Tuesday, August 10, 2010

നിന്നെ ഞാനൊന്ന് ചിരിപ്പിച്ചോട്ടെ?

ഇപ്പോള്‍ സമയമെന്തായി? നീ ഇപ്പോള്‍ സങ്കടപ്പെടുകയാണ്. നീ സങ്കടക്കടലാകുമ്പോള്‍ മാത്രമാണ് മണിക്കുറുകള്‍ ഇരുപത്തിനാലു കഴിഞ്ഞാലും ദിനമൊന്ന് കൊഴിഞ്ഞ് വീഴാത്തത്. അല്ലാത്തപ്പോഴെല്ലാം ആഴ്ച്ചയോടാഴ്ച്ചയൊ മാസങ്ങളോ കൂടുമ്പൊള്ളൊരിക്കല്‍ ദിവസമൊന്ന് മടിച്ച് മടിച്ച് അകന്ന് പോയാലായി.

നിന്നെ ഞാനൊന്ന് ചിരിപ്പിച്ചോട്ടെ? ആള്‍ക്കുട്ടത്തിനിടയിലൂടെ ഭ്രാന്തുപിടിച്ചോടുന്ന എന്നെ അന്ന് നീയാണ് തിരിച്ചറിഞ്ഞത്. നിന്നെ തിരഞ്ഞാണ് ഞാന്‍ ഓടുന്നതെന്ന തിരിച്ചറിവുണ്ടായതും അപ്പോള്‍ മാത്രമാണ്.

അത് നീ തന്നെ ആയിരുന്നോ എന്നോ? അതെ നീ തന്നെയായിരുന്നു. നിന്റെ കണ്ണുകളിലേക്ക് നോക്കുവാനെനിക്ക് ഭയമായിരുന്നു. ആ കൃഷ്ണമണികളില്‍ തെളിഞ്ഞ ഇണചേരുന്ന നാഗങ്ങള്‍ എന്റെ കണ്ണുകളിലേക്ക് വിഷം ചീറ്റിയിരുന്നു, അവയുടെ ശീല്‍ക്കാരം എന്റെ കാതുകളെ കുത്തി പൊട്ടിച്ചിരുന്നു. എന്റെ നാവുരണ്ടായ് പിളര്‍ത്തി അവയെന്നെ ചിതല്‍പ്പുറ്റുകള്‍ക്കുളിലേക്കെറിഞ്ഞു. പച്ചിച്ച നാഡീഞരമ്പുകളെല്ലാം നീലിച്ച് നീലിച്ചും, കണ്ണുകളില്‍ അവ തന്ന നിഴലിന്റെ കാളിമയില്‍ പേടിച്ച് ഇമവെട്ടാനാവാതെ തണുത്തുറഞ്ഞും പോയൊരെന്നെ എടുത്തുമാറ്റുവാന്‍ കഴിയാതെ ആരോ അന്ന് അറുത്തു മാറ്റിയിരുന്നു. അറക്കവാളിന്റെ ചൂടില്‍ മാംസം മഞ്ഞു പോലുരുക്കുന്ന മണത്തിന്റെ ഉന്മാദത്തില്‍ നീ.

നീ ഇപ്പോള്‍ ചിരിക്കുകയാണോ? ഭയന്ന് വിറങ്ങലിച്ച് ചുരുണ്ടു പോയൊരെന്ന അറുത്തെറിയപ്പെടുന്നത് മുന്നില്‍ കണ്ട്, രാവിന്റെ കാളിമയൂറ്റിക്കുടിച്ച്, ആര്‍ത്താര്‍ത്ത് ചിരിക്കുകയാണോ. ഞാനിങ്ങിനെ ചിതറിയ തുണ്ടുകളായിവിടെ, ഇനി എങ്ങോട്ടോടുവാനാണ്. സമയവും പോകുന്നതേയിലല്ലോ, അതെ നീ ഇപ്പോള്‍ ചിരിക്കുകയാണ്!

20 comments:

മയൂര said...

ഞാനൊന്ന് ചിരിപ്പിച്ചോട്ടെ?

ജോഷി രവി said...

ചിരിക്കാനാവുന്നില്ല.. അത്ര ഹൃദയസ്പര്‍ശി ആയിരിക്കുന്നു എഴുത്ത്‌... നന്നായിട്ടുണ്ട്‌...

ബിജുകുമാര്‍ alakode said...

ഞാനൊന്നു കൂടി വായിച്ചിട്ട് എഴുതാം..കമന്റ്.

ദൈവം said...

ഹ ഹ ഹ ഹ ഹ എന്റമ്മോമ്മോ ഹഹഹഹ ഹഹഹ ഹോ ഹ ഹഹ് ഹ
ചിരിച്ചു ചിരിച്ചു മരിച്ചു!

മുകിൽ said...

ചിരിക്കട്ടെ..വേദനയോടെ. നന്നായിരിക്കുന്നു.

സ്വപ്നാടകന്‍ said...

ചിരിക്കാനായില്ല..
വാക്കുകള്‍ക്ക് തുടര്‍ച്ച ഇല്ലാത്ത പോലെ
(ഇടയില്‍ ഞാന്‍ കൊറേ ഫില്‍ ചെയ്തു,അതോണ്ടാവും :))

ബിജുകുമാര്‍ alakode said...

