Monday, May 24, 2010

ആഴങ്ങളിലെ ആകാശം

ആഴങ്ങളിലെ ആകാശത്തിന്
എന്തു ഭംഗിയാണ്,
മുറ്റത്തു കിടക്കുന്നൊരിറ്റു ജലത്തിൽ.

മുകളിൽ നിന്നും താഴേക്ക്
എന്നതു പോലെ;
ആകാശത്തിൽ നിന്നും
ആകാശത്തിലേക്ക്,
തിമിർത്ത് പെയ്യുന്നുണ്ടിതിൽ, മഴ.

നനയാതെ കൂടണയാൻ
ഈ ആകാശത്തിനു മീതെ
പറക്കുന്നുണ്ട് പക്ഷികൾ.

കാണെക്കാണെ...
മഴയത്ത് മൈതാനത്തിലെ
കുട്ടികളെന്ന പോലെ,
തലകുത്തിമറിഞ്ഞ്
തലപ്പന്ത് കളിക്കുന്നുണ്ടിതിൽ,
വേരാഴം കൊണ്ട് തായ്മരങ്ങൾ
ശാസിച്ചു തിരിച്ചു പിടിച്ചു വലിക്കിലും,
ആഴങ്ങളിലെ ഈ ആകാശത്ത്,
മഴക്കൊപ്പം വൃക്ഷത്തലപ്പുകൾ.

കാണെക്കാണെ,
ആകാശത്തോളം വളർന്നുയരുന്നുണ്ട്
എന്നതു പോലെ,
ആകാശത്തിലേക്ക് വളർന്നിറങ്ങുന്നുണ്ട്,
ആഴങ്ങളിലെ ഈ ആകാശത്ത്
പടർന്നു പന്തലിക്കുന്ന കാഴ്ച്ചകളിലേക്ക്,
കണ്ണുകളിൽ നിന്നും
വേരുകൾ പൊട്ടി മുളച്ച്.

എന്തു ഭംഗിയാണ്,
ആഴങ്ങളിലെ ഈ ആകാശത്തിന്.

Friday, May 14, 2010

പൂക്കാലം*



എന്നില്‍ ഭ്രാന്തുപ്പൂക്കുമ്പൊള്‍
നീ ചോദിക്കുന്നു,
ചെമ്പരത്തിയോ അതോ നീയോ!


*തലക്കെട്ടിന് ആശാനോട് കടപ്പാട്

Thursday, May 06, 2010

നിയതമായ അതിർത്തികളില്ലാതെ

 “ഞാന്‍ സാഹിത്യം പഠിച്ചിട്ടില്ലാത്ത ആളാണ്” എന്നൊരാള്‍ പറയുമ്പോള്‍, അത് സാഹിത്യലോകമുവായി യാതൊരു ബന്ധവുമില്ലാത്ത ഒരാളുടെ വാക്യമായി തെറ്റിധരിക്കപ്പെടാം. സാഹിത്യം പഠിച്ച ഏവരും എഴുത്തുക്കാരകുന്നില്ല. എല്ലാം എഴുതുകാരും സാഹിത്യം പഠിച്ചവരും ആയിക്കൊള്ളണമെന്നില്ലെന്ന് പല പ്രമുഖസാഹിത്യകാരന്മാരും ഇതിനോടകം എഴുതിലൂടെ തെളിയിച്ചിട്ടുണ്ട്. പ്രവാസിയായിരുന്നു കൊണ്ട് തന്നെ മലയാള സാഹിത്യത്തില്‍ തന്റെ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ശക്തയായ എഴുത്തുകാരി നിര്‍മ്മല, സാഹിത്യം അതിന്റെ കര്‍ത്താവിന് നല്‍കുന്ന രസദീപരംഗമഞ്ചത്തില്‍ നിന്നും  മാറി, എന്നാല്‍ എഴുത്തിനെ ഒഴിച്ചുകൂടാനാവാത്തൊരു കര്‍ത്തവ്യമായി കരുതുന്ന ഒരു വ്യക്തികൂടിയാണ്. നിയതമായ അതിര്‍ത്തികള്‍ക്കുള്ളിലല്ല നിര്‍മ്മലയുടെ കഥാപാത്രങ്ങളും അവരുടെ കഥകളും. അവ അതിര്‍ത്തികളുടെ സ്വത്വങ്ങള്‍ക്കും അപ്പുറമാണ്.
 
