Monday, March 24, 2008

കാഴ്‌ച, പാളംതെറ്റാതെ..

പാളംതെറ്റുമെന്ന്‌ മനസ്സ്‌
ഉറപ്പിച്ചുപറഞ്ഞ തീവണ്ടിയില്‍
ഭയന്നുതന്നെയാണ്‌ കയറിയത്‌.

മൂന്നാം ക്ലാസ്സിലെ തിരക്കിനിടയിലും
മറന്നില്ല, അപായച്ചങ്ങലയില്‍
കണ്ണുകളുടക്കിവയ്‌ക്കാന്‍..

ഒരാവശ്യമെപ്പോളെന്നറിയില്ലല്ലോ.

മനസ്സിലെ വ്യാകുലതകള്‍
തീവണ്ടിയിലെ കുലുക്കം
വിഴുങ്ങിയെന്നോര്‍ത്തതു മണ്ടത്തരം.

പാളംതെറ്റുമ്പോഴും
അപായച്ചങ്ങലയില്‍ കണ്ണുറപ്പിച്ച്‌
പ്രതിമകണക്കെ നിന്നത്‌
അതിലേറെ മണ്ടത്തരം.

സഹയാത്രികര്‍ രക്ഷപ്പെടുന്നതു
കണ്ടിട്ടെങ്കിലും വിവേകമുദിക്കാത്തത്‌,
ചുറ്റുമുള്ള സൂചനകള്‍ തിരിച്ചറിയാഞ്ഞത്‌..
ഒക്കെയും അതിലുമേറെ മണ്ടത്തരം.

ശ്രദ്ധമുഴുവന്‍ അപായച്ചങ്ങലയില്‍
ആയിരുന്നിട്ടും എന്തേ അതൊന്നു
വലിച്ചില്ല..!, വലിക്കാന്‍ തോന്നിയില്ല!

എന്തിനു വെറുതേയതില്‍
കണ്ണുംനട്ടുനിന്നു?

Wednesday, March 19, 2008

...വെളിച്ചംവരെ


ഫോട്ടൊ വി.ആര്‍. ഹരിപ്രസാദ്
ചുറ്റും ഇരുട്ടെന്നു
പറഞ്ഞപ്പോള്‍
‍അന്ധന്‍ വഴിവിളക്കു
കാണിച്ചുതന്നു,
മിന്നാമിന്നികള്‍
‍ഉണ്ടെന്നു പറഞ്ഞുതന്നു.

കൊള്ളിയാന്‍ ആകാശം
വെള്ളിനൂലിട്ടുതരുന്നതാണെന്നും,
അതില്‍പ്പിടിച്ച്‌
മേഘപാളികളിലേക്ക്‌
പോകാമെന്നും പറഞ്ഞത്‌
ഞാന്‍ കേട്ടിരുന്നു.

ഒടുവില്‍ നിന്റെ സ്വരം
നേര്‍ത്തുനേര്‍ത്ത്‌
ഇരുട്ടിലലിഞ്ഞുപോയി,
ചുറ്റും മിന്നാമിനുങ്ങുകള്‍
‍പ്രകാശവലയം തീര്‍ത്തു.

Tuesday, March 11, 2008

നിണമെഴുതിയത്‌










ഫോട്ടൊ കടപ്പാട് കെ.ആര്‍. രഞ്ജിത്ത്

ഓരോ രാത്രിയുമിതള്‍കൊഴിയുമ്പോള്‍
നിന്റെ കള്ളങ്ങളെന്നെ ജയിക്കും.

താഴ്‌വാരത്തിലേക്കെന്നു പറഞ്ഞാ-
നയിച്ചതെന്നെ കുന്നിന്‍മുകളിലെ
കുരുതിക്കല്ലിലേക്കെന്നറിഞ്ഞിട്ടും,
കൂടെവന്നത്‌ നിന്റെ വാള്‍ത്തലപ്പിന്റെ
പളപളപ്പെന്റെകണ്ണില്‍
ഇരുട്ടുപടര്‍ത്തിയതിനാലല്ല.

