Thursday, August 20, 2009

പല സുന്ദരികള്‍

എനിക്കൊരു സ്ത്രീയുടെ ചിത്രം വരച്ച് തരണമെന്ന് പറഞ്ഞമാത്രയില്‍, ചായക്കൂട്ടുകളുടെ സമ്മേളനങ്ങളില്‍ അംഗലാവണ്യം തുളുമ്പുന്ന, നയനപുടവും അധരവും തുടിക്കുന്ന സുന്ദരിയായൊരു സ്ത്രീയുടെ ചിത്രം ദ്രുതഗതിയില്‍ അവള്‍ വരച്ചു തന്നു.

ചിത്രത്തെക്കുറിച്ച് പറയുവാനുള്ളതെല്ലാമെന്റെ ഭാവഭേദങ്ങളില്‍ നിന്നുമറിഞ്ഞെടുത്തെന്നവണ്ണം അടുത്ത കാന്‍‌വാസിലേക്ക് അവളുടെ ചായം ചാലിച്ച ബ്രഷ് വളഞ്ഞും പുളഞ്ഞുമോടി. തലയ്ക്ക് താഴെ കഴുത്തായ് രണ്ട് വര വരച്ചിട്ട് അവളാരാഞ്ഞു.

“ഏതുതരം സ്ത്രീയെയാണ് നിനക്ക് വേണ്ടത്?“

“ഏതൊക്കെ തരം സ്ത്രീകളെയാണ് നിനക്ക് വരയ്ക്കാന്‍ അറിയാവുന്ന“തെന്ന് ഞാന്‍
‍മറുചോദ്യമെറിഞ്ഞു.

“തുണിയുടുത്ത സ്ത്രീകളും, തുണിയുരിഞ്ഞ സ്ത്രീകളും.“

“ഇതിലേതാണ് സ്ഥായിയായുള്ളത്?“

“രണ്ടാമത്തേത്.“

ഒരു കാലത്ത് മാറുമറയ്ക്കാന്‍ അനുവാദമില്ലാതെയിരുന്ന സ്ത്രീകള്‍ മുതല്‍ വസ്ത്രം മാറ്റുമ്പോള്‍, കുളിയ്ക്കുമ്പോള്‍, സ്നേഹത്തിന് മുന്നില്‍ സ്വയമര്‍പ്പിക്കുമ്പോള്‍, വയറ്റിപ്പിഴപ്പിന്... അങ്ങിനെയങ്ങനെ അനേകം സ്ത്രീകളുടെ ചിത്രങ്ങള്‍ ഈസ്റ്റ്മാന്‍ കളറില്‍ ഓര്‍മ്മചീന്തുകളില്‍ മിന്നി മറഞ്ഞു.

“ഏതുതരം സ്ത്രീയെയാണ് നിനക്ക് വേണ്ടത്?“

പകുതി മയക്കത്തില്‍ മിന്നി മറയുന്ന ചിത്രങ്ങളെ ഞെട്ടിച്ചുണര്‍ത്തിക്കൊണ്ട് അവളുടെ ആവര്‍ത്തിക്കപ്പെടുന്ന ചോദ്യം.

“മുലയൂട്ടുന്ന സ്ത്രീയെ, പിറന്നാളിന് അമ്മയ്ക്ക് അയച്ച് കൊടുക്കുവാനാണ്.“

സ്തനങ്ങള്‍ വരച്ചുകൊണ്ടിരുന്ന ബ്രഷ് ചുമന്ന ചായത്തില്‍ മുക്കി ഇടത്തേ മുലഞെട്ടിനെ മറച്ച് ചെറുചുണ്ടുകള്‍ വരച്ച് ചേര്‍ത്തുകൊണ്ടവള്‍ പറഞ്ഞു, ”വരച്ച് കഴിയാന്‍ അഞ്ചുമിനിറ്റെടുക്കും, ചായങ്ങളുണങ്ങാന്‍ അതിലുമേറെ സമയം വേണ്ടി വരും. മറ്റു ചിത്രങ്ങളെന്തെങ്കിലും വരയ്ക്കണമോ?”

“കറുത്ത വരകള്‍ കൊണ്ടൊരു വെളുത്ത സുന്ദരിയെയും, വെളുത്ത വരകള്‍ കൊണ്ടൊരു കറുത്ത
സുന്ദരിയെയും വരച്ച് തരുവാന്‍ നിനക്കാകുമോ“ എന്ന ചോദ്യത്തിനു മുന്നില്‍ അവളൊന്ന് പകച്ചു, പിന്നെ പൊട്ടിച്ചിരിച്ചു.

23 comments:

മയൂര said...

പല സുന്ദരികള്‍ :
"കറുത്ത വരകള്‍ കൊണ്ടൊരു വെളുത്ത സുന്ദരിയെയും, വെളുത്ത വരകള്‍ കൊണ്ടൊരു കറുത്ത സുന്ദരിയെയും വരച്ച് തരുവാന്‍ നിനക്കാകുമോ“

Seema Menon said...

