Saturday, March 20, 2010

അന്നയ്ക്കുള്ള എഴുത്തുകൾ


അന്നാ...ഇവിടെയെന്ത് വിശേഷമന്നാ...ഈ നാലു ചുമരുകള്‍ക്കപ്പുറം ഋതുഭേദങ്ങള്‍ കാലം തെറ്റാതെ വിരുന്നെത്താറുണ്ടെന്ന് നേര്‍ത്ത ഓറഞ്ച് വെളിച്ചം അകത്തേക്ക് കടത്തി വിടുന്ന കതക് പാളിക്കടിയിലൂടെ വക്ക് ഞണുങ്ങിയ അലുമിനിയം പാത്രത്തില്‍ ആഹാരം നിരക്കി വെയ്ക്കുന്ന കറുത്ത കാലുറകള്‍ ഒരിക്കല്‍ മുരണ്ടിരുന്നന്നാ... അന്നും നീ വന്നിരുന്നില്ലെന്നവര്‍ പറഞ്ഞിരുന്നു. നീ ഇന്നും വന്നില്ലല്ലോ അന്നാ...

നിനക്ക് ഓര്‍മ്മയുണ്ടോ അന്നാ... മുത്തശ്ശിയുടെ മുറുക്കാന്‍ ചെല്ലത്തില്‍ നിന്നും മോഷ്ടിച്ചെടുത്ത മുറുക്കാന്‍ ചവച്ച് നട്ടുച്ചയ്ക്ക് ആകാശത്തേക്ക് മുറുക്കിത്തുപ്പി, സന്ധ്യയാക്കാന്‍ നമ്മള്‍ ശ്രമിച്ചത്...

അന്നാ... നീയെവിടെയാണന്നാ... എനിക്ക് വല്ലാതെ ഭയമാകുന്നന്നാ... എനിക്ക് ഭ്രാന്താണോ അന്നാ... അതുകൊണ്ടാണോ ഞാന്‍ ഇവിടെ ഇങ്ങനെ... എങ്കില്‍ എനിക്ക് ഭ്രാന്തനായിത്തന്നെ ഇരുന്നാല്‍ മതി. ഇവിടെത്തന്നെ കഴിഞ്ഞാല്‍ മതി. ഇവിടെ എല്ലായിടത്തും നിന്റെ ചിരിയുടെ മാറ്റൊലി നിറഞ്ഞു നില്‍ക്കുന്നുണ്ടല്ലോ അന്നാ...എന്റെ കാതുകളില്‍ നീ ചിലമ്പണിയിച്ചതു പോലെ...

അന്നാ, നിനക്കറിയുമോ, ഇവിടെ കണ്ണു തുറക്കാത്ത മാലാഖക്കുഞ്ഞുങ്ങളെത്രയാണെന്ന്? അവരുടെ കുഞ്ഞുചുണ്ടുകള്‍ അന്നയെന്ന പേരു മാത്രം മന്ത്രിക്കും. അവരുടെ വിളിയെങ്കിലും നീ കേള്‍ക്കുകയില്ലേ അന്നാ? എനിക്ക് വേണ്ടിയല്ലെങ്കിലും അവര്‍ക്ക് വേണ്ടിയെങ്കിലും ഒരിക്കല്‍ നീ വരില്ലേ...? വരണം അന്നാ, എന്നിട്ട് പീള കെട്ടുന്ന അവരുടെ കണ്ണുകള്‍ നമുക്കൊരുമിച്ച് ശുചിയാക്കണം...

