മുറിവുകളിൽ മാത്രം
പുഴുപോലരിച്ചരിച്ചിരിക്കും,
പുളഞ്ഞു ചിരിക്കും,
വിളര്‍ത്തു കിടക്കും,
വീണ്ടു,മരിക്കും!
Thursday, December 09, 2010
ഓർമ്മകൾ
Tuesday, November 30, 2010
Insomnia
ഇഹലോകത്തിതു പോലെ
ഉറക്കം നഷ്ടപ്പെടുത്താത്തൊരു പ്രണയം
മറ്റൊന്നുണ്ടാകുമോ?
പ്രണയാന്ത്യം ഇനി ഞാനിറങ്ങട്ടെ,യെന്നതിനു പകരം
ഇനി ഞാനുറക്കട്ടെ,യെന്ന് ചോദിക്കുമായിരിക്കും,
ഇനിയെങ്കിലും പ്രണയിക്കുന്നുവെങ്കില്‍
Sunday, November 14, 2010
ഐസ് ക്യൂബുകള്‍
തമ്മില്‍ പിരിയുന്നത് എങ്ങിനെയായിരിക്കണം
എന്നതിനെപ്പറ്റിയായിരുന്നു കണ്ടുമുട്ടിയപ്പോഴെ
ഞാന്‍ ചിന്തിച്ചിരുന്നത്,
അത്രമേല്‍ നിന്നെ ഇഷ്ടമായത് കൊണ്ട്.
ഇലകൊഴിയുന്നൊരു മഞ്ഞുകാലത്ത്
ഇനിയും മരവിച്ചിട്ടില്ലാത്തൊരു പാര്‍ക്ക് ബഞ്ചില്‍,
കാലം കൊണ്ടു വച്ച
രണ്ട് ഐസ് ക്യൂബുകള്‍ പോലെ നമ്മള്‍.
അരിച്ച് കയറുന്ന തണുപ്പിനെ
തുളച്ച് കയറുവാനാവാതെ
നട്ടുച്ചയുടെ വെയില്‍
നമുക്കുമേല്‍ കുടപിടിക്കും.
മടിച്ച് മടിച്ച് തണുപ്പിറങ്ങി,
ഉരുകി ഒലിച്ചിട്ടും
വേര്‍പിരിയാനാവാതെ,
ബഞ്ചില്‍ നിന്നും
ഒലിച്ചിറങ്ങി
ഒന്നിച്ച്
നാം
ഒഴുകിയൊഴുകി പോകും.
നമുക്കുമേല്‍ അപ്പോള്‍
ഇരുളും വെളിച്ചവുമൊരു പിയാനോ ആകുന്നു,
കാലം നമ്മുടെ പ്രണയസങ്കീര്‍ത്തനം
ആ പിയാനോയില്‍ വായിക്കുന്നു.
മുകളില്‍ തിളച്ച് മറിയുന്ന കടലും,
താഴെ ചിറകുകളില്‍ തീപ്പിടിച്ച
മേഘഗര്‍ജ്ജനത്തിന്റെ അലകളും
മറ്റുള്ളവര്‍ അന്നേരം
കാണുകയും കേള്‍ക്കുകയും ചെയ്യുന്നു.
പ്രണയത്തെക്കുറിച്ച്
എനിക്കൊന്നും അറിയുകയില്ലെന്നും,
പ്രണയത്തെക്കുറിച്ച് മാത്രം
ഞാനൊരിക്കലും എഴുതുകയില്ലെന്നും
നിന്നോട് ഞാനന്നേ പറഞ്ഞതല്ലെ!
Monday, November 01, 2010
പരീക്ഷ
(IV). സന്ദര്‍ഭവും സാരസ്യവും
വ്യക്തമാക്കി
ഇരുപ്പുറത്തില്‍ കവിയാതെ
ഉപന്യസിക്കുക.
(അ). ഏറ്
കവിയാണല്ലേ?
“ങയ്യ്...“
ഏറ് കൊണ്ട
കാലുവെന്ത പട്ടി.
തലകൊണ്ടു ചെന്നിട്ടും
വയ്ക്കാന്‍ ഇടം തരാതെ
തൂണിന്മേല്‍ മുറുകെ
ചുറ്റിപ്പിണഞ്ഞു, ചങ്ങല!
ഏറ് പേടിച്ചിട്ടാണെങ്കിലും
പട്ടി തെരുവിലേക്ക്
തിരിച്ചോടി പോയി. *ആനുകാലിക കവിതയില്‍ വന്നത്.
Monday, October 11, 2010
ഒടു(രു)ക്കം
വര്‍ഷങ്ങളോളമിരുവരുമൊന്നിച്ച്,
തലവച്ച്, മുഖം ചേര്‍ത്തുറങ്ങിയിരുന്ന
തലയിണ കൊണ്ട് അവളെ
ശ്വാസം മുട്ടിച്ച് കൊല്ലുമ്പോള്‍
ശവമെടുപ്പിനു മുന്നേ
അവളെ ഒരുന്നോക്ക് കാണാന്‍ വരുന്ന
അവളുടെ കാമുകനെ വെട്ടിനുറുക്കി
അവളോടൊപ്പം അടക്കുമെന്നവന്‍ അലറി.
കുഴിമാടത്തിലേക്കെടുക്കും മുന്നേ
അവളെ കാണാനെത്തിയവര്‍ക്കിടയില്‍
അവളുടെ കാമുകിമാരുണ്ടായിരുന്നു.
കുഴിമാടത്തിനരികിൽ അവൻ ഇപ്പോഴും
അവളുടെ കമുകനെയും കാത്തിരിപ്പാണ്!
Sunday, September 12, 2010
തയ്യല്‍ക്കാരി
ഞാന്‍ ദൈവത്തെ കണ്ടു!
ദൈവം അവനല്ലായിരുന്നു,
അവളായിരുന്നു;ഒരു തയ്യല്‍ക്കാരി.
അളന്ന് വെട്ടിത്തയ്ച്ചതിന്റെ
അളവുകള്‍ തെറ്റിക്കുമ്പൊള്‍
പിരുത്തടിക്കുന്നതും
പിരുതെടുക്കുന്നതും
അവളല്ലാതെ മറ്റാരാണ്!
പുഴുക്കുത്തേറ്റ പോലെ
നിറയെ സൂചിക്കുത്തേറ്റ
അവളുടെ കൈവിരലുകളില്‍
ഉമ്മവെയ്ച്ചെന്ന
അപരാധത്തിന്മേല്‍ കയറ്റി
അവളെന്നെ വീണ്ടും
ഭൂമിയിലേക്ക് നാടുകടത്തി!
***
മുന്‍പൊരിക്കല്‍ തയ്യല്‍ക്കാരിയെ കണ്ടത് ഇവിടെ
***
Friday, September 10, 2010
തൊന്നൂറ്റൊമ്പതേയ്...
എടുത്ത് ചാടിയത്
മുങ്ങി ചാകാന്‍ വേണ്ടിയായിരുന്നു.
നീ* ഉടന്‍ എണ്ണി
ഞാനുയിരോടെ പൊങ്ങി!
Sunday, September 05, 2010
തീപ്പെട്ടക്കൂട്
അന്ന് നമ്മള്‍
കടന്നലിനെയും വണ്ടിനെയും പിടിച്ച്
ഒഴിഞ്ഞ തീപ്പെട്ടിക്കൂട്ടിലിട്ട്
കേട്ട തീപ്പെട്ടപ്പാട്ട് പോലെ!
ഇന്ന് നമ്മളൊന്ന് കാതോര്‍ത്താല്‍
വീടും അതു പോലെ,
ഒഴിഞ്ഞ തീപ്പെട്ടിക്കൂട്ടിനുള്ളിലെ
അതേ തീപ്പെട്ടപ്പാട്ടുപോലെ!
Saturday, September 04, 2010
പെയ്തുതോരാത്ത മഴ
ചാഞ്ഞും ചരിഞ്ഞും,
മറന്നു പോകാത്തൊ-
രോര്‍മ്മയില്‍ മാത്രം,
പെയ്തുതോരാത്തൊരു മഴ.
ആ ഒരോര്‍മ്മമാത്രം
ചുരുള്‍ നിവര്‍ത്തിക്കുടഞ്ഞ്
കണ്മുന്നില്‍ വിരിച്ചിടുന്നു.
കണ്ണുചിമ്മിയൊന്ന്
തൊട്ടു നോക്കുന്നു.
തോരാത്തൊരൂത്തലില്‍ കാട്ടി
നനച്ചെടുക്കുന്നു.
നരച്ചിടം ചായം തൊട്ട്
മിനുക്കിയെടുക്കുന്നു.
ചുരുട്ടി വയ്ക്കുന്നു.
വീണ്ടും
അതേ മഴ!
--
ഹേമയ്ക്ക്, ഹേമയുടെ ‘ലയം’ വായിച്ചപ്പോള്‍ തോന്നിയത്.
Tuesday, August 31, 2010
“നന്ദി“ - സുഗതകുമാരി ടീച്ചറിന്റെ കവിത
2008 മാർച്ചിൽ വനിതാലോകത്തിനു വേണ്ടി ചെയ്ത പാതകം.
ഒരനുഭവത്തിൽ നിന്നും പഠിക്കാത്തവർക്ക് വേണ്ടി മാത്രം ഡൗൺലോഡ് ചെയ്യാൻ
Sugathakumari's-Nandi.mp3
ഡിസ്ക്ലൈമർ :- അവരവരുടെ സ്വന്തം റിസ്കിൽ വേണം കേൾക്കേണ്ടത്. ചെവി അടിച്ച് പോയെന്ന് പറഞ്ഞ് ആരും കണ്ണടവാങ്ങാൻ കാശ് ചോദിക്കരുത്. ലേബലിൽ ഓഡിയോ എന്ന് കൊടുത്തിരിക്കുന്നത് ഓടിയോ എന്ന് തിരുത്തി വായിക്കണം :P
Friday, August 27, 2010
Monday, August 23, 2010
ഇങ്ങനെയൊക്കെയല്ലേ ഒരാള്‍...
