Monday, May 24, 2010

ആഴങ്ങളിലെ ആകാശം

ആഴങ്ങളിലെ ആകാശത്തിന്
എന്തു ഭംഗിയാണ്,
മുറ്റത്തു കിടക്കുന്നൊരിറ്റു ജലത്തിൽ.

മുകളിൽ നിന്നും താഴേക്ക്
എന്നതു പോലെ;
ആകാശത്തിൽ നിന്നും
ആകാശത്തിലേക്ക്,
തിമിർത്ത് പെയ്യുന്നുണ്ടിതിൽ, മഴ.

നനയാതെ കൂടണയാൻ
ഈ ആകാശത്തിനു മീതെ
പറക്കുന്നുണ്ട് പക്ഷികൾ.

കാണെക്കാണെ...
മഴയത്ത് മൈതാനത്തിലെ
കുട്ടികളെന്ന പോലെ,
തലകുത്തിമറിഞ്ഞ്
തലപ്പന്ത് കളിക്കുന്നുണ്ടിതിൽ,
വേരാഴം കൊണ്ട് തായ്മരങ്ങൾ
ശാസിച്ചു തിരിച്ചു പിടിച്ചു വലിക്കിലും,
ആഴങ്ങളിലെ ഈ ആകാശത്ത്,
മഴക്കൊപ്പം വൃക്ഷത്തലപ്പുകൾ.

കാണെക്കാണെ,
ആകാശത്തോളം വളർന്നുയരുന്നുണ്ട്
എന്നതു പോലെ,
ആകാശത്തിലേക്ക് വളർന്നിറങ്ങുന്നുണ്ട്,
ആഴങ്ങളിലെ ഈ ആകാശത്ത്
പടർന്നു പന്തലിക്കുന്ന കാഴ്ച്ചകളിലേക്ക്,
കണ്ണുകളിൽ നിന്നും
വേരുകൾ പൊട്ടി മുളച്ച്.

എന്തു ഭംഗിയാണ്,
ആഴങ്ങളിലെ ഈ ആകാശത്തിന്.

41 comments:

മയൂര said...

തലപ്പന്ത് കളിക്കുന്നുണ്ടിതിൽ,
വേരാഴം കൊണ്ട് തായ്മരങ്ങൾ
ശാസിച്ചു തിരിച്ചു പിടിച്ചു വലിക്കിലും,
ആഴങ്ങളിലെ ഈ ആകാശത്ത്,
മഴക്കൊപ്പം വൃക്ഷത്തലപ്പുകൾ.

രാജേഷ്‌ ചിത്തിര said...

എന്തു ഭംഗിയാണ്...
ഭാവനയുടെ ആകാശത്തെ തൊടുന്ന
ഈ അക്ഷരങ്ങളുടേ വേരാഴാത്തിന്...


വിഷ്വലുകളുടെ ഒരു മഴപെയ്തു മനസ്സില്‍


നന്നായി ഈ എഴുത്ത്...

Anonymous said...

ആഴങ്ങളിലെ ആകാശത്തിന്
എന്തു ഭംഗിയാണ്,
മുറ്റത്തു കിടക്കുന്നൊരിറ്റു ജലത്തിൽ

സലാഹ് said...

മാരിച്ചൊരിഞ്ഞു

junaith said...

എന്തു ഭംഗിയാണ്,
ആഴങ്ങളിലെ ഈ ആകാശത്തിന്

വാസ്തവം എന്തു ഭംഗിയാണ് ഈ കവിതക്കും..

റ്റോംസ് കോനുമഠം said...

ആകാശത്തിലേക്ക് വളർന്നിറങ്ങുന്നുണ്ട്,
ആഴങ്ങളിലെ ഈ ആകാശത്ത്
പടർന്നു പന്തലിക്കുന്ന കാഴ്ച്ചകളിലേക്ക്,
കണ്ണുകളിൽ നിന്നും
വേരുകൾ പൊട്ടിപ്പൊട്ടി.
കവിത ആസ്വദിച്ചു

Manoraj said...

“ആഴങ്ങളിലെ ഈ ആകാശത്ത്
പടർന്നു പന്തലിക്കുന്ന കാഴ്ച്ചകളിലേക്ക്...“
മനോഹരമായി കൈപിടിച്ച് കൊണ്ട് പോയി മയൂര.. നല്ല എഴുത്ത്. ബൂലോകം താണ്ടി ഭുലോകത്തിലെ തലതൊട്ടപ്പന്മാർ ആശീർവദിക്കാൻ തുടങ്ങിയല്ലോ.. നല്ലത്. അർഹതക്ക് എന്നും അംഗീകാരൻ കിട്ടും.. വൈകിയാണേലും.. “സുവർണ്ണകാലം വരുത്തേണ്ടത് നമ്മുടെ ശ്രമത്താലെന്ന് ഓർക്കുവിൻ“ എന്ന സഹോദരവാചകം കടംകൊള്ളട്ടെ.. കഴിയും.. കഴിയട്ടെ..