നിര്‍മ്മലയുടെ കഥകളിലൂടെ കടന്നു പോകുമ്പോൾ, അവയിൽ വിവിധ തലങ്ങളിലതിഷ്ഠിതമായ നിലവാരവൈഭവം കാണാതെ പോകുകയെന്നത് അസാധ്യമാണ്. അത് സൂചിപ്പിക്കുന്നത് അവരുടെ അയത്‌നലളിതമായ കലാമാധ്യമമാണ് കഥകളെന്നാണ്. അബു ഗ്രായിബ്‌, കൂ..കൂ..കൂ..കൂ..തീവണ്ടി, കൂവാതെ പായുന്ന തീവണ്ടി (ദേശാഭിമാനി ആഴ്‌ച‌പ്പതിപ്പ്, ഒക്ടോബര്‍ 11, 2009) എന്നിങ്ങനെയുള്ള ചരിത്രവിഹിതമുള്ള നിര്‍മ്മലയുടെ പുതിയ കഥ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ഒരോ എഴുത്തുകാരുടെയും സൃഷ്ടികള്‍ കാലത്തിന്റെ മുദ്രവഹിക്കേണ്ടവയാണെന്നാണ്. ഇത്രത്തോളം നിരീക്ഷണ പാഠവം സ്വായത്തമാക്കിയ എഴുത്തുകാര്‍ മലയാളത്തില്‍ നന്നേ കുറവാണ്. ഓരോ കഥയുടെ തലക്കെട്ടു പോലും ബോധപൂർവ്വമായ തിരഞ്ഞെടുപ്പാണെന്ന് എഴുതുകാരി തന്നെ പറയുകയും ചെയ്യുന്നു. പുതുക്കം കൊണ്ട് മത്സ്യത്തിന്നു ജലമെന്നത് പോലെയാണ് കാമ്പുള്ള വായനക്കാര്‍ക്ക് നിര്‍മ്മലയുടെ ഓരോ കഥകളും.

ആദ്യത്തെ പത്ത്‌, നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി, സ്ട്രോബറികള്‍ പൂക്കുമ്പോള്‍ (അനുഭവം) എന്നിവയാണ് നിര്‍മ്മലയുടെ പുസ്തകങ്ങള്‍. നിര്‍മ്മലയുടെ പ്രഥമകഥാ സമാഹാരമായ ആദ്യത്തെ പ‌ത്ത്, പോഞ്ഞീക്കര റാഫി പ്രത്യേക പുരസ്ക്കാരം നേടിയ കഥാസമാഹാരമാണ്. നിര്‍മ്മലയുടെ “നാളെ നാളത്തെ യാത്ര“ എന്ന കഥയ്ക്ക്‌ ഉത്സവിന്റെ കഥാമത്സരത്തില്‍ സമ്മാനം കിട്ടിയിട്ടുണ്ട്‌. “സുജാതയുടെ വീടുകള്‍“ എന്ന കഥ 2002-ലെ തകഴി പുരസ്ക്കാരം നേടി.


(1) എഴുത്തുകാരിയായതിനെ കുറിച്ച്?


