Friday, June 07, 2013

വളർത്തുമൃഗം

ഉള്ളിലിട്ട് വളർത്തുന്നൊരു മൃഗമുണ്ട്,
വെളിച്ചത്തെ മാത്രം ഭയക്കുന്നൊരു മൃഗം.

കെട്ടഴിക്കാത്ത  സമ്മാനപൊതിപോലെയുള്ള
തയ്യലഴിയാത്ത പുതുപ്പുത്തനുടുപ്പുപോലയുള്ള
ഓരോ മുറിവും
ആ മൃഗത്തിലേക്ക് പരകായം ചെയ്യിക്കുന്നു.

മുറിവുകൾ മാത്രം
പരകായം ചെയ്യിക്കാൻ വളർത്തുന്ന മൃഗം
പുറത്തേക്കു ചാടാതെയിരിക്കുവാൻ
കാവലിരുപ്പാണ് എപ്പോഴും.

അടിക്കടിയതുള്ളിലുയർത്തുന്ന
പരാക്രമവും അലർച്ചയും മുരൾച്ചയും
ശ്രദ്ധയോടെ അണച്ചണച്ചമർത്തിപ്പിടിച്ച്
ഉള്ളിൽ അമർത്തിവയ്ക്കാൻ ശ്രമിക്കുന്നു,
ചുറ്റിലുമുള്ളവരുടെ
സ്വസ്ഥ്യം നഷ്ട്ടപെടുത്താതെയിരിക്കുവാൻ.

എങ്കിലുമത് ഉള്ളിൽനിന്നങ്ങനെയങ്ങനെയപ്പാടെ
കാർന്നുകാർന്ന് തിന്നുതിന്ന്
പുറത്തേക്ക് നീട്ടുന്ന തുരങ്കങ്ങളിലൊന്നിൽ കൂടി
ഏതുനിമിഷവും
പുറത്തേക്ക് ചാടിയേക്കുമെന്ന് ഭയപ്പെട്ടിരിക്കുന്നു.

പുറത്തേക്ക് തുറക്കപ്പെടുന്ന
തുരങ്കത്തിന്റെ വായിലേക്കുടൻ
രാക്കതിർ പോലൊന്ന് കൂട്ടായീടണേ...

6 comments:

ajith said...

അടിസ്ഥാനപരമായി എല്ലാം മൃഗങ്ങളാണ്

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

പുറത്തേക്ക് തുറക്കപ്പെടുന്ന
തുരങ്കത്തിന്റെ വായിലേക്കുടൻ
രാക്കതിർ പോലൊന്ന് കൂട്ടായീടണേ...
കവിതയുടെ കതിർ..

സൗഗന്ധികം said...

നല്ല കവിത

ശുഭാശംസകൾ...

PADMANABHAN THIKKODI said...

നല്ല കവിത

ശുഭാശംസകൾ...

ബൈജു മണിയങ്കാല said...

ഓരോ മനസ്സും മനുഷ്യമൃഗമാണ് സ്നേഹത്തോടെ വിളിച്ചാൽ
ആദ്യം അലരുമെങ്കിലും പിന്നെ മെരുങ്ങുന്ന പാവം മൃഗം

Vinodkumar Thallasseri said...

എത്ര ബുദ്ധിമുട്ടിയിട്ടാണ്‌ അതിനെയൊന്ന്‌ മെരുക്കി നിര്‍ത്തുന്നത്‌...