ചിത്രത്തിനു കടപ്പാട് അജീഷ്
നെഞ്ചിന്‍കൂടു വലിച്ചു തുറന്നു
ഹൃദയത്തിന്റെ നാലറകളിലേതി-
ലെങ്കിലുമൊന്നില്‍, ഉത്തരം തേടി
മടുത്ത ചില സമസ്യകള്‍ക്ക്
ഉത്തരമുണ്ടോയെന്നു തിരയുവാനും,
തലവെട്ടിപൊളിച്ച് അതിനുള്ളില്‍
ചുരുണ്ടു കൂടിയിരിക്കുന്ന മസ്തിഷ്കത്തിന്റെ
രഹസ്യങ്ങളെന്തൊക്കെയെന്നു
ചുരുള്‍ വിടര്‍ത്തി നോക്കുവാനും,
ഇരു കണ്ണുകളിലൊന്നു മുളങ്കമ്പാല്‍
കുത്തിയെടുത്ത്, കാണുന്നതെല്ലാം
ചാരവര്‍ണ്ണമായതെങ്ങിനെയെന്നു
മറുകണ്ണു കൊണ്ടു തിരയുവാനും,
ഇരു ചെവിയിലുമീയമിരുക്കിയൊഴിച്ചു
പിന്നെയത് ഇളക്കി മാറ്റി, കേള്‍വിയുടെ
ഏറ്റക്കുറച്ചിലുകളൊന്നുകൂടെ
പരിശോധിച്ച് നോക്കുവാനും,
അറുത്തെടുത്ത നാവിന്‍ തുമ്പില്‍
അക്ഷരങ്ങളോരോന്നായ് നാരായത്താ-
ലെഴുതിച്ചേര്‍ത്ത് വീണ്ടുമതിനെ
സംസാരിപ്പിക്കണമെന്നു തോന്നുന്നതും,
ചില നേരങ്ങളില്‍ കടന്നു വരുന്ന
ചില തോന്നലുകളില്‍, ചിലത് മാത്രമാണ്.
Thursday, December 27, 2007
തോന്നലുകള്‍
Friday, December 14, 2007
അക്വേറിയം
വിശക്കുന്നുണ്ട്,
ചില്ലുകൂട്ടിലെയരഭാഗം
നിറഞ്ഞ വെള്ളത്തില്‍
നീന്തി തുടിയ്ക്കുന്ന
സ്വര്‍ണ്ണ മീന്‍കുഞ്ഞുങ്ങള്‍ക്ക്.
ചോദിക്കുന്നുണ്ട്,
ചെകിളകളുയര്‍ത്തി
ചില്ലില്‍ ചുണ്ടുകൊണ്ടിടിച്ച്
സ്വര്‍ണ്ണ ചിറകുകള്‍ വീശി
കഴിക്കാനെന്തെങ്കിലുമെന്ന്.
അലറുന്നുണ്ട്,
കൊത്തി നുറുക്കികൊടുക്കുവാന്‍
ഏറെയില്ലെയിനിയും നിന്റെ
സ്വപ്നങ്ങളെന്ന് ഉച്ചത്തില്‍
ആരോ ഉള്ളില്‍.
പിടയുന്നുണ്ട്,
നുറുക്കുമ്പോള്‍ തെറിച്ച
സ്വപ്നശകലങ്ങളും, കവിള്‍
ചുട്ടു പൊള്ളിച്ച് ചാലുകീറിയ
ഉപ്പുനീരും വീണെവിടൊക്കയോ.
ചിരിയ്ക്കുന്നുണ്ട്,
കൊത്തി വിഴുങ്ങിയെല്ലാ-
മുള്ളിലാക്കി, നീന്തി തുടിച്ച്
ഇനി നിന്നെയിട്ടു തരൂയെന്ന
ഭാവത്തിലവരുടെ കണ്ണുകള്‍.
നുറുക്കുവാനുണ്ട്,
വിശിഷ്ടഭോജ്യമായ്
കൊടുത്തിടാനെന്നെ
തന്നെയിനിയെന്റെ
സ്വര്‍ണ്ണ മീന്‍കുഞ്ഞുങ്ങള്‍ക്ക്.
Wednesday, December 12, 2007
മൗനം
ചിറകടിച്ചകലുന്ന
നേരവും നോക്കിയെന്‍
ചിന്തകളടയിരുന്നു
ചൂടേകിവിരിയിച്ച
പ്രിയ മൗനമേ...
പറക്കമുറ്റിയിട്ടും
പറന്നകലുവാനാവാതെ,
ചിറകടിച്ചു തളരുന്നു
നീയെന്റെ മനസിന്റെ
കൂരിരുള്‍ കൂട്ടിനുള്ളില്‍.
Thursday, December 06, 2007
തുടര്‍ക്കഥ
നിഴലേ, നീയെന്റെ മുന്നിലും
പിന്നിലുമൊക്കെയൊളിച്ചു
കളിച്ചിരുന്നത് വെളിച്ചത്തെ
ഭയന്നിട്ടെന്നായിരുന്നു
ഞാന്‍ ധരിച്ചു വച്ചിരുന്നത്.
വെട്ടമില്ലാത്തിടങ്ങളില്‍
പാത്തും പതുങ്ങിയുമിരുന്നു
എന്തിനാണ് നിന്നെ ഇരുട്ട്
ജീവനോടെ വിഴുങ്ങുന്നത്,
അതോ കൊന്നിട്ടോ?
ആരെ പേടിച്ചിട്ടാണ്,
എന്ത് ഭയന്നിട്ടാണ്,
വെട്ടം വരുമ്പോള്‍
നിന്നെ തിരിച്ച് തുപ്പുന്നതും
നീ പിടഞ്ഞുയിര്‍ക്കുന്നതും?
നമുക്കും ഇരുളിനുമറിയാ-
മിതൊരു തുടര്‍ക്കഥയാണെന്ന്.
നാമായിരങ്ങളില്‍ ഒന്നു മാത്രമെന്ന്.
ഇതൊടുങ്ങുന്നത്
നാമൊടുങ്ങുമ്പോഴാണെന്നും.
അപ്പോഴുമിരുട്ടിനു ഇരകള്‍ക്ക് ക്ഷാമമില്ല.
Thursday, November 29, 2007
പ്ലസീബോ
മരുന്നേറ്റു!
പാര്‍ശ്വഫലങ്ങള്‍
ഒന്നുമേയുണ്ടായില്ല!
അവിശ്വസനീയം,
രോഗലക്ഷണവും
രോഗവും
രോഗനിര്‍ണ്ണയത്തിനു
മുന്നേയുണ്ടായിരുന്ന
ലക്ഷണവുമൊക്കെ
പമ്പ കടന്നു!
ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്
'പ്ലസീബോ*'യായാലെന്ത്?
ഇനിയിതു കണ്ണുകടി-
യസൂയയഹങ്കാരം
പിന്നെയിനിയും
കണ്ടുപിടിയ്ക്കാത്ത
മറ്റു ചിലയസുഖ-
മിത്യാദികള്‍ക്ക്
നിന്നിലുമെന്നിലു-
മൊക്കെയൊന്നു പരീക്ഷിച്ചു
നോക്കിയാലെന്ത്?
പ്ലസീബോ* :- മരുന്നെന്ന പേരില്‍ നല്‍കുന്ന മരുന്നല്ലാത്ത വസ്‌തു.
പ്ലേസീബോയെപ്പറ്റി കൂടുതല്‍ അറിയാന്‍ ഇവിടെ നോക്കുക.
Sunday, November 25, 2007
അസ്തമയം
കടല്‍തീരത്ത് തിരകളുമെണ്ണിയിരിക്കുമ്പോള്‍, അസ്തമയമെന്നാല്‍ ഫ്ലാറ്റിലെ കാറ്റു പോലും കടക്കാതെയടച്ചിട്ടിരുന്ന ജനാലയുടെ ഗ്ലാസില്‍വൈകുന്നേരങ്ങളില്‍ പടരുന്ന ഓറഞ്ച് നിറമാണെന്നു ധരിച്ചിരുന്ന ബാല്യമായിരുന്നു ഓര്‍മ്മകളില്‍.
കലപില ശബ്ദത്താല്‍ മുഖരിതമായ കടല്‍പ്പുറം. ഒറ്റയായും കൂട്ടമായുമെല്ലാം നടന്നു നീങ്ങുന്നവര്‍. ബലൂണും, ഐസ്ക്രീമും, കടലയും വില്‍ക്കുന്നവര്‍ക്ക് ചുറ്റിലും വട്ടമിട്ടു നില്‍ക്കുന്നയാളുകള്‍. കനകാംബരപ്പൂക്കള്‍ വില്‍ക്കാന്‍ നടക്കുന്ന തമിഴ് പെണ്‍കുട്ടി അടുത്തു വന്നൊന്നറച്ചുനിന്നു. കാലം കുറെയായി കനകാംബരപ്പൂക്കള്‍ കണ്ടിട്ട്, നല്ല ഭംഗിയായി അടുക്കി കെട്ടിരിക്കുന്ന പൂക്കള്‍, എന്നിട്ടും വേണ്ടെന്നു മെല്ലെ തലയാട്ടി. ഒരിക്കല്‍ക്കൂടി പ്രതീക്ഷയോടെ നോക്കിയിട്ടവള്‍ നടന്നകന്നു.
അസ്തമയം തുടങ്ങാറായി, സുഖപ്രദമായൊരിളം ചൂടുള്ള കാറ്റ് കടലിന്റെ ഗന്ധവും പേറി വന്ന് ആശ്ലേഷിച്ച് കടന്നു പോയി. മനസില്‍ നേര്‍ത്ത സംഭ്രമം...ഹൃദയമിടിപ്പ് ക്ഷണനേരത്തേക്ക് നിലച്ച് പുന:സ്ഥാപിച്ചതു പോലെ. ആകാശത്ത് നിറപ്പകര്‍ച്ചയുടെ കാഠിന്യമേറിവരുന്നു. കോപാഗ്നിയായി ജ്വലിക്കുന്ന സൂര്യന്‍, വെണ്മേഘങ്ങളുടെ ചിറകുകളില്‍ സ്വരലയം പോലെ പടര്‍ത്തുന്ന ജ്വാലകള്‍. പിന്നെ ഭാവമയമായി മെല്ലെയെരിഞ്ഞടങ്ങി കടലിന്റെ മടിത്തട്ടിലേക്ക്.
അസ്തമയവും കണ്ട് ആളുകള്‍ മടങ്ങാന്‍ തുടങ്ങുന്ന മാത്രയില്‍ എവിടെനിന്നെന്നറിയാത്തെ ഒരശരീരി മുഴങ്ങി. "വിടരുതവനെ, പകലിനെ കൊന്നിട്ടവന്‍ കടലിലൊളിയ്ക്കുന്നു, ആകാശത്ത് ചോരചീന്തിച്ചിട്ട് എല്ലവരും നോക്കിനില്‍ക്കേയവന്‍ ചോരക്കറ കടലില്‍ കഴുകി ഒളിവില്‍ പോയതു കണ്ടില്ലേ...?"
സാമാന്യബോധം പോലുമില്ലാത്ത മനുഷ്യരെന്നു മനസിലോര്‍ക്കുമ്പോള്‍, ചിലര്‍ പരസ്പരം തുറിച്ച് നോക്കിയെന്തൊക്കെയോ പിറുപിറുക്കുന്നു, മറ്റുചിലര്‍ കേട്ടപാതി കേള്‍ക്കാത്ത പാതി കടലിലേക്കെടുത്തു ചാടുന്നു, ആര്‍ത്തലയ്ക്കുന്ന തിരയിലേക്ക്. "എനിയ്ക്ക് നീന്തലറിയില്ല നിന്റെ കൈപിടിച്ച് ഞാനും ഇറങ്ങട്ടെ തിരയിലേക്ക്?", ആരുടെയോ ഒച്ച. നീന്തലറിയാവുന്നവന്റെ കൈപിടിച്ചാല്‍ മതിയെന്ന വ്യര്‍ത്ഥമായ ചിന്തയാവും.
സൈറനിട്ടു വരുന്ന പോലീസും രക്ഷാസന്നാഹങ്ങളും. ഇരുട്ട് പടര്‍ന്നതിനാല്‍ പുലരും വരെ ഒന്നും ചെയ്യുവാനില്ലെന്നു പറഞ്ഞു സുര്യനുദിക്കുന്നതും കാത്തവരിരുന്നു. കടലിലിറങ്ങിയ നിഴലുകളെയാദ്യം ഇരുള്‍ വിഴുങ്ങി, പിന്നെ തിര വിഴുങ്ങി...ശേഷം ഓരോരുത്തരായി കടലമ്മയുടെ ഗര്‍ഭപാത്രത്തില്‍ അഭയംപ്രാപിച്ചു. ഇനി മൂന്നാം പക്കം കടലമ്മയ്ക്ക് പേറ്റുനോവു തുടങ്ങും. എത്രയാറ്റുനോറ്റിരുന്നാലും പിറക്കുന്നതെല്ലാം ഒരു പക്ഷേ ചാപിള്ളയായിരിക്കും.
Tuesday, November 20, 2007
എന്തിനാണ്.
എന്തിനാണ് ചില കൊന്നമരങ്ങള്‍
ഋതു തെറ്റി പൂക്കുന്നത്?
നിറയെപ്പൂവിട്ടിട്ടും കായ്ക്കാതെ
മാമ്പൂക്കള്‍ കൊഴിയുന്നത്?
ദേശാടനപക്ഷികള്‍
ദിശമാറിപ്പറക്കുന്നത്?
കാര്‍മേഘങ്ങള്‍
പെയ്യാതെയൊഴിയുന്നത്?
മേഘാവൃതമല്ലാത്തയാകാശം
പേമാരി ചൊരിയുന്നത്?
എന്തിനാണിതെല്ലാം കണ്ടിട്ടേതോ
മിഴികള്‍ നിറഞ്ഞൊഴുകുന്നത്?
Friday, November 16, 2007
ദിവസം
ജനാലയിലൂടെ
അരിച്ചിറങ്ങുന്ന
നേര്‍ത്ത രശ്മികള്‍,
ഒരു കപ്പു ചായ,
ഒന്നു രണ്ടുമണിക്കൂറ-
ടുക്കളയിലെ
ഓട്ടപ്രദക്ഷിണം.
അമ്മേയെന്നുച്ചത്തില്‍
കേള്‍ക്കുന്ന വിളികള്‍,
പരിഭവം പറച്ചിലുകള്‍,
കരച്ചിലുകള്‍,
വിരല്‍ തുമ്പിനാ-
യുള്ളയടികള്‍,
ആഹാരം കഴിപ്പിക്കാ-
നായിട്ടോടിച്ചിട്ടു പിടിത്തം.
ഇടയ്ക്കെപ്പൊഴൊ
ഇ-പത്രം
നോക്കിയറിയുന്ന
വാര്‍ത്തകള്‍,
ഇ-മെയിലിലും
ചാറ്റിലുമെത്തി
പുതുക്കുന്ന
ദീര്‍ഘകാലത്തെ
സൌഹൃദങ്ങള്‍.
ജാലകത്തിനപ്പുറം
ഇലകൊഴിഞ്ഞ-
സ്ഥിപഞ്ചരമായി
നില്‍ക്കുന്ന മരങ്ങള്‍.