വീട്ടിൽ തകഴി, ബഷീർ, ജി. ശങ്കരക്കുറുപ്പ്‌ തുടങ്ങിയവരുടെയൊക്കെ പുസ്തകങ്ങളുണ്ടായിരുന്നു. പിന്നെ ബാലമിത്രം, പൂമ്പാറ്റ തുടങ്ങിയ മാസികകളും വരുത്തിയിരുന്നു. അങ്ങനെ വായന ചെറുപ്പത്തിലേ ശീലമായി.  ഒരു കുടയും കുഞ്ഞു പെങ്ങളും രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ വായിച്ചതോർമ്മയുണ്ട്‌. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ 'കുട്ടികളുടെ ദീപിക'യുടെ എഡിറ്റർ അച്ചൻ സ്ക്കൂളിൽ വന്നു പ്രസംഗിച്ചു.  ദീപികയിലേക്ക്‌ കൃതികളയക്കാനുള്ള അഡ്രസ്‌ പറഞ്ഞു തന്ന്‌ എല്ലാവരേയും അയക്കാൻ പ്രേരിപ്പിച്ചു.  അങ്ങനെയാണ്‌ ആദ്യത്തെ കഥ അയച്ചുകൊടുക്കുന്നതും പ്രസിദ്ധീകരിച്ചു വരുന്നതും. പിന്നെ ബാലരമയുടെ വിടരുന്ന മൊട്ടുകളിലും, മാതൃഭൂമിയുടെ ബാലപംക്തിയിലുമൊക്കെ കഥകൾ പ്രസ്ദ്ധീകരിച്ചു.  ചില മത്സരങ്ങളിൽ സമ്മാനങ്ങൾ കിട്ടി. പഠിത്തം കഴിയുന്നതിനു മുൻപേ കാനഡയിലെത്തി കുറെ വർഷങ്ങൾ ഒന്നുമെഴുതാതെയിരുന്നു.  2001-ൽ ജോലിക്കിടയിൽ കുറെയേറെ ഒഴിവു കിട്ടിയപ്പോൾ വീണ്ടും എഴുതാൻ തുടങ്ങി. ആദ്യമായി അയച്ചുകൊടുത്ത കഥ കലാകൌമുദിയും (കളമശ്ശേരിയിലെ ദു:ഖവെള്ളിയാഴ്ചകള്‍) മലയാളം വാരികയും (സിമന്റു കൂടാരങ്ങളിലെ സ്വര്‍ഗ്ഗങ്ങള്‍) പ്രസിദ്ധീകരിച്ചത് ആത്മവിശ്വാസം നല്‍കി. മടക്കത്തപാലിന്‌ സ്റ്റാമ്പയക്കാൻ നിവർത്തിയില്ലാതിരുന്നതുകൊണ്ട്‌ ഇ-മെയിൽ അഡ്രസാണു വെച്ചിരുന്നത്.  കലാകൗമുദിയിലെ എൻ. ആർ.എസ്സ്‌. ബാബു സാറും, മലയാളത്തിലെ  എസ്സ്‌. ജയചന്ദ്രൻസാറും കഥപ്രസീദ്ധീകരിക്കാൻ തിരഞ്ഞെടുത്തുവെന്ന്‌ ഇ-മെയിൽ അയച്ചത്‌ അത്ഭുതമായിരുന്നു.  കുറെക്കാലമായി സാഹിത്യ ലോകവുമായി ബന്ധമില്ലാതിരുന്നതുകൊണ്ട്‌ ഇവരൊക്കെ ആരാണെന്നു തന്നെ അറിയില്ലായിരുന്നു.  ആരെങ്കിലും പരിഹസിക്കാൻ അയച്ച ഇ-മെയിലായിരിക്കുമെന്ന്‌ ആദ്യം വിചാരിച്ചു.



(2)  നിര്‍മ്മലയുടെ കഥകള്‍ സമകാലിക ജീവിത്തിനുനേരെ പിടിച്ച കണ്ണാടിയാകുന്നതിനു പിന്നില്‍?



ഭൂമിയിൽ കാലുറപ്പിച്ചു നിൽക്കുന്ന കഥാപാത്രങ്ങളെയാണ്‌ എനിക്കിഷ്ടം.   കണ്ടറിഞ്ഞ അനുഭവിച്ച നിമിഷങ്ങളെ, ജീവിതത്തെ ചായം പുരട്ടി പുറത്തെടുക്കുന്ന വിദ്യയോടാണ്‌ മതിപ്പ്‌.  പറക്കുന്ന കുതിരകളും, സ്വർണ്ണ പഴങ്ങളുമുള്ള മുത്തശ്ശിക്കകൾ ചെറുപ്പത്തിൽ ഏറെ ഇഷ്ടമായിരുന്നു. ഇപ്പോൾ ആ ഘട്ടം കടന്നിരിക്കുന്നു. ഞാനെഴുതിയ കഥ വായിച്ചിട്ട്‌ ഇതെന്റെ ജീവിതം തന്നെയാണെന്നു പറയുന്ന (മുൻ പരിചയമില്ലാത്ത) വായനക്കാർ തരുന്ന സന്തോഷം ഏറെയാണ്‌.  


(3) കഥകള്‍ക്ക് പിന്നിലുള്ള പ്രചോദനം?( കറിവേപ്പ് പഠിപ്പിച്ചത്, വെണ്ടയ്ക്കത്തോരന്‍, നഷ്ടപ്പെടുവാന്‍, സുജാതയുടെ വീടുകള്‍...)


ഓരോ കഥക്കും പിന്നിലും ഓരോ കഥയുണ്ടെന്നു പറയാം.  ക്വിൽറ്റു തുന്നുന്നതുപോലെ, പല ജീവിതങ്ങളും, അനുഭവവും, കേട്ടറിവുകളു, നെടുവീർപ്പുകളും ഒക്കെ കൂട്ടി തുന്നുമ്പോഴാണ്‌ പലപ്പോഴും ഒരു കഥ പൂർത്തിയാവുന്നത്‌.  


ഉത്തരയമേരിക്കയിൽ വന്ന കാലത്ത്‌ ഇവിടുത്തെ കറിവേപ്പു പ്രേമംകണ്ട്‌ അത്ഭുതപ്പെട്ടിട്ടുണ്ട്‌. അതേപോലെ തന്നെ ഒരു മലയാളി ചെയ്യുന്നത്‌ മറ്റെല്ലാവരും അനുകരിക്കുന്നതും സൗഹൃദം ഒരു ഉപഭോഗവസ്തുവായി കാണുന്നതിനെപ്പറ്റി പരാതികൾ ധാരാളം കേട്ടിട്ടുണ്ട്‌.


മലയാളികളുടെ ഇടയിൽ പള്ളികൾ പിളരുന്നതും അവിടുത്തെ വഴക്കും അമേരിക്കയിൽ ധാരാളമായികാണാവുന്നതാണ്‌. വിവാഹമോചനത്തെ തെറ്റായികാണുന്ന ക്ഷമിക്കുകയും സഹിക്കുകയും സ്നേഹിക്കുകയും ചെയ്യണമെന്നു പറയുന്ന ദൈവത്തിന്റെ പ്രതിപുരുഷന്മാർ തന്നെയാണ്‌ പലപ്പോഴും ഇതിനു വഴിതെളിക്കുന്നത്‌. വർഷങ്ങൾക്കു മുൻപ്‌ അമേരിക്കയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന 'മലയാളം പത്രത്തിൽ' കവയത്രി റോസ്മേരി ഒരു കോളം എഴുതിയിരുന്നു. അതിൽ പുരുഷന്മാരുടെ മദ്യപാനത്തെപ്പറ്റി പരാമർശിച്ചതിനു പ്രതികരണമായിട്ടാണെന്നു തോന്നുന്നു, ഒരു വായനക്കാരി പേരു വെക്കാതെ ഒരു കത്തയച്ചിരുന്നു.  അവരുടെഭർത്താവു മദ്യപാനിയാണ്‌, അവരെ സ്ഥിരമായി ഉപദ്രവിക്കും എന്നൊക്കെ എഴുതിയിരുന്ന കത്തിൽ 'ആ മനുഷ്യനോടെനിക്കു വെറുപ്പാണ്‌', എന്നെഴുതിയിരുന്നു.  ആ കത്തിനു വന്ന പ്രതികരണങ്ങൾ അത്ഭുതപ്പെടുത്തുകയും അമ്പരപ്പിക്കുകയും ചെയ്തു.  ക്ഷമിക്കണമെന്നും, വെറുപ്പു പാപമാണെന്നും, സഹനത്തിലുംക്ഷമയിലും കൂടി അയാളെ നേർവഴിക്കു കൊണ്ടുവരണമെന്നുമുള്ള ഉപദേശങ്ങൾക്കു പുറമേ, കുറെയേറെപരിഹാസവും അവഹേളനവും നിറഞ്ഞ കത്തുകളുമുണ്ടായിരുന്നു. അതൊക്കെ കൂടിക്കലർന്നുണ്ടായതാണു'നഷ്ടപ്
പെടുവാൻ' 