ഒരു സെന്‍ ബുദ്ടിസ്റ്റ്‌ ടച്ച്‌ ഉള്ള കഥ. എന്തെ രണ്ടു കഥാപാത്രങ്ങളും സ്ത്രീകള്‍ ആയതു? ഫെമിനിസ്റ്റ്‌ ആണോ?
''രണ്ടാമതെതാണ് സ്ഥിരത ഉള്ളത് '' എന്നത് ഒരു ടിപിക്കല്‍ male perception അല്ലെ? നല്ല കഥ. കീപ്സ്‌ മി തിങ്കിങ്ങ്.

comiccola said...

നല്ല കഥ, നന്നായിരിക്കുന്നു. ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രത്തിലെ അമ്മ, വെളുത്തതോ കറുത്തതോ എന്നോര്‍ത്ത് ചിരിക്കണ്ട, പൊട്ടി ചിരിക്കണ്ട..

പാമരന്‍ said...

"കറുത്ത വരകള്‍ കൊണ്ടൊരു വെളുത്ത സുന്ദരിയെയും, വെളുത്ത വരകള്‍ കൊണ്ടൊരു കറുത്ത
സുന്ദരിയെയും.."

ഹരീഷ് തൊടുപുഴ said...

“കറുത്ത വരകള്‍ കൊണ്ടൊരു വെളുത്ത സുന്ദരിയെയും, വെളുത്ത വരകള്‍ കൊണ്ടൊരു കറുത്ത
സുന്ദരിയെയും വരച്ച് തരുവാന്‍ നിനക്കാകുമോ“


എങ്ങാനും സാധ്യമായിരുന്നെങ്കിൽ...

ഓടോ: ചിന്തയിൽ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന ഈ പോസ്റ്റിൽ ക്ലിക്കുമ്പോൾ; ടി.പോസ്റ്റിലേക്കു വരാതെ, ചിന്തയുടെ പേജ് ഓപ്പെൺചെയ്യുന്നു. എന്താണു പ്രശ്നം, ഒന്നു ചെക്ക് ചെയ്തോളൂ..

ദൈവം said...

കറുത്ത പൂച്ച ഇരുട്ടിലായാൽ എങ്ങനെ കാണും? എവിടെ തേടും? :)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

സ്ത്രീ..

വെളുത്തവൾ
കറുത്തവൾ
അമ്മ
സുന്ദരിമാർ
പട്ടിണിക്കാർ
മാറു മറയ്ക്കാൻ മാർഗമില്ലാത്തവൾ
മാറു മറയ്ക്കാൻ ആഗ്രഹമില്ലാത്തവൾ
വരയ്ക്കുന്നവൾ
ചിന്തിക്കുന്നവൾ
ആസ്വദിക്കുന്നവൾ

സ്ത്രീയുടെ വിവിധ ഭാവങ്ങൾ ഈ ചെറുകഥയിൽ ആറ്റിക്കുറുക്കി എടുക്കുന്നതിൽ കഥാകാരി വിജയിച്ചിരിക്കുന്നു.

കറുപ്പില്ലാതെ വെളുപ്പും വെളുപ്പില്ലാതെ കറുപ്പിനും നിലനിൽ‌പ്പുണ്ടോ? ഇല്ല...എല്ലാറ്റിന്റേയും സങ്കലനമാണു സ്ത്രീ...നമ്മൾ അവളെ എത്ര വേറിട്ടു കാണാൻ ശ്രമിച്ചാലും അവൾ വീണ്ടും വീണ്ടും നമ്മളെ അതിശയിപ്പിയ്ക്കുന്നു...അതുതന്നെയാണു കഥാകാരിയും പറയുന്നത്.. “ചോദ്യത്തിനു മുന്നില്‍ അവളൊന്ന് പകച്ചു, പിന്നെ പൊട്ടിച്ചിരിച്ചു.“

ഭാവനാസമ്പന്നമായ ഒരു മനസ്സിനാൽ അനുഗ്രഹീതയായ ഒരു കഥാകാരിയുടെ മറ്റൊരു നല്ല സമ്മാനം..നന്ദി ആശംസകൾ !

മാണിക്യം said...