കരള്‍ ഉറയ്ക്കുന്ന
തണുപ്പും പേറി-
യെത്തുന്ന കാറ്റ്,
പിന്നെ ഹിമ വര്‍ഷം.
വീണ്ടും പരക്കുന്ന വെയില്‍.
സൈറനിട്ടു പായുന്ന-
യാമ്പുലന്‍സിന്റെയൊച്ച.
ഉച്ചയ്ക്ക് അയല്‍ക്കാരി-
യവരുടെ നിഗൂഢമൌനം
മുറിച്ചനേകായിരം
ചോദ്യങ്ങളെയ്തവയ്ക്ക്
തൊണ്ടയില്‍ കുടുങ്ങി
പോയ ഉത്തരങ്ങള്‍.
അവരുമായടിയന്തിരാവസ്ഥ
പ്രഖ്യാപിക്കണമെന്നു
മനസിലോര്‍ത്തു
വീണ്ടും കാണാമെന്നു
പറഞ്ഞു പിരിഞ്ഞത്.
സായാഹ്ന
സവാരിയ്ക്കിടയില്‍
കണ്ടുമുട്ടിയ
ഭാവപ്പകര്‍ച്ചയില്ലാത്ത
മുഖങ്ങള്‍ക്കിടയില്‍
മറ്റൊരു മുഖമാ-
യലിഞ്ഞു ചേരല്‍.
തിരിച്ചു വരുംവഴി-
അര നിലാവിനുവേണ്ടി
വഴിയോരങ്ങളില്‍
തിരയുന്ന കണ്ണുകള്‍.
മഞ്ഞു പൊഴിയുന്ന
രാത്രിയില്‍
ഒട്ടുമലസമല്ലാതെ
പോയൊരു ദിനവു-
മോര്‍ത്തലസമായ്
മയക്കത്തിലേയ്ക്ക്
വഴുതി വീഴുന്നത്.
Wednesday, November 14, 2007
അസ്ഥികൂടങ്ങള്‍
മസ്തിഷ്കത്തില്‍
വിഷം കുത്തിവയ്ച്ച്,
ഞരമ്പുകള്‍ മുറിച്ച്
രക്തമൂറ്റിയളന്നു മാറ്റി,
തൊലിയുരിഞ്ഞു
മാംസമടര്‍ത്തി
തൂക്കി മാറ്റി,
നഗ്നരാക്കപ്പെട്ട
അസ്ഥികൂടങ്ങള്‍,
ഇരു കൈയാല്‍ മുഖം
മറച്ച് കൂനിപ്പിടിച്ചിരിക്കുന്നു.
Thursday, November 08, 2007
യാത്ര
യാത്ര തുടങ്ങുമ്പോള്‍ മുന്നില്‍ നീണ്ടു കിടക്കുന്ന റോഡ് മനസ്സിലൊരു ചോദ്യചിഹ്നം സൃഷ്ടിച്ചു. മനസ്സു തന്നെയതിനൊരു ഉത്തരവും കണ്ടെത്തി. ഭൂമിയുരുണ്ടതു കൊണ്ടാവാം ഓരോ യാത്രയും തുടങ്ങിയിടത്തു തന്നെ എപ്പോഴും ചെന്ന് അവസാനിക്കുന്നത്. പരന്നതായിരുന്നെങ്കില്‍ ഇതുവരെ പിന്നിട്ട ദൂരമെങ്കിലും മനസ്സില്‍ അളന്നു കുറിയ്ക്കാമായിരുന്നു, വെറുതെ ഒരു കണക്കെടുപ്പ്.
ഹൈവേയുടെ സൈഡില്‍ 75 m/hr എന്നു എഴുതിയിരിക്കുന്നത് കണ്ടപ്പോഴാണു സ്പീഡോമീറ്റര്‍ 80 കഴിഞ്ഞു എന്നു ബോധ്യം വന്നത്, ഉടനെ കാര്‍ ക്രൂസിലിട്ട് കാലുരണ്ടും മടക്കി സീറ്റില്‍ കയറ്റി വയ്ച്ചു. എം.പി.ത്രീ പ്ല്യയറില്‍ നിന്നും ഒഴുകി വരുന്ന സംഗീതം മുഷിച്ചില്‍ മാത്രമാണു സമ്മാനിച്ചത്. ഒരു പക്ഷേ ഇത് നേതന്‍ സമ്മാനിച്ച സി.ഡിയായതു കൊണ്ടാവാം, ഇന്നലെ വരെ എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങളായിരുന്നിവ. ഇനി ഇതൊന്നും കേള്‍ക്കണ്ട, അയാളുടെ മുഖമോ പേരോ ഓര്‍ക്കണ്ട. ഓര്‍മ്മകള്‍ക്ക് അള്‍സൈമെഴ്സ് പിടിപ്പെട്ടിരുന്നെങ്കില്‍ എന്ന് വല്ലാതെ ആഗ്രഹിച്ചു പോയി.
എപ്പോഴാണ് വലത്തെ കാല്‍ ആക്സിലറേറ്ററിലേക്ക് നീണ്ടതെന്ന് ഓര്‍ക്കുന്നില്ല, ഹൈവേയിലേ 75 m/hr എന്ന ബോര്‍ഡുകള്‍ പലവട്ടം കടന്നു പോയിട്ടും ആക്സിലറേറ്ററില്‍ നിന്നും കാലെടുത്തിരുന്നില്ല, ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ പല വാഹനങ്ങളും ഹോണ്‍ അടിച്ചത് ശ്രദ്ധിച്ചതേയില്ല. എവിടെയാണെന്നോ, എന്താണെന്നോ ഒരു ബോധവും ഇല്ലാത്ത മനസില്‍ നുരഞ്ഞു പൊന്തുന്ന ഓര്‍മ്മകളെ കൊല്ലാനുള്ള പാഴ്ശ്രമമായിരുന്നിരിക്കാം...സ്പീഡോമീറ്ററിലെ സൂചിയിനിയെങ്ങോട്ടു പോകണമെന്നറിയാതെ വിറച്ചിരിക്കാം....
അപ്പോഴും മനസില്‍ നേതന്റെ ചിത്രം തികട്ടിവന്നു. ചോദ്യങ്ങള്‍ക്ക് മറുപടിയായി മുഖത്ത് കണ്ണുകളുറയ്പ്പിക്കാതെ, തെളിവുകള്‍ നിരത്തിയിട്ടും സത്യം നിഷേധിക്കുന്ന നേതന്റെ മുഖമായിരുന്നു വീണ്ടും തെളിയുന്നത്. തിരിച്ച് അര്‍ത്ഥമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിച്ചുകൊണ്ട് അവന്‍ പുലമ്പുന്ന സ്വരം, ഒടുവില്‍ എപ്പോഴൊ "നീയൊരിക്കലും ഗുണം പിടിയ്ക്കില്ല" എന്ന അലര്‍ച്ചയും. അതെ, ആ അലര്‍ച്ച മുന്‍പും കേട്ടിട്ടുണ്ട്, എട്ട് വയസുള്ളപ്പോള്‍ ബോര്‍ഡില്‍ എഴുതിയിട്ട കണക്കിലെ തെറ്റു ചൂണ്ടി കാണിച്ചതിനു രാജലക്ഷ്മി ടീച്ചര്‍ "നീയൊരിക്കലും ഗുണം പിടിയ്ക്കില്ല" എന്നു ശപിച്ച നിമിഷം. അന്നു മുതല്‍ ഓര്‍ത്തതാണ്, ഇനി എനിയ്ക്ക് ഗുണം പിടിയ്ക്കണ്ടാ എന്ന്.
പെട്ടെന്ന് കാതടയ്പ്പിക്കുന്ന ഒരു ശബ്ദം, ബലൂണ്‍ പോലെ വീര്‍ത്തു വരുന്ന എയര്‍ബാഗുകള്‍, ശരീരഭാഗങ്ങള്‍ ചതഞ്ഞൊടിഞ്ഞു നുറുങ്ങുന്ന വേദന, ഒന്നും കാണാന്‍ ആകുന്നില്ല, ശരീരത്തില്‍ വേദനയേക്കള്‍ എന്തോ ഭാരം അടിയ്ക്കടി കൂട്ടിവയ്ക്കും പോലെ, കൈകാലുകള്‍ കുടഞ്ഞ് എറിയാന്‍ തോന്നുന്നു...പക്ഷേ അനക്കാന്‍ പറ്റുന്നില്ല...കഴുത്തിനു മുകളില്‍ ഒന്നും ഇല്ലാത്തത് പോലെ...ഒടുവില്‍ എല്ലാം ഒരു പഞ്ഞിക്കെട്ടുപോലെ അകലേയ്ക്ക് പറന്ന് പറന്ന്...
Wednesday, November 07, 2007
വിശ്വാസം
കറുപ്പും വെളുപ്പുമെന്റെ കണ്ണുകളുടെ നിറം മാത്രമാണ്, ജനനം മുതല്‍ ഇന്നു വരെ, ഒരു പക്ഷേ മരണം വരെയും. ഈ കണ്ണുകള്‍ കൊണ്ട് ഞാന്‍ കാണുന്നത് മാത്രമാണ് മഞ്ഞ. ഇപ്പോള്‍ നിങ്ങള്‍ പച്ച വെള്ളം കാണിച്ചാല്‍ ഞാന്‍ അതില്‍ പച്ചയെവിടെയെന്നു ചോദിക്കും. എന്നാല്‍ ചെമ്പകം കാണിച്ചിട്ട് എന്നോടു ചെമ്പരത്തി എന്നു പറയൂ, ഞാന്‍ വിശ്വസിക്കും, കാരണം ഞാന്‍ "ചെമ്പ" എന്നു മാത്രമായിരിക്കും കേള്‍ക്കുന്നത്.
അപ്പോള്‍ കാണുന്നതാണോ, കേള്‍ക്കുന്നതാണോ വിശ്വസിക്കുന്നത് എന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ രണ്ടും അല്ലെന്നാവും, അല്ലെങ്കില്‍ രണ്ടും എന്നാവുമെന്റെ ഉത്തരം. കാരണം എനിക്ക് എന്തും വിശ്വസിക്കാലോ.
Sunday, November 04, 2007
ചൂണ്ടയിടല്‍
വേനലിലും ശൈത്യത്തിലും
മീന്‍ പിടിയ്ക്കുന്നതിനു
അനന്തമായ വ്യത്യാസമുണ്ട്.
വെയിലേറ്റ് കുളക്കരയില്‍,
തോടിന്റെ വക്കില്‍,
നദി കരയില്‍,
മണ്ണുകുത്തി വിരപിടിച്ച്
ചൂണ്ടയുമിട്ടിരുന്നാല്‍
ഒരു പരല്‍മീനു പോലും
ചിലപ്പോള്‍ കൊത്തുകയില്ല.
വല്ലതും കൊത്തിയാല്‍
തന്നെ അതുവരെ
പരിശ്രമിച്ചതിന്റെ ക്ഷീണം
ഇരപിടുത്തത്തെ ബാധിച്ചിരിക്കും.
ശൈത്യത്തില്‍ നദിയിലെ-
യുറഞ്ഞ മഞ്ഞു തുരന്നു
അതിലേക്ക് ചൂണ്ടയുമിട്ട്,
കൈയുറയും കാലുറയും
ജാക്കറ്റും, കണ്ണും മൂക്കും
മാത്രം പുറത്തുകാണിക്കുന്ന
തൊപ്പിയുമണിഞ്ഞ്,
എല്ലാവിധ
സുഖസാമഗ്രികളും ഉള്ള,
നാലുചുറ്റും മറച്ചിരിക്കുന്ന
ക്യാബിനില്‍
ബിയറും മോന്തിയിരുന്നു
ചൂണ്ടയിടുന്നതിന്റെ രസം,
അത് ഇര തടയുന്നതിലുമേറെയാണ്,
ഇര തടഞ്ഞാലോ,
പിന്നെയോരു മേളമാണ്.
Monday, October 29, 2007
രൂപാന്തരം
കാരിരുമ്പില്‍ തീര്‍ത്തയാ-
യക്ഷരം വീണ്ടുമാലയില്‍
ചുട്ടടിച്ച് വികൃതമാക്കി,
പുതിയൊരക്ഷരത്തിനായ്.
തുരുമ്പെടുത്ത പഴയ
വാക്കുകള്‍ക്കിടയിലതു
തിരുകി പുതിയ വാക്കാക്കി
ആത്മനിര്‍വൃതിയടഞ്ഞു.
വാക്കുകളിലെ സാദൃശ്യ
മെന്റെ രൂപാന്തര
സിദ്ധാന്തത്തിലൊരു
കല്ലുകടിയായവശേഷിച്ചു.
Thursday, October 25, 2007
ജീവിതം
ജീവിതം സദ്യ വിളമ്പുന്ന
വേളയില്‍ ഊഴവുംകാത്ത്
കൈകഴുകി തൂശനിലയുടെ
ചുരുളിളക്കി മുന്നിലിട്ടു
ചമ്രം പിണഞ്ഞിരിന്നു.
പന്തിയില്‍ പക്ഷപാത-
മില്ലാതെ സദ്യ വിളമ്പി.
കണ്ണടച്ചുതുറക്കുന്ന മാത്രയില്‍
മുന്നില്‍ ചവച്ചു തുപ്പിയ
മുരിങ്ങക്കോലും
മാറ്റിവച്ച കറിവേപ്പിലയും
ഒലിച്ചു പടര്‍ന്നിരിക്കുന്ന
ഉച്ഛിഷ്ടവും ബാക്കി.
തെരുവു നായ്ക്കള്‍ വന്നതും
നക്കിതുടച്ച് കുരച്ച് ഓടിയകന്നു.
പിന്നെയും ബാക്കിയായ
കീറിയ തൂശനില
കവലപശു നക്കിയെടുത്ത്
അയവിറക്കി നടന്നകന്നു.
ഇനിയും ജീവിതം ബാക്കി...
Sunday, October 21, 2007
കൂടോത്രം
അന്നൊരു വേനലവധിക്കാല-
ത്തെന്റെ, ഉച്ചയുറക്കം മുറിച്ചത്
ഉമ്മറത്തെ പിറുപിറുപ്പാണ്.
അമ്മയുമമ്മമ്മയും ജോലിക്കാരി-
യേച്ചിയെ ചെവിയില്ലാ-
യിരുന്നെങ്കില്‍ കണ്ണുപൊട്ടു
മാറുച്ചത്തില്‍ ചീത്തപറയുന്നു,
പാലുകൊടുത്ത കൈയ്ക്ക് തന്നെ
തിരിഞ്ഞു കൊത്തിയ
കരിമൂര്‍ഖനോടുപമിച്ച്.
ഞാനെന്നുമവര്‍ക്കിവര്‍
ചായ കൊടുക്കുന്നതേ
കണ്ടിട്ടുള്ളതുവരെ.
ആരോപിക്കുന്നവരു-
മാരോപിക്കപ്പെട്ടവളും
കണ്ണുനീര്‍ വാര്‍ക്കുന്നുണ്ട്,
നെഞ്ചില്‍ കൈവയ്ച്ച്
ആര്‍ത്തലച്ച് അറിയാവുന്ന
ദൈവങ്ങളെയൊക്കെ
വിളിച്ചുണര്‍ത്തുന്നുമുണ്ട്.
കരച്ചിലും പിഴിച്ചിലും
കേട്ടയല്‍പക്കത്തെ
ചേച്ചിയൊടിയെത്തി,
കാരണം അന്വേഷിക്കാന്‍!
അന്നെനിക്ക് ദിശയറിയില്ല,
തെക്കൊ വടക്കൊയെന്ന്.
അമ്മ വിരല്‍ ചൂണ്ടിയതൊരു
കോണിലേക്കാണു, മുറ്റത്തെ.
മണ്ണിളകി കിടപ്പുണ്ട്, അവിടെ.
ചുറ്റിനും തെച്ചിയും തുളസിയും
ചിതറിയും കിടപ്പുണ്ട്.
നമ്മുടെ നല്ലയയല്‍ക്കാരിയതു
കണ്ടയുടന്‍ മൊഴിഞ്ഞൂ
"യിതതു തന്നെ!
കൂടോത്രം കൂടിയയിനം,
കുലം കുളം തോണ്ടാന്‍
കുഴിച്ചിട്ടിരിക്കുന്നു!!!"
അമ്മയ്ക്കുമമ്മമയ്ക്കും ഞെട്ടല്‍
എനിക്ക് ചിരി പൊട്ടല്‍
കാരണം പറഞ്ഞാല്‍
എനിയ്ക്കിട്ട് പൊട്ടിയ്ക്കുമതുറപ്പ്.
അന്നു രാവിലെയമ്മമ്മയുടെ
തടിപ്പത്തായത്തിനകത്തേക്ക്
ചിതല്‍ തീര്‍ത്ത വാതിലിലൂടെ
ഊളിയിട്ടറങ്ങിയപ്പോള്‍
കിട്ടിയ ദ്രവിച്ചു തുടങ്ങിയ
എലിയുടെയെല്ലുകള്‍
വീരോചിതമായി സംസ്കരിച്ച-
തിനെന്തെല്ലാം പൊല്ലാപ്പുകള്‍.
Wednesday, October 17, 2007
സ്വപ്നശലഭം
സ്വിച്ച് കണ്ടു പിടിച്ച് ലൈറ്റിട്ടപ്പോള്‍ അതിശയിച്ചുപോയി. നല്ല ഭംഗിയുള്ള, നീലയില്‍ കറുത്ത വരയുള്ള ഒരു ചിത്രശലഭം പാറിക്കളിക്കുന്നു.ആ ശലഭം കുറെ നേരം ചുറ്റിലും വട്ടമിട്ട് പറന്ന് ജനാലയിലൂടെ പുറത്തേക്ക് പറന്നു പോയി. ഉറക്കം വീണ്ടും വന്നു തുടങ്ങിയിരുന്നു. ലൈറ്റ് ഓഫാക്കാന്‍ കൈനീട്ടുമ്പോള്‍ വീണ്ടും ശലഭം അകത്തേക്ക് പാറി വന്നു, ചുറ്റിലും വട്ടമിട്ടു വീണ്ടും പുറത്തേക്ക് പറന്നു. അത് പലയാവര്‍ത്തി തുടരുകയും ചെയ്തു.
പുറത്തെ അരണ്ട വെളിച്ചത്തില്‍ ജനാലയ്ക്കപ്പുറത്തെ കാഴ്ച്ച പരിമിതമായിരുന്നെങ്കിലും പുറത്ത് എന്തോ സംഭവിക്കുന്നു എന്നു മനസു വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. മെല്ലെ കതക് തുറന്ന് പുറത്തേക്ക് നടക്കാന്‍ ഒരുങ്ങുമ്പോള്‍ ചിത്രശലഭമൊരു വഴികാട്ടിയെപ്പോലെ മുന്നെ പറന്നു.
പുറത്തിറങ്ങിയതും കാറ്റതിശക്തമായി വീശാന്‍ തുടങ്ങി, നിലാവു കൂടിയത് പോലെ. റോഡിന്റെ രണ്ടരികിലുമായി നിന്ന മരങ്ങളില്‍ നിന്നും അടര്‍ന്നു വീണുകിടന്നയിലകള്‍ കാറ്റത്ത് അപ്പുപ്പന്താടി പോലെ പറന്നുയരുന്നു. പെട്ടെന്നവയ്ക്കെല്ലാം ചിറകുമുളച്ച് അനേകായിരം ചിത്രശലഭമായി പറന്നുയരാന്‍ തുടങ്ങി. ഒരേ നിറത്തില്‍, നീലയില്‍ കറുത്ത വരയുള്ളവ. ആകാശത്തവയെല്ലം ചേര്‍ന്ന് എന്തോ സന്ദേശം കോറിയിടുന്നത് പോലെ തോന്നി. എത്ര നോക്കിയിട്ടും പരിമിതമായ കാഴ്ചയില്‍ അതെന്തെന്നു മനസിലായില്ല.
പിന്നീടവയെല്ലാം കൂടി ഒന്നിച്ച് തലയ്ക്കുമുകളില്‍ വട്ടമിട്ടു പറക്കാന്‍ തുടങ്ങി. അവയുടെ നിഴലുകള്‍ ഘനീഭവിച്ച് ചുറ്റിലും കൂരിരുള്‍ പാകാന്‍ തുടങ്ങി. ഉള്ളില്‍ വല്ലതൊരു ഭയമുടലെടുക്കാന്‍ തുടങ്ങിയിരുന്നു ഇതിനോടകം. ക്ഷണനേരം കൊണ്ട് എല്ലാം നിശ്ചലമായത് പോലെ, കാറ്റുനിന്നു, നിഴലുകളകന്നു, വീണ്ടും നിലാവെട്ടം ചുറ്റിലും പരന്നു. തിരിച്ച് അകത്തേക്ക് പോകാന്‍ മനസ് ധൃതികൂട്ടി. അകത്തേക്ക് അതിവേഗം കാലുകള്‍ വലിച്ചിഴച്ച് നടക്കുമ്പോള്‍ ഒരു കൂട്ടം ശലഭങ്ങള്‍ വാതിലിനരിക്കില്‍ കൂട്ടമായി പറന്നു ചെന്നു വഴിമുടക്കുന്നെന്ന ഭാവത്തില്‍ വട്ടമിട്ടു പറക്കുന്നു.
എന്താണ് സംഭവിക്കുന്നതെന്ന് ഒരു രൂപവും ഉണ്ടായിരുന്നില്ല മനസില്‍, എവിടെന്നോ കിട്ടിയ പ്രേരണയില്‍ രണ്ടു കൈയും ആഞ്ഞുവീശി മുന്നിലേക്ക് നടക്കാന്‍ തുടങ്ങി, ശലഭങ്ങള്‍ പറന്നകലാനും. അകത്ത് കടന്ന് വാതിലും ജനാലയും അടച്ചെന്നുറപ്പു വരുതി.
ക്ലോക്കില്‍ മണി മൂന്നടിച്ചു, പുതപ്പിനകത്തേയ്ക്ക് ഊളിയിട്ട് കണ്ണും മിഴിച്ച് എത്രനേരം കിടന്നു എന്നോര്‍മ്മയില്ല, എപ്പോഴൊ ഉറങ്ങിക്കാണണം. രാവിലെ ആറരയോടടുപ്പിച്ച് ഉണര്‍ന്നപ്പോള്‍ എന്തോ ഒരു സ്വപ്നം കണ്ട പ്രതീതിയായിരുന്നു, ഓടിച്ചെന്നു കതക് തുറന്നു നോക്കി, കതകിന്റെ പുറമ്പടിയോടു ചേര്‍ന്നു നീലയില്‍ കറുത്ത വരകളുള്ള ഒരു ചിറകു കിടക്കുന്നു. മനസ് അറിയാതെയാ സ്വപ്നശലഭത്തെ തേടുവാന്‍ തുടങ്ങുകയായിരുന്നു.
Sunday, October 14, 2007
കണ്ണുകള്‍
ചില കണ്ണുകള്‍
നിറഞ്ഞു
പവിഴമുത്തുകള്‍
കോണുകളിലാകും.
ചിലയുള്ളമതു
കൊഴിഞ്ഞു പോകാതെ-
യിരിക്കുവാന്‍
കിണഞ്ഞു ശ്രമിക്കും.
മറ്റു ചിലത് കൂടെ
വിതുമ്പുമാരുമറിയാതെ-
യാകണ്ണുകള്‍പോലുമറിയാതെ.
Sunday, October 07, 2007
അടി വരുന്ന വഴിയും, കിട്ടുന്ന കണക്കുകളും
വഴിതെറ്റിയതു കൊണ്ടല്ല, വഴി തെറ്റാതെയിരിക്കുവാന്‍ വേണ്ടി മാത്രമായിരുന്നു അടിയ്ക്കടിയുള്ളയീ അടികള്‍. വീട്ടില്‍ സന്താനഗോപാലങ്ങള്‍ രണ്ട് എന്നുള്ളത് മൂന്നായപ്പോള്‍ ക്രമസമാധാനനില എളിയ തോതില്‍ തകരാറിലാവാന്‍ തുടങ്ങി, സന്താനഗോപാലങ്ങള്‍ തമ്മില്‍ ഉള്ള അടി തന്നെയാണ് സ്ഥായിയായ കാരണം.
ഇടയ്ക്കിടെ ഉണ്ടാകുന്ന തമ്മില്‍ തല്ലും, പിടിച്ചുപറിയും(ബിസ്കറ്റ്, കളിപ്പാട്ടങ്ങള്‍, ഊണു പാത്രത്തിലെ വറുത്ത മീന്‍ കഷണം etc...), അടിച്ചു മാറ്റലും(ഇളയ അനുജത്തിയുടെ വായില്‍ നിന്നും ഒലിച്ചിറങ്ങി വന്ന പാരിസ് മിഠായി വിത്ത് തുപ്പല്‍ അറ്റാച്ചിട്, കാക്കയെക്കാള്‍ വേഗത്തില്‍ അടിച്ചുമാറ്റ് വായിലിട്ട് ഓടി ഒളിച്ചത് ഇന്നലെ പോലെ ഓര്‍ക്കുന്നു), എട്ടുദിക്കും പൊട്ടുമാറുള്ള നിലവിളിയും ഒക്കെ സ്ഥിരമായി നടക്കാന്‍ തുടങ്ങിയപ്പോല്‍ മമ്മി അടി തരുന്നതിനു ചില റൂള്‍സ് ഒക്കെ ഉണ്ടാക്കാന്‍ തുടങ്ങി. ആദ്യമായി മക്കളെ എ, ബി, സി എന്നു ലേബല്‍ ചെയ്തു. പേരൊക്കെ വിളിച്ച് അടിച്ചാല്‍ സെന്റിയാകും, അതാണെ.
എ ഈസ് > ബി ആന്റ് സി.
ബി ഈസ് < എ ആന്റ് > സി.
സി ഈസ് < ബി ആന്റ് എ. ഇനി എനിക്ക് മനസിലാക്കാന്‍ വേണ്ടി, കണക്കിനു ഞാന്‍ അന്നും ഇന്നും കണക്കാ (എന്റെ ടീച്ചര്‍ ഇതൊന്നും കാണുന്നില്ല എന്നു ഞാന്‍ ഉറച്ച് വിശസിക്കുന്നു, അഥവായിനി കണ്ടാല്‍ ഒരു ജാമ്യത്തിനായി ഞാന്‍ ലേബലില്‍ "പച്ച കല്ലുവച്ച" എന്നു ചേര്‍ത്തിരിക്കുന്നത് നോക്കുവാന്‍ അപേക്ഷ, ഇത് മമ്മിക്കും ബാധകമാണ്. ഇനി ഇത് കണ്ടയുടനെ എന്നെ വിളിച്ച് "അതുമിതും" പറയരുത്, ഐ ലവ് കോച്ചിപ്പിടി വായിച്ചിട്ട് പറഞ്ഞത് പോലെ ) എ = മൂത്തത്. സി = ഇളയത്. ബി = 'എ' യ്ക്കും 'സി' ക്കും ഇടയ്ക്ക് ഉള്ളത്, അല്ലെങ്കില്‍ രണ്ടാമത്തെ സന്താനം. അടിയുടെ റൂള്‍സ് തുടങ്ങുന്നതിനു മുന്‍പേ ചില ഒഴിവു കിഴിവുകള്‍. (1) സി:- 'സി' ഇളയ കുട്ടിയാണ്. 'സി' എത്ര വലുതായാലും 'സി'ക്ക് ഇനി 'സി' കള്‍ ഉണ്ടായലും 'സി' മമ്മിക്ക് എന്നും 'സി' തന്നെയാണ്. മമ്മിയുടെ കണ്ണിലുണ്ണി. 'എ'യുടെയും 'ബി'യുടെയും കണ്ണിലെ കരട്. (2) എ:- 'എ' മൂത്ത കുട്ടിയാണ്. മൂത്തതായ്തു കൊണ്ട് ഇത്തിരി വാത്സല്യം ഒക്കെ മമ്മിക്ക് ഇടയ്ക്കിടയ്ക്ക് തോന്നും എങ്കിലും തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നതു മാതിരി 'എ' യില്‍ നിന്നും ഭാരിച്ച ഉത്തരവാദിത്വം തിരിച്ച് പ്രതീക്ഷിക്കും, 'എ'യെ കൊണ്ടു അതിനു ആവതില്ലെങ്കിലും. പിന്നെ 'എ' ബിയുടെ കണ്ണിലെ കരടാണ്. 'എ'യും 'ബി'യും എപ്പോഴും അന്യോന്യം പാര പണിയലില്‍ ശ്രദ്ധകേന്ദ്രീകരിക്കുക പതിവാണ്. (3) ബി:- 'ബി' യുടെ വാക്കുകളില്‍ പറഞ്ഞാല്‍ " 'എ' മൂത്തതായതിനാല്‍ 'എ'യെ മമ്മി അടിക്കില്ല. " 'സി' ഇളയതായതിനാല്‍ 'സി'യെയും മമ്മി അടിക്കില്ല. രണ്ടിനും ഇടയില്‍ കിടക്കുന്ന എന്നെ മാത്രം ആര്‍ക്കും വേണ്ട, എപ്പോഴും എന്തിനും അടിയും". ഇത് 'ബി'യുടെ സ്ഥിരം പല്ലവിയാണ്, തെറ്റ് 'ബി' യുടെതാണ് എന്ന് നെറ്റിയില്‍ എഴുതി ഒട്ടിച്ചാലും. പിന്നെ 'ബി'ക്ക് നാവിനു ചുറ്റും പല്ലുകൊണ്ടൊരു വേലി ഉണ്ടെങ്കിലും നാവ് എപ്പോഴും വേലിക്ക് പുറത്താണ്, അത് പല ഭാഷകളിലും പി.എച്ച്.ഡി ഇപ്പോഴും ചെയ്തുകൊണ്ടിരിക്കയാണ്, അന്നും ഇന്നും. ഇനി അടിയുടെ തുടങ്ങുന്ന വിധം (1) കരച്ചിലാണു അടി തുടങ്ങാന്‍ 99.99% സമയത്തും ഉള്ള ക്ലൂ. (2) ആരുടെ കരച്ചില്‍, അല്ലെങ്കില്‍ ആരൊക്കെ കരയുന്നു എന്നതാണ് അടുത്തതായി അറിയേണ്ടത്. ഇനിയാണു റൂള്‍സ് രൂപപ്പെടുന്നത്. (1) 'സി'യാണു കരയുന്നതെങ്കില്‍ 'എ'യ്ക്കും 'ബി'യ്ക്കും കാരണം ആരായാതെ ആദ്യം അടികിട്ടും, 'സി' വീണിട്ടാണു കരയുന്നതെങ്കില്‍ കൂടിയും. കാരണം 'എ'യുടെയും 'ബി'യുടെയും ചുമതലയാണു 'സി'യെ നോക്കല്‍. അപ്പോള്‍ ചുമതലയിലെ പാളിച്ച നമ്പര്‍ 1. അടിയെപ്പോ കിട്ടി എന്നു ചോദിച്ചാല്‍ മതി. രണ്ടാള്‍ക്കും അടി തന്നു കഴിഞ്ഞിട്ട് കാരണം തിരക്കല്‍ ചടങ്ങ് ഉണ്ട്. കാരണതിന്റെ മൂര്‍ദ്ധന്യം അനുസരിച്ചും അത് വാദിക്കുന്നതില്‍ ആര്‍ക്കാണു മിടുക്കും എന്നത് അനുസരിച്ചും ആണ് അടുത്ത സെറ്റ് അടി. പലപ്പോഴും നാക്കിനു ബലവും നീളമുള്ള 'ബി' വാദിച്ച് കുറ്റം 'എ' യ്ക്കുമേല്‍ ചുമത്തി രക്ഷനേടും. അപ്പോള്‍ സെകെന്റ് സെറ്റ് അടി 'എ'യ്ക്ക്. അടി വാങ്ങുന്ന 'എ' യ്ക്ക് ഒഴുകെ തരുന്ന മമ്മിക്കൊ, കണ്ടു നില്‍ക്കുന്ന 'ബി'യ്ക്കൊ 'സി' യ്ക്കൊ ഒരു പരാതിയും ഉണ്ടായിരുന്നില്ല. (2) 'ബി'യാണു കരയുന്നതെങ്കില്‍ അടി കിട്ടാനുള്ള ചാന്‍സ് 'എ'യ്ക്ക് മാത്രമാണ്. കാരണം 'സി' "കോശല്ലേ.." ഇവിടെ 'ബി'യുടെ നിര്‍ത്താതെ ഉള്ള "കള്ള" കരച്ചില്‍ കാരണം കാരണം ബോധിപ്പിക്കല്‍ എന്ന ചടങ്ങ് നടക്കാറില്ല. 'എ' കിട്ടുന്നതും വാങ്ങിച്ച് കെട്ടി സ്ഥലം കലിയാകും, എത്രയും പെട്ടെന്ന് 'ബി' യ്ക്ക് അടുത്ത പാര പണിയാന്‍. (3) 'എ'യാണു കരയുന്നതെങ്കില്‍, എങ്കില്‍ ലോകം അവസാനിക്കും, 'എ' എങ്ങിനെ ഒന്നും കരയാറില്ല. 'ബി'യില്‍ നിന്നും കിട്ടുന്നതെന്തും പാരയുള്‍പ്പടെ സഹിച്ചും തിരിച്ചു കൊടുത്തും നടക്കും. 'ബി'യെ തീരെ സഹിക്കാനും തിരിച്ചടിക്കാനും കഴിയാതെ വരുമ്പോള്‍ "മമ്മീ" എന്നുറക്കെ വിളിക്കും, ഇത് കേള്‍ക്കെണ്ട താമസം, 'ബി' സ്ഥലം കാലിയാക്കും. മമ്മി സംഭവ സ്ഥലം സന്ദര്‍ശിക്കാന്‍ എത്തുമ്പോള്‍ 'ബി' നാലു അയള്‍പക്കവും താണ്ടി അമ്മാമ്മയുടെ വീട്ടില്‍ എത്തിയിട്ടുണ്ടാവും. (4) 'ബി'യും 'സി'യും കരഞ്ഞാല്‍. ഇങ്ങിനെ സംഭവിക്കുന്ന അവസരങ്ങളില്‍ കാരണം ചോദിക്കള്‍ ഒന്നും കൂടാതെ 'ബി'യ്ക്കും 'എ'യ്ക്കും അടി ഉറപ്പ്. ഇവിടെ ഇപ്പോഴും 'സി' "കോശാണ്". 'സി' എപ്പോഴും "കോശാണ്". വാല്‍ക്ഷണം:- കുറച്ച് നാള്‍ കഴിഞ്ഞ് 'എ' അടിക്ക് എതിരെ പ്രതികരിക്കാന്‍ തുടങ്ങി, അതു കഴിഞ്ഞു 'ബി'. 'സി' ഒന്നിന്നും പ്രതികരിച്ചില്ല കാരണം അപ്പോഴും 'സി' "കോശാണല്ലോ". ഇതു മാത്രം അല്ല, അടിച്ചടിച്ച് മമ്മിയും മടുത്തു, അടി വാങ്ങിച്ചു കെട്ടി 'എ'യും 'ബി'യും. അടിയുടെ റൂള്‍സ് തന്നെ ചെയിഞ്ച് ചെയ്തു ഒടുവില്‍ അടി തന്നെയില്ലാതെയായി. വീട്ടിലെ പേരയിലും തെറ്റിയിലും ചെമ്പരത്തിയും പുളിമരത്തിലും ഒക്കെ ശിഖരങ്ങള്‍ ഏറിവന്നു, അവ തളിരിടുകയും പൂവിടുകയും ചെയ്തു. തെങ്ങിന്റെ മടലുകള്‍ അയല്പക്കതെ കുട്ടികള്‍ ക്രിക്കറ്റ് കളിക്കാന്‍ കൊണ്ടു പോയി. ബാക്കിയുള്ളവ പുകയടുപ്പില്‍ കിടന്നു അലറി വിളിച്ചു, " ഞങ്ങള്‍ എന്തു തെറ്റു ചെയ്തു, അറ്റ് ലീസ്റ്റ് ക്രിക്കറ്റ് കളിക്കുവാന്‍ ബാറ്റിലാത്ത കുട്ടികള്‍ക്ക് ഞങ്ങളെ ദാനം ചെയൂ..."
Friday, October 05, 2007
ചതി
ചതിക്കുന്നവരുടെയും
ചതിക്കപ്പെടുന്നവരു-
ടെയുമിടയില്‍,
സ്ത്രീയെ ചതിക്കുന്നത്
പുരുഷനും,
പുരുഷനെ ചതിക്കുന്നത്
സ്ത്രീയുമെങ്കില്‍,
പകല്‍ വെളിച്ചതില്‍
മുഖംമൂടിയുടെ പിന്‍-
ബലമേതുമില്ലാതെ,
ഇരുകൂട്ടരെയും ചതിക്കുന്നവരെ,
എന്ത് വിളിക്കും?
വിശ്വസിച്ച് താക്കോല്‍
ഏല്‍പ്പിക്കുന്നവരെ,
തെറ്റിദ്ധാരണയാല്‍ ചതിച്ച്,
സൗഹൃദങ്ങള്‍ തച്ചുടയ്ക്കുന്നവരെ
എന്തു പേരു ചൊല്ലി വിളിക്കും?
Wednesday, October 03, 2007
അന്വേഷണം
ശരത്കാലത്തെ കൊഴിഞ്ഞ ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍ മറ്റൊരിലയായ് നീ പെട്ടു പോയിരിക്കാം എന്നോര്‍ത്താണു ഞാന്‍ ഇത്രയും ദിവസം നിന്നെ തിരഞ്ഞു നടന്നത്. തിരച്ചിലിനൊടുവില്‍ കണ്ടെത്തിയ ഉത്തരങ്ങള്‍ എന്തേയിത്ര ക്രൂരമായി?
ഋതുകള്‍ എന്നും മാറി മറയുമ്പൊഴും നിന്റെ മനസില്‍ സൌഹൃദത്തിനു എന്നും വസന്തമായിരുന്നു. ആ വസന്തം നിലനിര്‍ത്തുവാന്‍ നീയെന്തും ചെയ്യാന്‍ മടിച്ചതുമില്ല, അതറിഞ്ഞു നിന്നെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി മുതലെടുത്തതും മറ്റാരുമല്ലല്ലൊ.
എപ്പോഴും സ്വന്തം വിശ്വാസത്തെക്കാള്‍ ഏറെ വിലനല്‍കിയത് സുഹൃത്തുക്കളുടെ വാക്കുകള്‍ക്കായിരുന്നു, അവ ആഴവും പരപ്പുമില്ലാത്തതായിരുന്നു എന്ന് നീ വൈകിയാണ് അറിഞ്ഞത്. അതിനു ശേഷവും നീ നിന്റെ നേര്‍വരയില്‍ നിന്നും ഒരു നെല്ലിട പോലും വ്യതിചലിച്ചില്ല എന്നുള്ള സത്യമാണ് എന്നെ ഏറെ വേദനിപ്പിച്ചത്.
സൌഹൃദത്തിന്റെ വിരലുകള്‍ മുറുകെ കോര്‍ത്ത് പിടിച്ചിട്ടും ആകസ്മികമായുണ്ടായ ചുഴലിക്കാറ്റ് നമ്മെ രണ്ടു ധ്രുവങ്ങളിലാക്കിയതെങ്ങിനെ? നമ്മുടെ സൌഹൃദം പോലും ചോദ്യം ചെയ്യപ്പെട്ട അവസരങ്ങള്‍ എന്നോ ഉത്തരം? തിരിച്ചറിവുകളുടെ വെട്ടത്തില്‍ നിര്‍വികാരത ബോധമനസില്‍ നിന്നുമുപബോധമനസിലേക്ക് ചേക്കേറിയപ്പോള്‍ മടുപ്പ് ആഴ്ന്നിറങ്ങിയ മനസുമായി നീ അകലാന്‍ തുടങ്ങി.
ഇവിടെ ഹേമന്തമാണ്, മരങ്ങള്‍ ഇലകള്‍ പൊഴിച്ച് നഗ്നരായി കണ്ണുനീര്‍ വാര്‍ക്കുന്നു. ശിശിരം കഴിയും വരെ അവയീ നില്‍പ്പ് തുടരും, മഞ്ഞു പൊഴിയുമ്പോഴും നിര്‍വികാരമായി നിലകൊള്ളും, തണുത്ത് മരവിച്ച മനസ്സുപോലെ. അപ്പോഴും ജീവന്റെ നേര്‍ത്ത സ്പന്ദനം ഉള്ളില്‍ ഉറങ്ങുന്നുണ്ടാവും. ഈ അതിശൈത്യം അതിജീവിക്കണം അടുത്ത വസന്തത്തില്‍ തളിരിടാന്‍, അങ്ങിനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം.
ഒരു പക്ഷേ ഇത് മനസില്‍ കനലുകോരിയിടുന്ന ചോദ്യങ്ങള്‍ കൊണ്ടു നിറയ്ക്കുന്ന അനര്‍ത്ഥമായ കാത്തിരിപ്പാവാം. അങ്ങിനെയെങ്കില്‍ ഇനി ഇവിടെ ഋതുക്കളില്ല ഋതുമാത്രം, നീ വരും വരെ.
Tuesday, October 02, 2007
തെറ്റ്
ഒരു വാക്കും വരിയുമൊക്കെ
എഴുതി ചുരുട്ടിയെറിഞ്ഞ്
ചുറ്റിലും ചിതറി കിടക്കുന്ന
കടലാസു കഷണങ്ങള്‍.
നിമിഷംപ്രതിയേറി
വരുന്ന അവയുടെ എണ്ണവും
അക്ഷരങ്ങളുടെ ആര്‍ത്തനാദവു-
മെന്നെ വല്ലതെ ഭയപ്പെടുത്തി.
അവയില്‍ അങ്ങിങ്ങായി
ഉറുമ്പരിക്കുന്ന കറുത്ത
അക്ഷരങ്ങള്‍ പരസ്പരം
വെല്ലുവിളിച്ചു പടവെട്ടി.
എന്റെ മനസിലും അവ
അങ്ങിനെയായിരുന്നു.
അവരെ തൂലിക തുമ്പിലൂടെ
സ്വാതന്ത്രരാക്കുക എന്നതാ-
യിരുന്നെന്റെ ലക്ഷ്യം.
അതു തന്നെയാണ് ഞാന്‍
ചെയ്ത വലിയ തെറ്റും.
Thursday, September 27, 2007
നാട്യം
ഒരു യാത്രയ്ക്കിടയില്‍
ഞാന്‍ ഉറക്കം നടിക്കുന്ന-
വരുടെ നാട്ടിലെത്തി.
യാത്രാ ക്ഷീണത്താല്‍
ഉറക്കം തൂങ്ങി ഞാന്‍
അവരുടെ ഇടയിലൂടെ നടന്നു.
ഇടയ്ക്ക് ആരുടെയൊ
കാലില്‍ തട്ടി ഞാനാ-
രുടെയൊ പുറത്ത് വീണു.
രണ്ടാളും ഉണര്‍ന്നില്ല,
എന്റെ ഉറക്കവും പോയി.
തിരിച്ച് വരും വഴി
ഞാന്‍ വീണ്ടും അതേ
സ്ഥലത്തെത്തി.
യാത്രാ ക്ഷീണത്താല്‍
ഉറക്കം തൂങ്ങി ഞാന്‍
അവരുടെ ഇടയിലൂടെ നടന്നു.
അപ്പോഴും ആരുടെയൊ
കാലില്‍ തട്ടി ഞാനാ-
രുടെയൊ പുറത്ത് വീണു.
രണ്ടാളും ചാടിയെണീറ്റ്
മുഖത്ത് കണ്ണില്ലേ
എന്നാക്രോശിച്ച്
എന്നെ ചീത്ത വിളിച്ചു.
ഉറക്കം നടിച്ച് നടിച്ച്
അവര്‍ എപ്പോഴൊ
ഉറക്കത്തിലേക്ക്
വഴുതി വീണിരിക്കാം.
എനിക്ക് വീണ്ടുമെന്റെ
ഉറക്കം നഷ്ടമായി.
Tuesday, September 25, 2007
അഹംഭാവങ്ങള്‍
ജനിച്ച നാള്‍ മുതലോതി-
യമ്മ, നീയെന്റെയെല്ലാം
നിനക്കായാണിതെല്ലാം.
നിന്റെയമ്മയുമച്‌ഛനും,
നീയാണു സര്‍വ്വവും, സര്‍വ്വതും
നീയില്ലാതൊന്നുമേയില്ലെ-
നിക്കും മറ്റാര്‍ക്കുമെന്നും.
പിച്ചവയ്ച്ച് കാലുറച്ചപ്പോള്‍
എനിക്ക് നിന്റെയെന്നതെല്ലാ
മെല്ലാമെന്റെയായി.
എന്റെയമ്മയുമച്‌ഛനും
എന്റെ വീട്, എന്റെ...എന്റെ...
അങ്ങിനെ എന്റെയെന്നില്ലാത
വരികള്‍ എനിക്കില്ലാതെയായ്.
എന്റെയെന്നു മനസ്സില്‍
തട്ടാതെപോയൊരു ചിന്ത
യതിത്ര മാത്രം,
എന്റെ നാട്, സമൂഹം.
എന്ത് നാട്?
അതു കൊണ്ടെനിയ്ക്കെന്ത്.
എന്ത് സമൂഹം?
അവര്‍ എങ്ങിനെയായാല്‍
എനിയ്ക്കെന്തെന്ന ചിന്തയായ്.
നാളേറെ കഴിയും
മുന്നേ 'ഞാന്‍' എന്നില്‍
ഉഗ്രരൂപിയായ് ഉടലെടുത്തു.
ഞാന്‍ കൊടിപിടിച്ച്
തമ്മില്‍ തല്ലിച്ച്, തള്ളിപ്പറഞ്ഞ്,
ഒറ്റിക്കൊടുത്ത് പടികള്‍ താണ്ടി-
യുയരങ്ങളിലേക്ക് കുതിച്ചു,
ഒരുനെല്ലിട പോലും
പിഴയ്ക്കാത്ത ചുവടില്‍.
കാലചക്രത്തിന്റെ കുതിപ്പി-
നിടയില്‍ ഞാന്‍ ആശിച്ചതും
ആശിക്കാത്തതും നേടി.
ഒരു ദിനമുടലെടുത്തുള്ളില്‍
നാഴികയ്ക്ക് നാല്പതു വട്ടം
സന്ദേഹം.
ഞാനും മരണവും, മരണാനന്തരവും.
മരണാനന്തരം ഞാന്‍ മരിക്കാന്‍
പാടുണ്ടോ?
Sunday, September 23, 2007
നീലക്കുറിഞ്ഞികള്‍
അടച്ചിട്ടിരുന്ന, ഭൂരിഭാഗവും ഇരുള്‍ നിറഞ്ഞ മുറിയ്ക്ക് ഉള്ളിലെ നേര്‍ത്ത മഞ്ഞ വെട്ടത്തില്‍ അവന്‍ അവിടമാകെ വെറുതെ കണ്ണുകള്‍ ഓടിച്ചു. മേശയുടെ ഒരരുകില്‍ ഇരിയ്ക്കുന്ന പുസ്‌തകത്തില്‍ അവന്റെ കണ്ണുകള്‍ ഉടക്കിനിന്നു. ഇടയ്ക്ക് ആരോ കാണാന്‍ വന്നപ്പോള്‍ തന്നതാവും. മെല്ലെ കൈയെത്തി അത് എടുത്തു വായിച്ചു. സുഭാഷ് ചന്ദ്രന്റെ ‘ഘടികാരങ്ങള്‍ നിലയ്‌കുന്ന സമയം‘, വായിക്കുവാനുള്ള മനസില്ല എന്നാലും വെറുതെ അവന്‍ അത് മറിച്ച് നോക്കി. "നമ്മുക്കിടയില്‍ തിരയടിക്കുന്നത് സ്‌നേഹത്തിന്റെ സമുദ്രമാണെന്നു നീ പറഞ്ഞപ്പോള്‍ ഞാന്‍ ഭയന്നു, തീരങ്ങള്‍ തമ്മിലുള്ള അകലമോര്‍ത്ത്". ഹൃദയമിടിപ്പ് വല്ലാതെ കൂടുന്നത് പോലെ, വായിച്ച് നിര്‍ത്തി പുസ്തകം മേശമേല്‍ വയ്ച്ച് മുഖം ഉയര്‍ത്തി വിദൂരങ്ങളില്‍ കണ്ണും നട്ട് ഇരുന്നപ്പോള്‍ അവളുടെ മുഖമായിരുന്നു അവന്റെയുള്ളില്‍.
പെട്ടെന്ന് ഒച്ചയോടെ പാതി തുറന്ന വാതില്‍പ്പാളിയിലൂടെ മുറിക്കകത്തെ ഇരുട്ടിനെ അലിയിച്ചുകൊണ്ട് വല്ലാത്തൊരധികാരത്തോടെ നീണ്ടു വന്ന വെളിച്ചത്തെ അവന്‍ ഒരല്‍പ്പം ഈര്‍ഷ്യയോടെ നോക്കി. നോട്ടം എത്തിനിന്നത് അവളിലായിരുന്നു. ഒരു നിമിഷം അവര്‍ പരസ്‌പരം കണ്ണുകളിലേക്ക് നോക്കി. സമയം നിശ്‌ചലമാകുന്നത് പോലെ തോന്നി അവന്. വിധി വിണ്ടും മിഴാവുകൊട്ടുകയാണോ?
അവള്‍ക്കരികിലേക്ക് എത്താന്‍ അവന്‍ മെല്ലെ എഴുന്നെറ്റു. പക്ഷേ നടന്നപ്പോള്‍ കാലുകള്‍ ഇടറി അവന്‍ വീണു പോയി. പെട്ടെന്നവള്‍ ഓടി വന്ന് അവനെ താങ്ങി പിടിച്ചു.കരയാന്‍ മറന്ന അവന്റെ കണ്ണുകളില്‍ അപ്പോള്‍ മാത്രം മിഴി നീര്‍ പൊടിയുകയായിരുന്നു. തീര്‍ഥാടനത്തിലായിരുന്ന അവന്റെ നിറം മങ്ങിയ ഓര്‍മ്മകളില്‍ നേര്‍ത്ത പ്രകാശം അരിച്ചിറങ്ങാന്‍ തുടങ്ങി.
അകലെ താഴ്‌വരയില്‍ വീണ്ടും നീലക്കുറിഞ്ഞികള്‍ പൂവിടുവാന്‍ തുടങ്ങുകയായിരുന്നു...
Saturday, September 15, 2007
പെരുക്കം
ഉമ്മറത്തെ ഒഴിഞ്ഞ
ചാരുകസേരയുടെ പിടിയില്‍
മുത്തശ്ശന്‍ രാവിലെ
കുടിച്ച കട്ടന്റെ
ഗ്ലാസില്‍ ചത്തു മലച്ചു
കിടക്കുന്നു, രണ്ടീച്ചകള്‍.
ചുറ്റിലും പറക്കുന്നു
നാലു കുറ്റീച്ചകള്‍.
സമയം എട്ടോടടുക്കുന്നു,
അടുക്കുന്നു, തന്ത്രി
മന്ത്രം ചൊല്ലി പൂജയ്ക്ക്
സാമഗ്രികള്‍ ചുറ്റിലും.
നാളെ,
പതിനാറടിയന്തിരമാണു,
മുപ്പത്തിരണ്ടു ദിനം
ആശുപത്രിയില്‍ കിടന്നു
യാതനയനുഭവിച്ചെന്റെ,
അറുപത്തിനാലുകാരി
മുത്തശ്ശി വിട വാങ്ങി.
Thursday, September 13, 2007
Tuesday, September 11, 2007
മൗന സന്ധ്യ
നിന്മിഴികളില്‍
എന്തേയിന്നു
സിന്ദൂര സന്ധ്യതന്‍
കുങ്കുമ രേണുക്കള്‍.
സന്ധ്യക്ക്
പെയ്തൊഴിഞ്ഞ മഴയതു
നിന്മിഴിയീറന്‍
അണിഞ്ഞതെന്നോ.
അകലെ നിന്നെത്തും
കാറ്റും
വിതുമ്പുന്നു നിന്‍
വിഷാദ രാഗമൊന്ന്.
നിലാവും
കിനാവിലെ
നിറമില്ലാ ചിത്രവും
ഇഴപിണഞ്ഞത് പോലെ.
പകര്‍ന്നിടുമേതു
സാന്ത്വനം
എന്നറിയാതെ
മൗനമായിന്നു ഞാനും.
Sunday, September 02, 2007
നൂല്‍ പാവക്കൂത്ത്
നിലവിളക്കിന്റെ
നേര്‍ത്ത വെട്ടത്തില്‍
തിരശ്ശീലയ്ക്ക് പിന്നില്‍
രാത്രി പുലരുവോളം
കൈകാലുകള്‍ നൂലാല്‍
ബന്ധിച്ചൊരു രൂപത്തിനെ
പാവക്കൂത്താടിക്കുന്നു.
കൂത്ത് മണ്ഡപത്തില്‍
തന്നിഷ്‌ട പദങ്ങള്‍
ചൊല്ലിയാടിച്ച്
പേക്കൂത്തത് തിമിര്‍പ്പിച്ച്
അരങ്ങ് കൊഴുപ്പിച്ച്
കൈകൊട്ടി ആര്‍ത്തുവിളിച്ച്
പുതു പാവക്കൂത്താസ്വദിച്ച്
പോകുന്ന നിഴലുകള്‍.
അങ്ങകലെ കാലന്‍
കോഴിയത് കൂവി
കൂത്തു കഴിഞ്ഞു
അരങ്ങൊഴിഞ്ഞു.
പാവക്കൂത്താടാന്‍
വിധിച്ചയാ ജന്മം
ആട്ടക്കഥകള്‍ ആടി
കൂത്ത് മണ്ഡപത്തിന്‍
തിരശ്ശീല അഴിഞ്ഞു
വീണതിന്‍ ചാരെ
അകലെയേതൊ
ബിന്ദുവില്‍ തുറിച്ച
കണ്ണിലുറവയില്ലാതെ
മുഖത്ത് ഭാവഭേദമില്ലാതെ.
Monday, August 27, 2007
ചില്ല്
ചില്ല് അലമാരയിലെ
നിഘണ്ടുവില്‍
മൃതിയടഞ്ഞ
അര്‍ത്ഥങ്ങളുടെ
പുനസ്സമാഹരണം.
രക്തക്കറ തീര്‍ത്ത
കാല്‍പ്പാടുകള്‍
പന്ഥാവിലെ
ചില്ലെടുക്കുവാന്‍
അമാന്തിച്ചതിന്റെ
ശേഷിപ്പ്.
തളത്തില്‍ വീണുടഞ്ഞ
കാണ്ണാടി ചില്ലുകളില്‍
തത്സ്വരൂപത്തിന്റെ
വിഭിന്നാവതാരങ്ങള്‍
പരിഹസിക്കുന്നു.
മനസ്സില്‍ അളന്നു
കുറിച്ചിട്ട വഴികള്‍
തെറ്റിയൊയെന്ന്
ഒളിഞ്ഞ് നോക്കുന്നൂ
ഓര്‍മ്മയുടെ ചില്ലു
ജാലകത്തിനപ്പുറം.
വാക്കുകള്‍ എല്‍പ്പിച്ച
മുറിവില്‍ അക്ഷരങ്ങള്‍
നിറയ്ക്കാന്‍ ശ്രമിച്ചതില്‍
ചില്ലക്ഷരങ്ങള്‍ തറച്ച്
വ്രണപ്പെട്ട ചിന്ത.
Friday, August 24, 2007
സദ്യപുരാണം
അന്നൊരു വര്‍ഷം ഓണം നാളില്‍
ഞാന്‍ സര്‍വ്വാഭരണ വിഭുഷിതയായി
അകതാരിലൊരു പൂക്കളം തീര്‍ത്ത്
കുട്ടികളെ എല്ലാം പാട്ടിലുമാക്കി
കണ്ടറിയാന്‍ ഇവിടില്ലൊരു ഓണം
അതിനാല്‍ ഉണ്ടറിയാനായ് കച്ചമുറുക്കി
പച്ചക്കറികള്‍ വെട്ടി നുറുക്കി
സദ്യ ഒരുക്കാന്‍ കത്തി എടുത്തു
പച്ചക്കറികള്‍ പലയിനം അങ്ങിനെ
പലവക നിറത്തില്‍ ഇളിച്ചു ചിരിച്ചു
ഒന്നിച്ചങ്ങിനെ ഞെളിഞ്ഞിരുന്ന്
വില്ലന്‍ ചമഞ്ഞെന്നെ വെല്ല് വിളിച്ചു
ചുമന്ന് തുടുത്തൊരു തക്കാളിയെ
ഞാന്‍ ഉണ്ട കണ്ണാല്‍ നോക്കി വിരട്ടി
ഉരുണ്ടൊളിക്കും ഉരുളക്കിഴങ്ങിനെ
ഞാന്‍ മുരിങ്ങാക്കോലും കാട്ടി വിരട്ടി
വില്ലന്‍ തടിയന്‍ ചേനത്തുണ്ട്
“കൈയേല്‍ കടിക്കും” ഭീഷണി മുഴക്കി
കത്തിയാലവനെ കുത്തി എടുത്ത്
വെട്ടി അരിഞ്ഞ് കലത്തില്‍ തള്ളി.
തൊണ്ട് കളഞ്ഞൊരു തേങ്ങയെടുത്ത്
ഞാന്‍ ഒറ്റ വെട്ടാലെ ഉടച്ചെടുത്തു
അത് കണ്ടിട്ടൊരു കൊട്ടത്തേങ്ങ
കൊട്ടയിലിരുന്നിട്ട് ആര്‍ത്ത് ചിരിച്ചു
അവിയല്‍ കഷണം കലത്തിലിരുന്നു
കാപാലികയെ എന്നലറി വിളിച്ചു
പപ്പടം കാച്ചാന്‍ വച്ചൊരു എണ്ണ
ദേഷ്യം മൂത്ത് തിളച്ച് മറിഞ്ഞു
പച്ചടി വയ്‌ക്കാന്‍ ഉള്ളൊരു വഴുതന
പൈനാപ്പിളിനെ ചൂണ്ടി മടുത്തു
പച്ചക്കറികള്‍ ഓരൊന്നായ് അങ്ങിനെ
കത്തിക്കടിയില്‍ അടിയറവ് പറഞ്ഞു
തേങ്ങ അരച്ച് അവിയലില്‍ ഇട്ടു
തേങ്ങ ചുരണ്ടി തോരനില്‍ ഇട്ടു.
മിച്ചം വന്ന തേങ്ങയെടുത്ത്
വറുത്ത് അരച്ച് തീയല്‍ വയ്‌ച്ചു.
പച്ചടി വയ്‌ച്ചു കിച്ചടി വയ്‌ച്ചു
സാമ്പാറവിയല്‍ തോരനും വയ്ച്ചു
ചില ചെറു കള്ളത്തരത്തില്‍ ഞാനാ
കാളനും ഓലനും ഒപ്പിച്ചെടുത്തു
അച്ചാറിട്ടത് കുപ്പിയിലാക്കി
ഇഞ്ചി കറിയത് വേറെ വയ്ച്ചു
നേന്ത്രക്കായത് ഉപ്പേരി വറുത്തു
അടയും കടലയും പ്രഥമന്‍ വയ്‌ച്ചു
കറികള്‍ പലത് താളിക്കും നേരം
കടുക്ക് പലവുരു പൊട്ടിത്തെറിച്ചു
കറിവേപ്പിലയോട് അടിപിടി കൂടി
ചിരട്ടത്തവി അവര്‍ക്ക് കുത്ത് കൊടുത്തു
കുത്തരി കൂട്ടി സദ്യയതുണ്ണാല്‍
കൊതി മൂത്തിട്ട് ഉള്ളം തുടിച്ചു
സദ്യ വിളമ്പും നേരം തവിയില്‍ ഒരു
കറിവേപ്പിലയത് പിണങ്ങിയിരുന്നു.
ഇഞ്ചി കറിയത് കൂട്ടും നേരം ഇഞ്ചി
കടിച്ചത് പോലായ് മുഖഭാവം
അത് വരെ അന്നം കാണാത്തതു പോല്‍
ഉരുളകള്‍ പലവുരു ഉരുട്ടി വിഴുങ്ങി
തൂശനിലയിലാ സദ്യയും അടിച്ച്
മത്ത് പിടിച്ച് മയങ്ങും നേരം
കായം മറന്നൊരു സാമ്പാര്‍ ആരും
കണ്ടു പിടിച്ചില്ലെന്നത് ഓര്‍ത്തു ചിരിച്ചു.
Wednesday, August 22, 2007
ആരൊ എന്നെ ഫ്രയിം ചെയ്തൂ.
എന്നെ ഫ്രയിം ചെയ്ത ഈ സംഭവത്തിന് തിരികൊളുത്തിയത് 2007 ആഗസ്റ്റ് 16ന് കാര്‍ട്ടൂണിസ്റ്റ് വരച്ച എന്റെ കാരികേച്ചറാണ്. എന്നെ ഫ്രയും ചെയ്ത പ്രസ്തുത കഷിയുടെ ഓഫീസ് മുറിയുടെ ചുമരും ചാരി ഞാന്‍ നില്‍ക്കുന്നത് കണ്ടില്ലെ. ഈ മുഖാമുഖം ദിനം പ്രതി സഹിക്കുന്ന കഷി ആര് എന്ന് കണ്ട് പിടിക്കുന്നവര്‍ക്ക് ഒരു പ്രത്യക സമ്മാനം(e-ഓണ തല്ല്, e-ഓണ സദ്യ,e- ഉഗാണ്ടയിലേക്ക് ഉള്ള യാത്ര) നല്‍കുന്നതാണ്;). സംഭവം എന്റെ ശ്രദ്ധയില്‍ പെട്ടത് ഇങ്ങിനെ.
അതിരാവിലെയാറര മണിക്ക്
കോഫിയുമായി നെറ്റില്‍ കയറി.
പത്രം നോക്കി, പാട്ടുകള്‍ കേട്ടു
ബ്ലോഗുകള്‍ പലതും വായിച്ച് കമന്റി.
ഇടയ്ക്ക് പലവുരു ഓര്‍മ്മയില്‍ തികട്ടി
ഇമെയില്‍ ഒന്നും നോക്കിയിട്ടില്ല.
ഒടുവില്‍ ഇമെയില്‍ നോക്കും
നേരം വിഷയം ഒന്ന് കണ്ണിലുടക്കി.
സ്പഷ്ടമായത്തില്‍ എഴുത്തിയിരിക്കുന്നൂ
ആരോ മയൂരയെ ഫ്രയിം ചെയ്തു,
കൂടെ ഉള്ളൊരു ചിത്രം നോക്കൂ.
ചെയ്‌ത്തതാരെന്ന് ചോദിച്ചറിയൂ.
ചിത്രം കണ്ടൂ ഉള്ളില്‍ കൊണ്ടൂ
ഞെട്ടിത്തരിച്ച് കോരിത്തരിച്ചു
സന്തോഷത്താല്‍ ഉള്ളം പൊട്ടി
പൊട്ടിച്ചിരിച്ച് പൊട്ടിത്തകര്‍ന്നൂ.
സന്തോഷത്താല്‍ ഓര്‍ത്ത് ചിരിചൂ
പിന്നെ ഒരു ചെറു നെടുവീര്‍പ്പിട്ടു.
ഇതരമൊരു വികൃതി കാട്ടീടുവാനായ്
കച്ച കെട്ടിയതാരെന്ന് പറയ്ക.
Thursday, August 16, 2007
ഐ ലവ് കോച്ചിപ്പിടി.
കേരള ഫിലിം ചേമ്പര്‍ അവാര്‍ഡ് ദാന ചടങ്ങിനിടയില്‍ ഓസ്കര്‍ വിന്നിങ്ങ് ആക്ഷന്‍ സീന്‍ കാണുന്നത് പോലെ പൊടി തട്ടി എണീറ്റ മമ്മിയും, ഭയനിട്ടെന്ന പോലെ നാലു വയസുകാരന്‍ ചട്ടമ്പിയും തുറിച്ച് നോക്കുന്നു. ടിര്‍ണോം....ര്‍ണോം... ണോം.... ണോം... എന്നുള്ള സ്വരത്തില്‍ ഒരു സ്റ്റീല്‍ പാത്രം ചട്ടമ്പിയുടെ കൈയില്‍ നിന്നും തഴെ വീണു കറങ്ങുന്നു. ചട്ടമ്പിയുടെ കൈയില്‍ ഒരു ഗ്ല്ലാസുമുണ്ട്. എന്റെ ഉള്ളില്‍ കുതിച്ച് കയറിയ മെര്‍ക്കുറി ഒന്ന് താഴെയിറങ്ങാന്‍ ഒരു ദീര്‍ഘനിശ്വാസം എടുത്തത് രണ്ട്..മൂന്ന്..നാല്..എന്നങ്ങിനെ ഒരു പത്ത് ഇരുപത്തിയഞ്ച് ആയപ്പോഴെക്കും താഴെയിറങ്ങി. പിന്നെ ചട്ടമ്പിയുടെ അടുത്ത് ചെന്ന് ആവര്‍ത്തിച്ച് ചോദിച്ചു. “എന്താ മോനെ, എവിടെ..എവിടെയാണ് കോച്ചിപ്പിടിച്ചത്... എവിടെ?” "അമ്മേ.....എനിക്ക് കോച്ചിപ്പിടിച്ചത് അറിയില്ല, ബട്ട് എനിക്ക് കോച്ചിപ്പിടി പഠിപ്പിച്ച് തരൂ, പ്ലീസ്...ഐ ലവ് കോച്ചിപ്പിടി.”
ഇടിവെട്ടെറ്റവളുടെ തലയില്‍ ആപ്പിള്‍ (ചുമ്മാ.... അതിന്ന് ഒന്നാമതായി ഞാന്‍ ന്യൂട്ടന്‍ ഒന്നും അല്ല..പിന്നെ സംഭവം നടക്കുന്നത് അങ്ങ് കേരളത്തിലായിരുന്നു. അപ്പോള്‍ നല്ല ഉണങ്ങിയ തേങ്ങ തന്നെ ആണ് വീണത്.) വീണ പോലെ ആയി എന്റെ അവസ്‌ത. ചട്ടമ്പിക്ക് കോച്ചിപ്പിടിച്ചിരുനു എങ്കില്‍ അത് എണ്ണയൊ, കുഴമ്പോ ഒക്കെ ഇട്ട് മാറ്റാമായിരുന്നു. ഇനി കോച്ചിപ്പിടി പഠിപ്പിക്കാന്‍ ഞാന്‍ എന്ത് ചെയ്യും. ഞാന്‍ എന്തെങ്കിലും ചോദിക്കുന്നതിന് മുന്നേ ചട്ടമ്പിയുടെ ചോദ്യം വീണ്ടും. "അല്ലമ്മേ, കോച്ചിപ്പിടി പഠിക്കുന്നതെങ്ങിനെയമ്മേ?”. എന്റെ മനസിലൂടെ ഒരു മിന്നല്‍ പിണര്‍ കൂടി പാഞ്ഞു പോയി. എന്തിനായിരിക്കും ചട്ടമ്പി ഇത് ചോദിക്കുന്നത്? കാരണം കൈയിലിരുപ്പ് അങ്ങിനെയാണ്.
"അമ്മേ...." ചിന്തകള്‍ കാട് കയറും മുന്‍പേ ചട്ടമ്പിയുടെ വിളികേട്ടു. "അമ്മേ.. എനിക്ക് കോച്ചിപ്പിടി പഠിപ്പിച്ച് തരൂ അമ്മേ, ഐ ലവ് കോച്ചിപ്പിടി.” ഞാന്‍ ഓടി പോയി ഗൂഗില്‍ ചെയ്ത് നോക്കിയാലോ എന്ന് ആലോച്ചിച്ചു. അല്ലതെ എങ്ങിനെ, ഇല്ലങ്കില്‍ ഇത് പഠിപ്പിക്കാന്‍ പറ്റിയ ആശാന്‍മാര്‍ ആരേലും ഉണ്ടോ എന്ന് തിരക്കണം. എവിടെ പോയി തിരക്കും, അതിനും ഗൂഗില്‍ തന്നെ ശരണം. എന്റെ മമ്മിയോട് ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചാല്‍ ചീത്തയുറപ്പാണ് (അനുഭവം ഗുരു, പിന്നെ കുറച്ച് മുന്നേ തട്ടി തഴെയിട്ടതിന്റെ പൊട്ടി‘തെറി‘ ഇതു വരെ എനിക്ക് കിട്ടിയിട്ടില്ല).
ഞാന്‍ മെല്ലെ ചട്ടമ്പിയൊട് ചോദിച്ചു, " എന്തിനാ മോനെയിപ്പോള്‍ കോച്ചിപ്പിടി പഠിക്കുന്നത്. മോനെയമ്മ മാങ്ങയെറിയാനും, തുമ്പിയെ പിടിക്കാനും, തൊടിയിലെ കുളം കലക്കി തോര്‍ത്തിട്ട് മീന്‍ പിടിക്കാനും ഒക്കെ പഠിപ്പിക്കാം. ഇതൊന്നും തിരിച്ച് പോയാല്‍ പഠിയ്ക്കാനും ചെയ്യാനും പറ്റില്ലല്ലോ, എന്താ പോരെ". "വേണ്ടായെനിക്ക് ടി.വിയിലെ ആന്റിയെ പോലെ കോച്ചിപ്പിടി തന്നെ കാണിക്കണം, എനിക്ക് അത് തന്നെ പഠിക്കണം. അമ്മേ ആ ആന്റി തലയില്‍ ഗ്ലാസും വയ്‌ച്ച് പാത്രത്തില്‍ കയറി നിന്നാണ് കോച്ചിപ്പിടിച്ചത്". ങേ, അങ്ങിനെയോ? ഇത്തരം അഭ്യാസങ്ങള്‍ ആന്റിയല്ല ആരു കാണിച്ചാലും തീര്‍ച്ചയായും കോച്ചിപ്പിടിക്കും എന്ന് മനസില്‍ ഓര്‍ത്തു. പിന്നെ ഈ വക ചാനല്‍ ഒക്കെ ചട്ടമ്പിക്ക് ഇത് ആരാ കാണിച്ച് കൊടുക്കുന്നതെന്നറിയാനുള്ള ആവേശത്തില്‍ എന്റെ മെര്‍ക്കുറി വീണ്ടും ഉയര്‍ന്നു.
പെട്ടെന്നാണ് ഓര്‍മ്മ വന്നത്. കുറച്ച് ദിവസം മുന്നേ ടി.വിയില്‍ കുച്ചിപുഡി കണ്ട കാര്യം. അന്ന് ചട്ടമ്പി ചോദിക്കുകയും ചെയ്‌തിരുന്നു "ആ ആന്റിയുടെ അമ്മ ഗ്ലാസും പാത്രവും കൊണ്ട് കളിച്ചാല്‍ വഴക്ക് പറയില്ലേ" എന്ന്. ഈ സംഭവം ചട്ടമ്പിയുടെ കുരുന്ന് മനസ്സില്‍ കടന്ന് കയറി അത് പിന്നെ കുച്ചിപുഡിയില്‍ നിന്നും കോച്ചിപ്പിടിയായി പരിണമിച്ച് ഇത്രടം വരെ എത്തുമെന്ന് ആരു കണ്ടു.
ചട്ടമ്പിയെ മെല്ലെ അടുത്തെക്ക് വിളിച്ച് ഗ്ലാസ് കൈയില്‍ നിന്നും വാങ്ങി പാത്രം നിലത്ത് നിന്നും എടുത്ത് വയ്‌ച്ച് പുറത്തെക്ക് നടക്കുന്നതിനിടയില്‍ കുച്ചിപുഡി ഒരു ശാസ്‌ത്രീയ നൃത്തരൂപമാണെന്നും, ആന്ധ്രകൃഷ്‌ണാ ജില്ലയിലെ കുച്ചുപുഡി ഗ്രാമത്തില്‍ രൂപം കൊണ്ട കലാരൂപമായതു കൊണ്ടാണ് ഇതിന്ന് ആ പേര്‍ കിട്ടിയതെന്നും, തലയില്‍ വെള്ളം നിറച്ച കുടവുമേന്തി പിച്ചളക്കിണ്ണത്തില്‍ കാലിന്റെ പെരുവിരല്‍ ഊന്നി കൊണ്ടുള്ള അഭ്യാസ പ്രകടനമാണ് ഈ കലയുടെ സവിശേഷതയെന്നും ഒക്കെ എങ്ങിനെ ലളിതമായ ഭാഷയില്‍ ചട്ടമ്പിയെ പറഞ്ഞ് മനസിലാക്കാം എന്ന ചിന്തയില്‍ നടക്കുമ്പോള്‍ മുന്നിലുള്ള പടിയില്‍ തട്ടി വീണ് നടുവ് കോച്ചിപ്പിടിച്ച് ഞാന്‍ "മമ്മി, എന്റെ നടുവ് കോച്ചിപ്പിടിച്ചേ" എന്നുറക്കെ നിലവിളിക്കുന്നത് കേട്ട് ചട്ടമ്പി ഓടി പോയി ഒരു വട്ട പാത്രവും ഗ്ലാസുമെടുത്ത് എന്റെ അരികില്‍ എത്തി.
Thursday, July 26, 2007
ശാന്തിതീരം തേടി.
മനസ്സ് -
പരിത്യജിക്കപ്പെട്ട സ്വപ്നങ്ങള്‍ക്കുവേണ്ടി
സ്വയം കല്‍പ്പിച്ച് നല്‍കിയൊരു വനവാസം.
സന്ദേഹം -
യാന്ത്രികമായ ലോകത്തിനെ
തോല്പിക്കാമെന്നവ്യാമോഹമോ ഉള്ളില്‍ .
വ്യഥ -
നഷ്ടപെടാനും നഷ്ടപെടുത്തുവാനും ബന്ധങ്ങള്‍,
പണ്ടെങ്ങോ ആരോ നാമം നല്‍കിയ,
മനസില്‍ കാത്ത് സൂക്ഷിച്ച,
നഷ്ടമാകരുതേയെന്നാശിച്ച് പ്രാര്‍ത്ഥിച്ചവ.
പാത -
മനസിന്റെ ഇരുളടഞ്ഞ
മാറാലതൂങ്ങിയ ഇടവഴികളിലൂടെ,
പേടിപ്പിക്കുന്ന നിശ്ശബ്‌ദതയിലൂടെ
ഒരു പ്രകാശ ഗോളത്തിന്‍ തേരിലേറി.
കൂടെ -
ജീവന്റെ ശേഷിച്ച സ്പ്ന്ദനം,
മങ്ങിമറയുന്ന മരവിച്ച ഓര്‍മ്മകള്‍,
തളര്‍ന്ന ശരീരം.
തേടുന്നത് -
നിശ്ചയമില്ലെങ്കില്ലും ഏതോ ശാന്തി തീരം.
അവിടെ പാരിജാതത്തിന്റെ പരിചിതമായ
ഗന്ധത്തില്‍ തീര്‍ത്ത പരവതാനിയില്‍,
അടഞ്ഞ കണ്ണുകളെങ്കില്ലും
വാനത്തിലെ താരങ്ങളെ കണ്ട് ,
തഴുകുന്ന ഇളം കാറ്റിന്റെ കുളിര്‍മ്മയില്‍,
ദൂരെനിന്നെങ്ങോ മാറ്റൊലികൊള്ളുന്ന
ഒരു പൈതലിന്‍ ചിരിയില്‍,
നിശ്ചലമായ മനസ്സും ശരീരവുമായി
ഒരിക്കല്ലും ഉണരാത്ത നിദ്ര.
Friday, July 20, 2007
നഷ്ട് സ്വപ്‌നം.
അറിയാതെ പറയാത
കൊഴിഞ്ഞു പോയ്
സ്വപ്‌നങ്ങള്‍ ഒരു
തീഷ്‌ണ സന്ധ്യ
തന്‍ കല്‌പടവില്‍.
ഉരുകുന്ന മനസ്സിലെ
ഉണരുന്ന ചിന്തകള്‍
ഏരിയുന്ന ചിതയിലെ
തീ നാളം വിഴുങ്ങി.
രാവില്‍ വിലോലമായ്
പാടുമാ രാപാടിയും
ദൂരെ രാമഴയേറ്റു
പറന്നു പോയി.
ഇനിയീ ഏകാന്ത
യാമങ്ങള്‍ പിന്നിടാന്‍
അത്മാവില്‍ നിശബ്‌ദമാം
തേങ്ങല്‍ മാത്രം.
Monday, June 18, 2007
അപര(ന്‍)???
ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
അപ
(1) ര.
(2) രന്‍.
(3) 1ഉം 2ഉം അല്ലാത്തത്.
(4) 1ഉം 2ഉം ചേര്‍ന്നത്.
“മയൂര.” എന്ന പേരില്‍ ആരോ ചില പോസ്‌റ്റുകളില്‍ കമന്റ് ഇടുന്നതായി എന്റെ ചില സുഹൃത്തുക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശ്രദ്ധയില്‍ പെടുത്തുകയുണ്ടായി. ആ കമന്റ് ഇട്ടത്ത് ആരെന്നോ, അതിന്നു പിന്നില്‍ ഉള്ള ചേതോവികാരം എന്തെന്നോ എനിക്ക് അറിവുള്ളതല്ല. എന്റെ പ്രൊഫൈലും(http://www.blogger.com/profile/05489746641200403873) മറ്റെ കഷിയുടെ പ്രൊഫൈലും നോക്കിയാല്‍ ഇത് മനസിലാകാവുന്നതെ ഉള്ളൂ.
ഇതിന്റെ പേരില്‍ എന്റെ കൂട്ട്കാര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് വന്നിട്ടുണ്ടെങ്കില്‍ അത് എന്റെ തെറ്റ് കൊണ്ട് അല്ല എന്ന് സദയം മനസിലാക്കുവാന്‍ അപേക്ഷ.
Wednesday, May 02, 2007
നാ(വ)ട്ട് വിശേഷം - ലാപ് ടോപ്
കാന്താരി പെണ്ണേ...കാന്താരി പെണ്ണേ....കാന്തന്റെ നെഞ്ചില്‍ ...(മൊബൈല്‍ റിങ്ങ് ടോണാണ്) ആരാന്ന് ഒളിഞ്ഞു നോക്കി,കാന്തന്‍. ചാടി വീണ് മൊബൈല്‍ എടുതു....ഹലോ...
/*....ഫാസ്‌റ്റ് ഫോര്‍വേര്‍ഡ്........ഒരു 20, 25 മിനിട്ട് .......*\
ചട്ടമ്പി എന്ത് ചെയ്യുന്നു?
ചട്ടമ്പീ ..അചു വിളിക്കുന്നു...ദേ സംസാരിക്കൂ...
ഹലോ അച്ചൂ...ഫൈന്‍ ആണോ?
ഫൈന്‍..ഫൈന്‍....ചട്ടമ്പിക്കോ?
ആം ഫൈന്‍ ഹീര്‍....താങ്ക്‍സ് .
എന്താ ചട്ടമ്പീ അവിടെ പരിപാടി?
ഞാന്‍ ലാപ് ടോപ്പിലാ.
ലാപ് ടോപ്?
യേസ് അചാഛന്‍ ലാപ് ടോപ്..
അചാഛന്‍ ലാപ് ടോപോ? അതിന്റെ കീസ് ഒന്നും ഇളക്കി എടുക്കരുത്, ബീ കേര്‍ ഫുള്‍.
കീസ്, വാട്ട് കീസ്. എവ്‌രിബഡി ഹീര്‍ ഹവ് ലാപ് ടോപ്. സോ ഇറ്റ്സ് ഗോയിന്‍ ടു ബീ ഫൈന്‍.
ചട്ടമ്പീ,ഡിഡ് യാ സേ എവ്‌രിബഡി??
യേസ് , ഈവന്‍ അമ്മാമ ഹാവ് വണ്‍...ആന്‍റ്റ് കല്യാണീ ടൂ..
വാട്ട്, ഒക്കേ ചട്ടമ്പീ, ബീ എ നൈസ് ബോയ്. അമ്മക്ക് കൊടുക്കൂ മൊബൈല്‍.
അമ്മേ....അച്ചു വിളിക്കുന്നു.
ചട്ടമ്പീ തന്നിട്ട് പോയി കളിക്കൂ, കല്യാണിയേ നോവിക്കരുത്..ട്ടോ...അമ്മ ദേ വന്നു.
ഹലോ.........
നിന്നോട് ആരാ അവിടെ പോയി ലാപ് ടോപ് വാങ്ങാന്‍ പറഞ്ഞത്..അവിടെ എല്ലാവര്‍ക്കും ലാപ് ടോപ് ഉണ്ട് എന്നത് ഡസിന്റ് മീന്‍ യൂ ഹാവ് ടു ബൈ വണ്‍..അതും പോരാഞ്ഞ് കലാണിക്കും വാങ്ങി. ഇതിനൊക്കെ അഹങ്കാരം എന്നാണ് പറയേണ്ടത്......
/*.....വീണ്ടും ഒരു 15 മിനിട്ട് കൂടി ഫാസ്‌റ്റ് ഫോര്‍വേര്‍ഡ്...*\
അല്ലാ എന്താ ഇപ്പോള്‍ പ്രശ്‌നം....
എന്ത് ലാപ് ടോപ്,
ഏത് ലാപ് ടോപ്,
എവിടതെ ലാപ് ടോപ്,
എവിടെ ലാപ് ടോപ്?
ചട്ടമ്പി പറഞ്ഞൂ അവന്‍ ഇപ്പോള്‍ അചാഛന്റെ ലാപ് ടോപിലാണെന്നും, അവിടെ എല്ലാവര്‍ക്കും ലാപ് ടോപ് ഉണ്ടെന്നും, അമ്മക്കും കല്യാണിക്കും ലാപ് ടോപ് ഉണ്ടെന്നും. നീ ഇവിടന്ന് ലാപ് ടോപ് കോണ്ട് പോയില്ലല്ലോ, പിന്നെ അവിടന്ന് വാങ്ങിയോ?
ങേ....ഹാ...അതായിരുന്നു.....ഒരു നിമിഷം ഒന്നു ബ്രീത് ചെയ്യൂ.......ചട്ടമ്പി പറഞ്ഞത് നാടന്‍ ലാപ് ടോപിന്റെ കാര്യമാ.
നാടന്‍ ലാപ് ടോപ്പോ??
അതെ,
ചട്ടമ്പി ലാപ് ടോപിലാ,
അചാഛന്‍ ലാപ് ടോപിലാ,
അമ്മാമതന്‍ ലാപ് ടോപിലാ,
കുഞ്ഞാഞ്ഞതന്‍ ലാപ് ടോപിലാ.
അല്ലാ അത് ആര്‍ക്കാ ഇല്ലാതെ? ഇവിടെ എന്നല്ല എവിടെയും എല്ലാവര്‍ക്കും ഉണ്ട് കല്യാണിക്കും ഉണ്ട്. അതു വാങ്ങാന്‍ ഒന്നും പോകണ്ടാ, ഫ്രീ അല്ലേ, ജനിക്കുമ്പോഴേ ബില്‍ട്ട് ഇന്‍ ലാപ് ടോപ്, ലാപ് .... ടോപ്. അച്ഛനമ്മമാര്‍ മക്കളെ ഇരുത്തുന്നത് ലാപ് ടോപ്പില്‍, മുത്തശ്ശനും മുത്തശ്ശിയും കുട്ടികളെ ഇരുത്തുന്നത് ലാപ്പ്‌ടോപ്പില്‍, അങ്ങിനെ അങ്ങിനെ .....ഹഹഹ എനിക്ക് വയ്യാ..
ഓ അതായിരുന്നോ സംഭവം. പിന്നെ വേറെ വിശേഷം ഒന്നും ഇല്ലെങ്കില്‍? എന്താ നിനക്ക് എന്തോ പറയനോ ഉള്ളത് പോലെ?
ങേ...ങാ...ഒന്നും ഇല്ല ഞാന്‍ ഇതിന്റെ ഹാങ്ങോവറിലാണ്;)
/* അങ്ങേ തലയ്ക്കല്‍ ഒരു 68 കിലോ ഡെസ്ക്ക് ടോപ്പിലേക്ക് വീഴുന്ന സ്വരം........... *\
Sunday, April 22, 2007
മൗനമേഘങ്ങള്‍
എന്റെ മനസ്സിലെ തീകനലിലാടുന്ന
തെയ്യത്തിനെയടക്കി നിര്‍ത്തുവാ-
നാവില്ലിനി നിന്റെ മിഴിനീര്‍ത്തുള്ളിക്ക്.
എന്റെയുള്ളില്‍ തറച്ച് കയറിയത്
നിന്‍ മൌനത്തിന്‍ കൂരമ്പുകള്‍.
വാര്‍ന്നോഴുകിയ ചുടുചോരതന്‍
തീഷ്‌ണതയില്‍ വെന്തുരുകി
വെണ്ണീറായത് നമുക്കായ് നാം
നെയ്‌ത് കൂട്ടിയ സ്വപ്‌നങ്ങളും ഞാനും.
അകലെയെവിടെയോ നീ നിന്‍
മൌന വ്രതം മുറിയ്ക്കുന്ന വേളയില്‍
ആരോ എനിയ്‌കൊരുരുള-
പിണ്ഡം വയ്‌ക്കും, ബലികാക്കകള്‍
അത് കൊത്തിവലിയ്‌ക്കാതെ എന്‍
പാഴ്‌ജന്മത്തിന്‍ നേര് വിളിചോതും.
മൌന മേഘങ്ങളോരു മൌന-
രോദനം പോലും സമ്മാനികാതെ
കടന്ന് പോകും, ഓടുവിലവ നിന്നരികില്‍
ഒരു മൌന ഗീതമായ്’ പെയ്തൊഴിയും.
Friday, April 13, 2007
'വിഷു ആശംസകള്‍'
Monday, April 02, 2007
യാത്രാചരിതം അവസാന ഘട്ടം
ഓടിയല്ലോ നടക്കുന്നു
തെക്കോട്ടും വടകോട്ടും
അടുക്കുന്നു പെറുക്കുന്നു
മുറയ്‌ക്കവ വെയ്‌ക്കുന്നു
ഫ്രിഡ്‌ജിലെ ഫ്രോസണാം
കറികളിലോക്കയും
ലേബലുകറക്‌റ്റെന്ന്
നോക്കിയുറപ്പിച്ചും
കിച്ചണില്‍ സിങ്ക്കും
ക്യബിനറ്റും ഫ്ലോറും
ഓവനും മൈക്രോയും
വെടുപ്പാക്കി വയ്‌ക്കുന്നു
കിടപ്പ് മുറിയിലെ
തൊട്ടിലും കട്ടിലും
ഷെല്‍ഫ്‌ലെ വസ്‌ത്രവും
മുറയ്‌ക്കടുക്കി വയ്‌ക്കുന്നു
ബാത്‌റൂമ്മും സിങ്കും
ക്ലോസറ്റും ഷവറും
സ്‌പോട്ട് ഫ്രീആയതിന്‍
വെട്ടം കണ്ണുകളിലടിക്കുന്നു
ലിവിങ്ങ് റൂമിലെ നോന്‍-
ലിവിങ്ങ് സോഫയും
ടിവിയും പൊടിയടിച്ച്’
പൊടിലെസ് ആക്കുന്നു
കാര്‍പ്പറ്റ്വീരനാം വാക്യൂം
ക്ലീനറെ ടവല്‍ലാല്‍
തഴുകി പൊട്ടും തൊട്ട്
ഹൈബര്‍നേഷന് വയ്‌ക്കുന്നു
ഒടുവില്‍ സമയമായ്
ഫ്ലൈറ്റിനു നേരമായ്
വിതുമ്പുന്ന ഉള്ളാലെ
കാന്തനെ നോക്കുന്നു
കണ്ണുകള്‍ പരസ്പരം
ഉടക്കിയോരുനിമിഷം
യാത്രാ മൊഴികൈമാറി
മൌനമായ്...
കുട്ടികളെ നോക്കിതിരി-
ഞ്ഞൊരു നേരം കേട്ട
ചട്ടമ്പിതന്‍ ചിരിയില്‍
നേരിയ സന്ദേഹം.
തിരിഞ്ഞു നോക്കുമ്പൊള്‍,
വീണതല്ലോ കിടക്കുന്നു
പൂട്ട്‌പോട്ടിയ ലേബലൊട്ടിചതാം
നാല് പെട്ടികള്‍ മുകളില്‍
കുട്ടികള്‍ അരികില്‍
കാന്തനും പിന്നെയീ ഞാനും.
Monday, March 26, 2007
ഇനിയെന്‍ അമ്മതന്‍ അരികിലേക്ക്....
തുഷാരം ഓണ്‍ലൈന്‍ മാസികയുടെ ഈ ലക്കത്തില്‍, എന്റെ ഒരു ചെറിയ രചന
ഇനിയെന്‍ അമ്മതന്‍ അരികിലേക്ക്.... എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എന്നെ ബ്ലോഗുതുടങ്ങാന്‍ പ്രേരിപ്പിച്ച, സ്‌നേഹിച്ച, തെറ്റ്‌കള്‍ ചൂണ്ടിക്കാണിച്ച്, എന്റെ ബ്ലോഗിലെ ശൂന്യത കൂടെക്കൂടെ ഓര്മ്മിപ്പിച്ച് എന്നെ കൂടുതല്‍ എഴുതാന്‍ പ്രോത്സാഹിപ്പിച്ച എന്റെ എല്ലാ കൂട്ട്‌കാര്‍ക്കും വേണ്ടി ഞാന്‍ ഇത് സമര്‍പ്പികുന്നു.
Sunday, March 18, 2007
മനസ് ഒരു സമസ്യ.
