Wednesday, August 27, 2008

ശ്രീ പ്രദീപ് സോമസുന്ദരത്തിന്റെ സ്വരത്തിൽ ‘എത്ര നാൾ ഇങ്ങിനെ'യെന്ന ഗാനം...

ശ്രീ അനിൽ ബി. എസ് (1 , 2 ), ശ്രീ രാജേഷ് രാമൻ , എന്നിവർ ഒരുക്കിയ സംഗീതത്തിൽ ശ്രീ പ്രദീപ് സോമസുന്ദരൻ (1 , 2 ) ആലപിച്ച 'എത്ര നാൾ ഇങ്ങിനെ'യെന്ന ഗാനം നിങ്ങൾക്കായി ഇവിടെ സമർപ്പിക്കുന്നു.

ഈ ഗാനം റിയാ വിജയന്റെ സ്വരത്തിൽ നേരത്തെ ബ്ലോഗിൽ ഇട്ടിരുന്നു. ഈ അവസരത്തിൽ ഇതിനു പിന്നിൽ പ്രവർത്തിച്ച ഒരോരുത്തർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.



ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യാം.

Monday, August 25, 2008

പനി

ശംഖനാദം
മൂന്നുവട്ടം.
കുരുക്ഷേത്ര ഭൂവിൽ രഥങ്ങളുരുളുന്നു.
മുരള്‍ച്ച, അട്ടഹാസം, ഞരക്കങ്ങള്‍...

കുന്തീ, കവചകുണ്ഡലങ്ങളറുത്തില്ല കര്‍ണന്‍.

വിവസ്‌ത്രയായ പാഞ്ചാലീ
നിനക്കെന്തു വസ്‌ത്രാക്ഷേപം?
അഴിച്ചിട്ട മുടിയാല്‍ മാറെങ്കിലും മറയ്‌ക്കൂ.

നഗ്നമായൊരു തുടയിലടിച്ചാരോ
ഗദയെ വെല്ലുവിളിക്കുന്നല്ലോ!

പതിനെട്ടിന്റെ വിശുദ്ധീ,
പത്തൊമ്പത്‌ പൂഴിക്കടകന്‍.

അഭിമന്യു ചക്രവ്യൂഹത്തിനു പുറത്ത്‌.

ശകുനി പിതാമഹനോടൊപ്പം
ഇപ്പോഴും ചിരഞ്‌ജീവി!

ഇരുട്ടു കനക്കുമ്പോഴെല്ലാമെനിക്ക്‌
രാപ്പനി കടുക്കും.

Wednesday, August 20, 2008

സമയമില്ല, യൊട്ടും...

മിനിറ്റുകള്‍ മണിക്കൂറുകളായി
പരിണമിക്കുമ്പോൾ,
കറയറ്റ് കടയറ്റ്‌ കാറ്റെടുത്ത്‌
കൊഴിയുന്ന പഴുത്തയിലപോലെ-
യക്കങ്ങള്‍ അടര്‍ന്നുവീഴും.

കൃത്യം പന്ത്രണ്ടില്‍ തുടങ്ങും
പതിനൊന്നിലോട്ടൊടുങ്ങും.
ശേഷം കാണുന്ന ശൂന്യതയിലേക്കു
നോക്കി മിനിറ്റ്‌ സൂചിയും
മണിക്കൂര്‍ സൂചിയും വിറയ്‌ക്കും.

ചുവട്ടില്‍ വീണടിഞ്ഞ
പന്ത്രണ്ടു മണിക്കൂറുകളിൽ
‍നാലൊന്നും രണ്ട് രണ്ടും കണ്ട്
‌പന്ത്രണ്ടുമണിക്കൂറുകള്‍ക്ക്‌
പതിനഞ്ചക്കങ്ങളെങ്ങിനെയെന്നു
പകച്ചുനില്‍ക്കാതെ കടന്നുവരൂ...

ക്ലോക്ക്‌... ക്ലോക്ക്‌... ക്ലോക്കേ....

പിന്നിട്ട സമയങ്ങളിലൂളിയിട്ടു
മടങ്ങാനാരേയുമനുവദിക്കാത്ത
ഒരേയൊരു ക്ലോക്ക്‌ വില്‍ക്കാനുണ്ട്‌.

Friday, August 15, 2008

ഒരു കൊഞ്ചല്‍,ഒരു വെമ്പൽ ‍എന്നിവ...