ഒരിടത്ത്
ഉണരല്ലേ ഉണരല്ലേ എന്നുരുകി
പ്രാര്‍ത്ഥിക്കുന്നത് കൊണ്ടും,
മറ്റൊരിടത്ത്
ഉണരണേ ഉണരണേ എന്നുരുകി
പ്രാര്‍ത്ഥിക്കുന്നത് കൊണ്ടുമാവണം,
എല്ലാ ദിനവുമുണര്‍ന്നു പോവുന്നത്.
മച്ചിലുറച്ച മിഴിയിലേക്ക്
വെയില്‍ കണ്ണുമിഴിച്ചപ്പോള്‍,
തലേന്ന് അടയ്ക്കാന്‍ മറന്ന
ജന്നല്‍ പാളിയിലൂടൊന്ന് പുറത്തേക്ക്
എത്തി നോക്കിയതേ ഉള്ളൂ....
അടിക്കാതെ കിടന്ന മുറ്റത്തെ
കരിയിലകള്‍ സംഘം ചേര്‍ന്ന്
പീണിക്കിളികളായി പറന്നു വന്ന്
കൊത്തിപ്പറന്നു പോയ്!
ഒന്നും കൊക്കിലൊതുക്കുവാനാവാതെ
ഉഴറി കഴിഞ്ഞിരുന്ന ഒരാള്‍
ഇന്നെത്ര കൊക്കുകളിലേറിയാണ്,
ഇന്നെത്ര ചിറകുകളിലേറിയാണ്,
ഇന്നെത്ര ഉയരങ്ങള്‍ താണ്ടിയാണ്,
പറന്നു പോകുന്നത്!
Tuesday, August 10, 2010
നിന്നെ ഞാനൊന്ന് ചിരിപ്പിച്ചോട്ടെ?
ഇപ്പോള്‍ സമയമെന്തായി? നീ ഇപ്പോള്‍ സങ്കടപ്പെടുകയാണ്. നീ സങ്കടക്കടലാകുമ്പോള്‍ മാത്രമാണ് മണിക്കുറുകള്‍ ഇരുപത്തിനാലു കഴിഞ്ഞാലും ദിനമൊന്ന് കൊഴിഞ്ഞ് വീഴാത്തത്. അല്ലാത്തപ്പോഴെല്ലാം ആഴ്ച്ചയോടാഴ്ച്ചയൊ മാസങ്ങളോ കൂടുമ്പൊള്ളൊരിക്കല്‍ ദിവസമൊന്ന് മടിച്ച് മടിച്ച് അകന്ന് പോയാലായി.
നിന്നെ ഞാനൊന്ന് ചിരിപ്പിച്ചോട്ടെ? ആള്‍ക്കുട്ടത്തിനിടയിലൂടെ ഭ്രാന്തുപിടിച്ചോടുന്ന എന്നെ അന്ന് നീയാണ് തിരിച്ചറിഞ്ഞത്. നിന്നെ തിരഞ്ഞാണ് ഞാന്‍ ഓടുന്നതെന്ന തിരിച്ചറിവുണ്ടായതും അപ്പോള്‍ മാത്രമാണ്.
അത് നീ തന്നെ ആയിരുന്നോ എന്നോ? അതെ നീ തന്നെയായിരുന്നു. നിന്റെ കണ്ണുകളിലേക്ക് നോക്കുവാനെനിക്ക് ഭയമായിരുന്നു. ആ കൃഷ്ണമണികളില്‍ തെളിഞ്ഞ ഇണചേരുന്ന നാഗങ്ങള്‍ എന്റെ കണ്ണുകളിലേക്ക് വിഷം ചീറ്റിയിരുന്നു, അവയുടെ ശീല്‍ക്കാരം എന്റെ കാതുകളെ കുത്തി പൊട്ടിച്ചിരുന്നു. എന്റെ നാവുരണ്ടായ് പിളര്‍ത്തി അവയെന്നെ ചിതല്‍പ്പുറ്റുകള്‍ക്കുളിലേക്കെറിഞ്ഞു. പച്ചിച്ച നാഡീഞരമ്പുകളെല്ലാം നീലിച്ച് നീലിച്ചും, കണ്ണുകളില്‍ അവ തന്ന നിഴലിന്റെ കാളിമയില്‍ പേടിച്ച് ഇമവെട്ടാനാവാതെ തണുത്തുറഞ്ഞും പോയൊരെന്നെ എടുത്തുമാറ്റുവാന്‍ കഴിയാതെ ആരോ അന്ന് അറുത്തു മാറ്റിയിരുന്നു. അറക്കവാളിന്റെ ചൂടില്‍ മാംസം മഞ്ഞു പോലുരുക്കുന്ന മണത്തിന്റെ ഉന്മാദത്തില്‍ നീ.
നീ ഇപ്പോള്‍ ചിരിക്കുകയാണോ? ഭയന്ന് വിറങ്ങലിച്ച് ചുരുണ്ടു പോയൊരെന്ന അറുത്തെറിയപ്പെടുന്നത് മുന്നില്‍ കണ്ട്, രാവിന്റെ കാളിമയൂറ്റിക്കുടിച്ച്, ആര്‍ത്താര്‍ത്ത് ചിരിക്കുകയാണോ. ഞാനിങ്ങിനെ ചിതറിയ തുണ്ടുകളായിവിടെ, ഇനി എങ്ങോട്ടോടുവാനാണ്. സമയവും പോകുന്നതേയിലല്ലോ, അതെ നീ ഇപ്പോള്‍ ചിരിക്കുകയാണ്!
Thursday, August 05, 2010
ഇലച്ചിറകുകള്‍
പഴുത്തു പോയൊരു പച്ചേ,
നീരു വലിഞ്ഞുപോയൊരു മഞ്ഞേ,
അടര്‍ന്നു വീഴുമ്പോഴാണ്
നിനക്ക് ചിറക് മുളയ്ക്കുന്നതും
പറക്കമുറ്റുന്നതും,
പറക്കല്‍ കീഴെക്കാണെങ്കിലും!
Sunday, August 01, 2010
‘നിണമെഴുതിയത്‘ ചൊൽകവിതകളിൽ
2007 ഡിസംബറില്‍ എഴുതുകയും, 2008 മാര്‍ച്ചില്‍ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്നതുമായ ‘നിണമെഴുതിയത്’ എന്ന കവിത ചൊല്‍കവിതകളില്‍ നാടകക്കാരന്റെ ശബ്ദ്ധത്തില്‍ കേള്‍ക്കാം.
നിണമെഴുതിയത്
---------------------
ഓരോ രാത്രിയുമിതള്‍കൊഴിയുമ്പോള്‍
നിന്റെ കള്ളങ്ങളെന്നെ ജയിക്കും.
താഴ്‌വാരത്തിലേക്കെന്നു പറഞ്ഞാ-
നയിച്ചതെന്നെ കുന്നിന്‍മുകളിലെ
കുരുതിക്കല്ലിലേക്കെന്നറിഞ്ഞിട്ടും,
കൂടെവന്നത് നിന്റെ വാള്‍ത്തലപ്പിന്റെ
പളപളപ്പെന്റെകണ്ണില്‍
ഇരുട്ടുപടര്‍ത്തിയതിനാലല്ല.
എന്റെ കുരുതിക്കുശേഷവും
കള്ളംകൊണ്ടുനീ
ചുമന്ന കളമെഴുതണം.
പിന്നെ നിന്റെയാ കണ്ണില്‍ത്തെറിച്ച
ചോരയെന്റെ കണ്ണുനീരാല്‍ കഴുകണം.
ഇല്ലെങ്കില്‍, കളത്തിനുപിന്നില്‍
പിടയുന്ന ഉടല്‍, അറുത്തുമാറ്റപ്പെട്ട
ശിരസ്സിനോട് പിടഞ്ഞുചേരുന്നത്
നിനക്കു കാണുവാനായെന്നുവരില്ല.
ഈ ജന്മത്തിലെ മുറിവുകള്‍ക്ക്
ക്ഷമിക്കാനും പൊറുക്കാനുംകഴിഞ്ഞത്
ഇനി അടുത്ത ജന്മത്തിലായെന്നും വരില്ല.
Ninamezhuthiyathu.mp3
Tuesday, July 27, 2010
കൊളാഷ്
ഋജുരേഖകള്‍
നാമൊരൊറ്റ വരിയുടെ
അപ്പുറവുമിപ്പുറവുമായാലെന്ത്,
തുടക്കവുമൊടുക്കവുമായാലെന്ത്,
നോക്കി നോക്കി നില്‍ക്കേ
ആ വരിമുറിയുകിലെന്ത്,
മാഞ്ഞ് മറഞ്ഞു പോകുകിലെന്ത്,
നാമിരുവരും ഒരു പോലെ
അതുള്ളില്‍ തൊടുകില്‍.
Sunday, July 18, 2010
മുറികൂടാത്ത മുറിവുകൾ
1. ഇക്കൊല്ലത്തെ വിഷുവിന്റെ കുറച്ച് ദിവസം മുൻപായിരുന്നു സുഹൃത്തിന്റെ അച്ഛന്റെ മരണം. ‘ഇക്കൊല്ലം കണിക്കൊന്ന പൂത്തേയില്ല‘ എന്ന് വിഷുനാളിൽ അദ്ദേഹമെഴുതി.