Jayesh / ജ യേ ഷ് said...

നന്നായിരിക്കുന്നു ..

sreekanav said...

pandathe kuttiyaayi maari thalakuthininnu
aazhathil
aaswadikkunnu
ilam mEghamOdunnorikkavithaa..

snehamOde
kala..

പാമരന്‍ said...

പുറത്തുനിന്നകത്തേയ്ക്ക്‌ മുളച്ചു താണു പടരുന്നുണ്ട്‌..

പട്ടേപ്പാടം റാംജി said...

ആഴങ്ങളിലെ ആകാശത്തില്‍ ഒളിച്ചിരിക്കുന്ന കാഴ്ചകള്‍ ഭാവനക്കപ്പുറം ആഴത്തിലാണ്.
ശക്തിയുള്ള വരികള്‍.

പകല്‍കിനാവന്‍ | daYdreaMer said...

കാണെക്കാണെ,
ആകാശത്തോളം വളർന്നുയരുന്നുണ്ട്.

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

വളര്‍ത്തുന്നുണ്ട് ഞങ്ങളും ആകാശം പോലെ
ഒരു പിടി സ്വപ്നങ്ങളം പിന്നെ
വല്ല്യ ബില്‍ഡിങ്ങോളും!
പക്ഷേ ആകാശ്ത്തിന്റെ ഭംഗി കുറയാണ്ടിരിക്കാന്‍
ഇപ്പോ പൂപ്പലും പായലും പിടിക്കാത്ത
നിറങ്ങളാ... ഹാ!!!

ചേച്ചിപ്പെണ്ണ് said...

നന്ദി ഡോണ .. ആഴങ്ങളിലെ ആകാശം കാണിച്ചു തന്നതിന് ..
ആകാശത്തിലെ ,സോറി ആകാശങ്ങളിലെ കവിത വിരിയിച് തന്നതിന് ..
ഈ ആകാശം എനിക്കിഷ്ടമാവുന്നു .. വരികളും ..

സോണ ജി said...

എന്തു ഭംഗിയാണ്,
ആഴങ്ങളിലെ ഈ ആകാശത്തിന്(കവിതക്ക് )

Rare Rose said...

ഞാനും നോക്കിയിരിക്കുകയാണു കവിതയുടെ കണ്ണെത്താത്ത ഈ ആഴങ്ങളിലേക്ക്..

അലമേലു said...

Height Of Imagination!
You deserve a SALUTE for this wonderful lines.

cheers :)

M.R.Anilan -എം. ആര്‍.അനിലന്‍ said...

ആകാശത്തിലേക്ക് വളര്‍ന്നിറങ്ങുന്നുണ്ട്,
ആഴങ്ങളിലെ ഈ ആകാശത്ത്
പടര്‍ന്നു പന്തലിക്കുന്ന കാഴ്ച്ചകളിലേക്ക്,
കണ്ണുകളില്‍ നിന്നും
വേരുകള്‍ പൊട്ടി മുളച്ച്.
-കവിത മനോഹരമായിട്ടുണ്ട്

ഒഴാക്കന്‍. said...

എന്തു ഭംഗിയാണ്...

Mahesh Cheruthana/മഹി said...

അതിരുകളില്ലാത്ത ആകാശത്തിന്റെ ആഴം എനിക്കിഷ്ടമായി!

Geetha said...

മനോഹരമായീ

അഭി said...

നന്നായിരിക്കുന്നു ..

പ്രദീപ്‌ said...

ഡോണ മയൂരയെ നേരത്തെ തന്നെ അറിയാം . എന്‍റെ ബ്ലോഗില്‍ വന്നതിനു നന്ദി . കമന്റിയതിനും . കവിത ഞാന്‍ സാദാരണ വായിക്കാറില്ല . കേള്‍ക്കും അത്ര തന്നെ . നിങ്ങളുടെ കവിത കുഴപ്പമില്ല .ഒരു സാദാരണ കവിത . പക്ഷെ മഴത്തുള്ളിയില്‍ നോക്കി ആകാശം കണ്ട നിങ്ങളുടെ ഭാവനയുണ്ടല്ലോ , എന്റമ്മച്ചി .......................

പി എ അനിഷ്, എളനാട് said...

ee kavithakkum enthu bhangiyaanu

സ്മിത മീനാക്ഷി said...

ഈ കാഴ്ച എത്ര മനോഹരം....
വളരെ നന്നായി ഡോണാ...

the man to walk with said...

ആഴങ്ങളിലെ ഈ ആകാശത്ത്,
മഴക്കൊപ്പം വൃക്ഷത്തലപ്പുകൾ.

ishtayi

Anonymous said...

" നനയാതെ കൂടണയാൻ
ഈ ആകാശത്തിനു മീതെ
പറക്കുന്നുണ്ട് പക്ഷികൾ."
മരുഭൂവില്‍ ഒരു മഴ പെയ്തു പോയ സുഖം ഈ കവിതയില്‍ ...ആശംസകള്‍ !!!