ഹോം നേഴ്സിനെ ശത്രുപക്ഷത്തു നിന്നു നോക്കുന്ന കഥകളെ 2001 വരെ ഞാൻ വായിച്ചിരുന്നുള്ളു. ആ വർഷം നാട്ടിൽ പോയപ്പോൾ ഒരു ഹോം നേഴ്സിനെ പരിചയപ്പെട്ടു. അവരുടെ കണ്ണിൽ നമ്മുടെ (വിദേശ മലയാളികളുടെ) ജീവിതമോർത്തപ്പോൾ സുജാതയുടെ വീടുകൾ പിറന്നു. ആയുർവ്വേദം പഠിക്കാൻ പോയി മടങ്ങി വരാതിരുന്ന ഒരു മകനെ തൃപ്പൂണിത്തുറ ആയുർവ്വേദകോളേജു കാണിച്ചു തന്നിരുന്നു.   അങ്ങനെയൊക്കെ ...


(4)സ്ത്രീയുടെ സ്വത്വം വളരെയധികം നിര്‍മ്മലയുടെ കഥകളെ സ്വാധീനിച്ചിരിക്കുന്നു എന്നെതിനെ കുറിച്ച്?


ഞാനൊരു സ്ത്രീ ആയതുകൊണ്ടാവാം. എനിക്കൊരുപാടു നല്ല സ്ത്രീ സുഹൃത്തുക്കൾ ഉള്ളതുകൊണ്ടും ആവാം. എന്തായാലും മനപുർവ്വമല്ല.



(5)സ്ത്രീപക്ഷ കഥാകാരിയെന്നതിനെ കുറിച്ച്?


പക്ഷം പിടിച്ചെഴുതുന്നതിൽ തീരെയും വിശ്വാസമില്ല. സമത്വം വേണമെങ്കിൽ എല്ലാ സംവരണങ്ങളും ഇല്ലാതാക്കണം. അസമത്വം സ്രഷ്ടിക്കുകയും ആത്മവിശ്വാസം കെടുത്തുകയുമാണ്‌ സംവരണം ചെയ്യുന്നത്‌.


പ്രിയംവദക്കൊരു ഇ-മെയിൽ - അനസൂയയുടെ സ്വാർത്ഥതയാണ്‌.   കളഞ്ഞു പോയതും കണ്ടെടുത്തതും - പ്രതീക്ഷിക്കാത്തയിടത്തു നിന്നുമുള്ള സ്വാന്തന മുണ്ടതിൽ 


രാമദാസിന്റെ കനേഡിയൻ സായാഹ്നങ്ങൾ - മനസുഖമില്ലാത്ത ഒരു ഭാര്യയെപോറ്റുന്ന ഭർത്താവാണ്‌ രാമദാസ്‌. അയാൾ പരാതിക്കാരനല്ല. മറിച്ച്‌ സാഹചര്യങ്ങളോടിണങ്ങി ചേർന്നു ജീവിക്കുന്നയാളാണ്‌.  