രണ്ട് ദിവസം കഴിഞ്ഞപ്പോൾ വീണ്ടും സുഹൃത്തെഴുതുന്നു. “സുഗതകുമാരി ടീച്ചര്‍ സൂര്യ കൃഷ്ണമൂര്‍ത്തി സാറിന് കൊടുത്ത രണ്ടുപദേശങ്ങള്‍. ഒന്ന്- ചിതയ്ക്ക് തീ കൊളുത്തുമ്പോള്‍ കരയരുത്. ദഹിപ്പിക്കുന്നിടത്ത് തീയും ജലവും ഒരുമിച്ച് വരരുത്. രണ്ട് - ചിതാഭസ്മം ഒഴുക്കുമ്പോളും കരയരുത്. ദേഹി പരലോകത്തേക്ക് യാത്രയാകുന്നത് ഓളങ്ങളില്ലാത്ത പരപ്പിലൂടെയാണ്. ഒരു തുള്ളി കണ്ണുനീര്‍ മതിയാകും ഓളങ്ങളുണ്ടാക്കാന്‍. ഓളങ്ങള്‍ ദേഹിയുടെ ദിശ തെറ്റിക്കും. ‘മുറിവുകള്‍ ‘ വായിക്കുന്നതൊക്കെ കൊള്ളാം. പക്ഷെ അത് വായിച്ചുകിടന്ന് ഉറങ്ങിപ്പോകരുത്. ഉറക്കം തൂങ്ങുമ്പോള്‍ പുസ്തകം നെഞ്ചിലേക്ക് വീണാല്‍ അതിലെ പൊള്ളുന്ന അനുഭവങ്ങളുടെ/ മുറിവുകളുടെ ഭാരം ചിലപ്പോള്‍ നെഞ്ചകം താങ്ങിയെന്ന് വരില്ല.“
പ്രശസ്തമായൊരു പുരസ്കാരത്തിന് അർഹനായെന്ന് ഡൽഹിയിൽ നിന്നുള്ള അറിയിപ്പിൽ സന്തോഷിക്കുകയും, പിറ്റേന്ന് പത്രങ്ങളിൽ മറ്റൊരാളുടെ പേർ കണ്ട് സങ്കടപ്പെടുകയും ചെയ്ത കൃഷ്ണമൂർത്തിക്ക് കൂട്ടുകാരി നൽകിയ തിരിച്ചറിവായിരുന്നു മദർ തെരേസ കോൺവെന്റിലെ സ്റ്റെഫിയെന്ന കൈക്കാലുകളില്ലാത്ത കുട്ടി. ഒരു പുരസ്ക്കാരം കിട്ടാതെ വന്നപ്പോൾ ജീവിതം വ്യർത്ഥമെന്ന് കരുതിയ താൻ ആ മുറിയിലിരുന്നോരുപ്പാട് കരഞ്ഞെന്ന് കൃഷ്ണമൂർത്തി എഴുതുന്നു.
അവന്റെ ഉള്ളിലെ മുറിവിന്റെ ആഴം ആർക്കാവും അളക്കുവാൻ കഴിയുക. ആ മുറികൂടുന്നതെന്നാവും?
5.2 ‘സാക്ഷി‘ യിൽ വീട്ടിലെ പുറംജോലിക്കാരി തങ്കമ്മയെന്ന പണിക്കാരിയുടെ ദുഖത്തെ പറ്റി കൃഷ്ണമൂർത്തി എഴുതുന്നു. അതിന്റെ സാക്ഷിയാവേണ്ടിവന്നതിന്റെ മുറിവാണ് നമ്മോട് അദ്ദേഹം പങ്കു വയ്ക്കുന്നത്. നാലഞ്ച് വീടുകളിൽ ജോലിചെയ്യുന്ന തങ്കമ്മ. മുട്ടിലിഴയുന്ന കണ്ണനെന്ന തന്റെ കുട്ടി കുന്നിക്കുരു വിഴുങ്ങി മരിച്ചു പോകുന്നതും, വീണ്ടും ഗർഭിണിയാവുകവും, ഭർത്താവ് മരിക്കുകയും, ഒരു പെൺകുഞ്ഞിനു ജന്മം നൽകുകയും ചെയ്യേണ്ടി വന്ന തങ്കമ്മ.
തിരിച്ചറിവ്
Tuesday, July 13, 2010
കെട്ടിയുമ്മ
പേര്‍ത്തു പേര്‍ത്തൊന്ന്
കെട്ടിയുമ്മ തന്നതിനല്ലേ
എന്നെ കൊന്നത്?
ഞാനിപ്പോഴും
മരിച്ചിരിക്കുകയാണ്,
ആ ചുണ്ടത്ത്!
സുഖത്തിലും ദു:ഖത്തിലും
മനസ്സില്‍ ഓടിയെത്തുന്ന
ആദ്യത്തെ മുഖമേ*...
മരിച്ചു പോയതല്ലേ,
രക്ഷപ്പെടുവാനായിട്ട്
നിന്റെ പൊക്കിള്‍ ചുഴിയിലായ്
ഒന്നൊളിഞ്ഞിരിക്കുവാന്‍ പോലും
ഞാന്‍ ശ്രമിച്ചതില്ലല്ലോ.
ഇനിയെങ്കിലുമെന്നെ
അടര്‍ത്തി മാറ്റരുതേ.
Tuesday, June 15, 2010
പശു
കുറ്റിയടിച്ചിട്ടുണ്ടെങ്കിലെന്ത്,
എത്താൻപറ്റുന്നിടത്തോള-
മെത്തിവലിഞ്ഞ്
അക്ഷങ്ങളിൽ മേയും.
മേച്ചിൽ കഴിഞ്ഞാൽ
കുറ്റിയുടെ തണലിൽ കിടന്ന്
അയവിറക്കും.
അയവെട്ടുംന്നേരം,
മുക്രയുമിട്ട്,
കയറു പൊട്ടിച്ചോ
കുറ്റിയും പറിച്ചോ
ഓടിക്കാത്തതിനെ
കഥയെന്നും
കവിതയെന്നും മറ്റും
എങ്ങിനെ വിളിക്കും!
Monday, May 24, 2010
ആഴങ്ങളിലെ ആകാശം
ആഴങ്ങളിലെ ആകാശത്തിന്
എന്തു ഭംഗിയാണ്,
മുറ്റത്തു കിടക്കുന്നൊരിറ്റു ജലത്തിൽ.
മുകളിൽ നിന്നും താഴേക്ക്
എന്നതു പോലെ;
ആകാശത്തിൽ നിന്നും
ആകാശത്തിലേക്ക്,
തിമിർത്ത് പെയ്യുന്നുണ്ടിതിൽ, മഴ.
നനയാതെ കൂടണയാൻ
ഈ ആകാശത്തിനു മീതെ
പറക്കുന്നുണ്ട് പക്ഷികൾ.
കാണെക്കാണെ...
മഴയത്ത് മൈതാനത്തിലെ
കുട്ടികളെന്ന പോലെ,
തലകുത്തിമറിഞ്ഞ്
തലപ്പന്ത് കളിക്കുന്നുണ്ടിതിൽ,
വേരാഴം കൊണ്ട് തായ്മരങ്ങൾ
ശാസിച്ചു തിരിച്ചു പിടിച്ചു വലിക്കിലും,
ആഴങ്ങളിലെ ഈ ആകാശത്ത്,
മഴക്കൊപ്പം വൃക്ഷത്തലപ്പുകൾ.
കാണെക്കാണെ,
ആകാശത്തോളം വളർന്നുയരുന്നുണ്ട്
എന്നതു പോലെ,
ആകാശത്തിലേക്ക് വളർന്നിറങ്ങുന്നുണ്ട്,
ആഴങ്ങളിലെ ഈ ആകാശത്ത്
പടർന്നു പന്തലിക്കുന്ന കാഴ്ച്ചകളിലേക്ക്,
കണ്ണുകളിൽ നിന്നും
വേരുകൾ പൊട്ടി മുളച്ച്.
എന്തു ഭംഗിയാണ്,
ആഴങ്ങളിലെ ഈ ആകാശത്തിന്.
Friday, May 14, 2010
പൂക്കാലം*
എന്നില്‍ ഭ്രാന്തുപ്പൂക്കുമ്പൊള്‍
നീ ചോദിക്കുന്നു,
*തലക്കെട്ടിന് ആശാനോട് കടപ്പാട്
Thursday, May 06, 2010
നിയതമായ അതിർത്തികളില്ലാതെ
“ഞാന്‍ സാഹിത്യം പഠിച്ചിട്ടില്ലാത്ത ആളാണ്” എന്നൊരാള്‍ പറയുമ്പോള്‍, അത് സാഹിത്യലോകമുവായി യാതൊരു ബന്ധവുമില്ലാത്ത ഒരാളുടെ വാക്യമായി തെറ്റിധരിക്കപ്പെടാം. സാഹിത്യം പഠിച്ച ഏവരും എഴുത്തുക്കാരകുന്നില്ല. എല്ലാം എഴുതുകാരും സാഹിത്യം പഠിച്ചവരും ആയിക്കൊള്ളണമെന്നില്ലെന്ന് പല പ്രമുഖസാഹിത്യകാരന്മാരും ഇതിനോടകം എഴുതിലൂടെ തെളിയിച്ചിട്ടുണ്ട്. പ്രവാസിയായിരുന്നു കൊണ്ട് തന്നെ മലയാള സാഹിത്യത്തില്‍ തന്റെ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ശക്തയായ എഴുത്തുകാരി നിര്‍മ്മല, സാഹിത്യം അതിന്റെ കര്‍ത്താവിന് നല്‍കുന്ന രസദീപരംഗമഞ്ചത്തില്‍ നിന്നും മാറി, എന്നാല്‍ എഴുത്തിനെ ഒഴിച്ചുകൂടാനാവാത്തൊരു കര്‍ത്തവ്യമായി കരുതുന്ന ഒരു വ്യക്തികൂടിയാണ്. നിയതമായ അതിര്‍ത്തികള്‍ക്കുള്ളിലല്ല നിര്‍മ്മലയുടെ കഥാപാത്രങ്ങളും അവരുടെ കഥകളും. അവ അതിര്‍ത്തികളുടെ സ്വത്വങ്ങള്‍ക്കും അപ്പുറമാണ്.
നിര്‍മ്മലയുടെ കഥകളിലൂടെ കടന്നു പോകുമ്പോൾ, അവയിൽ വിവിധ തലങ്ങളിലതിഷ്ഠിതമായ നിലവാരവൈഭവം കാണാതെ പോകുകയെന്നത് അസാധ്യമാണ്. അത് സൂചിപ്പിക്കുന്നത് അവരുടെ അയത്‌നലളിതമായ കലാമാധ്യമമാണ് കഥകളെന്നാണ്. അബു ഗ്രായിബ്, കൂ..കൂ..കൂ..കൂ..തീവണ്ടി, കൂവാതെ പായുന്ന തീവണ്ടി (ദേശാഭിമാനി ആഴ്‌ചപ്പതിപ്പ്, ഒക്ടോബര്‍ 11, 2009) എന്നിങ്ങനെയുള്ള ചരിത്രവിഹിതമുള്ള നിര്‍മ്മലയുടെ പുതിയ കഥ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ഒരോ എഴുത്തുകാരുടെയും സൃഷ്ടികള്‍ കാലത്തിന്റെ മുദ്രവഹിക്കേണ്ടവയാണെന്നാണ്. ഇത്രത്തോളം നിരീക്ഷണ പാഠവം സ്വായത്തമാക്കിയ എഴുത്തുകാര്‍ മലയാളത്തില്‍ നന്നേ കുറവാണ്. ഓരോ കഥയുടെ തലക്കെട്ടു പോലും ബോധപൂർവ്വമായ തിരഞ്ഞെടുപ്പാണെന്ന് എഴുതുകാരി തന്നെ പറയുകയും ചെയ്യുന്നു. പുതുക്കം കൊണ്ട് മത്സ്യത്തിന്നു ജലമെന്നത് പോലെയാണ് കാമ്പുള്ള വായനക്കാര്‍ക്ക് നിര്‍മ്മലയുടെ ഓരോ കഥകളും.
(1) എഴുത്തുകാരിയായതിനെ കുറിച്ച്?
വീട്ടിൽ തകഴി, ബഷീർ, ജി. ശങ്കരക്കുറുപ്പ് തുടങ്ങിയവരുടെയൊക്കെ പുസ്തകങ്ങളുണ്ടായിരുന്നു. പിന്നെ ബാലമിത്രം, പൂമ്പാറ്റ തുടങ്ങിയ മാസികകളും വരുത്തിയിരുന്നു. അങ്ങനെ വായന ചെറുപ്പത്തിലേ ശീലമായി. ഒരു കുടയും കുഞ്ഞു പെങ്ങളും രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ വായിച്ചതോർമ്മയുണ്ട്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ 'കുട്ടികളുടെ ദീപിക'യുടെ എഡിറ്റർ അച്ചൻ സ്ക്കൂളിൽ വന്നു പ്രസംഗിച്ചു. ദീപികയിലേക്ക് കൃതികളയക്കാനുള്ള അഡ്രസ് പറഞ്ഞു തന്ന് എല്ലാവരേയും അയക്കാൻ പ്രേരിപ്പിച്ചു. അങ്ങനെയാണ് ആദ്യത്തെ കഥ അയച്ചുകൊടുക്കുന്നതും പ്രസിദ്ധീകരിച്ചു വരുന്നതും. പിന്നെ ബാലരമയുടെ വിടരുന്ന മൊട്ടുകളിലും, മാതൃഭൂമിയുടെ ബാലപംക്തിയിലുമൊക്കെ കഥകൾ പ്രസ്ദ്ധീകരിച്ചു. ചില മത്സരങ്ങളിൽ സമ്മാനങ്ങൾ കിട്ടി. പഠിത്തം കഴിയുന്നതിനു മുൻപേ കാനഡയിലെത്തി കുറെ വർഷങ്ങൾ ഒന്നുമെഴുതാതെയിരുന്നു. 2001-ൽ ജോലിക്കിടയിൽ കുറെയേറെ ഒഴിവു കിട്ടിയപ്പോൾ വീണ്ടും എഴുതാൻ തുടങ്ങി. ആദ്യമായി അയച്ചുകൊടുത്ത കഥ കലാകൌമുദിയും (കളമശ്ശേരിയിലെ ദു:ഖവെള്ളിയാഴ്ചകള്‍) മലയാളം വാരികയും (സിമന്റു കൂടാരങ്ങളിലെ സ്വര്‍ഗ്ഗങ്ങള്‍) പ്രസിദ്ധീകരിച്ചത് ആത്മവിശ്വാസം നല്‍കി. മടക്കത്തപാലിന് സ്റ്റാമ്പയക്കാൻ നിവർത്തിയില്ലാതിരുന്നതുകൊണ്ട് ഇ-മെയിൽ അഡ്രസാണു വെച്ചിരുന്നത്. കലാകൗമുദിയിലെ എൻ. ആർ.എസ്സ്. ബാബു സാറും, മലയാളത്തിലെ എസ്സ്. ജയചന്ദ്രൻസാറും കഥപ്രസീദ്ധീകരിക്കാൻ തിരഞ്ഞെടുത്തുവെന്ന് ഇ-മെയിൽ അയച്ചത് അത്ഭുതമായിരുന്നു. കുറെക്കാലമായി സാഹിത്യ ലോകവുമായി ബന്ധമില്ലാതിരുന്നതുകൊണ്ട് ഇവരൊക്കെ ആരാണെന്നു തന്നെ അറിയില്ലായിരുന്നു. ആരെങ്കിലും പരിഹസിക്കാൻ അയച്ച ഇ-മെയിലായിരിക്കുമെന്ന് ആദ്യം വിചാരിച്ചു.
(2) നിര്‍മ്മലയുടെ കഥകള്‍ സമകാലിക ജീവിത്തിനുനേരെ പിടിച്ച കണ്ണാടിയാകുന്നതിനു പിന്നില്‍?
ഭൂമിയിൽ കാലുറപ്പിച്ചു നിൽക്കുന്ന കഥാപാത്രങ്ങളെയാണ് എനിക്കിഷ്ടം. കണ്ടറിഞ്ഞ അനുഭവിച്ച നിമിഷങ്ങളെ, ജീവിതത്തെ ചായം പുരട്ടി പുറത്തെടുക്കുന്ന വിദ്യയോടാണ് മതിപ്പ്. പറക്കുന്ന കുതിരകളും, സ്വർണ്ണ പഴങ്ങളുമുള്ള മുത്തശ്ശിക്കകൾ ചെറുപ്പത്തിൽ ഏറെ ഇഷ്ടമായിരുന്നു. ഇപ്പോൾ ആ ഘട്ടം കടന്നിരിക്കുന്നു. ഞാനെഴുതിയ കഥ വായിച്ചിട്ട് ഇതെന്റെ ജീവിതം തന്നെയാണെന്നു പറയുന്ന (മുൻ പരിചയമില്ലാത്ത) വായനക്കാർ തരുന്ന സന്തോഷം ഏറെയാണ്.
(3) കഥകള്‍ക്ക് പിന്നിലുള്ള പ്രചോദനം?( കറിവേപ്പ് പഠിപ്പിച്ചത്, വെണ്ടയ്ക്കത്തോരന്‍, നഷ്ടപ്പെടുവാന്‍, സുജാതയുടെ വീടുകള്‍...)
ഓരോ കഥക്കും പിന്നിലും ഓരോ കഥയുണ്ടെന്നു പറയാം. ക്വിൽറ്റു തുന്നുന്നതുപോലെ, പല ജീവിതങ്ങളും, അനുഭവവും, കേട്ടറിവുകളു, നെടുവീർപ്പുകളും ഒക്കെ കൂട്ടി തുന്നുമ്പോഴാണ് പലപ്പോഴും ഒരു കഥ പൂർത്തിയാവുന്നത്.
ഉത്തരയമേരിക്കയിൽ വന്ന കാലത്ത് ഇവിടുത്തെ കറിവേപ്പു പ്രേമംകണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. അതേപോലെ തന്നെ ഒരു മലയാളി ചെയ്യുന്നത് മറ്റെല്ലാവരും അനുകരിക്കുന്നതും സൗഹൃദം ഒരു ഉപഭോഗവസ്തുവായി കാണുന്നതിനെപ്പറ്റി പരാതികൾ ധാരാളം കേട്ടിട്ടുണ്ട്.
