ന കാഴ്ചകളും മിഴവുറ്റതു്. എവിടെയെക്കൊയോ ഒരു നിശ്വാസവും.!

പ്രയാസി said...

മയൂരാമ്മേ..
ഇതും നന്നായി..:)

Sul | സുല്‍ said...

നന്നായിരിക്കുന്നു മയൂരെ.

-സുല്‍

സിമി said...

മയൂരച്ചേച്ചീ നല്ല കവിത :-)
ഭാഗ്യവതി :-) ഇങ്ങനെയും ദിവസങ്ങള്‍ കിട്ടുന്നല്ലോ.

Geetha Geethikal said...

എന്റെ ഒരു ദിവസത്തിന് ഊര്‍ജം പകരുന്നത്‌-

എന്നും നവംനവങ്ങളായ, നാനാവര്‍ണവൈവിധ്യമാര്‍ന്ന,
കുസുമങ്ങള്‍ വിടര്‍ന്നു
പരിലസിക്കുമൊരാരാമം
പോലെയുള്ളയുള്ള എന്റെ കലാലയാന്തരീക്ഷം....

മയൂരയുടെ പോസ്റ്റുകള്‍ പലപ്പോഴും എനിക്കെന്തൊക്കെയൊ എഴുതാന്‍ ഒരു പ്രേരണ നല്‍കുന്നുണ്ട്‌

മഴത്തുള്ളി said...

മയൂര,

സായാഹ്ന
സവാരിയ്ക്കിടയില്‍
കണ്ടുമുട്ടിയ
ഭാവപ്പകര്‍ച്ചയില്ലാത്ത
മുഖങ്ങള്‍ക്കിടയില്‍
മറ്റൊരു മുഖമാ-
യലിഞ്ഞു ചേരല്‍.

ഇത് തികച്ചും സത്യം. നന്നായിരിക്കുന്നു.

വാണി said...

ദിവസം..
സിമ്പിള്‍ ആന്‍ഡ് ഹംബിള്‍.. :)
പതിവുപോലെ തന്നെ നന്നായിരിക്കുന്നു മയൂരാ..

ശ്രീ said...

ചേച്ചീ...

മനോഹരമായ ഒരു ദിവസത്തിന്റെ കാവ്യ വിവരണം.

:)

വഴി പോക്കന്‍.. said...

:)

അബ്ദുണ്ണി said...

നന്നായിരിക്കുന്നു, മയൂരാ...

ധ്വനി said...

നല്ല ദിവസം!

അര നിലാവിനുവേണ്ടി
വഴിയോരങ്ങളില്‍
തിരയുന്ന കണ്ണുകള്‍


ഈ വരിയോട് എന്തോ ഒരടുപ്പം തോന്നി!

Typist | എഴുത്തുകാരി said...

വളരെ നന്നായിരിക്കുന്നു. ഒരു ദിവസത്തിന്റെ യഥാര്‍ത്ഥമായ ചിത്രം.

പി.സി. പ്രദീപ്‌ said...

മയൂരാ,

വീട്ടമ്മയുദെ ഒരു ദിവസം വളരെ ലളിതമായ രീതിയില്‍ രചിച്ചിരിക്കുന്നു.

അഭിനന്ദനങ്ങള്‍.

മയൂര said...

അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി :)