Tuesday, September 25, 2007

അഹംഭാവങ്ങള്‍

ജനിച്ച നാള്‍ മുതലോതി-
യമ്മ, നീയെന്റെയെല്ലാം
നിനക്കായാണിതെല്ലാം.

നിന്റെയമ്മയുമച്‌ഛനും,
നീയാണു സര്‍വ്വവും, സര്‍വ്വതും
നീയില്ലാതൊന്നുമേയില്ലെ-
നിക്കും മറ്റാര്‍ക്കുമെന്നും.

പിച്ചവയ്ച്ച് കാലുറച്ചപ്പോള്‍
എനിക്ക് നിന്റെയെന്നതെല്ലാ
മെല്ലാമെന്റെയായി.

എന്റെയമ്മയുമച്‌ഛനും
എന്റെ വീട്, എന്റെ...എന്റെ...
അങ്ങിനെ എന്റെയെന്നില്ലാത
വരികള്‍ എനിക്കില്ലാതെയായ്.

എന്റെയെന്നു മനസ്സില്‍
തട്ടാതെപോയൊരു ചിന്ത
യതിത്ര മാത്രം,
എന്റെ നാട്, സമൂഹം.

എന്ത് നാട്?
അതു കൊണ്ടെനിയ്ക്കെന്ത്.
എന്ത് സമൂഹം?
അവര്‍ എങ്ങിനെയായാല്‍
എനിയ്ക്കെന്തെന്ന ചിന്തയായ്.

നാളേറെ കഴിയും
മുന്നേ 'ഞാന്‍' എന്നില്‍
ഉഗ്രരൂപിയായ് ഉടലെടുത്തു.

ഞാന്‍ കൊടിപിടിച്ച്
തമ്മില്‍ തല്ലിച്ച്, തള്ളിപ്പറഞ്ഞ്,
ഒറ്റിക്കൊടുത്ത് പടികള്‍ താണ്ടി-
യുയരങ്ങളിലേക്ക് കുതിച്ചു,
ഒരുനെല്ലിട പോലും
പിഴയ്ക്കാത്ത ചുവടില്‍.

കാലചക്രത്തിന്റെ കുതിപ്പി-
നിടയില്‍ ഞാന്‍ ആശിച്ചതും
ആശിക്കാത്തതും നേടി.

ഒരു ദിനമുടലെടുത്തുള്ളില്‍
നാഴികയ്ക്ക് നാല്പതു വട്ടം
സന്ദേഹം.

ഞാനും മരണവും, മരണാനന്തര‌‌വും.
മരണാനന്തര‌‌ം ഞാന്‍ മരിക്കാന്‍
പാടുണ്ടോ?

25 comments:

മയൂര said...

“ഞാനും മരണവും, മരണാന്തവും.
മരണാന്തരം ഞാന്‍ മരിക്കാന്‍
പാടുണ്ടോ?“

ദ്രൗപതി said...

കവിത
ഇഷ്ടമായി...
ചില വരികള്‍
ആകെ
ആശയക്കുഴപ്പത്തിലാക്കി....
പ്രത്യേകിച്ചും
അവസാനവരികള്‍....

അര്‍ത്ഥതലങ്ങള്‍
വല്ലാതെ
പ്രതിധ്വനിക്കുന്നു.....

ഭാവുകങ്ങള്‍...

വേണു venu said...

ഞാനും മരണവും, മരണാന്തവും.
മരണാന്തരം ഞാന്‍ മരിക്കാന്‍
പാടുണ്ടോ?
കൊള്ളാം മയൂരേ.
പക്ഷേ മരണാന്തരം മരിക്കുന്നതു മനസ്സിലായില്ല.
എന്‍റെ മനസ്സിലാക്കലിന്‍റെ മനസ്സെന്നെ തെറ്റിച്ചതാണോ.:)

നിഷ്ക്കളങ്കന്‍ said...

വ‌ള‌രെ ന‌ന്നായിരിയ്ക്കുന്നു.

ഒരു ക‌‌ണ്‍ഫ്യൂഷ‌ന്‍..

"ഞാനും മരണവും, മരണാന്തവും.
മരണാന്തരം ഞാന്‍ മരിക്കാന്‍
പാടുണ്ടോ?"

"മരണാനന്തര‌‌ം" എന്നാ‌ണോ ഉദ്ദേശിച്ച‌ത്.

മന്‍സുര്‍ said...

മയൂരാ....