മലയാളികളുടെ ഇടയിൽ പള്ളികൾ പിളരുന്നതും അവിടുത്തെ വഴക്കും അമേരിക്കയിൽ ധാരാളമായികാണാവുന്നതാണ്. വിവാഹമോചനത്തെ തെറ്റായികാണുന്ന ക്ഷമിക്കുകയും സഹിക്കുകയും സ്നേഹിക്കുകയും ചെയ്യണമെന്നു പറയുന്ന ദൈവത്തിന്റെ പ്രതിപുരുഷന്മാർ തന്നെയാണ് പലപ്പോഴും ഇതിനു വഴിതെളിക്കുന്നത്. വർഷങ്ങൾക്കു മുൻപ് അമേരിക്കയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന 'മലയാളം പത്രത്തിൽ' കവയത്രി റോസ്മേരി ഒരു കോളം എഴുതിയിരുന്നു. അതിൽ പുരുഷന്മാരുടെ മദ്യപാനത്തെപ്പറ്റി പരാമർശിച്ചതിനു പ്രതികരണമായിട്ടാണെന്നു തോന്നുന്നു, ഒരു വായനക്കാരി പേരു വെക്കാതെ ഒരു കത്തയച്ചിരുന്നു. അവരുടെഭർത്താവു മദ്യപാനിയാണ്, അവരെ സ്ഥിരമായി ഉപദ്രവിക്കും എന്നൊക്കെ എഴുതിയിരുന്ന കത്തിൽ 'ആ മനുഷ്യനോടെനിക്കു വെറുപ്പാണ്', എന്നെഴുതിയിരുന്നു. ആ കത്തിനു വന്ന പ്രതികരണങ്ങൾ അത്ഭുതപ്പെടുത്തുകയും അമ്പരപ്പിക്കുകയും ചെയ്തു. ക്ഷമിക്കണമെന്നും, വെറുപ്പു പാപമാണെന്നും, സഹനത്തിലുംക്ഷമയിലും കൂടി അയാളെ നേർവഴിക്കു കൊണ്ടുവരണമെന്നുമുള്ള ഉപദേശങ്ങൾക്കു പുറമേ, കുറെയേറെപരിഹാസവും അവഹേളനവും നിറഞ്ഞ കത്തുകളുമുണ്ടായിരുന്നു. അതൊക്കെ കൂടിക്കലർന്നുണ്ടായതാണു'നഷ്ടപ്
ഹോം നേഴ്സിനെ ശത്രുപക്ഷത്തു നിന്നു നോക്കുന്ന കഥകളെ 2001 വരെ ഞാൻ വായിച്ചിരുന്നുള്ളു. ആ വർഷം നാട്ടിൽ പോയപ്പോൾ ഒരു ഹോം നേഴ്സിനെ പരിചയപ്പെട്ടു. അവരുടെ കണ്ണിൽ നമ്മുടെ (വിദേശ മലയാളികളുടെ) ജീവിതമോർത്തപ്പോൾ സുജാതയുടെ വീടുകൾ പിറന്നു. ആയുർവ്വേദം പഠിക്കാൻ പോയി മടങ്ങി വരാതിരുന്ന ഒരു മകനെ തൃപ്പൂണിത്തുറ ആയുർവ്വേദകോളേജു കാണിച്ചു തന്നിരുന്നു. അങ്ങനെയൊക്കെ ...
(4)സ്ത്രീയുടെ സ്വത്വം വളരെയധികം നിര്‍മ്മലയുടെ കഥകളെ സ്വാധീനിച്ചിരിക്കുന്നു എന്നെതിനെ കുറിച്ച്?
ഞാനൊരു സ്ത്രീ ആയതുകൊണ്ടാവാം. എനിക്കൊരുപാടു നല്ല സ്ത്രീ സുഹൃത്തുക്കൾ ഉള്ളതുകൊണ്ടും ആവാം. എന്തായാലും മനപുർവ്വമല്ല.
(5)സ്ത്രീപക്ഷ കഥാകാരിയെന്നതിനെ കുറിച്ച്?
പക്ഷം പിടിച്ചെഴുതുന്നതിൽ തീരെയും വിശ്വാസമില്ല. സമത്വം വേണമെങ്കിൽ എല്ലാ സംവരണങ്ങളും ഇല്ലാതാക്കണം. അസമത്വം സ്രഷ്ടിക്കുകയും ആത്മവിശ്വാസം കെടുത്തുകയുമാണ് സംവരണം ചെയ്യുന്നത്.
പ്രിയംവദക്കൊരു ഇ-മെയിൽ - അനസൂയയുടെ സ്വാർത്ഥതയാണ്. കളഞ്ഞു പോയതും കണ്ടെടുത്തതും - പ്രതീക്ഷിക്കാത്തയിടത്തു നിന്നുമുള്ള സ്വാന്തന മുണ്ടതിൽ
രാമദാസിന്റെ കനേഡിയൻ സായാഹ്നങ്ങൾ - മനസുഖമില്ലാത്ത ഒരു ഭാര്യയെപോറ്റുന്ന ഭർത്താവാണ് രാമദാസ്. അയാൾ പരാതിക്കാരനല്ല. മറിച്ച് സാഹചര്യങ്ങളോടിണങ്ങി ചേർന്നു ജീവിക്കുന്നയാളാണ്.
ആണത്തമുള്ള ഓണം -ഓണം സ്ത്രീ പ്രധാനം എന്നു പരാതിപ്പെടുന്ന ലേഖനമാണ്
വിതുമ്പുന്ന വൃക്ഷം, അബു ഗ്രായിബ് തുടങ്ങിയവയിൽ നായകനെ മനസ്സിലാക്കാത്ത മെറ്റീരിയലിസ്റ്റിക്കായിട്ടുള്ള സ്ത്രീകളാണ്.
ചില തീരുമാനങ്ങൾ എന്ന കഥയിലെ നായകനേയും ഭാര്യ ശ്വാസം മുട്ടിക്കുന്നുണ്ട്. അൽപം ചില കുടുംബകലഹമുണ്ടാക്കാനുള്ള വകയൊക്കെ അവർ പറയുന്നുമുണ്ട്.
(6)ഇന്നതെ എഴുത്തുകാരുടെ കഥകളെ കുറിച്ച്?
ശക്തമായ കഥകളെഴുതുന്ന പുതിയ എഴുത്തുകാർ ഉണ്ടാകുന്നുണ്ടു മലയാളത്തിൽ.
(7)മലയാളം മരിക്കുന്നുവോ? മലയാളം മരിക്കുന്നത് സ്വദേശി മലയാളികള്‍ക്ക് മാത്രമോ?
മലയാളം മരിക്കുന്നുണ്ടെന്ന് എനിക്കു തോന്നുന്നില്ല. ടെലിവിഷനും കമ്പ്യൂട്ടറും ഇന്റർനെറ്റുമൊക്കെ മലയാളം വളർത്താൻ ഉപകരിക്കുന്നുണ്ടെന്നാണ് തോന്നുന്നത്. വിദേശത്തുള്ള കുട്ടികൾക്ക് മലയാളം പഠിക്കുന്നത് ഇപ്പോൾ എത്രയെളുപ്പമാണ്. പിന്നെ പരിണാമം ജീവിതത്തിന്റെ ഭാഗമാണ്. താളിയോലക്കെട്ടിൽ നിന്നും കടലാസ്സുവരെയാവാം പക്ഷെ അതിനപ്പുറത്തേക്കുള്ളതെല്ലാം തകർച്ചയാണെന്നു പറയുന്നതു തെറ്റല്ലെ? നമ്മുടെ പല വാക്കുകളും വിദേശികൾ ഉപയോഗിക്കുന്നുണ്ടല്ലൊ - ഗുരു, കറി, റൊട്ടി, കർമ്മം, മുളകാ-തണ്ണി-സൂപ്പ് (സൈൻഫീൽഡ്). അതേപോലെ പുതിയ വസ്തുക്കൾക്ക് തത്യുല്യമായ പേരുകൾ മലയാളത്തിൽ ഉണ്ടായില്ലെങ്കിൽ ഭാഷമരിക്കും എന്നു പറയുന്നതിൽ കഴമ്പില്ല. കേരളത്തിൽ എത്രയേറെ പുസ്തക പ്രസാധകരുണ്ടിപ്പോൾ. പണ്ടത്തേക്കാളേറെ പുസ്തകങ്ങളും ആനുകാലികങ്ങളും പ്രസിദ്ധീകരിക്കപ്പെടുന്നുമുണ്
(8)എഴുത്തില്‍ എന്തെങ്കിലും/എന്തൊക്കെ പ്രശ്നങ്ങള്‍ നേരിണ്ടേടി വന്നിട്ടുണ്ട്?
എന്റെ ഏറ്റവും വലിയ തടസ്സം സമയക്കുറവാണ്. വടക്കെ അമേരിക്കയിലേത് തിരക്കു പിടിച്ച ജീവിതമാണ്. സ്ട്രോബറികൾ പൂക്കുമ്പോളിൽ പറഞ്ഞിരിക്കുന്നതുപോലെ പെയിന്ററും, ക്ലീനറും, ഡ്രൈവറും, ട്യൂട്ടറും, കുക്കുംഒക്കെയായിട്ടുള്ള ദശാവതാരങ്ങൾക്കിടയിൽ സ്വകാര്യസമയം എന്നൊന്നില്ലെന്നുപറയാം. 'കണ്ണെഴുതാൻ സമയം തികയാത്ത ഞാനെങ്ങനെ കവിതയെഴുതും സർ' എന്നു ചോദിക്കുന്ന കഥാപാത്രത്തെപ്പോലെ.
(9)എഴുത്തില്‍ വളരെയധികം സ്വാധീനിച്ചിട്ടുള്ള വ്യക്തി?
കോവിലന്റേയും വത്സലയുടേയും കഥകളും നോവലുകളും വളരെ ഇഷ്ടമായിരുന്നു. വത്സലയുടെ കനൽ നൂറുതവണ വായിച്ചിട്ടുണ്ടാവും. സ്ട്രോബറികൾ പൂക്കുമ്പോൾ എന്ന പുസ്തകത്തിന്റെ ആമുഖക്കുറിപ്പെഴുതുന്നത് വത്സലടീച്ചറാണെന്നറിഞ്ഞപ്പോൾ വിശ്വസിക്കാൻ വിഷമം തോന്നി. നേരിട്ടു സംസാരിക്കാൻ സത്യത്തിൽ ഭയമായിരുന്നു. ബഷീർ ഭൂമിയിൽ ജീവിച്ചിരുന്ന ഒരു മനുഷ്യനാണെന്ന് ഓർക്കാറില്ല. മറിച്ച് എന്റെ അടുത്തൊരു സുഹൃത്താണാദ്ദേഹം. കലഹിച്ചും കളിപറഞ്ഞും എപ്പോഴും കൂടെയുള്ള സുഹൃത്ത്. എന്റെ എഴുത്തിൽ ബഷീറിന്റെ സാന്നിദ്ധ്യം ഉണ്ടെന്നു കേൾക്കുമ്പോൾ അത്ഭുതവും ആനന്ദവും (അതൊരു പ്രശംസ അല്ലെങ്കിൽ കൂടി) തോന്നും.