നിന്നെ കാണാതെ കരയുന്ന മാലാഖക്കുഞ്ഞുങ്ങളെ എനിക്ക് ഭയമാണന്നാ... ക്ലോറിന്‍ ചുവയ്ക്കുന്ന വെള്ളത്തില്‍ ഞാനവരെ മുക്കി വിഴുങ്ങും. അവര്‍ക്ക് വിശക്കുമ്പോളെന്റെ കരള്‍ അടര്‍ത്തി ഭക്ഷിക്കാന്‍ ഞാന്‍ പറയാം അന്നാ... അവര്‍ വിശന്നു കരഞ്ഞാല്‍ നിന്റെ കണ്ണുനിറയില്ലേയന്നാ... അവരെന്റെ കരള്‍ ഭക്ഷിച്ച് വിശപ്പടങ്ങാ‍തെ ഹൃദയമടര്‍ത്തിയെടുക്കുമ്പോള്‍ പച്ചച്ചൊരു നാഡീഞെരമ്പ് നീ പോയ വഴിയിലേക്ക് വിരല്‍ ചൂണ്ടി കണ്ണീര്‍ പൊഴിക്കുമന്നാ.... എന്താ അന്നാ, നീ ഇതൊന്നും അറിയാത്തത്?  മാലാഖക്കുഞ്ഞുങ്ങളുടെ ചുണ്ടുകളില്‍ നിന്നുമടര്‍ന്നു വീഴുന്ന ഹൃദയത്തുണ്ടുകള്‍ താഴെ വീണ് മുളയ്ക്കും... അവയെല്ലാം നിന്റെ മുഖമുള്ള, നിന്റെ നിറമുള്ള, നിന്റെ കഴുത്തിന്റെ ഗന്ധമുള്ള രാപ്പൂക്കളാകും...അവയുടെ ചുണ്ടില്‍ നിന്നുമുതിരുന്ന ഗാനം ശ്രവിച്ച് ഞാനുറങ്ങിപ്പോകും...

അന്നാ നിന്റെ വരവും പ്രതീക്ഷിച്ച് കൊളുത്തിയിരിക്കുന്ന മെഴുകുതിരി ഞാന്‍ കെടുത്തിവയ്ക്കുന്നന്നാ... കത്തിയുരുകിയതില്ലാതെയായാല്‍, നീ വരും നേരം, നിന്നെ ഞാനൊരുനോക്കെങ്ങിനെ കാണുമന്നാ... നീ വരുമല്ലോയല്ലെയന്നാ... നീ വരും... നിനക്ക് വരാതിരിക്കാനാവില്ലല്ലോയന്നാ...

വെളിച്ചം കെടുമ്പോള്‍ നാലു ചുറ്റും  ചുമരുകളില്‍ നിന്നും നീലക്കണ്ണുള്ള കരിനാഗങ്ങള്‍ സീല്‍ക്കാരത്തോടെ ഇഴഞ്ഞടുക്കുന്നന്നാ. നമ്മുടെ പവിഴപ്പുല്‍മേടുകളില്‍ അവയെന്തിനാണന്നാ ഇഴഞ്ഞടുക്കുന്നത്? ഞാറപ്പഴങ്ങള്‍‍ തിന്ന നിന്റെയധരങ്ങളെ മറച്ച് പിടിയ്ക്കന്നാ... ഇല്ലെങ്കില്‍ നാഗത്താന്മാര്‍ നിന്റെയധരങ്ങളെ... വയ്യന്നാ... വയ്യാ... എനിക്ക് ഓര്‍ക്കാന്‍ കൂടി വയ്യന്നാ... നിനക്കെന്നെ അവയ്ക്കിടയില്‍ ഉപേക്ഷിച്ച് പോകുവാനാകുമോയന്നാ... ഞാന്‍ നിന്റേതല്ലേയന്നാ... നിന്റെ ഞാനല്ലേയന്നാ... ഞാന്‍. എനിക്ക്  പേടിയാകുന്നന്നാ...പേടിയാ‍കുന്നൂ....

അന്നാ... വേണ്ടാ... വേണ്ടാ... നീയിവിടെ ഒളിഞ്ഞിരിക്കയാണോ? കട്ടിലിന്റെ അടിയില്‍?  വേണ്ടന്നാ... ഈ ഇരുമ്പ് കട്ടിലില്‍ നിറച്ചും തുരുമ്പ് മണക്കുന്നു. അതോ ഇത് അയഡിന്റെ മണമാണോ? അവര്‍ നീയറിയാതെ നിന്റെ കൊലുസ് അഴിച്ചെടുത്ത് എന്‍െ കാലുകളിലണിയിച്ചതാണ്... ഞാന്‍ പറഞ്ഞതാ നീ പിണങ്ങുമെന്ന്... അവരുണ്ടോ കേള്‍ക്കുന്നു... പക്ഷേ, നീ നടക്കുമ്പോലെയല്ല പാദസരം കിണുങ്ങുന്നത്... ചങ്ങല പോലെ കുലുങ്ങുന്നു... നല്ല ഭാരമാണ്... ഇവിടെ സിമന്റ് തറയായതിനാലാകും... നീ പടിക്കെട്ടിലൂടെ ഓടിയകലുന്ന കാലൊച്ചക്ക് ഏതു രാഗമാണന്നാ... നിന്റെ കാലുകളില്‍ നിന്നും കള്ളക്കാറ്റിന്റെ ചുണ്ടുകള്‍ അവ മുകര്‍ന്നു കൊണ്ടകലേയ്ക്ക് പോകും... എത്രവട്ടമോടിയിരിക്കുന്നു കാറ്റിന്റെ പുറകെ... അന്നാ... പടിക്കെട്ടിറങ്ങുമ്പോള്‍ സൂക്ഷിക്കണം... മഴയത്ത് നിറച്ചും പായല്‍ പിടിച്ച് കിടക്കയാണവിടം... ഇതാണെനിക്ക് മഴ ഇഷ്ടമല്ലാത്തത്... നിന്നെ നനയ്ക്കും... നിന്റെ പട്ടുപാവാടത്തുമ്പുകളില്‍ ചെളി പിടിപ്പിക്കും... നിന്നെ വഴുക്കലിലേക്ക് തള്ളിയിടും... നിനക്ക് നൊന്തുവോയന്നാ? കരയാതെ... ഉമ്മവച്ചുമ്മവച്ച് എല്ലാ അഴുക്കും ഞാനെടുക്കാം... എല്ലാ വേദനയും ഞാനെടുക്കാം... നിന്റെ കണ്ണീരും ഞാനൊപ്പാം... സാരമില്ലന്നാ... നിനക്ക് ഞാനില്ലേ.....

അന്നാ...ഇതെവിടെയന്നാ... അന്നാ..... അന്നാ...വിളി കേള്‍ക്കന്നാ... എവിടെ... എവിടെ... എനിക്ക് ദേഷ്യം വരുന്നുണ്ട്... ഇനിയുമെന്തേ മറഞ്ഞിരിക്കുന്നന്നാ... ഇനിയുമെവിടെ മറഞ്ഞിരിക്കുന്നന്നാ.....

നിരന്തരമൊച്ചകളാണന്നാ... ഒച്ചകള്‍... നിരന്തരം കാഴ്ചകളാണന്നാ... കാഴ്ചകള്‍...
ചുമന്ന ബലിക്കാക്കകള്‍ ഇറച്ചിക്കഷ്ണങ്ങള്‍ കൊത്തി വലിക്കുന്ന ഒച്ചയും കാഴ്ചയും...
മഴയൊരു ചോരപ്പുഴയാക്കുന്ന കാഴ്ച... ചോരപ്പുഴ കരകവിഞ്ഞ് കടലാകുന്ന കാഴ്ചകളന്നാ...ഭയമാകുന്നു... ഭയമാകുന്നന്നാ‍... ഭയമാകുന്നു.... നിന്റെ സ്വരമൊന്ന് കേള്‍ക്കാനായെങ്കിലന്നാ... കേള്‍ക്കാനായെങ്കില്‍...

16 comments:

Manoraj said...

വളരെ നന്നായിരിക്കുന്നു.. മയൂര..

ഏകതാര said...

എത്ര തീവ്രതയാര്‍ന്ന വരികള്‍!
വായിച്ച എനിക്കിത്രയും വേദനിച്ചെങ്കില്‍ എഴുതിയ മയൂരയ്ക്കെന്തുമാത്രം വേദനിച്ചിട്ടുണ്ടാവും?

C said...

ninte koluss ente kaalil....
athu ente kaal pole thonnunnu..
hw u do this Donn..this parakayapravesam??
amazing...
tell me the secret......

parvathikrishna said...

എനിക്കു പറയാന്‍ വാക്കുകളില്ല......
മനുഷ്യമനസ്സെന്ന നൂല്‍പാലം....
ഒരു നിമിഷം കൊണ്ടു തകര്‍ന്നുപോകുന്ന ഒരു പാലം...
ഉള്ളിന്റെ ഉള്ളില്‍ സ്നേഹിക്കുന്നവരെ കുറിച്ചുള്ള ഓര്‍മ്മകള്‍മാത്രം സൂക്ഷിക്കുന്ന മനസ്സെന്ന മഹാല്‍ഭുതം..
ഞാനും നീയും ഒക്കെ ഇങ്ങനെയല്ലെ.....
എനിക്കു വയ്യ....എവിടെയൊ പിടിച്ചു കുലുക്കിയപോലെ...
ഞാന്‍ വല്ലാത്ത ഒരു നോവിന്റെപിടിയില്‍ അമര്‍ന്നുപോയി..
ആ കൊലുസിന്റെ കിലുക്കം മാത്രമെ ഇപ്പോള്‍ എന്റെയും മനസ്സില്‍ ഉള്ളൂ....
അന്നാ....നീ കേള്‍ക്കുന്നില്ലെ.....?