മുറ്റത്തെ പൂവെല്ലാമിറുത്ത്‌
മൂക്കോടടുപ്പിച്ച്‌
പൂമ്പൊടിപുരണ്ട മൂക്കും
മേല്‍ച്ചുണ്ടുമിളക്കിച്ചിരിച്ച്‌
പൂവിലുമിളം കുരുന്നു
കൈയിലെപ്പൂവുനീട്ടി
"മണമെല്ലാം മോളെടുത്തമ്മേ
പൂവമ്മയ്‌ക്ക്‌".

പാലില്‍ പഞ്ചാരയിടാൻ
‍പാത്രമെടുക്കുമ്പോളെവിടെ-
യാണെങ്കിലും ഓടിയെത്തും
ഒന്നല്ല, രണ്ടു സ്‌പൂണാണു കണക്ക്‌:
"പഞ്ചാരതിന്നാലല്ലേ
പഞ്ചാരയുമ്മ തരാനാവൂ അമ്മേ".
പാലുകുടിക്കുന്ന
ഗ്ലാസിൻ ‍ചുവട്ടിൽ
‍ഒന്നോ രണ്ടോ കവിൾ
‍ബാക്കിവച്ച്‌ നീട്ടും
"പാലുകുടിച്ചാലേ വലുതാവൂ അമ്മേ".

വീഴുവാനായുമ്പോൾ
‍എടുക്കണമുമ്മകൊണ്ട്‌
അപ്പോളുതിരുന്ന ചിന്തുകൾ
‍മൂളുമിളംകൊഞ്ചലോടെ,
"ഒരുമ്മയാദ്യമേയമ്മയ്‌ക്ക്‌
അമ്മ വീഴാതെയിരിക്കുവാന്‍".

രാത്രിയിലെയുമ്മയ്‌ക്ക്‌
ഉറക്കത്തിലുമൊളിപ്പിക്കാ-
നാകാത്തയാ കള്ളച്ചിരി
കാണുമ്പോള്‍, കെട്ടിപ്പിടിച്ച്‌
ഒരായിരമുമ്മയാല്‍മൂടി-
യൊരമ്മക്കോഴിപോല്‍ ചിറകിനടിയിൽ
‍ചെമ്പരുന്തുകള്‍ കൊത്താതെ-
യെന്നുമൊളിപ്പിക്കാന്‍ വെമ്പും.

Saturday, August 09, 2008

ഒറ്റ

ഒരൊറ്റ മൊഴി-
യൊരൊറ്റ വഴി-
യൊരൊറ്റ നിറം,
നമുക്കൊരൊറ്റയിടം.

Monday, August 04, 2008

ഒരിക്കല്‍ കൂടി നീ... എന്നു തുടങ്ങുന്ന വരികൾ ശ്രീ സുരേഷ് കാഞ്ഞിരക്കാടിന്റെ സ്വരത്തിൽ.

ഒരിക്കല്‍ കൂടി നീ... എന്നു തുടങ്ങുന്ന വരികൾ ശ്രീ സുരേഷ് കാഞ്ഞിരക്കാടിന്റെ സ്വരത്തിൽ.


ഒരിക്കല്‍ കൂടി നീ അറിയൂ കൃഷ്ണേ
വേനല്‍ ചൂടായ് നിനക്കായ് ഉരുകി
പിടയും കരളിന്‍ തേങ്ങല്‍ക്കയങ്ങള്‍.

ഒരിക്കല്‍ കൂടി നീ പറയൂ കൃഷ്ണേ
നെഞ്ചോടു ചേര്‍ന്നെന്‍ കാതില്‍ പറയൂ
സ്നേഹമെന്നൊരു വാക്കു വീണ്ടും മൊഴിയൂ.

ഒരിക്കല്‍ കൂടി നീ അണയൂ കൃഷ്ണേ
അകലെ നിന്നരികില്‍‍ നീ വന്നണയൂ
മനസില്‍ നിറയെ വസന്തം പൊഴിക്കൂ.

ഒരിക്കല്‍ കൂടി നീ തഴുകൂ കൃഷ്ണേ
പീലി കണ്ണാല്‍ മൃദുവായ് തഴുകൂ
പൊഴിയും ഹിമമായ് എന്നെ പൊതിയൂ.




ഈ ഗാനത്തിന്റെ mp3 ഇവിടെന്നു ഡൗൺലോഡ് ചെയ്യാം.