മയൂര said...

ആഴങ്ങളിലെ ആകാശത്തിനു മീതെ
പറക്കാനെത്തിയ പക്ഷികൾക്ക്
നിറയെ സ്നേഹം... :)

($nOwf@ll) said...

സ്മിതാന്റി തീ കൊണ്ടും കാറ്റ് കൊണ്ടും. മയൂരാന്റി മഴകൊണ്ട്..!

(നന്നായിട്ടോ..)

എ.ആർ രാഹുൽ said...

ശക്തമായ വരികള്‍..
വളരെ നന്നായി.

Anonymous said...

എന്തു ഭംഗിയാണ്,
ആഴങ്ങളിലെ ഈ ആകാശത്തിന്....

Jishad Cronic™ said...

കവിത മനോഹരമായിട്ടുണ്ട്

ഹേമാംബിക said...

ആകാശത്തിനു കീഴെ ഞാന്‍ വന്നു പടവുകള്‍ക്കു തിരഞ്ഞു.
കയറി മുകളില്‍ നിന്ന് നോക്കാന്‍ -ആഴങ്ങളിലേക്ക്.

ആഗ്നേയ said...

എന്തുഭംഗിയാണ്..:)

എന്‍.ബി.സുരേഷ് said...

വിജയലക്ഷ്മിയുടെ ഒരു കവിത കഴിഞ്ഞ വർഷമാണെന്നു തോന്നുന്നു മാതൃഭൂമിയിൽ വായിച്ചത്. ആഴങ്ങളിൽ നിന്നും പുറത്തേക്കു തുളുമ്പാൻ വെമ്പുന്ന ആകാശത്തെ നെഞ്ചേറ്റുന്ന കിണറിനെ പറ്റി.
മരങ്ങൾക്ക് കിട്ടിയ ഭാഗ്യം നമുക്ക് കിട്ടിയില്ല
ഭൂമിയിലേക്കാഴത്തിൽ പോകാം
ആകാശത്തിലേക്ക് ചില്ലകൾ വീശാം.

പക്ഷേ നമുക്കോ ആകാശം തൊടാനും പറ്റില്ല
ഭൂമിയിലേക്കാഴാനും പറ്റില്ല.

അതെ മുറ്റത്തെ ഇത്തിരി വെള്ളത്തിനു ആകാശത്തോളം പരപ്പില്ല.
പക്ഷെ ആഴം ആകാശത്തോളം.

അവസാനഭാഗത്ത് കവിത പരന്നുപോയി.
മാത്രമല്ല ഒരേ വസ്തുവിനെ വിവരിക്കുന്നതിനു പകരം
അതേ ആകാശത്തെ മറ്റൂ പലതുമായി ബന്ധിപ്പിക്കാമായിരുന്നു.

രാജേഷ് പറഞ്ഞപോലെ ഗംഭീരമായ ഗൃഹതുരത്വം നിറയ്ക്കുന്ന ഒരു ദൃശ്യവാങ്മയം.

Sirjan said...

നന്നയിരിക്കുന്നു

ഗോപീകൃഷ്ണ൯.വി.ജി said...

മനോഹരം .

മനോഹര്‍ മാണിക്കത്ത് said...

ഒറ്റ വാക്കില്‍ ഒന്നേ പറയാനുള്ളൂ
മനോഹരം..

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

എത്ര ഉയരങ്ങളിലുള്ള ആകാശവും നമുക്ക് കൈ എത്തിപ്പിടിക്കാവുന്ന അകലങ്ങളിലല്ലേ മുറ്റത്തെ ഇറ്റുജലത്തില്‍...?

നമ്മുടേതായ ആകാശങ്ങളില്‍ നമുക്ക് കളിക്കാം, പറവകളെ കാണാം...

എന്തിനു ദൂരം താണ്ടി അലയുന്നു?

എന്തും നമ്മുടെ വീക്ഷണം പോലെയാണു..ആകാശം എന്നും അകലെ എന്നു കരുതിയാല്‍ പിന്നെ പറവകളും നമുക്ക് അന്യം..മഴയും നമുക്ക് അന്യം !

മനോഹരമായ ആശയം..

അനില്‍കുമാര്‍. സി.പി. said...

“ആഴങ്ങളിലെ ഈ ആകാശത്ത്
പടർന്നു പന്തലിക്കുന്ന കാഴ്ച്ചകളിലേക്ക്,
കണ്ണുകളിൽ നിന്നും
വേരുകൾ പൊട്ടി മുളച്ച്...
എന്തു ഭംഗിയാണ്...“

-അതേ, എന്തു ഭംഗിയാണ്.

J K said...

Hi, 

Your blog is really good and it is now added in http://junctionKerala.com
 
Check these links...
You will see your blog there.
http://junctionkerala.com/
http://junctionkerala.com/Malayalam-Blogs/
http://junctionkerala.com/Malayalam-Kavitha-Blogs/
 
Please let me know your comments.