Unknown said...

:(

Sudha said...

ഡോണാ,
സഹിക്കാൻ പറ്റുന്നില്ല.വേദനിക്കുന്നു.

Minesh Ramanunni said...

വല്ലാതെ കുത്തി നോവിക്കുന്നു വരികള്‍ .
ഇനി മേലാല്‍ ഇങ്ങനെ എഴുതിപ്പോവരുത്
വെറുതെ മനുഷ്യന്റെ സ്വസ്ഥത കെടുത്താന്‍ . :)

കവിതയെഴുതുന്നത് കൊണ്ടായിരിക്കാം വക്കുകല്‍ക്കിത്ര തിവ്രത. .
നന്നായിടുണ്ട് .. അതുകൊണ്ട് ക്ഷമിച്ചിരിക്കുന്നു .

Suresh ♫ സുരേഷ് said...

Ithenthuva donamme.. adhikam kalichal njan ജ്ഞാനപീഠം eduthu tharum ketto ..!!..

so beautifully written dona .. many congrats.. :)

ഗോപീകൃഷ്ണ൯.വി.ജി said...

ശക്തമായ വരികള്‍..തുടരൂ...

Jikkumon - Thattukadablog.com said...

എന്റെ പെങ്ങളുടെ പേരും ഡോണന്നാണ്‌ ഇതാരാ എന്ന് നോക്കി വന്നതാ... എന്തായാലും അവളല്ല ഇവള്‍ എന്നു മനസില്ലായി.. അവള്‍ക്കെന്തായാലും ഇത്രരും വിവരം ഇല്ല ഹ ഹ ഹ... വളരെ നന്നായി കൊള്ളാം ... ജിക്കുമോന്‍


Join Thattukadablog

മാണിക്യം said...

നീ നടക്കുമ്പോലെയല്ല പാദസരം കിണുങ്ങുന്നത്... ചങ്ങല പോലെ കുലുങ്ങുന്നു... നല്ല ഭാരമാണ്... ... നീ പടിക്കെട്ടിലൂടെ ഓടിയകലുന്ന കാലൊച്ചക്ക് ഏതു രാഗമാണന്നാ. ഭ്രാന്തിനും ഭ്രാന്തില്ലായ്മ്ക്കും ഒരു തലനാരിഴയുടെ വിത്യാസമേയുള്ളത്രേ! സ്നേഹം കലര്‍പ്പില്ലാത്തതാണെങ്കില്‍ നഷ്ടപ്പെടല്‍ താങ്ങാന്‍ മനസ്സിനാവില്ല... മയൂര ഈ അടുത്ത കാലത്ത് ഞാന്‍ ഇത്രയും തീക്ഷ്ണമായ ഒരു കഥ വായിച്ചിട്ടില്ല. അഭിനന്ദനം ...

Mayoora | Vispoism said...

എല്ലാവർക്കും നന്ദി;സ്നേഹം. :)

rustless knife said...

:)

- ghosh

Muralee Mukundan , ബിലാത്തിപട്ടണം said...

ഗദ്യമായെഴുതി പദ്യമായിതീർന്നൊരു ഒരു കവിതയെന്നു വിശേഷിപ്പിക്കട്ടെ ഞാനിതിനേ....

Unknown said...

ഒരു കവിതയാണ് എനിക്കു ഒർമ്മവരുന്നതു

“അന്ന അ പേരു വിളിക്കാതിരിക്കട്ടെ
എന്നിട്ടുമെന്തെ നിന്നെ മാത്രം
നിന്റെ പേരുമാത്രം വിളിക്കുന്നു.....“
---
മുത്തശ്ശിയുടെ മുറുക്കാന്‍ ചെല്ലത്തില്‍ നിന്നും മോഷ്ടിച്ചെടുത്ത മുറുക്കാന്‍ ചവച്ച് നട്ടുച്ചയ്ക്ക് ആകാശത്തേക്ക് മുറുക്കിത്തുപ്പി, സന്ധ്യയാക്കാന്‍ നമ്മള്‍ ശ്രമിച്ചത്...
എനിക്കിഷ്ട്ടമായി

perooran said...

nice story .i like it