(10)എഴുത്തില്‍ ലിംഗാതിഷ്ഠിത വേര്‍തിരിവുകളുണ്ടോ?
എന്തിനാണ് സ്ത്രീകൾക്കും പുരുഷന്മാർക്കും വേറെ ലോകങ്ങൾ സൃഷ്ടിക്കുന്നത്. ലോകം പുരുഷൻ അടക്കി വാഴുന്നു അതിൽ കുറച്ചു സ്ഥലം അബലകൾക്കും എന്നാണൊ? അത് ആത്മവിശ്വാസമില്ലാത്തതു കൊണ്ടു തോന്നുന്നതാണ്. അങ്ങനെയൊരു സൗജന്യം വേണ്ട എന്നാണെന്റെ പക്ഷം. എന്റെ ലോകത്ത് പുരുഷന്മാർശത്രുക്കളല്ല. മറിച്ച് ജീവിതത്തിന്റെ ഭാഗമാണ്. പുരുഷന്മാരും സ്ത്രീകളും മൃഗങ്ങളും പൂക്കളും എല്ലാം ഉള്ളലോകത്തിന്റെ നടുക്കിരിക്കാനാണ് എനിക്കിഷ്ടം. ലോകത്തിലെ ഒരു മനുഷ്യനായി.
(11)സ്ത്രീയുടെ സര്‍ഗാത്മകതയ്ക്ക് പൊതു സ്വഭാവമുണ്ടെന്നതിനെ കുറിച്ച്?
അങ്ങനെ തോന്നിയിട്ടില്ല. പിന്നെ ഞാൻ സാഹിത്യം പഠിക്കാത്തയാളാണ്. സാഹിത്യം ആസ്വദിക്കാൻ ഇഷ്ടപ്പെടുന്ന ഒരാൾ.
(12)ഒട്ടുമിക്ക മലയാളികള്‍ക്കും മാധവിക്കുട്ടിയുടെ സ്ത്രീ, ചന്ദനമരങ്ങള്‍ എന്നിവയിലൂടെ മാത്രം പരിചിതമായ പ്രമേയം തികച്ചും വിഭിന്നമായ മറ്റൊരു കോണില്‍ നിന്നും നിര്‍മ്മല എഴുതുകയുണ്ടായി. മലയാള സാഹിത്യം ഇന്നും ആഘോഷിക്കുന്ന, ഇനിമേലും ആഘോഷിക്കപ്പെട്ടേക്കാവുന്നതുമായ ഇന്ദു മേനോന്റെ ലസ്ബിയന്‍ പശുവും, സി.എസ് ചന്ദ്രികയുടെ ലേഡീസ് കമ്പാര്‍ട്ട്മെന്റും പ്രസ്ദ്ധീകരിച്ചു വരുന്നതിനും മുന്നേ മലയാളം വാരികയില്‍ ജൂണ്‍1, 2001ല്‍ പ്രസിദ്ധീകരിച്ച് വന്ന കഥയാണ് നിര്‍മ്മലയുടെ "സിമന്റ് കൂടാരങ്ങളിലെ സ്വര്‍ഗ്ഗങ്ങള്‍“. എന്നാല്‍ നിര്‍മ്മലയുടെ കഥ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയത് എന്തു കൊണ്ടാണ്?
അത് പറയേണ്ടത് നിരൂപകരല്ലേ?
വാല്‍ക്കക്ഷണം:-
നിരൂപണമെന്നത് ഒരു സാഹിത്യകൃതിയെ, അത് പദ്യമായാലും ഗദ്യമായാലും നല്ലതോ ചീത്തയോ ആയി എത്രത്തോളം/എന്തുകൊണ്ട് കണക്കാക്കുന്നുവെന്ന് നിശ്ചയിക്കുന്ന കലയാണെങ്കില്‍ അതെല്ലാ സാഹിത്യകൃതികള്‍ക്കും ബാധകമല്ലെ?
നിരൂപണത്തിലെ ചതിക്കുഴികളെക്കുറിച്ച് കോവിലൻ ഒരിക്കൽ അഭിപ്രായപ്പെട്ടത് “നമ്മൾക്ക് അവർ സ്ഥാനം നിർണയിച്ചിട്ടുണ്ട്. അതിലിരിക്കണം...” എന്നാണ്.
നീരൂപകരുടെ നീരുപണങ്ങളെ നിരൂപിക്കുന്നതിനായി ഇന്നൊരു സമ്പ്രദായം നിലവിലുണ്ടോ? അങ്ങിനെ ഒന്ന് നിലവിലുണ്ടാവേണ്ടതിന്റെ ആവശ്യകതയേറി വരുകയല്ലെ? പ്രത്യേകിച്ചും നീരൂപകരുടെ വാക്കുകള്‍ മലയാള സാഹിത്യത്തിലെ പല സാഹിത്യകൃതികളുടെയും ഗ്രാഫ് നിശ്ചയിക്കുമ്പോള്‍? നീരൂപകരുടെ കണ്ണും കാതും എത്താത്തിടത്ത് അല്ലെങ്കില്‍ എത്തിയില്ലെന്ന് നടിക്കുന്നിടത്ത് വച്ച് പല സാഹിത്യകൃതികളും മൗനത്തിന്റെ മാറാലയ്ക്കുള്ളില്‍ അകപ്പെട്ട് പോകുന്നത് എങ്ങിനെ ഒരു പരിധിവരെയെങ്കിലും തടയുവാനാകും?
Wednesday, April 14, 2010
പ്രോണോഗ്രാഫി
"എടാ, ചേട്ടന്‍ ഇന്ന് ലഞ്ചിന് വരുന്നില്ല. നീ ഫ്രീയാണെങ്കില്‍ ഇവിടേക്ക് വന്ന് പ്രോണോഗ്രാഫി ഉണ്ടാക്കാന്‍ എന്നെ സഹായിക്കുമോ?"
മുന്‍പ് ഒരിക്കല്‍ എന്നെ വിളിക്കുമ്പോള്‍ 'ബെസ്റ്റ് ബയ്-ല്‍ മെയില്‍ ടു ഫീമെയില്‍' വാങ്ങാന്‍ പോയിരുന്നൂ എന്ന് പറഞ്ഞപ്പോള്‍ "why are you offending me?" എന്ന് ചോദിച്ചവള്‍. അതിനു ശേഷം വാല്‍മാര്‍ട്ടില്‍ കണ്ടപ്പോള്‍ മുഖം തിരിച്ചവള്‍.
മറ്റൊരിക്കല്‍ വീട്ടില്‍ വന്ന് വായിക്കാനായി പുസ്തകമൊരെണ്ണം തിരയുന്നതിനിടയില്‍ നളിനീ ജമീലയുടെ ആത്മകഥ കണ്ട് എന്നെ നോക്കി ദഹിപ്പിച്ചവള്‍. ശേഷം പുസ്തകക്കൂട്ടത്തില്‍ കാമസൂത്ര ഇരിക്കുന്നത് കണ്ട് കാറ്റത്തെ കരിയില പോലെ വീട്ടില്‍ നിന്നും പറന്നു പോയവള്‍.
സ്ത്രീകളുടെ വെടിവട്ടക്കൂട്ടത്തില്‍ ഒരിക്കല്‍ മുന്നൂറ്റി എഴുപത്തി ഏഴ് ഭേദഗതി ചെയ്തതിനെ പറ്റിയൊരുവള്‍ സംസാരിച്ചപ്പോള്‍ "ഇനിമേല്‍ ഇത്തരം വൃത്തികേടുകള്‍ പറയുന്നിടത്ത് പോകരുതെന്ന്" എനിക്ക് താക്കീത് തന്നവള്‍.
ഒടുവിലൊരിക്കല്‍ ദേഹാസ്വസ്ഥ്യവുമായി കുറെനാള്‍ കഴിയേണ്ടി വന്നപ്പോള്‍ അഞ്ചുകറിയും ഇഞ്ചിയുമായി കാണാന്‍ വന്നവള്‍. 'ലിക്വുഡ് ഡയറ്റി'ലെന്നറിഞ്ഞപ്പോള്‍ വിഷമിച്ചവള്‍. അന്ന് രാതി തന്നെ ഉഴുന്നുവട ഉണ്ടാക്കികൊണ്ടു വന്ന് "ഗൂഗിള്‍ ചെയ്തപ്പോള്‍ ലൈറ്റ് കടന്നു പോകുന്നതെന്തും ലിക്വുഡ് ഡയറ്റിന് കഴിക്കാമെന്ന്" പറഞ്ഞവള്‍.
"എടാ, നീ തിരക്കിലാണോ...ഫോണ്‍ വച്ചിട്ട് പോയോ...എന്താ മിണ്ടാതെ?"
"ഇപ്പോ നിനക്കെന്തിനാ പ്രോണോഗ്രാഫിയെന്ന് ആലോചിക്കുകയായിരുന്നു."
"ഒരു ചെയിഞ്ചിന്"
"അതിന് പ്രോണോഗ്രാഫി തന്നെ വേണോ?"
"നോണ്‍ വെജ് വേണം ന്ന് തോന്നി."
"നിനക്കിത് എന്തു പറ്റി ഇന്ന്?"
"കോഴിയുടെ ഉളുമ്പുമണം എനിക്ക് ഇഷ്ടമല്ലെന്ന് നിനക്കറിയാമല്ലോ. പിന്നെ ഇന്ന് ഞാന്‍ പുറത്തു പോയപ്പോള്‍ ഒരു പൗണ്ട് വൃത്തിയാക്കി വച്ചിരുന്ന പ്രോണ്‍സ് വാങ്ങി. നോണ്‍ വെജ് ഉണ്ടാക്കാന്‍ എനിക്കറിയില്ലെന്ന് നിനക്കറിയില്ലെ? ഇതു കൊണ്ട് നല്ല ഗ്രേവിയൊക്കെ ഉള്ള പ്രോണ്‍സ് ഉണ്ടാക്കാന്‍ നീ സഹായിക്കണേ...ഈ പ്രോണോഗ്രാഫി കണ്ട് ചേട്ടന്‍ ഞെട്ടണം."
"പിന്നെന്താ നമ്മുക്ക് ഞെട്ടിപ്പിച്ച് കളയാം , ബട്ട് കറിയുടെ പേര് ഞാനല്പ്പം മാറ്റും...പ്രോണോഗ്രേവിയെന്ന്!!!"
Monday, March 29, 2010
ബി-ഫ്ലാറ്റ്*
ഒരു മരം വനമാകുന്നതു വരെയുള്ള
കാത്തിരിപ്പിനൊടുവിൽ
എന്റെ പ്രണയമേ, എന്റെ പ്രണയമേ...
എന്ന വിളികേൾക്കുന്നു,
അവയ്ക്കൊപ്പം പിളർന്നു പോയൊരു
റുമാൻ പഴത്തിന്റെ അല്ലികൾ
ബി-ഫ്ലാറ്റ്* പോലെയുള്ളിൽ നിരന്നിരിക്കുന്നു.
ബിഥോവന്റെ നാലാം സിംഫണിക്കൊപ്പം
നിന്റെ മാത്രം പേരതിൽ തെളിയുന്നു,
നിന്റെ മാത്രമെന്നതു മൊഴിയുന്നു!
പറയാതെയുള്ളിലൊളിപ്പിച്ചിരുന്ന പ്രണയം
ഘനീഭവിച്ചു മഞ്ഞായ് പൊഴിയുന്നു,
അല്‍പ്പാല്‍പ്പമായ് ആകാശമിടിഞ്ഞു
വീഴുന്നെന്നതു കാണെക്കാണെ നീ മൊഴിയുന്നു!
ആകാശത്തെ താങ്ങിനിർത്തുന്ന മരങ്ങളിലൊന്നിൽ,
ശിശിരത്തിന്റെ കൈയെത്താ ചില്ലമേലുള്ളൊരില
പ്രക്ഷുബ്ധമായൊരു പ്രണയത്തിലേക്ക്
പൊടുന്നനെ വീണുപോകുന്നു!
*a musical chord.
Saturday, March 20, 2010
അന്നയ്ക്കുള്ള എഴുത്തുകൾ
അന്നാ...ഇവിടെയെന്ത് വിശേഷമന്നാ...ഈ നാലു ചുമരുകള്‍ക്കപ്പുറം ഋതുഭേദങ്ങള്‍ കാലം തെറ്റാതെ വിരുന്നെത്താറുണ്ടെന്ന് നേര്‍ത്ത ഓറഞ്ച് വെളിച്ചം അകത്തേക്ക് കടത്തി വിടുന്ന കതക് പാളിക്കടിയിലൂടെ വക്ക് ഞണുങ്ങിയ അലുമിനിയം പാത്രത്തില്‍ ആഹാരം നിരക്കി വെയ്ക്കുന്ന കറുത്ത കാലുറകള്‍ ഒരിക്കല്‍ മുരണ്ടിരുന്നന്നാ... അന്നും നീ വന്നിരുന്നില്ലെന്നവര്‍ പറഞ്ഞിരുന്നു. നീ ഇന്നും വന്നില്ലല്ലോ അന്നാ...
നിനക്ക് ഓര്‍മ്മയുണ്ടോ അന്നാ... മുത്തശ്ശിയുടെ മുറുക്കാന്‍ ചെല്ലത്തില്‍ നിന്നും മോഷ്ടിച്ചെടുത്ത മുറുക്കാന്‍ ചവച്ച് നട്ടുച്ചയ്ക്ക് ആകാശത്തേക്ക് മുറുക്കിത്തുപ്പി, സന്ധ്യയാക്കാന്‍ നമ്മള്‍ ശ്രമിച്ചത്...
അന്നാ... നീയെവിടെയാണന്നാ... എനിക്ക് വല്ലാതെ ഭയമാകുന്നന്നാ... എനിക്ക് ഭ്രാന്താണോ അന്നാ... അതുകൊണ്ടാണോ ഞാന്‍ ഇവിടെ ഇങ്ങനെ... എങ്കില്‍ എനിക്ക് ഭ്രാന്തനായിത്തന്നെ ഇരുന്നാല്‍ മതി. ഇവിടെത്തന്നെ കഴിഞ്ഞാല്‍ മതി. ഇവിടെ എല്ലായിടത്തും നിന്റെ ചിരിയുടെ മാറ്റൊലി നിറഞ്ഞു നില്‍ക്കുന്നുണ്ടല്ലോ അന്നാ...എന്റെ കാതുകളില്‍ നീ ചിലമ്പണിയിച്ചതു പോലെ...
അന്നാ, നിനക്കറിയുമോ, ഇവിടെ കണ്ണു തുറക്കാത്ത മാലാഖക്കുഞ്ഞുങ്ങളെത്രയാണെന്ന്? അവരുടെ കുഞ്ഞുചുണ്ടുകള്‍ അന്നയെന്ന പേരു മാത്രം മന്ത്രിക്കും. അവരുടെ വിളിയെങ്കിലും നീ കേള്‍ക്കുകയില്ലേ അന്നാ? എനിക്ക് വേണ്ടിയല്ലെങ്കിലും അവര്‍ക്ക് വേണ്ടിയെങ്കിലും ഒരിക്കല്‍ നീ വരില്ലേ...? വരണം അന്നാ, എന്നിട്ട് പീള കെട്ടുന്ന അവരുടെ കണ്ണുകള്‍ നമുക്കൊരുമിച്ച് ശുചിയാക്കണം...
നിന്നെ കാണാതെ കരയുന്ന മാലാഖക്കുഞ്ഞുങ്ങളെ എനിക്ക് ഭയമാണന്നാ... ക്ലോറിന്‍ ചുവയ്ക്കുന്ന വെള്ളത്തില്‍ ഞാനവരെ മുക്കി വിഴുങ്ങും. അവര്‍ക്ക് വിശക്കുമ്പോളെന്റെ കരള്‍ അടര്‍ത്തി ഭക്ഷിക്കാന്‍ ഞാന്‍ പറയാം അന്നാ... അവര്‍ വിശന്നു കരഞ്ഞാല്‍ നിന്റെ കണ്ണുനിറയില്ലേയന്നാ... അവരെന്റെ കരള്‍ ഭക്ഷിച്ച് വിശപ്പടങ്ങാതെ ഹൃദയമടര്‍ത്തിയെടുക്കുമ്പോള്‍ പച്ചച്ചൊരു നാഡീഞെരമ്പ് നീ പോയ വഴിയിലേക്ക് വിരല്‍ ചൂണ്ടി കണ്ണീര്‍ പൊഴിക്കുമന്നാ.... എന്താ അന്നാ, നീ ഇതൊന്നും അറിയാത്തത്? മാലാഖക്കുഞ്ഞുങ്ങളുടെ ചുണ്ടുകളില്‍ നിന്നുമടര്‍ന്നു വീഴുന്ന ഹൃദയത്തുണ്ടുകള്‍ താഴെ വീണ് മുളയ്ക്കും... അവയെല്ലാം നിന്റെ മുഖമുള്ള, നിന്റെ നിറമുള്ള, നിന്റെ കഴുത്തിന്റെ ഗന്ധമുള്ള രാപ്പൂക്കളാകും...അവയുടെ ചുണ്ടില്‍ നിന്നുമുതിരുന്ന ഗാനം ശ്രവിച്ച് ഞാനുറങ്ങിപ്പോകും...
അന്നാ നിന്റെ വരവും പ്രതീക്ഷിച്ച് കൊളുത്തിയിരിക്കുന്ന മെഴുകുതിരി ഞാന്‍ കെടുത്തിവയ്ക്കുന്നന്നാ... കത്തിയുരുകിയതില്ലാതെയായാല്‍, നീ വരും നേരം, നിന്നെ ഞാനൊരുനോക്കെങ്ങിനെ കാണുമന്നാ... നീ വരുമല്ലോയല്ലെയന്നാ... നീ വരും... നിനക്ക് വരാതിരിക്കാനാവില്ലല്ലോയന്നാ...