കത്ത് മടക്കി വച്ച് ജാലകത്തിലൂടെ പുറത്തേയ്ക്ക് നോക്കുമ്പോള്‍ കാലംതെറ്റി വന്ന മഴ തിമിര്‍ത്ത് പെയ്യുകയായിരുന്നു. മഴയ്ക്ക് വേണ്ടി എന്നും പ്രതീക്ഷയോടെ നോക്കിയിരിക്കാറുള്ള ഞാന്‍ മഴ തുടങ്ങിയത് അറിഞ്ഞതേയില്ല. അവളുടെ കത്ത് പലയാവര്‍ത്തി വായിക്കുകയായിരുന്നു. തൂളിയടിച്ച് ജനാലയിലൂടെ അകത്തേക്ക് കയറിയ ഓരോ മഴത്തുള്ളിയും കുളിരുള്ള ചുംബനങ്ങള്‍ തന്ന് ശരീരത്തിലേക്ക് അലിഞ്ഞ് ചേരാന്‍ ശ്രമിച്ച് എന്നെ തഴുകി താഴെയ്ക്ക് ഒഴുകി വീണുകൊണ്ടിരുന്നു.
മനസ് നിറയെ അവളായിരുന്നു, അവളെഴുതിയ വരികളായിരുന്നു. നട്ടുച്ചയായതെ ഉള്ളുവെങ്കിലും ആകാശത്ത് തിങ്ങി നിറഞ്ഞിരുന്ന കാറ്മേഘക്കൂട്ടങ്ങള്‍ അവിടെയാകെ ഇരുള്‍ വീഴിച്ചിരുന്നു . പ്രകൃതി എന്തെ ഇന്നിങ്ങനെ, പിണങ്ങിയതാണോ? ഇരുള്‍ വീഴുന്ന വഴിയരികില്‍ മരച്ചില്ലകള്‍ തീര്‍ത്ത നിഴലുകള്‍ക്ക് അവളുടെ നിഴലിന്‍റെ സാമ്യം ഉണ്ടോ എന്ന് എന്റെ മനസ്സ് തിരഞ്ഞുവോ? മനസിനെ വേണ്ടാ വേണ്ടാ എന്ന് പലയാവറ്ത്തി ഉരുവിട്ട് വിശ്വസിപ്പിക്കാന്‍ ശ്രമിച്ച്, ഒടുവില്‍ അതോരു പാഴ്ശ്രമമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ അവള്‍ക്ക് മറുപടി എഴുതണമെന്ന് മനസ്സില്‍ ഉറച്ച് തോറ്റ് പിന്മാറി.
ഇതിനോടകം അവളുടെ ഓരോ വരികളും മനസ്സില്‍ പതിഞ്ഞിരുന്നു . എഴുതി തുടങ്ങുമ്പോള്‍ സംബോധന ചെയ്യേണ്ട ആവശ്യം ഇല്ലായിരുന്നു. അവളില്‍ നിന്നും വരുന്ന കത്തുകള്‍ക്ക് ഒരിക്കലും അതില്ലായിരുന്നു, ഉള്ളടക്കത്തില്‍ എങ്ങും എന്റെ പേരും. ആരാണയക്കുന്നതെന്ന് കുറെക്കാലം അറിഞ്ഞതുമില്ല. ഒടുവില്‍ ഒരിക്കല്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ അവള്‍ ഉരുവിട്ട ചില വരികള് കേട്ട് ഞെട്ടിത്തരിച്ച് എത്ര നേരമെന്നറിയാതെ നിന്നതും, ഞെട്ടലില്‍ നിന്നെന്നെ ഉണര്‍ത്തിയ അങ്ങേത്തലയ്‌ക്കല്‍ നിന്നുള്ള വിതുമ്പലും, എന്ത് ചെയ്യണമെന്നറിയാതെ കുറെ നേരം ശിലയായ് നിന്നതും, ഒടുവില്‍ എപ്പോഴൊ അവള് തന്നെ ഫോണ്‍ കട്ടാക്കി പോയതുമെല്ലാം.....
വളഞ്ഞ് തിരിഞ്ഞ കുറെ ചോദ്യങ്ങള്‍ ചോദിച്ച് എന്റെ മനസ്സിനെ അളക്കാന്‍ നീ ശ്രമിക്കുകയായിരുന്നോ? ഇതൊക്കെ അറിയാന്‍ ഞാന്‍ ഒത്തിരി വൈകിയൊ? എന്തേ, നീ ഒരിക്കലും ചോദിച്ചില്ലാ, എനിക്ക് നിന്നെ ഇഷ്‌ടമാണോ എന്ന്? ഉത്തരം നല്‍കാന്‍ ഞാന്‍ ഇപ്പോഴും തയ്യാറായതിനാലല്ല. പക്ഷേ അപ്പോള്‍ എനിക്ക് നിന്നോടും ചോദിക്കാമല്ലോ നിനക്ക് എന്നെ ഇഷ്‌ടമാണൊ എന്ന്?എന്തെ നീ എന്നെ ഇഷ്‌ടപെടുന്നതെന്നും അങ്ങിനെ ഇനിയും ഉത്തരം കിട്ടാത്ത മറ്റുപലതും.
ഒരിക്കല്‍ നീ വേറെ ഏതോ രീതിയില്‍ പറഞ്ഞുവോ നിന്റെ മനസ് എനിക്ക് എന്നേ തന്നുവെന്ന്, അതോ ഞാന്‍ തെറ്റിധരിച്ചതോ? ഇനിയും ഒത്തിരി സമസ്യകള്‍ ഉണ്ട് എന്റെ മനസ്‌സില്‍ , ഒരു പക്ഷേ നിനക്കും. കടംകഥ പറഞ്ഞ് കളിക്കുന്നത് നമ്മുക്ക് നിര്‍ത്തിക്കൂടെ? ഇതു തന്നെയാണൊ നീയും ആഗ്രഹിക്കുന്നത്. എന്റെ മനസ്സിലും അറിയാതൊരിഷ്‌ടം നിന്നോട് തോന്നുന്നുണ്ടോ? അറിയില്ലെനിക്ക്, നിനക്കായുള്ള, നീ തന്ന ഒരു പിടി ചോദ്യങ്ങളും അതിന് ഞാന്‍ കണ്ടെത്തിയ ഉത്തരങ്ങളും കൂടി കുഴഞ്ഞ് മറിഞ്ഞ് എന്റെ മനസ് മാത്രം അറിയാം എനിക്ക്....അതും ഒരു സമസ്യ.
Tuesday, March 13, 2007
വള്ളിയിട്ടോരടയും വടയും.
അടയും വടയു-
മെനിക്ക് നിഷിധം.
കാണുന്നതു പോലും
ഉള്‍ക്കിടിലം.
കുഞ്ഞുനാളിലൊരു
സന്ധ്യാ നേരം
അമ്മയേകീ എനി-
ക്കോരിലയില്‍ ചുട്ടോരട.
ഇല കരിഞ്ഞതിനാലട
വേണ്ടന്ന് ഞാനും
കഴിക്കുക വേഗ-
മെന്നമ്മയും ശഠിച്ചു.
കണ്ടുനിന്നച്‌ഛന്‍
അരുളീ, ഒരു ചൂട്
വട വള്ളിയി-
ട്ടെടുക്കുക മോള്‍ക്ക്.
വടയോടുള്ളോരു
കൊതി മൂത്തു ഞാന്‍
വള്ളിയൊടുവില്‍
കേട്ടതില്ല.
അകത്തേക്കു പോയി
വന്നമ്മ വള്ളിയിട്ട
വടയാല്‍ ചുട്ട
വള്ളിയിട്ടോരടതന്നു.
Sunday, March 11, 2007
കാന്താ, മമ മാനസം വിതുമ്പുന്നു.
ആ സുദിനം മുതല്‍ എന്റെ മനസ്സ് രാവും പകലും കിനാവു കണ്ട് തിരുവനന്തോരത്തെ കുടുംബവീട്ടിലും പറമ്പുകളിലും മേഞ്ഞ് നടന്ന് ഓര്‍മ്മകള്‍ അയവിറക്കി ഏമ്പക്കവും വിട്ടിരിക്കാന്‍ തുടങ്ങി. ചട്ടമ്പികല്യാണിയെ ആദ്യായിട്ടാണല്ലൊ എല്ലാവരും കാണാന്‍ പോകുന്നത്. വീട്ടിലെത്തുമ്പോഴെക്കും സകലമാന ബന്ധുജനങ്ങളും ഒരു കാക്കത്തോള്ളായിരം ചോദ്യങ്ങളുമായി അവിടെ കാണും. ചെല്ല കിളീ, മക്കളുടെ പേരുകള്‍ എന്തിര്? സുഖങ്ങള്‍ വോക്കെ തന്നെ?കെട്ടിയോന്‍ വന്നിലല്ലേ,സത്യങ്ങള് പറഞ്ഞാല് അപ്പികള്‍ക്ക് തോനെ കാലം ലീവ്കള്‍ ഒന്നും കിട്ടൂലല്ലേ, ഇപ്പ പോയിട്ട് സന്ധ്യകള് ആകുമ്പൊ വരാം കേട്ടാ. ഞാന്‍ കേട്ടില്ല എന്നു നടിക്കും. സന്ധ്യക്ക് ഇവിടെ പ്രത്യകിച്ച് വിശേഷം ഒന്നും ഇല്ലല്ലോ, പിന്നെയെന്താ.
ഇങ്ങിനെ നൂറ് കൂട്ടം സുന്ദര സ്വപ്‌നങ്ങള്‍ കാണുന്നതിനിടക്ക് ഒരു അശരീരി പോലെയാണ് കാന്തന്റെ സ്വരം എന്റെ കര്‍ണ്ണങ്ങളില്‍ അലയടിച്ചത്. നീ നാട്ടില്‍ പോകുമ്പോള്‍ ഞാന്‍ മുളകും മല്ലിയും ഉപ്പും കുരുമുളകും ഒക്കെ എങ്ങിനെ തിരിച്ചറിയും...രുചിച്ച് നോക്കണോ...അതോ..മണപ്പിച്ച് നോക്കണോ? കാന്തന്‍ അവസാന രണ്ട് ആഴ്ച മാത്രമെ നാട്ടില്‍ വരുന്നുള്ളല്ലൊ. അത്രയും നാള്‍ വീട്ടില്‍ നളപാചകമാവും.സ്ഥിതി അതീവ ഗുരുതരം, കാന്തന്റെ ആമാശയത്തിന്ന്. മുളക്ക് പൊടിയാണെങ്കില്‍ രുചിച്ചോ മണപ്പിച്ചോ നോക്കാം എന്നു നാക്ക് വളച്ചതാ.......വളച്ചില്ല അല്ല വളഞ്ഞില്ല. കാന്തന് വല്ല തുമ്മലോ ചീറ്റലോ വയര്‍ എരിച്ചിലോ ഉണ്ടായാല്‍ എനിക്ക് എന്റെ "ഈ ചെറിയ അവധി" വെട്ടിച്ചുരുക്കി തിരിച്ച് വരേണ്ടി വരും.
ആ ഒരു അവസ്ഥ് ഓര്‍ത്തതപ്പോള്‍ ഞാന്‍ ഒരു കാറ്റഗറി അഞ്ച് കത്രീനയായി അടുക്കളയില്‍ ആഞ്ഞടിച്ചു.കണ്ണില്‍ കണ്ട സാധനങ്ങള്‍ ഒക്കെ അടിച്ച് നിലത്തിട്ടു. പിന്നെ ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ ലേബല്‍ ചെയ്ത് കുപ്പികള്‍ ഓരോന്നും ഒന്ന് മുതല്‍ പൂജ്യം വരെ പൊക്കവും,വണ്ണവും, ആകൃതിയും അനുസരിച്ച് മുറയ്ക്ക് വയ്ച്ചു. പോരാത്തതിന്ന് ഇത് മേശയാണ്, ഇത് കസേരയാണ് ലോ ലാ കണുന്നത് ഫ്രിഡ്ജ് ആണ്.. അതിനടുത്ത് നില്‍ക്കുനതു മോനാണ്, തഴെ ഇഴയുന്നത്ത് മോളാണ്, ദൂരെ എവിടെയോ കിടന്ന് അലയ്ക്കുന്നത് ഭാര്യയാണ് എന്നിങ്ങനെ എല്ലാം ലേബല്‍ ചെയ്‌തു.
കാന്തനെ ഞാന്‍ ഒറ്റക്ക് വിട്ടിട്ട് പോകയല്ലേ...ആ മനസ്സും നീലമിഴികളും എന്നെ ഓര്‍ത്ത് നിറഞ്ഞു തുളുമ്പുമ്പോളായിരിക്കും വയറില്‍ നിന്നും വിശപ്പിന്റെ വിളി കേള്‍ക്കുന്നത്. വല്ലതും ഉണ്ടാക്കി കഴിക്കുന്ന സമയത് ഉപ്പിനു പകരം വല്ല സോഡാ പൊടിയോ മറ്റോ ഇട്ട് ആഹാരം ഉണ്ടാക്കി കഴിച്ച് വല്ലതും വന്നു പോയാല്‍? പാടില്ല ഒരിക്കലും പാടില്ല, എന്റെ കരാട്ടെ ഗുരുക്കളെ അങ്ങിനെ വല്ലതും സംഭവിച്ചാല്‍ ഞാന്‍ പിന്നെ എന്തിന്ന് ജീവിച്ചിരിക്കണം. ജീവിതത്തിന്റെ ശേഷകാലം ഞാന്‍ കുറ്റബോധവും പേറി ജീവിക്കേണ്ടി വരും, കാന്തനെ പാചകത്തിന്റെ ബാലപാഠങ്ങള്‍ പഠിപ്പിക്കാത്തതിന്റെയും,ദിനവും അടുക്കളയില്‍ പാചകത്തിന് ഒരവസരം നല്‍കാതിരുന്നതിന്റെയും.
Thursday, March 08, 2007
എന്റെ ജാതകം.
നാലുകെട്ടിന്റെ ദ്രവിച്ച പടിപ്പുരവാതിലും
ശൂന്യമാം തുളസിത്തറയും മുറ്റവും,
മാറാലതൂങ്ങിയ പൂമുഖവാതിലും,
കരിന്തിരി കത്തിയ തൂക്കുവിളക്കും,
മുട്ടോളം കരിയില കൂടിയ നടുമുറ്റവും
താണ്ടി, കിഴക്കേ കോണിലെ
പത്തായപ്പുരതന്‍ മുന്നിലെത്തി.
താഴെ ചിതലരിക്കുന്നൊരു-
താളിയോല ഗ്രന്ഥം,
വിറയാര്‍ന്ന കയ്യാലെടുക്കവേ,
വായിക്കുവാനാവുന്നതൊരു -
വാക്കു് മാത്രം, ശുഭം.
ക്ഷണനേരം കാതടപ്പിക്കുന്ന നിശബ്‌ദത.
പിന്നെ അകലുന്നൊരു ചിറകടി നാദം.
ഇത് എന്റെ ജാതകം.
മാതാപിതാക്കള്‍ എനിക്കേകിയ,
അര്‍ത്ഥ ശൂന്യമാം കുറിപ്പുകള്‍,
ഇതിലെന്റെ വര്‍ത്തമാനവും,
ഭാവിയും ഭൂതവും കുറിച്ചിരുന്നു.