മരണാന്തരം മരിക്കുമോ നീ
അതോ മരിക്കുമോ മരണം
നിശ്ചയമില്ലിന്നുമേതെന്ന്‌...
മരിക്കാത്ത ഓര്‍മ്മകള്‍ മാത്രം ബാക്കിയായ്‌.
അമ്മ പൊന്നമ്മ....
കുഞായോരെന്നെ വിളിച്ചെന്നമ്മ മോനെ
ഞാന്‍ വളര്‍ന്നു അമ്മ വിളിച്ചു വീണ്ടും മോനെ
അചഛനയോരെന്നെ അമ്മ വീണ്ടും വിളിച്ചു മോനെ
അമ്മയ്ക്ക്‌ എന്നും ഞാനൊരു മോന്‍ പൊന്നുമോന്‍.
ഇല്ല ഇന്നും ആരുമേ വളരുന്നില്ല അമ്മക്ക്‌ മുകളിലായ്‌

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

മയൂര said...

നിഷ്ക്കളങ്കന്‍, അക്ഷരതെറ്റ് തിരുത്തിയിട്ടുണ്ട്....നന്ദി.

ദ്രൗപതി, വേണു, മന്‍സുര്‍ - എല്ലാവര്‍ക്കും നന്ദി...

സഹയാത്രികന്‍ said...

മയൂരാ...നന്നായിരിക്കുന്നു
:)

എന്റെ കിറുക്കുകള്‍ ..! said...

മയൂരാ..
ആശയക്കുഴപ്പം തന്നെ എനിക്കും.
അവസാനവരികള്‍ ആകെ കണ്‍ഫ്യൂഷന്‍...:)

മയൂര said...
This comment has been removed by the author.
മയൂര said...

എന്റെ കിറുക്കുകള്‍ , മരണവും അതിനു ശേഷം ഉള്ള കാര്യങ്ങളും ചിന്തിക്കുമ്പോള്‍ പോലും ‘ഞാന്‍’ എന്ന ഭാവം കൈവിടാത്ത മനുഷ്യ മനസ്......

SV Ramanunni said...

നന്നയിട്ടുണ്ടു...
1.അഹം ഭാവം ജീവിത പുരോഗതിക്കും വളര്‍ച്ചക്കും അവശ്യമാണു.അതിരുകടക്കരുതെന്നു മാത്രം.
2.എന്തിനാ ഇത്ര വിഷാദാത്മകത?
3.ഒരല്‍പ്പം അഭം ഭാവം ഉണ്ടങ്കില്‍ വിഷാദാത്മകത ഉണ്ടാവില്ല എന്നു തോന്നുന്നു.
3.എഴുതി ....വായിച്ചു...വായിച്ചു...കുറുക്കി..കുറുക്കി...എഴുതൂ...എന്നാല്‍ കവിത ഒന്നുകൂടി മുറുക്കം ഉള്ളതാകും.
നന്നായി

അപ്പു said...

മയൂരാ കവിതയുടേ തുടക്കത്തിലെ സബ്ജക്റ്റല്ലല്ലോ അവസാനിച്ചപ്പോള്‍?

ആദ്യം സ്വന്തം മകളെക്കുറിച്ച് പറയുന്നു. അവസാ‍നം “ഞാന്‍” എന്ന വിഷയത്തെപ്പറ്റിയും.

ഏതായാലും ആദ്യഭാഗം എനിക്കിഷ്ടപ്പെട്ടും, രണ്ടാം പകുതി മനസ്സിലായതുമില്ല

സു | Su said...

:) ഞാന്‍ എന്നും എന്റെ എന്നും പറയാതെ ഈ ഭൂമിയില്‍ ജീവിക്കാന്‍ പറ്റുമോ? ഞാന്‍ എന്നു പറയുന്നതല്ല, ഞാനില്ലായിരുന്നെങ്കില്‍ കാണാമായിരുന്നു എന്ന ഭാവമാണ് അഹംഭാവം.

ശ്രീ said...

“അങ്ങിനെ എന്റെയെന്നില്ലാത
വരികള്‍ എനിക്കില്ലാതെയായ്.
എന്റെയെന്നു മനസ്സില്‍
തട്ടാതെപോയൊരു ചിന്ത
യതിത്ര മാത്രം,
എന്റെ നാട്, സമൂഹം.”

കവിത ഇഷ്ടമായി. അവസാനം അത്ര ദഹിച്ചില്ല, എനിക്കും. (മരണാനന്തരം മരണം എന്നതു കൊണ്ട് എന്താ ചേച്ചീ ഉദ്ദേശ്ശിക്കുന്നത്?)

നന്ദന്‍ said...