ആണത്തമുള്ള ഓണം -ഓണം സ്ത്രീ പ്രധാനം എന്നു പരാതിപ്പെടുന്ന ലേഖനമാണ്‌


വിതുമ്പുന്ന വൃക്ഷം, അബു ഗ്രായിബ്‌ തുടങ്ങിയവയിൽ നായകനെ മനസ്സിലാക്കാത്ത മെറ്റീരിയലിസ്റ്റിക്കായിട്ടുള്ള സ്ത്രീകളാണ്.                             
                                                                    
ചില തീരുമാനങ്ങൾ എന്ന കഥയിലെ നായകനേയും ഭാര്യ ശ്വാസം മുട്ടിക്കുന്നുണ്ട്‌. അൽപം ചില കുടുംബകലഹമുണ്ടാക്കാനുള്ള വകയൊക്കെ അവർ പറയുന്നുമുണ്ട്‌. 


(6)ഇന്നതെ എഴുത്തുകാരുടെ കഥകളെ കുറിച്ച്?


ശക്തമായ കഥകളെഴുതുന്ന പുതിയ എഴുത്തുകാർ ഉണ്ടാകുന്നുണ്ടു മലയാളത്തിൽ.



(7)മലയാളം മരിക്കുന്നുവോ? മലയാളം മരിക്കുന്നത് സ്വദേശി മലയാളികള്‍ക്ക് മാത്രമോ?


മലയാളം മരിക്കുന്നുണ്ടെന്ന്‌ എനിക്കു തോന്നുന്നില്ല. ടെലിവിഷനും കമ്പ്യൂട്ടറും ഇന്റർനെറ്റുമൊക്കെ മലയാളം വളർത്താൻ ഉപകരിക്കുന്നുണ്ടെന്നാണ്‌ തോന്നുന്നത്‌. വിദേശത്തുള്ള കുട്ടികൾക്ക്‌ മലയാളം പഠിക്കുന്നത്‌ ഇപ്പോൾ എത്രയെളുപ്പമാണ്‌.  പിന്നെ പരിണാമം ജീവിതത്തിന്റെ ഭാഗമാണ്‌.  താളിയോലക്കെട്ടിൽ നിന്നും കടലാസ്സുവരെയാവാം പക്ഷെ അതിനപ്പുറത്തേക്കുള്ളതെല്ലാം തകർച്ചയാണെന്നു പറയുന്നതു തെറ്റല്ലെ?  നമ്മുടെ പല വാക്കുകളും വിദേശികൾ ഉപയോഗിക്കുന്നുണ്ടല്ലൊ - ഗുരു, കറി, റൊട്ടി, കർമ്മം, മുളകാ-തണ്ണി-സൂപ്പ്‌ (സൈൻഫീൽഡ്‌). അതേപോലെ പുതിയ വസ്തുക്കൾക്ക്‌ തത്യുല്യമായ പേരുകൾ മലയാളത്തിൽ ഉണ്ടായില്ലെങ്കിൽ ഭാഷമരിക്കും എന്നു പറയുന്നതിൽ കഴമ്പില്ല.   കേരളത്തിൽ എത്രയേറെ പുസ്തക പ്രസാധകരുണ്ടിപ്പോൾ.  പണ്ടത്തേക്കാളേറെ പുസ്തകങ്ങളും ആനുകാലികങ്ങളും പ്രസിദ്ധീകരിക്കപ്പെടുന്നുമുണ്ട്‌.   



(8)എഴുത്തില്‍ എന്തെങ്കിലും/എന്തൊക്കെ പ്രശ്നങ്ങള്‍ നേരിണ്ടേടി വന്നിട്ടുണ്ട്?


