Tuesday, August 31, 2010

“നന്ദി“ - സുഗതകുമാരി ടീച്ചറിന്റെ കവിത

2008 മാർച്ചിൽ വനിതാലോകത്തിനു വേണ്ടി ചെയ്ത പാതകം.



ഒരനുഭവത്തിൽ നിന്നും പഠിക്കാത്തവർക്ക് വേണ്ടി മാത്രം ഡൗൺലോഡ് ചെയ്യാൻ
Sugathakumari's-Nandi.mp3


ഡിസ്ക്ലൈമർ :- അവരവരുടെ സ്വന്തം റിസ്കിൽ വേണം കേൾക്കേണ്ടത്. ചെവി അടിച്ച് പോയെന്ന് പറഞ്ഞ് ആരും കണ്ണടവാങ്ങാൻ കാ‍ശ് ചോദിക്കരുത്. ലേബലിൽ ഓഡിയോ എന്ന് കൊടുത്തിരിക്കുന്നത് ഓടിയോ എന്ന് തിരുത്തി വായിക്കണം :P

Friday, August 27, 2010

ഇളം നീല നീല മുറിവിൽ...

ഇളം നീല നീല മുറിവില്‍...

Monday, August 23, 2010

ഇങ്ങനെയൊക്കെയല്ലേ ഒരാള്‍...

ഒരിടത്ത്
ഉണരല്ലേ ഉണരല്ലേ എന്നുരുകി
പ്രാര്‍ത്ഥിക്കുന്നത് കൊണ്ടും,
മറ്റൊരിടത്ത്
ഉണരണേ ഉണരണേ എന്നുരുകി
പ്രാര്‍ത്ഥിക്കുന്നത് കൊണ്ടുമാവണം,
എല്ലാ ദിനവുമുണര്‍ന്നു പോവുന്നത്.

മച്ചിലുറച്ച മിഴിയിലേക്ക്
വെയില്‍ കണ്ണുമിഴിച്ചപ്പോള്‍,
തലേന്ന് അടയ്ക്കാന്‍ മറന്ന
ജന്നല്‍ പാളിയിലൂടൊന്ന് പുറത്തേക്ക്
എത്തി നോക്കിയതേ ഉള്ളൂ....

അടിക്കാതെ കിടന്ന മുറ്റത്തെ
കരിയിലകള്‍ സംഘം ചേര്‍ന്ന്
പീണിക്കിളികളായി പറന്നു വന്ന്
കൊത്തിപ്പറന്നു പോയ്!

ഒന്നും കൊക്കിലൊതുക്കുവാനാവാതെ
ഉഴറി കഴിഞ്ഞിരുന്ന ഒരാള്‍
ഇന്നെത്ര കൊക്കുകളിലേറിയാണ്,
ഇന്നെത്ര ചിറകുകളിലേറിയാണ്,
ഇന്നെത്ര ഉയരങ്ങള്‍ താണ്ടിയാണ്,
പറന്നു പോകുന്നത്!

Tuesday, August 10, 2010

നിന്നെ ഞാനൊന്ന് ചിരിപ്പിച്ചോട്ടെ?

ഇപ്പോള്‍ സമയമെന്തായി? നീ ഇപ്പോള്‍ സങ്കടപ്പെടുകയാണ്. നീ സങ്കടക്കടലാകുമ്പോള്‍ മാത്രമാണ് മണിക്കുറുകള്‍ ഇരുപത്തിനാലു കഴിഞ്ഞാലും ദിനമൊന്ന് കൊഴിഞ്ഞ് വീഴാത്തത്. അല്ലാത്തപ്പോഴെല്ലാം ആഴ്ച്ചയോടാഴ്ച്ചയൊ മാസങ്ങളോ കൂടുമ്പൊള്ളൊരിക്കല്‍ ദിവസമൊന്ന് മടിച്ച് മടിച്ച് അകന്ന് പോയാലായി.

നിന്നെ ഞാനൊന്ന് ചിരിപ്പിച്ചോട്ടെ? ആള്‍ക്കുട്ടത്തിനിടയിലൂടെ ഭ്രാന്തുപിടിച്ചോടുന്ന എന്നെ അന്ന് നീയാണ് തിരിച്ചറിഞ്ഞത്. നിന്നെ തിരഞ്ഞാണ് ഞാന്‍ ഓടുന്നതെന്ന തിരിച്ചറിവുണ്ടായതും അപ്പോള്‍ മാത്രമാണ്.