എന്റെ കുരുതിക്കുശേഷവും
കള്ളംകൊണ്ടുനീ
ചുമന്ന കളമെഴുതണം.
പിന്നെ നിന്റെയാ കണ്ണില്‍ത്തെറിച്ച
ചോരയെന്റെ കണ്ണുനീരാല്‍ കഴുകണം.

ഇല്ലെങ്കില്‍, കളത്തിനുപിന്നില്‍
പിടയുന്ന ഉടല്‍, അറുത്തുമാറ്റപ്പെട്ട
ശിരസ്സിനോട്‌ പിടഞ്ഞുചേരുന്നത്‌
നിനക്കു കാണുവാനായെന്നുവരില്ല.

ഈ ജന്മത്തിലെ മുറിവുകള്‍ക്ക്‌
ക്ഷമിക്കാനും പൊറുക്കാനുംകഴിഞ്ഞത്‌
ഇനി അടുത്ത ജന്മത്തിലായെന്നും വരില്ല.


ഈ കവിതയെ കുറിച്ചുള്ള പഠനവും, കവിത ചൊല്ലിയതും --->ഇവിടെ <---

Friday, March 07, 2008

ന്യൂസ്‌ അവര്‍

നഗരത്തില്‍ ഇന്ന് അരങ്ങേറിയ
മനുഷ്യച്ചങ്ങലയില്‍
മഴവില്ലു തെളിഞ്ഞു.

പ്രതിനിധീ, എന്താണ്‌ വിശദാംശങ്ങള്‍?

മഴവില്ലു കണ്ടുവെന്നത്‌ ശരിയാണ്‌.
നാനാജാതി മതസ്ഥരായ
സ്‌ത്രീകളും പുരുഷന്മാരും
കുട്ടികളും ഒത്തുകൂടിയപ്പോള്‍
‍വിരിഞ്ഞ മഴവില്ലോ!

അവര്‍ കൈകോര്‍ത്തുപിടിച്ചപ്പോള്‍
‍ഓരോരുത്തരുടെയും
തൊലിയുടെ നിറം തീര്‍ത്ത മഴവില്ലോ!


കാടുകയറിയ ചിന്തകള്‍,
മഞ്ഞപ്പിത്തംപിടിച്ച കണ്ണുകള്‍,
കുടിലതയുടെ വേരുകളാഴ്‌ന്ന മുറിപ്പാടുകള്‍..
ഇവയുടെ നിറങ്ങള്‍ മേളിച്ച മഴവില്ലോ!

എന്താണെന്നറിയില്ല,
നഗരത്തില്‍ അരങ്ങേറിയ
മനുഷ്യച്ചങ്ങലയില്‍
‍മഴവില്ലു കണ്ടുവെന്ന്
സ്ഥിരീകരിച്ചിട്ടുണ്ട്‌.

നന്ദി, കൂടുതല്‍ വിവരങ്ങള്‍ക്കു
വീണ്ടും വിളിക്കാം.
ഇടവേളയ്ക്ക് ശേഷം
വാര്‍ത്തകള്‍ തുടരും...

Thursday, March 06, 2008

‘അടി‘ക്കുറിപ്പുകള്‍ ക്ഷണിക്കുന്നു...


Sunday, March 02, 2008

സ്വപ്നശലഭത്തിനു അച്ചടിമഷി പുരണ്ടപ്പോള്‍...


മാര്‍ച്ച് ലക്കം കലാകൌമുദി കഥ മാഗസിനില്‍ അച്ചടിച്ച് വന്ന, സ്വപ്നശലഭം എന്ന പേരില്‍ ബ്ലോഗില്‍ ഇട്ടിരുന്ന ചെറുകഥ, നിങ്ങളേവരുമായി പങ്കുവയ്ക്കുന്നു.