എന്റെ ഏറ്റവും വലിയ തടസ്സം സമയക്കുറവാണ്‌.   വടക്കെ അമേരിക്കയിലേത്‌ തിരക്കു പിടിച്ച ജീവിതമാണ്‌.   സ്ട്രോബറികൾ പൂക്കുമ്പോളിൽ പറഞ്ഞിരിക്കുന്നതുപോലെ പെയിന്ററും, ക്ലീനറും, ഡ്രൈവറും, ട്യൂട്ടറും, കുക്കുംഒക്കെയായിട്ടുള്ള ദശാവതാരങ്ങൾക്കിടയിൽ സ്വകാര്യസമയം എന്നൊന്നില്ലെന്നുപറയാം. 'കണ്ണെഴുതാൻ സമയം തികയാത്ത ഞാനെങ്ങനെ കവിതയെഴുതും സർ' എന്നു ചോദിക്കുന്ന കഥാപാത്രത്തെപ്പോലെ.



(9)എഴുത്തില്‍ വളരെയധികം സ്വാധീനിച്ചിട്ടുള്ള വ്യക്തി?


കോവിലന്റേയും വത്സലയുടേയും കഥകളും നോവലുകളും വളരെ ഇഷ്ടമായിരുന്നു. വത്സലയുടെ കനൽ നൂറുതവണ വായിച്ചിട്ടുണ്ടാവും.  സ്ട്രോബറികൾ പൂക്കുമ്പോൾ എന്ന പുസ്തകത്തിന്റെ ആമുഖക്കുറിപ്പെഴുതുന്നത്‌ വത്സലടീച്ചറാണെന്നറിഞ്ഞപ്പോൾ വിശ്വസിക്കാൻ വിഷമം തോന്നി.  നേരിട്ടു സംസാരിക്കാൻ സത്യത്തിൽ ഭയമായിരുന്നു.  ബഷീർ ഭൂമിയിൽ ജീവിച്ചിരുന്ന ഒരു മനുഷ്യനാണെന്ന്‌ ഓർക്കാറില്ല. മറിച്ച്‌ എന്റെ അടുത്തൊരു സുഹൃത്താണാദ്ദേഹം. കലഹിച്ചും കളിപറഞ്ഞും എപ്പോഴും കൂടെയുള്ള സുഹൃത്ത്‌.  എന്റെ എഴുത്തിൽ ബഷീറിന്റെ സാന്നിദ്ധ്യം ഉണ്ടെന്നു കേൾക്കുമ്പോൾ അത്ഭുതവും ആനന്ദവും (അതൊരു പ്രശംസ അല്ലെങ്കിൽ കൂടി) തോന്നും.



(10)എഴുത്തില്‍ ലിംഗാതിഷ്ഠിത വേര്‍തിരിവുകളുണ്ടോ?


എന്തിനാണ്‌ സ്ത്രീകൾക്കും പുരുഷന്മാർക്കും വേറെ ലോകങ്ങൾ സൃഷ്ടിക്കുന്നത്‌. ലോകം പുരുഷൻ അടക്കി വാഴുന്നു അതിൽ കുറച്ചു സ്ഥലം അബലകൾക്കും എന്നാണൊ? അത്‌ ആത്മവിശ്വാസമില്ലാത്തതു കൊണ്ടു തോന്നുന്നതാണ്‌. അങ്ങനെയൊരു സൗജന്യം വേണ്ട എന്നാണെന്റെ പക്ഷം. എന്റെ ലോകത്ത്‌ പുരുഷന്മാർശത്രുക്കളല്ല. മറിച്ച്‌ ജീവിതത്തിന്റെ ഭാഗമാണ്‌. പുരുഷന്മാരും സ്ത്രീകളും മൃഗങ്ങളും പൂക്കളും എല്ലാം ഉള്ളലോകത്തിന്റെ നടുക്കിരിക്കാനാണ്‌ എനിക്കിഷ്ടം. ലോകത്തിലെ ഒരു മനുഷ്യനായി.


(11)സ്ത്രീയുടെ സര്‍ഗാത്മകതയ്ക്ക് പൊതു സ്വഭാവമുണ്ടെന്നതിനെ കുറിച്ച്?