അത് നീ തന്നെ ആയിരുന്നോ എന്നോ? അതെ നീ തന്നെയായിരുന്നു. നിന്റെ കണ്ണുകളിലേക്ക് നോക്കുവാനെനിക്ക് ഭയമായിരുന്നു. ആ കൃഷ്ണമണികളില്‍ തെളിഞ്ഞ ഇണചേരുന്ന നാഗങ്ങള്‍ എന്റെ കണ്ണുകളിലേക്ക് വിഷം ചീറ്റിയിരുന്നു, അവയുടെ ശീല്‍ക്കാരം എന്റെ കാതുകളെ കുത്തി പൊട്ടിച്ചിരുന്നു. എന്റെ നാവുരണ്ടായ് പിളര്‍ത്തി അവയെന്നെ ചിതല്‍പ്പുറ്റുകള്‍ക്കുളിലേക്കെറിഞ്ഞു. പച്ചിച്ച നാഡീഞരമ്പുകളെല്ലാം നീലിച്ച് നീലിച്ചും, കണ്ണുകളില്‍ അവ തന്ന നിഴലിന്റെ കാളിമയില്‍ പേടിച്ച് ഇമവെട്ടാനാവാതെ തണുത്തുറഞ്ഞും പോയൊരെന്നെ എടുത്തുമാറ്റുവാന്‍ കഴിയാതെ ആരോ അന്ന് അറുത്തു മാറ്റിയിരുന്നു. അറക്കവാളിന്റെ ചൂടില്‍ മാംസം മഞ്ഞു പോലുരുക്കുന്ന മണത്തിന്റെ ഉന്മാദത്തില്‍ നീ.

നീ ഇപ്പോള്‍ ചിരിക്കുകയാണോ? ഭയന്ന് വിറങ്ങലിച്ച് ചുരുണ്ടു പോയൊരെന്ന അറുത്തെറിയപ്പെടുന്നത് മുന്നില്‍ കണ്ട്, രാവിന്റെ കാളിമയൂറ്റിക്കുടിച്ച്, ആര്‍ത്താര്‍ത്ത് ചിരിക്കുകയാണോ. ഞാനിങ്ങിനെ ചിതറിയ തുണ്ടുകളായിവിടെ, ഇനി എങ്ങോട്ടോടുവാനാണ്. സമയവും പോകുന്നതേയിലല്ലോ, അതെ നീ ഇപ്പോള്‍ ചിരിക്കുകയാണ്!

Thursday, August 05, 2010

ഇലച്ചിറകുകള്‍

പഴുത്തു പോയൊരു പച്ചേ,
നീരു വലിഞ്ഞുപോയൊരു മഞ്ഞേ,
അടര്‍ന്നു വീഴുമ്പോഴാണ്
നിനക്ക് ചിറക് മുളയ്ക്കുന്നതും
പറക്കമുറ്റുന്നതും,
പറക്കല്‍ കീഴെക്കാണെങ്കിലും!

Sunday, August 01, 2010

‘നിണമെഴുതിയത്‘ ചൊൽകവിതകളിൽ

2007 ഡിസംബറില്‍ എഴുതുകയും, 2008 മാര്‍ച്ചില്‍ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്നതുമായ ‘നിണമെഴുതിയത്’ എന്ന കവിത ചൊല്‍കവിതകളില്‍ നാടകക്കാരന്റെ ശബ്ദ്ധത്തില്‍ കേള്‍ക്കാം.


നിണമെഴുതിയത്
---------------------

ഓരോ രാത്രിയുമിതള്‍കൊഴിയുമ്പോള്‍
നിന്റെ കള്ളങ്ങളെന്നെ ജയിക്കും.

താഴ്‌വാരത്തിലേക്കെന്നു പറഞ്ഞാ-
നയിച്ചതെന്നെ കുന്നിന്‍മുകളിലെ
കുരുതിക്കല്ലിലേക്കെന്നറിഞ്ഞിട്ടും,
കൂടെവന്നത്‌ നിന്റെ വാള്‍ത്തലപ്പിന്റെ
പളപളപ്പെന്റെകണ്ണില്‍
ഇരുട്ടുപടര്‍ത്തിയതിനാലല്ല.

എന്റെ കുരുതിക്കുശേഷവും
കള്ളംകൊണ്ടുനീ
ചുമന്ന കളമെഴുതണം.
പിന്നെ നിന്റെയാ കണ്ണില്‍ത്തെറിച്ച
ചോരയെന്റെ കണ്ണുനീരാല്‍ കഴുകണം.

ഇല്ലെങ്കില്‍, കളത്തിനുപിന്നില്‍
പിടയുന്ന ഉടല്‍, അറുത്തുമാറ്റപ്പെട്ട
ശിരസ്സിനോട്‌ പിടഞ്ഞുചേരുന്നത്‌
നിനക്കു കാണുവാനായെന്നുവരില്ല.

ഈ ജന്മത്തിലെ മുറിവുകള്‍ക്ക്‌
ക്ഷമിക്കാനും പൊറുക്കാനുംകഴിഞ്ഞത്‌
ഇനി അടുത്ത ജന്മത്തിലായെന്നും വരില്ല.


Ninamezhuthiyathu.mp3