മയൂരയുടെ തീക്ഷ്ണമായ ഒരെഴുത്തുകൂടി. കുത്തിത്തറയ്ക്കുന്ന വാക്കുകള്‍ .
വിഹ്വലമായ ഒരു മനസ്സിന്റെ നേര്‍ ചിത്രീകരണം.
കറുത്ത ഹാസ്യം.
ഉയര്‍ന്ന തലത്തില്‍ വായിയ്ക്കപെടേണ്ടത്.
ശക്തയായ ഈ എഴുത്തുകാരിയെ ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ കാണുന്നില്ലല്ലോ?
നന്നായിരിയ്ക്കുന്നു.
ആശംസകള്‍ ! അഭിനന്ദനങ്ങള്‍ !

jayanEvoor said...

കരൾ പുകയുന്നത്...

LiDi said...

ഇനി എങ്ങോട്ടോടുവാനാണ്. സമയവും പോകുന്നതേയിലല്ലോ...
ചിരിച്ചു തുടങ്ങുകയാണോ
ചിരി വറ്റിപ്പോകുകയാണോ???

അനില്‍കുമാര്‍ . സി. പി. said...

ചിന്തകള്‍ നീറ്റുമ്പോള്‍ എങ്ങനെ ചിരിക്കാന്‍!

Meera..... said...

നിന്നെ ഞാനൊന്ന് ചിരിപ്പിച്ചോട്ടെ?

ഇതിലെ നീ ഞാനോ നീയോ ?????

വരയും വരിയും : സിബു നൂറനാട് said...

വായിക്കാന്‍ സുഖമുണ്ടായിരുന്നു..പക്ഷെ മൊത്തത്തില്‍ ആശയം മനസ്സിലായില്ലാ..!!

മാണിക്യം said...

"...ആള്‍ക്കുട്ടത്തിനിടയിലൂടെ ഭ്രാന്തുപിടിച്ചോടുന്ന എന്നെ അന്ന് നീയാണ് തിരിച്ചറിഞ്ഞത്. നിന്നെ തിരഞ്ഞാണ് ഞാന്‍ ഓടുന്നതെന്ന തിരിച്ചറിവുണ്ടായതും അപ്പോള്‍ മാത്രമാണ്...."

വളരെ അപൂര്‍‌വ്വമായി മാത്രം അനുഭവിക്കുന്ന
ഒന്നാണു തിരിച്ചറിവ്
കരയാന്‍ ആവാതെ വരുമ്പോള്‍ ചിരിക്കാം ചിരിപ്പിക്കാം

Rineez said...

!!ഞാനൊന്ന് ചിരിച്ചോട്ടേ....?
അതോ കരയണോ?!!? !.. ? !
!

മാനവധ്വനി said...

എന്നെ ചിരിപ്പിക്കാനോ കരയിക്കാനോ ആവില്ലല്ലോ?
സന്ദർഭം ഇതൊന്നുമല്ലേങ്കിലും അടച്ചിട്ട വാതിലിനു മറവിലിരുന്ന് എന്നെ കുറിച്ച്‌ പരിഹസിച്ചു പറഞ്ഞ്‌ പൊട്ടിച്ചിരിക്കുന്നത്‌ ഞാൻ കേട്ടിട്ടുണ്ട്‌!..പുഞ്ചിരിച്ചു കൊണ്ട്‌ പുറത്തു വന്നവരുടെ തുറന്ന വാതിലിനു മുന്നിൽ കരഞ്ഞു കൊണ്ടും ഞാൻ നിന്നിട്ടുണ്ട്‌!... അതു പുച്ഛച്ചിരിയായിരുന്നുഎന്ന് തിരിച്ചറിഞ്ഞു കൊണ്ട്‌ തന്നെ...അതിനാൽ തന്നെ എനിക്ക്‌ ക രച്ചിലും ചിരിയും വെറുപ്പാണ്‌..!

താങ്കളുടെ കോറി വരകൾ നന്നായിട്ടുണ്ട്‌...

ചിന്ന said...

i dont know what to say,
passionate
"...ആള്‍ക്കുട്ടത്തിനിടയിലൂടെ ഭ്രാന്തുപിടിച്ചോടുന്ന എന്നെ അന്ന് നീയാണ് തിരിച്ചറിഞ്ഞത.....

suresh said...

സത്യം പറയട്ടെ, എനിക്കൊന്നും മനസ്സിലായില്ല.
മനസ്സിലാകാത്തതിനെപ്പറ്റി എങ്ങനെ അഭിപ്രായം പറയും?

Sandhya said...

അതു തന്നെ, ഇപ്പോൾ നീ ചിരിക്കുമ്പോഴും സമയം പോകുന്നില്ലാ.... ഞാനിങ്ങനെ ചിതറിയ തുണ്ടുകളായിട്ടവശേഷിക്കുമ്പോൾ നിനക്കെങ്ങിനെ ചിരിക്കാനാവുന്നു!!

- സ്നേഹം മാത്രം, സന്ധ്യ

കുസുമം ആര്‍ പുന്നപ്ര said...

മയൂരാ ചിരിപ്പിച്ചില്ലാ......ചിന്തിപ്പിച്ചു

Pranavam Ravikumar said...

Really Touching!!!!