നല്ല കവിത ചേച്ചി, വളരെ നല്ല വരികള്‍..
കഴിഞ്ഞ പോസ്റ്റും വായിച്ചിരുന്നു, കമന്റ്‌ ഇടാന്‍ പറ്റിയില്ല. റീഡറിലാണ്‌ വായിച്ചത്. :)
പിന്നെ പുതിയ ബ്ലോഗ്‌ ഡിസൈന്‍ നന്നായിരിക്കുന്നു.. :)

Sul | സുല്‍ said...

മയൂര
കവിത ഇഷ്ടമായി
നന്നായിരിക്കുന്നു.
-സുല്‍

ചന്ദ്രകാന്തം said...

മയൂരാ..,
അവസാന വരികളിലെ ചിന്ത വളരെ നല്ല ആത്മപരിശോധനയായി തോന്നി.
മരണശേഷവും മരിയ്ക്കാതിരിയ്ക്കണമെങ്കില്‍, സല്‍ക്കര്‍മ്മത്തിന്റെ പാതയിലൂടെ ജീവിതത്തെ കൈപിടിച്ച്‌ നടത്തേണ്ടതുണ്ടെന്നുള്ള തിരിച്ചറിവ്‌ .
ഈ കവിതയിലെ വെളിച്ചവും അതുതന്നെ.

‌ചന്ദ്രകാന്തം.

kichu said...

മയൂരാ.....

കവിത നന്ന്

അഭിനന്ദനങ്ങള്‍

എല്ലാ നന്‍മകളും‍ നേരുന്നു

ഹരിയണ്ണന്‍@Harilal said...

കാഴ്ചമങ്ങി,
മെലിഞ്ഞവിരലുകളില്‍ നിന്ന്
ഊര്‍ന്നുവീഴാന്‍ തുടങ്ങിയ പൊന്‍‌മോതിരം
മുറുക്കെപ്പിടിച്ച്,
ഈറന്‍ വറ്റിയ ചുണ്ടുകളില്‍
വെറ്റില നിറം‍ ചേര്‍ത്ത്,
ചുളിഞ്ഞതോലും
പല്ലുകൊഴിഞ്ഞ മോണയുമായി,
നരച്ചമുടികളില്‍ ചായവുംതേയ്ച്,
പ്രായത്തിന്റെ അസ്കിതകളോടെ
പൂമുഖത്തിരുന്നു ചരമക്കോളങ്ങളിലെ
നിറമില്ലാചിത്രങ്ങളിലലയുമ്പോള്‍,
വാതിലില്‍ മുട്ടാതെയവന്‍ വന്നുവിളിച്ചു!
നീയാരെന്ന അജ്ഞതക്ക്
‘നിന്റെ മരണ’മെന്ന മറുമൊഴി.
അറിയാതെയന്ന് ഈശ്വരനെവിളിച്ചു:
“കൃഷ്ണാ,എനിക്കും മരണമോ?!”

എന്റെ ഉപാസന said...

നല്ല കവിതയാ.
അഹംഭാവം ആര്‍ക്കായാലും പാടില്ല.
:)
ഉപാസന

ചോപ്പ് said...

കാലചക്രത്തിന്റെ കുതിപ്പി-
നിടയില്‍ ഞാന്‍ ആശിച്ചതും
ആശിക്കാത്തതും നേടി.

“കാലചക്രത്തിന്റെ കുതിപ്പ്”
ഒരുപാട് കേട്ടുപഴകിയതാണല്ലോ

ശ്രീഹരി::Sreehari said...

കൊള്ളാം ഇഷ്ടമായി...
ആദ്യവരികള്‍ കൂടുതല്‍ ഇഷ്ടമായി...

മയൂര said...

സഹയാത്രികന്‍, :)

കിറുക്കുകള്‍, :)

രാമനുണ്ണി മാഷേ,ശ്രദ്ധിക്കാം :)

അപ്പു, കവിത വായിച്ചില്ലെന്നു മനസിലായി...:)

സു,:)

ശ്രീ, :)

നന്ദന്‍ , :)

സുല്‍, :)

ചന്ദ്രകാന്തം, :)

കിച്ചൂ, :)

ഹരിയണ്ണന്‍, :)

എന്റെ ഉപാസന, :)

ചോപ്പ്, കേള്‍വിക്ക് മാത്രം പഴക്കം :)

ശ്രീഹരി, :)

അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി :)

Anonymous said...

മയൂരാ -

അഹം.. അഹം... ചിലരില്‍ ഒരിക്കലും മരിക്കാത്തത് !

നന്നായിട്ടുണ്ട് :)

- സസ്നേഹം, സന്ധ്യ !!

മയൂര said...

സന്ധ്യ, :)