വെളിച്ചം കെടുമ്പോള്‍ നാലു ചുറ്റും ചുമരുകളില്‍ നിന്നും നീലക്കണ്ണുള്ള കരിനാഗങ്ങള്‍ സീല്‍ക്കാരത്തോടെ ഇഴഞ്ഞടുക്കുന്നന്നാ. നമ്മുടെ പവിഴപ്പുല്‍മേടുകളില്‍ അവയെന്തിനാണന്നാ ഇഴഞ്ഞടുക്കുന്നത്? ഞാറപ്പഴങ്ങള്‍ തിന്ന നിന്റെയധരങ്ങളെ മറച്ച് പിടിയ്ക്കന്നാ... ഇല്ലെങ്കില്‍ നാഗത്താന്മാര്‍ നിന്റെയധരങ്ങളെ... വയ്യന്നാ... വയ്യാ... എനിക്ക് ഓര്‍ക്കാന്‍ കൂടി വയ്യന്നാ... നിനക്കെന്നെ അവയ്ക്കിടയില്‍ ഉപേക്ഷിച്ച് പോകുവാനാകുമോയന്നാ... ഞാന്‍ നിന്റേതല്ലേയന്നാ... നിന്റെ ഞാനല്ലേയന്നാ... ഞാന്‍. എനിക്ക് പേടിയാകുന്നന്നാ...പേടിയാകുന്
അന്നാ... വേണ്ടാ... വേണ്ടാ... നീയിവിടെ ഒളിഞ്ഞിരിക്കയാണോ? കട്ടിലിന്റെ അടിയില്‍? വേണ്ടന്നാ... ഈ ഇരുമ്പ് കട്ടിലില്‍ നിറച്ചും തുരുമ്പ് മണക്കുന്നു. അതോ ഇത് അയഡിന്റെ മണമാണോ? അവര്‍ നീയറിയാതെ നിന്റെ കൊലുസ് അഴിച്ചെടുത്ത് എന്‍െ കാലുകളിലണിയിച്ചതാണ്... ഞാന്‍ പറഞ്ഞതാ നീ പിണങ്ങുമെന്ന്... അവരുണ്ടോ കേള്‍ക്കുന്നു... പക്ഷേ, നീ നടക്കുമ്പോലെയല്ല പാദസരം കിണുങ്ങുന്നത്... ചങ്ങല പോലെ കുലുങ്ങുന്നു... നല്ല ഭാരമാണ്... ഇവിടെ സിമന്റ് തറയായതിനാലാകും... നീ പടിക്കെട്ടിലൂടെ ഓടിയകലുന്ന കാലൊച്ചക്ക് ഏതു രാഗമാണന്നാ... നിന്റെ കാലുകളില്‍ നിന്നും കള്ളക്കാറ്റിന്റെ ചുണ്ടുകള്‍ അവ മുകര്‍ന്നു കൊണ്ടകലേയ്ക്ക് പോകും... എത്രവട്ടമോടിയിരിക്കുന്നു കാറ്റിന്റെ പുറകെ... അന്നാ... പടിക്കെട്ടിറങ്ങുമ്പോള്‍ സൂക്ഷിക്കണം... മഴയത്ത് നിറച്ചും പായല്‍ പിടിച്ച് കിടക്കയാണവിടം... ഇതാണെനിക്ക് മഴ ഇഷ്ടമല്ലാത്തത്... നിന്നെ നനയ്ക്കും... നിന്റെ പട്ടുപാവാടത്തുമ്പുകളില്‍ ചെളി പിടിപ്പിക്കും... നിന്നെ വഴുക്കലിലേക്ക് തള്ളിയിടും... നിനക്ക് നൊന്തുവോയന്നാ? കരയാതെ... ഉമ്മവച്ചുമ്മവച്ച് എല്ലാ അഴുക്കും ഞാനെടുക്കാം... എല്ലാ വേദനയും ഞാനെടുക്കാം... നിന്റെ കണ്ണീരും ഞാനൊപ്പാം... സാരമില്ലന്നാ... നിനക്ക് ഞാനില്ലേ.....
അന്നാ...ഇതെവിടെയന്നാ... അന്നാ..... അന്നാ...വിളി കേള്‍ക്കന്നാ... എവിടെ... എവിടെ... എനിക്ക് ദേഷ്യം വരുന്നുണ്ട്... ഇനിയുമെന്തേ മറഞ്ഞിരിക്കുന്നന്നാ... ഇനിയുമെവിടെ മറഞ്ഞിരിക്കുന്നന്നാ.....
നിരന്തരമൊച്ചകളാണന്നാ... ഒച്ചകള്‍... നിരന്തരം കാഴ്ചകളാണന്നാ... കാഴ്ചകള്‍...
ചുമന്ന ബലിക്കാക്കകള്‍ ഇറച്ചിക്കഷ്ണങ്ങള്‍ കൊത്തി വലിക്കുന്ന ഒച്ചയും കാഴ്ചയും...
മഴയൊരു ചോരപ്പുഴയാക്കുന്ന കാഴ്ച... ചോരപ്പുഴ കരകവിഞ്ഞ് കടലാകുന്ന കാഴ്ചകളന്നാ...ഭയമാകുന്നു... ഭയമാകുന്നന്നാ... ഭയമാകുന്നു.... നിന്റെ സ്വരമൊന്ന് കേള്‍ക്കാനായെങ്കിലന്നാ... കേള്‍ക്കാനായെങ്കില്‍...
Tuesday, March 16, 2010
ഉമ്മക്കള്ളി
ചങ്കു പറിച്ചെടുക്കും,
നല്‍കിയെന്നു ചോദിച്ച്
പരിഭവിച്ചു പിണങ്ങിയിരിക്കും.
ബീറ്റ്റൂട്ടായിരുന്നെകില്‍
കൊത്തിയരിഞ്ഞു
തോരന്‍ വയ്ക്കുമായിരുന്നുവെന്ന്
പറയാന്‍ തുടങ്ങും മുന്നേ
ഉമ്മവയ്ച്ചുമ്മവച്ച്
പിണക്കം മാറ്റിയെടുക്കണം
ഇല്ലെങ്കില്‍,
കാരണം മറ്റൊന്നു കണ്ടെത്തി
വീണ്ടും പിണക്കം നടിക്കും.
ഇങ്ങിനെയുമൊരുമ്മക്കള്ളി!
Sunday, February 28, 2010
ഞാനെന്നത്...
വേലിപ്പടര്‍പ്പുകളിഴകെട്ടി
മരകൊമ്പില്‍ ഉഞ്ഞാലാടാനാകാത്തത്.
കെട്ടിട്ട സമുച്ചയത്തിലൊന്നില്‍
നിന്നും നയാഗ്രയാകാനാകാത്തത്.
കൈതണ്ടയിലെ സീബ്രാവരകള്‍
മുറിച്ചുകടക്കാനാകാത്തത്.
നഗരത്തിലെ ഗമനാഗമനങ്ങള്‍ക്കിടയില്‍
കറുത്ത ഞരമ്പിനോടരഞ്ഞ് ചേരാനാകാത്തതും.
/*auto scheduled to publish on last day of feb 2010*/
Friday, February 26, 2010
ടെസ്റ്റ്
അമ്മേ, എന്താ ചെയ്യാണൂ...
മമ്മം ഉണ്ടാക്കുന്നു കണ്ണാടീ.
അമ്മേ...അമ്മ ഡെഡ് ആവാമോ?
എന്തിനാ കണ്ണാടീ?
കാണാനാ...
ശരി.
അമ്മേ... അമ്മ ഇപ്പോള്‍ ഡെഡ് ആണോ?
അതെ കണ്ണാടീ.
അമ്മ സ്റ്റില്‍ മമ്മം ഉണ്ടാക്കാണോ...
അതെ കണ്ണാടീ...
ഓക്കെ അമ്മേ, ടെസ്റ്റ് ഓവര്‍.
ടെസ്റ്റോ?
ഡെഡ് ആയാലും അമ്മ കണ്ണാടിക്ക് മമ്മമുണ്ടാക്കി തരും, കണ്ണാടിയോട് മിണ്ടും ടെസ്റ്റ്!
Wednesday, February 17, 2010
ഡാഫോഡില്‍
ഈ തരിശ്ശായ
വയലേലകളിലെവിടെയോ ആണ്,
ചോള നിറമുള്ളൊരു
പെണ്‍കുട്ടി അപ്രത്യക്ഷയായത്.
ഇപ്പോളിതൊരു
ഡാഫോഡില്‍ പാടമാണ്.
വസന്തം പൊന്നുരുക്കുന്ന
നേരങ്ങളില്‍,
നിഴലുകള്‍ക്ക് നീളം വച്ച്
അവ പാടങ്ങളില്‍
നിന്നുമിറങ്ങിപ്പോകും.
ഡാഫോഡില്‍
ചെടികളുടെ വേരുകള്‍
കൂട്ട് പോകും;
നിഴലുകള്‍ കൂടണയും വരെ.
കൂട് എവിടെയാണ്?
Friday, January 22, 2010
മൃഗം
ഭ്രാന്ത് മൂക്കുമ്പോഴെല്ലാം,
ഭ്രാന്താശുപത്രിയെന്നോര്‍ത്ത്
മൃഗാശുപത്രിയിലേക്ക്
കയറിച്ചെല്ലും.
ആവലാതിപ്പെടാനൊന്നുമില്ല,
ഭ്രാന്തു മാത്രമല്ലേ നിങ്ങളെ
മൃഗമാക്കുന്നുള്ളൂവെന്നോര്‍ത്ത്
സമാധാനപ്പെടുകയെന്ന്
അവിടത്തെ ഡോക്ടര്‍.
Monday, January 04, 2010
Yellow sticky
You are not romantic!
ഫ്രിഡ്ജിലെ യെല്ലോ സ്റ്റിക്കിയില്‍
നേര്‍പ്പാതിയുടെ കുറിപ്പ്.
How can I be,
being a forensic pathologist?
തിണര്‍ത്തുവന്നൊരാംഗലേയത്തിനു
പിന്നാലെ മനസ്സ്
പോസ്റ്റ്മോര്‍ട്ടം ടേബിളിലന്നുണ്ടായിരുന്ന
സൗരഭ്യം പടര്‍ത്തിക്കിടന്നിരുന്ന
കറുത്ത സൗന്ദര്യത്തിനടുത്തേക്കെടുത്തു ചാടി.
മരണത്തിനു മുന്നേ
തലയ്ക്കടിയേറ്റിരുന്നുവെന്ന
പ്രാഥമിക റിപ്പോര്‍ട്ട് സ്ഥിരീകരിക്കണം.
Is my mind searching for
salt and pepper shakers?
പുട്ടുകുറ്റിയില്‍ നിന്നുമുയരുന്ന
ആവിയെന്നപോലെ,
കുക്കറില്‍ നിന്നുയരുന്ന
വിസിലെന്ന പോലെ
ഉള്ളു പാകപ്പെട്ടപ്പോള്‍...
A kiss,
On your lips.
യെല്ലോ സ്റ്റിക്കിക്ക് താഴെ
കുറിച്ചിടുമ്പോള്‍
കരിഞ്ഞുപോയ ചുണ്ടുകള്‍ക്കും
മീതെ ചിരിക്കുന്നു
കരിക്കറപുരണ്ട പല്ലുകള്‍!
സീരീസ്: ഋതുദേഹം