അങ്ങനെ തോന്നിയിട്ടില്ല. പിന്നെ ഞാൻ സാഹിത്യം പഠിക്കാത്തയാളാണ്‌.  സാഹിത്യം ആസ്വദിക്കാൻ ഇഷ്ടപ്പെടുന്ന ഒരാൾ. 



(12)ഒട്ടുമിക്ക മലയാളികള്‍ക്കും മാധവിക്കുട്ടിയുടെ സ്ത്രീ, ചന്ദനമരങ്ങള്‍ എന്നിവയിലൂടെ മാത്രം പരിചിതമായ പ്രമേയം തികച്ചും വിഭിന്നമായ മറ്റൊരു കോണില്‍ നിന്നും നിര്‍മ്മല എഴുതുകയുണ്ടായി. മലയാള സാഹിത്യം ഇന്നും ആഘോഷിക്കുന്ന, ഇനിമേലും ആഘോഷിക്കപ്പെട്ടേക്കാവുന്നതുമായ ഇന്ദു മേനോന്റെ ലസ്ബിയന്‍ പശുവും, സി.എസ് ചന്ദ്രികയുടെ ലേഡീസ് കമ്പാര്‍ട്ട്മെന്റും പ്രസ്ദ്ധീകരിച്ചു വരുന്നതിനും മുന്നേ മലയാളം വാരികയില്‍  ജൂണ്‍1, 2001ല്‍ പ്രസിദ്ധീകരിച്ച് വന്ന കഥയാണ് നിര്‍മ്മലയുടെ "സിമന്റ് കൂടാരങ്ങളിലെ സ്വര്‍ഗ്ഗങ്ങള്‍“. എന്നാല്‍ നിര്‍മ്മലയുടെ കഥ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയത് എന്തു കൊണ്ടാണ്?


അത് പറയേണ്ടത് നിരൂപകരല്ലേ?


വാല്‍ക്കക്ഷണം:-
നിരൂപണമെന്നത് ഒരു സാഹിത്യകൃതിയെ, അത് പദ്യമായാലും ഗദ്യമായാലും നല്ലതോ ചീത്തയോ ആയി എത്രത്തോളം/എന്തുകൊണ്ട് കണക്കാക്കുന്നുവെന്ന് നിശ്ചയിക്കുന്ന കലയാണെങ്കില്‍ അതെല്ലാ സാഹിത്യകൃതികള്‍‌‌ക്കും ബാധകമല്ലെ?

നിരൂപണത്തിലെ ചതിക്കുഴികളെക്കുറിച്ച് കോവിലൻ ഒരിക്കൽ അഭിപ്രായപ്പെട്ടത് നമ്മൾക്ക് അവർ സ്ഥാനം നിർണയിച്ചിട്ടുണ്ട്. അതിലിരിക്കണം... എന്നാണ്.

നീരൂപകരുടെ നീരുപണങ്ങളെ നിരൂപിക്കുന്നതിനായി ഇന്നൊരു സമ്പ്രദായം നിലവിലുണ്ടോ? അങ്ങിനെ ഒന്ന് നിലവിലുണ്ടാവേണ്ടതിന്റെ ആവശ്യകതയേറി വരുകയല്ലെ? പ്രത്യേകിച്ചും നീരൂപകരുടെ വാക്കുകള്‍ മലയാള സാഹിത്യത്തിലെ പല സാഹിത്യകൃതികളുടെയും ഗ്രാഫ് നിശ്ചയിക്കുമ്പോള്‍? നീരൂപകരുടെ കണ്ണും കാതും എത്താത്തിടത്ത് അല്ലെങ്കില്‍ എത്തിയില്ലെന്ന് നടിക്കുന്നിടത്ത് വച്ച് പല സാഹിത്യകൃതികളും മൗനത്തിന്റെ മാറാലയ്ക്കുള്ളില്‍ അകപ്പെട്ട്  പോകുന്നത് എങ്ങിനെ ഒരു പരിധിവരെയെങ്കിലും തടയുവാനാകും?