“മുലയൂട്ടുന്ന സ്ത്രീയെ,
പിറന്നാളിന് അമ്മയ്ക്ക് അയച്ച് കൊടുക്കുവാനാണ്.“


അമ്മയെന്നാല്‍ മുലയൂട്ടുന്ന സ്ത്രീമാത്രമോ?
ഒരു മാര്‌ഗദര്‍ശി അഭ്യുദയാകംഷി,
കാത്തുരക്ഷിക്കുന്നവള്‍
പിന്നെ നല്ലതും ചീത്തയും തരം തിരിച്ചു കാണിക്കുന്നവള്‍
ഏതു വീഴ്ച്ചയിലും കൈ പിടിച്ചുയര്‍ത്തുന്നവള്‍..
എല്ലാ തെറ്റിനും മാപ്പ് നല്‍‌കുന്നവള്‍
പ്രതിഫലേഛ പ്രതീക്ഷിക്കാതെ
നിറത്തിനും സൗന്ദര്യത്തിനും
ഒന്നും വേര്‍‌വിത്യാസമില്ലാതെ
അതിര്‍‌വരമ്പില്ലാതെ സ്നേഹിക്കുന്നവള്‍ ....
എല്ലാറ്റിനും ഉപരി ജനനം മുതല്‍ മരണം വരെ
കൂടെ ശക്തിയായ് നില്‍ക്കുന്ന സ്നേഹിത!
പറഞ്ഞാല്‍ തീരുമോ അമ്മയെന്ന പ്രതിഭാസം
സ്ത്രീയുടെ മനന‍സ്സിനു മാത്രം ഉള്‍‌ക്കൊള്ളാന്‍
കഴിയുന്ന അമ്മ....
കറുത്തതും വെളുത്തതുമായ
വരകളാല്‍ മന‍സ്സില്‍ വരക്കുന്നു
അമ്മയെന്ന സ്ത്രീയെ ..
എന്നിട്ടും അപൂര്‍‌ണം
അമ്മ...

അതേ"ചായങ്ങളുണങ്ങാന്‍ അതിലുമേറെ
സമയം വേണ്ടി വരും."

അനാഗതശ്മശ്രു said...

അങ്ങിനെയങ്ങനെ അനേകം സ്ത്രീകളുടെ ചിത്രങ്ങള്‍ ഈസ്റ്റ്മാന്‍ കളറില്‍ ...

seema doubted a male perception..because it was in eastMAN colour..

നമതു വാഴ്വും കാലം said...

നന്നായിരിക്കുന്നു. ഉടലും സ്വത്വവും എന്ന ദ്വന്ദം. :-)

അരുണ്‍ കായംകുളം said...

വെളുത്ത ബോര്‍ഡിലെ കറുത്ത വരകള്‍ വെളുത്ത സുന്ദരിയെയും, കറുത്ത ബോര്‍ഡിലെ വെളുത്ത വരകള്‍ കറുത്ത സുന്ദരിയെയും സൃഷ്ടിക്കുമെന്നാ എനിക്ക് തോന്നുന്നത്
നല്ല കഥയാണ്‌ കേട്ടോ

കുമാരന്‍ | kumaran said...

മനോഹരമായ ഒരു കഥ.

Rare Rose said...

ഇഷ്ടായി പല തരം സുന്ദരികളെ ഇങ്ങനെ വരച്ചിട്ടത്..

പാവപ്പെട്ടവന്‍ said...

സുന്ദരിമാര്‍ എന്നും എനിക്ക് ഹരമാണ് അതുകൊണ്ടു ഈ സുന്ദരികതയും എനിക്ക് ഇഷ്ടമായി

സബിതാബാല said...

മയൂര,
സ്ത്രീയ്ക്ക് ഒറ്റരൂപം മാത്രം...വസ്ത്രങ്ങളുടെ മറവില്‍ ചിലര്‍ക്ക് രൂപഭേദം വരുന്നു.
അത്രയുമല്ലേ? മനോഹരമായ സങ്കല്പം.

cALviN::കാല്‍‌വിന്‍ said...

വസ്ത്രങ്ങൾ ഒക്കെ കാണുന്നവന്റെ മനസിലല്ലേ...

കഥ മനോഹരം

ആഗ്നേയ said...

അതങ്ങനെത്തന്ന്യാ വരക്കണ്ടെ...;-)

നിരക്ഷരന്‍ said...

ഇങ്ങനൊക്കെ ചിന്തിക്കാന്‍ എനിക്കായിരുന്നെങ്കില്‍ !

Rahul said...

കഥ നന്നായി.

ജസീര്‍ പുനത്തില്‍ said...

ഞാന്‍ വരച്ചേനെ!

ദിലീപ് വിശ്വനാഥ് said...

സ്ത്രീയെ അമ്മയായും സഹോദരിയായും ഒക്കെ വരയ്ക്കാന്‍ കഴിയുക എന്നതാണ് യഥാര്‍ത്ഥ വെല്ലുവിളി. കഥ നന്നായിരിക്കുന്നു.

Rineez said...

“പല സുന്ദരികളുണ്ടതിലതി സുന്ദരിയാര്‍........... അമ്മ”
:-)

Prajil Aman (പ്രജില്‍ അമന്‍) said...

കറുത്ത വരകള്‍ കൊണ്ടൊരു വെളുത്ത സുന്ദരിയെയും, വെളുത്ത വരകള്‍ കൊണ്ടൊരു കറുത്ത സുന്ദരിയെയും വരച്ച് തരുവാന്‍ നിനക്കാകുമോ..?
ആകും
എന്റെ ചിത്രങളിലൊക്കെ കറുപ്പും വെളുപ്പും മാത്രമെ ഉളു.
നല്ല കഥ